LiveTV

Live

Health

കൊവിഡ് പ്രതിരോധത്തിന് മരുന്നുണ്ടോ?

പേരിന് മുന്നിൽ ഡോക്ടർ എന്ന് ചേർത്ത് മരുന്നിന്റെ ഗുണങ്ങൾ വിവരിക്കുന്ന നിരവധി വോയിസ് മെസേജുകളാണ് വാട്സ്ആപ്പ് വഴി സാധാരണക്കാർക്കിടയിൽ പരക്കുന്നത്

കൊവിഡ് പ്രതിരോധത്തിന് മരുന്നുണ്ടോ?

ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് വ്യാപിച്ച് മനുഷ്യരെ ഭീതിലാക്കിയിരിക്കുകയാണ് കോവിഡ് 19 എന്ന മഹാമാരി. എങ്ങനെ ഇതിന് തടയിടുമെന്ന ചിന്തയിലാണ് വൈദ്യശാസ്ത്രം. നിരവധി പരീക്ഷണങ്ങൾ നടക്കുന്നു. അതിനിടെ, ചില മരുന്നുകൾ കോവിഡ് 19 പ്രതിരോധത്തിന് ഉപയോഗിക്കാമെന്ന് കണ്ടെത്തി. നമുക്ക് പരിചയമുള്ള മരുന്നുകൾ ആ ഗണത്തിൽപെടുന്നുണ്ട്.

മലേറിയ, പ്രിമറ്റോയിഡ് ആർത്രൈറ്റിസ് എന്നീ രോഗങ്ങൾക്ക് ഡോക്ടർമാർ നിർദേശിക്കുന്ന എച്ച്.സി.ക്യു എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഹൈഡ്രോക്സി ക്ലോറോകിൻ (hydroxycloroqine) കോവിഡ് 19 പ്രതിരോധത്തിന് ഉപയോഗിക്കാമെന്ന് കണ്ടെത്തിയിരിക്കുന്നു. ആ വിവരം പുറത്തുവന്നതോടെ കോവിഡ് വരാതിരിക്കാൻ എച്ച്സിക്യു ഗുളിക കഴിക്കൂവെന്ന പ്രചാരണം നാടുനീളെ നടക്കുകയാണ്.

പേരിന് മുന്നിൽ ഡോക്ടർ എന്ന് ചേർത്ത് മരുന്നിന്റെ ഗുണങ്ങൾ വിവരിക്കുന്ന നിരവധി വോയിസ് മെസേജുകളാണ് വാട്സ്ആപ്പ് വഴി സാധാരണക്കാർക്കിടയിൽ പരക്കുന്നത്. പലരും അത് വിശ്വസിച്ച് മറ്റുള്ളവർക്ക് മെസേജ് ഫോർവേഡ് ചെയ്യുന്നു. കുറച്ച് ദിവസങ്ങളായി കറങ്ങി നടക്കുകയാണ് ഈ കോവിഡ് പ്രതിരോധ മരുന്ന്. യഥാർത്ഥത്തിൽ ആരാണ് ഈ മരുന്ന് കഴിക്കേണ്ടത്? എന്താണ് ഈ മരുന്ന് കൊണ്ടുള്ള പ്രയോജനം? ഇതൊന്നും വകവെക്കാതെ മോഡേൺ മെഡിസിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് അബദ്ധങ്ങളും അർദ്ധസത്യങ്ങളും പറഞ്ഞുകൊണ്ടിരിക്കുന്നവരെല്ലാം മുന്‍പിന്‍ ആലോചിക്കാതെ മരുന്ന് വാങ്ങിക്കഴിക്കുകയാണ്.

കൊവിഡ് പ്രതിരോധത്തിന് മരുന്നുണ്ടോ?

ഹൈഡ്രോക്സി ക്ലോറോകിൻ മരുന്നിന് കൊവിഡ് 19 മൂലമുണ്ടാകുന്ന ന്യുമോണിയയുടെ കാഠിന്യം കുറക്കാനാകും. അതുകൊണ്ടാണ് ആ മരുന്ന് പ്രതിരോധത്തിനായി ഉപയോഗിക്കാമെന്ന് പറയുന്നത്. ആരൊക്കെയാണ് ഈ മരുന്ന് കഴിക്കേണ്ടത്? കൊവിഡ് 19 ലക്ഷണങ്ങൾ സംശയിക്കുന്നതായി കണ്ടെത്തിയ രോഗികൾ, അവരെ ചികിത്സിക്കുന്ന ഡോക്ടർമാർ, അടുത്തിടപഴകുന്നവരൊക്കെയാണ് ഇത് കഴിക്കേണ്ടത്.

ഏതായാലും രോഗികളെ പരിചരിക്കുന്നതും ചികിത്സിക്കുന്നതും ആശുപത്രികളിലാണല്ലോ. അപ്പോൾ എന്തിന് പൊതുജനങ്ങൾ കഴിക്കണം ? ഡോക്ടർ നിർദേശിക്കാതെ, ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഒരു മരുന്നും കഴിക്കരുതെന്നാണല്ലോ ആരോഗ്യവിദഗ്ധരുടെ നിർദേശം. അതു തന്നെയാണ് എച്ച് സി ക്യുവിഡന്റെ കാര്യത്തിലുമുള്ളത്.

കോവിഡ് 19 പ്രതിരോധത്തിനായി എല്ലാവരും ഈ മരുന്ന് കഴിക്കാൻ തുടങ്ങിയാൽ എന്താവും അവസ്ഥ! മരുന്നിന്റെ ദൂഷ്യഫലം മൂലമുണ്ടാകുന്ന അപകടങ്ങൾ, നമുക്കുള്ള മറ്റു രോഗങ്ങൾ കൂടാം എന്നുള്ളതാണ്. അപകടം വിളിച്ചുവരുത്തുന്ന ഗതികേട് വരുത്തരുത്. ആളുകൾ വ്യാപകമായി വാങ്ങിയാൽ ഈ മരുന്ന് ഉപയോഗിക്കുന്ന രോഗികൾ കഷ്ടത്തിലാകും. ലോക്ക്ഡൌൺ കാലത്ത് മരുന്ന് ക്ഷാമം വരും.

ചുരുക്കിപ്പറഞ്ഞാല്‍, എച്ച്സിക്യു എന്ന് വിളിക്കുന്ന ഹൈഡ്രോക്സി ക്ലോറോകിൻ ആരും വെറുതെ വാങ്ങിക്കഴിക്കല്ലേ. കോവിഡ് പ്രതിരോധം ആദ്യമായും അവസാനമായും നമ്മുടെ കയ്യിലാണ്. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കൂ... തുരത്താം മഹാമാരിയെ...

വിവരങ്ങൾക്ക് കടപ്പാട്: ഡോ. സുൽഫി നൂഹു

ഐ.എം.എ സംസ്ഥാന വൈസ് പ്രസിഡന്റ്