LiveTV

Live

Health

ട്രംപ് ഇന്ത്യയില്‍ നിന്ന് ‘പിടിച്ചുവാങ്ങിയ’ മരുന്ന് കൊറോണക്ക് ഫലപ്രദമോ? ഉറപ്പില്ലെന്ന് ഡോക്ടര്‍മാര്‍

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡിനെതിരെ ഫലപ്രദമാണോ എന്നകാര്യത്തില്‍ കൃത്യമായ പഠനങ്ങള്‍ നടന്നിട്ടില്ല. എന്നിട്ടും ട്രംപിന്റെ വാക്കുകേട്ട് കോവിഡിന് ഈ മരുന്ന് വ്യാപകമായി നല്‍കുകയാണ് അമേരിക്ക... 

ട്രംപ് ഇന്ത്യയില്‍ നിന്ന് ‘പിടിച്ചുവാങ്ങിയ’ മരുന്ന് കൊറോണക്ക് ഫലപ്രദമോ? ഉറപ്പില്ലെന്ന് ഡോക്ടര്‍മാര്‍

ദശാബ്ദങ്ങളായി മലേറിയക്കെതിരെ ഉപയോഗിച്ചുവരുന്ന ഹൈഡ്രോക്‌സിക്ലോറോക്വിനെ കോവിഡിനെതിരായ പോരാട്ടത്തില്‍ പ്രധാന മരുന്നായാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിശേഷിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് ട്രംപിന്റെ ആദ്യ പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്കകം അമേരിക്കയില്‍ കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന പ്രധാന മരുന്നുകളിലൊന്നായി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മാറി. എന്നാല്‍, ഇപ്പോഴും ഈ മരുന്ന് കോവിഡ് രോഗികളില്‍ ഫലപ്രദമാണോ എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഒരു ഉറപ്പുമില്ലെന്നതാണ് വസ്തുത.

അമേരിക്കയിലെ ന്യൂയോര്‍ക്ക്, ലൂസിയാന, മസാച്ചുസെറ്റ്‌സ്, ഒഹിയോ, വാഷിംങ്ടണ്‍, കാലിഫോര്‍ണ്ണിയ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ആശുപത്രികള്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ രോഗികള്‍ക്ക് നല്‍കുന്നതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. മലേറിയക്കും പ്രതിരോധ വ്യവസ്ഥയുടെ താളം തെറ്റല്‍ പരിഹരിക്കുന്നതിനും നല്‍കുന്ന മരുന്നാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍. അമേരിക്കയിലെ കോവിഡ് രോഗികളുടെ എണ്ണം മൂന്നരലക്ഷത്തിലേറെയാവുകയും പതിനായിരത്തിലേറെ പേര്‍ മരിക്കുകയും ചെയ്തതോടെ രാജ്യത്ത് വന്‍ ആശങ്കയാണ് പടരുന്നത്. തടയാനായില്ലെങ്കില്‍ കോവിഡ് മൂലം രണ്ടര ലക്ഷം അമേരിക്കക്കാരെങ്കിലും മരിക്കുമെന്നാണ് മുന്നറിയിപ്പ്.

ഡോണള്‍ഡ് ട്രംപ് നിര്‍ദ്ദേശിച്ച മരുന്ന് കഴിച്ച് സ്വയം ചികിത്സ നടത്തിയ ഒരാള്‍ മരിച്ചു
Also Read

ഡോണള്‍ഡ് ട്രംപ് നിര്‍ദ്ദേശിച്ച മരുന്ന് കഴിച്ച് സ്വയം ചികിത്സ നടത്തിയ ഒരാള്‍ മരിച്ചു

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എഴുതാനായി രോഗികള്‍ പോലും ഡോക്ടര്‍മാരോട് നിര്‍ബന്ധിക്കുന്ന നിലയാണ് അമേരിക്കയിലുള്ളത്. ഇതിന്റെ പ്രധാന കാരണം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെ. തനിക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ ഈ മരുന്ന് കഴിക്കുമെന്ന് ശനിയാഴ്ച്ച ട്രംപ് പറഞ്ഞിരുന്നു. ഹൈഡ്രോക്‌സിക്ലോറോക്വിനും അസിത്രോമൈസിനും ചേര്‍ന്ന് കോവിഡ് രോഗികള്‍ക്ക് കൊടുക്കുമ്പോള്‍ മികച്ച ഫലമാണ് ലഭിക്കുന്നതെന്നും ഇത് വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തിലെ തന്നെ നാഴികകല്ലാണെന്നും ട്രംപ് കഴിഞ്ഞ മാസം ട്വീറ്റ് ചെയ്തിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് തന്നെ കോവിഡിനെതിരായ ഔഷധമായി ഉയര്‍ത്തിക്കാണിച്ചതോടെ ഹൈഡ്രോക്‌സിക്ലോറോക്വിനായുള്ള ആവശ്യം ആകാശം തൊട്ടിരിക്കുകയാണ്. കഴിഞ്ഞ ജനുവരിയിയില്‍ പ്രതിദിനം 40,000 ഹൈഡ്രോക്‌സിക്ലോറോക്വിനാണ് വേണ്ടിയിരുന്നതെങ്കില്‍ അമേരിക്കയില്‍ മാത്രം ഇപ്പോഴത് ഒരു ദിവസം 18 ലക്ഷം എന്നായി കുത്തനെ കൂടി!

കോവിഡിനെ നേരിടാന്‍ മരുന്ന് തന്നില്ലെങ്കില്‍ പ്രത്യാഘാതം; ഇന്ത്യക്ക് ട്രംപിന്റെ  ഭീഷണി
Also Read

കോവിഡിനെ നേരിടാന്‍ മരുന്ന് തന്നില്ലെങ്കില്‍ പ്രത്യാഘാതം; ഇന്ത്യക്ക് ട്രംപിന്റെ ഭീഷണി

വലിയതോതില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ആവശ്യകത വര്‍ധിച്ചതോടെ ഇന്ത്യയില്‍ നിന്നടക്കം മരുന്ന് എത്തിക്കാന്‍ ട്രംപ് ഊര്‍ജ്ജിത ശ്രമങ്ങള്‍ ആരംഭിച്ചത്. ട്രംപിന്റെ പ്രഖ്യാപനത്തോടെ മലേറിയ മരുന്നിന് ആവശ്യകത കൂടിയതോടെ ഇന്ത്യ കയറ്റുമതി നിര്‍ത്തിയിരുന്നു. ഈ കയറ്റുമതിയില്‍ ഇളവു നല്‍കണമെന്ന് ഞായറാഴ്ച്ച ട്രംപ് മോദിയോട് ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു. ആവശ്യം പരിഗണിച്ചില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് വരെ ഇന്നലെ വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി ഇന്ന് രാവിലെ തന്നെ ഇന്ത്യന്‍ വിദേശകാര്യ വക്താവ് ഹൈഡ്രോക്‌സിക്ലോറോക്വിനിന്റെ കയറ്റുമതി വിലക്കില്‍ ഇളവ് പ്രഖ്യാപിക്കുകയും ചെയ്തു.

ഇത്രമേല്‍ പുകിലുകളുണ്ടാക്കി ട്രംപ് അമേരിക്കിലെത്തിക്കുന്ന മലേറിയ മരുന്ന് കോവിഡിന് ഫലപ്രദമാണോ എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഇപ്പോഴും ഉറപ്പില്ലെന്നതാണ് ആശങ്കപ്പെടുത്തുന്ന വസ്തുത. കോവിഡിനെ തുരത്തുന്ന മരുന്നാണ് ഇതെന്ന് ഇപ്പോഴും ഉറപ്പിക്കാനാവില്ലെന്നാണ് അമേരിക്കയുടെ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് തലവന്‍ ആന്റണി ഫോസി തന്നെ പറഞ്ഞത്.

കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങള്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കുമെന്ന് ഇന്ത്യ
Also Read

കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങള്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കുമെന്ന് ഇന്ത്യ

ഫ്രാന്‍സിന്റെ മാര്‍സെല്ലിസില്‍ എണ്‍പതോളം കോവിഡ് 19 രോഗികള്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിനും അസിത്രോമൈസിനും നല്‍കിയപ്പോള്‍ 93 ശതമാനം പേര്‍ക്ക് അസുഖം എട്ട് ദിവസങ്ങള്‍ക്കുള്ളില്‍ കുറഞ്ഞതായി ഒരു പഠനഫലം പുറത്തുവന്നിരുന്നു. ചൈനയില്‍ നിന്നും സമാനമായ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം വളരെ കുറച്ച് രോഗികളില്‍ മാത്രമാണ് നടത്തിയതെന്നും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും വിദഗ്ധ പരിശോധന നടന്നിട്ടില്ലെന്നുമാണ് ഡോക്ടര്‍മാരുടെ ആരോപണം. പ്രത്യേകിച്ച് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കിയ രോഗികളും നല്‍കാത്ത രോഗികളും തമ്മിലുള്ള താരതമ്യ പഠനം നടന്നിട്ടില്ലെന്ന് വൈദ്യശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.