LiveTV

Live

Health

ഡോക്ടറായ എന്നോട് ഇങ്ങനെയെങ്കിൽ സാധാരണക്കാരോട് എങ്ങനെയാവും ഇവരുടെ പെരുമാറ്റം? - ക്വാറന്റൈനിലെ ദുരനുഭവം വിവരിച്ച് ഡോക്ടര്‍

ഒരു ഡോക്ടർ എന്ന നിലയിൽ ഈ സമയത്തും സ്വന്തത്തേക്കാളേറെ രോഗിയായ സഹോദരങ്ങൾക്ക് വില കൽപ്പിച്ച് അവരെ നോക്കിയതാണോ ഞാൻ ചെയ്ത തെറ്റ്...?

ഡോക്ടറായ എന്നോട് ഇങ്ങനെയെങ്കിൽ സാധാരണക്കാരോട് എങ്ങനെയാവും ഇവരുടെ പെരുമാറ്റം? - ക്വാറന്റൈനിലെ ദുരനുഭവം വിവരിച്ച് ഡോക്ടര്‍

കോവിഡ് പോസിറ്റീവായ രോഗിയെ പരിശോധിച്ചതിനു പിന്നാലെ ക്വാറന്റൈനിൽ പോകേണ്ടി വന്ന ഡോക്ടർ, ആരോഗ്യവകുപ്പ് അധികൃതരിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന തിക്താനുഭവം വിവരിച്ചെഴുതിയ കുറിപ്പ് സമൂഹാധ്യമങ്ങളിൽ വൈറലാവുന്നു.

ആതുരസേവന-സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ സേവനം നടത്തുന്ന വടകര 'തണൽ' ചെയർമാൻ ഡോ. വി ഇദ്‌രീസ് എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ക്വാറന്റൈനിൽ പോയ തന്നോട് മോശമായ രീതിയിലാണ് ഹെൽത്ത് ഇൻസ്‌പെക്ടറും ജനപ്രതിനിധികളും അടക്കമുള്ളവർ പെരുമാറിയതെന്നും, ഡോക്ടറായ തന്നോടുള്ള പെരുമാറ്റം ഇങ്ങനെയെങ്കിൽ ഐസൊലേഷനിലുള്ള മറ്റുള്ളവരോട് എങ്ങനെയാവും ഇവർ പെരുമാറുകയെന്നും അദ്ദേഹം ചോദിക്കുന്നു.

കുറിപ്പിന്റെ പൂർണരൂപം:

പൊതു സമൂഹത്തോട് ബഹുമാനപൂർവ്വം

ഞാൻ ഡോക്ടർ ഇദ്‌രീസ്. എം.ബി.ബി.എസും എം.ഡിയും കഴിഞ്ഞ് ഏറെ ആദരവോടെയും ഇഷ്ടത്തോടെയും രോഗികളായ സഹോദരങ്ങൾക്ക് വേണ്ടി ഇടപെട്ടു കൊണ്ടിരിക്കുന്നു.

മിണ്ടാതിരിക്കുന്നത് അനീതിയാവുമെന്ന് തോന്നിയത് കൊണ്ടും മറ്റുള്ളവരുടെ മേൽ അഹന്തയോടെ ഇടപെടുന്നതല്ല ജനാധിപത്യം എന്ന ശക്തമായ വിശ്വാസമുള്ളതുകൊണ്ടുമാണ് ഈ കുറിപ്പിലൂടെ ചിലത് പറയുന്നത്.

കോവിഡ് കാലത്ത് എനിക്ക് വീട്ടിലിരിക്കാമായിരുന്നിട്ടും ഞാനൊരു ഡോക്ടറാണെന്ന ബോധവും ബോധ്യവും കൊണ്ടാണ് പതിനായിരക്കണക്കിന് ആരോഗ്യപ്രവർത്തകരെ പോലെ ഞാനും ആരോഗ്യമേഖലയിൽ ഈ സമയത്തും സജീവമായത്.

രോഗികളെ പരിശോധിക്കുക എന്നത് എന്റെ ഉത്തരവാദിത്തമായിരുന്നു. അവസ്ഥ പരിഗണിച്ചു കൊണ്ട് തന്നെ എല്ലാ മുൻകരുതലുകളും ഉണ്ടായിരുന്നു.

കഴിഞ്ഞ ഏപ്രിൽ ഒന്നാം തിയ്യതി ഒരു രോഗി എന്റെ കൺസൾട്ടിംഗ് റൂമിലെത്തി. രണ്ട് പ്രാവശ്യം മെഡിക്കൽ കോളേജിൽ പോയ അദ്ദേഹത്തിന് വീട്ടിലിരിക്കാൻ നിർദേശം ലഭിച്ചിട്ടുണ്ടായിരുന്നു. പതിനൊന്ന് മണിക്കാണ് ഇദ്ദേഹം എന്റെ അടുത്ത് എത്തുന്നത്.

അദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രിയിലേക്ക് വിടുകയും എക്‌സ്‌റേ എടുത്ത് അദ്ദേഹം തിരികെ വരുകയും ചെയ്തു. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് ആ കേസ് റഫർ ചെയ്തു.

മെഡിക്കൽ കോളേജിലക്ക് റഫർ ചെയ്ത രോഗി സ്വകാര്യ ആശുപത്രിയിൽ എത്തുകയും അവിടെ നിന്ന് ആദ്യ ടെസ്റ്റ് നെഗറ്റീവാണെന്ന് റിപ്പോർട്ടു വരികയും ചെയ്തു. പിന്നീട് ഒൻപതാം തിയതി ചെയ്ത ടെസ്റ്റ് പോസിറ്റീവാണെന്ന് പത്താം തിയ്യതി റിസൽട്ട് വന്നതിനെ തുടർന്ന് ഡി.എം.ഒ ഓഫീസിൽ നിന്ന് എനിക്ക് കോൾ വന്നു: നിങ്ങളുടെ ടെസ്റ്റും ചെയ്യണം. പതിനാലാം തിയ്യതി വരെ നിങ്ങൾ മാറിനിൽക്കണം.

പന്ത്രണ്ടാം തിയതി എന്റെ റിസൽട്ട് നെഗറ്റീവാണെന്ന് റിപ്പോർട്ടു വന്നു. എങ്കിലും പതിനാലാം തിയ്യതി വരെ വീട്ടിലിരിക്കാനും പതിനഞ്ചാം തിയ്യതി കാലത്ത് മുതൽ ക്ലിനിക്കിൽ പോയി തുടങ്ങാമെന്നും ഡി.എം.ഒ ഓഫീസ് അറിയിച്ചു.

ഒന്നാം തിയ്യതി ആ രോഗിയെ കണ്ടതു മുതൽ പതിനാലാം തിയ്യതി വരെ എന്റെ ക്വാറന്റൈൻ കാലാവധി ആണെന്നും തുടക്കം മുതൽ സുരക്ഷാ മുൻകരുതലുകൾ പാലിച്ചതു കൊണ്ട് അതുകഴിഞ്ഞാൽ പഴയതുപോലെ പുറത്ത് പോകാമെന്നും ഡി.എം.ഒ ഓഫീസ് പറഞ്ഞിട്ടും

ഇരുപത്തെട്ടു ദിവസം വീട്ടിൽ തന്നെ കഴിയാൻ ഞാൻ സ്വയം തീരുമാനിച്ചു. ഇതിനകം ഉദ്യോഗസ്ഥർ ചോദിക്കുന്ന മുറയ്ക്ക് എന്റെ മേൽവിലാസവും സ്ഥിതിവിവരങ്ങളും ഞാൻ ധരിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

എന്നാൽ പതിനാറാം തിയ്യതി അഥവാ എന്റെ ക്വാറന്റൈൻ കഴിഞ്ഞ രണ്ടാം ദിവസം, തൊട്ടടുത്ത വാർഡിന്റെ കൗൺസിലറായ ജനപ്രധിനിധിയും ഒരു ഹെൽത്ത് ഇൻസ്‌പെക്ടറും കൂടെ മൂന്ന് നാല് ഉദ്യോഗസ്ഥരും കൂടി എന്റെ വീട്ടിലെത്തി.

നിങ്ങളുടെ മകൻ മുറ്റത്ത് സൈക്കിളോടിച്ച് കളിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും നിങ്ങളുടെ ഡ്രൈവർ ഭക്ഷണം കഴിക്കാനായി നിങ്ങളുടെ വീട്ടിലേക്ക് വരുന്നുണ്ടെന്നും നിങ്ങൾക്ക് ഈ സമയം ഐസൊലേഷൻ പിരീഡല്ലേ എന്നും അവർ ചോദിച്ചു. (എന്റെ ക്വാറന്റൈൻ പിരീഡ് കഴിഞ്ഞ് അടുത്ത ദിവസം വീട്ടിലേക്ക് പാലുമായി വന്ന സ്ത്രീയെയും ചിലർ വിലക്കിയിരുന്നു.) ഇന്ന് എന്റെ സമയം കഴിഞ്ഞതിന്റെ രണ്ടാം നാളിലും ജനപ്രതിനിധിയടക്കം വന്നത് എന്റെ മകൻ മുറ്റത്ത് ഗേറ്റ് വരെ (പുറത്തല്ല അകത്ത് തന്നെ ) സൈക്കളോടിച്ചതിനാണ്.

സംഗതി ഇവിടം കൊണ്ടും തീരുന്നില്ല. ജനപ്രതിനിധിയുടെയും ഹെൽത്ത് ഇൻസ്‌പെക്ടർ അടക്കമുള്ളവരുടെയും വരവ് തന്നെ ആഗോള അധികാരച്ചുമതലയുള്ള മട്ടിലായിരുന്നു. എന്തുകൊണ്ടാണ് ഞങ്ങളെ താങ്കൾ ക്വാറന്റൈനിലായത് അറിയിക്കാത്തത് എന്ന് ജനപ്രതിനിധിയായ സഹോദരി തട്ടിക്കയറി ..

ജനപ്രതിനിധി എന്ന നിലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രിയപ്പെട്ട സഹോദരീ... പ്രിയപ്പെട്ട ഹെൽത്ത് ഇൻസ്‌പെക്ടർ...

ഈ സമയത്ത് ശരീരം കൊണ്ട് മാത്രമല്ല മനസ്സുകൊണ്ടും അകറ്റണമെന്ന് ആരാണ് നിങ്ങളെ പഠിപ്പിച്ചത്...? ഒരു ഡോക്ടർ എന്ന നിലയിൽ ഈ സമയത്തും സ്വന്തത്തേക്കാളേറെ രോഗിയായ സഹോദരങ്ങൾക്ക് വില കൽപ്പിച്ച് അവരെ നോക്കിയതാണോ ഞാൻ ചെയ്ത തെറ്റ്...?

ഞാൻ ഈ അവസ്ഥ ചോദിച്ച് വാങ്ങിയതല്ല. ഒരു രോഗിയെ, ഒരുപാടു രോഗികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചതു കൊണ്ട് വന്നതാണ്. നാളെ ലോകത്തെമ്പാടും പ്രത്യേകിച്ച് കേരളത്തിലും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരും നിങ്ങളെ പോലുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവജ്ഞയോടുള്ള പെരുമാറ്റം ഏറ്റുവാങ്ങേണ്ടവരാണോ...?

ഒരു ഡോക്ടറായ എനിക്ക് ഈ ഗതിയാണെങ്കിൽ നാട്ടിലുള്ള ഐസൊലേഷനിലുള്ളവരും കാലാവധി കഴിഞ്ഞവരുമായ സാധാരണക്കാരോടുള്ള നിങ്ങളുടെ സംസാര രീതി എങ്ങിനെയായിരിക്കും...

ബഹുമാനപ്പെട്ട മുഖ്യമന്ത്രി കൂട്ടായ്മയെ കുറിച്ചും ആരോഗ്യ പ്രവർത്തകരുടെ ഇടപെടലിനെ കുറിച്ചും പറഞ്ഞു കൊണ്ടേയിരിക്കുന്ന, കേരളം കരകയറിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ ജനസേവനം എന്നത് വെറും വാക്കല്ല എന്ന് മാത്രം ഓർമ്മിപ്പിക്കുന്നു. ഒപ്പം ഒരു ഡോക്ടർ എന്ന നിലയിൽ എപ്പോഴും ആവശ്യക്കാർക്ക് വാതിൽ തുറന്ന് വെച്ച എനിക്കും എന്റെ വീട്ടുകാർക്കും ചിലത് ചോദിക്കാനുണ്ട്.

ഇനിയും രോഗികളെ നോക്കാനും വേണ്ടത് ചെയ്യാനും ഞാൻ ഇറങ്ങിത്തിരിക്കും. ചിലപ്പോൾ ഇനിയും ഈ അവസ്ഥ വന്നു കൂടായ്കയില്ല. അന്ന് ഈ നാട് എനിക്ക് കാവലായിരിക്കുമോ അതോ കല്ലെറിയുമോ...?

ആരോഗ്യ മേഖലയിൽ ജീവൻ പണയം വെച്ച് പണിയെടുക്കുന്ന ആയിരമായിരം പേർക്കു വേണ്ടി

ഡോക്ടർ ഇദ്‌രീസ്

പയ്യോളി