LiveTV

Live

Health

ജനജീവിതം സ്തംഭിച്ചില്ല... പിന്നെങ്ങനെ ദക്ഷിണകൊറിയ കൊറോണയെ തോല്‍പിച്ചു

കോടിക്കണക്കിന് ജനങ്ങളെ ക്വാറന്റൈന്‍ ചെയ്ത് ജനജീവിതം സ്തംഭിപ്പിച്ചാണ് ചൈന കൊറോണയെ നിയന്ത്രിച്ചത്. കൊറോണയുടെ പേരില്‍ പൊതുജീവിതം സ്തംഭിപ്പിക്കില്ലെന്നായിരുന്നു തുടക്കം മുതല്‍ ദക്ഷിണകൊറിയന്‍ നയം... 

ജനജീവിതം സ്തംഭിച്ചില്ല... പിന്നെങ്ങനെ ദക്ഷിണകൊറിയ കൊറോണയെ തോല്‍പിച്ചു

കോവിഡ് 19 വന്ന ലോകരാജ്യങ്ങളില്‍ രണ്ട് രാജ്യങ്ങളില്‍ മാത്രമേ ഇതുവരെ അത് ഫലപ്രദമായി നിയന്ത്രണ വിധേയമായിട്ടുള്ളൂ. ഒന്ന് ചൈനയാണെങ്കില്‍ രണ്ടാമത്തേത് ദക്ഷിണകൊറിയയാണ്. കോടിക്കണക്കിന് ജനങ്ങളെ ക്വാറന്റൈന്‍ ചെയ്താണ് ചൈന കൊറോണയെ നിയന്ത്രിച്ചത്. കൊറോണയുടെ പേരില്‍ പൊതുജീവിതം സ്തംഭിപ്പിക്കില്ലെന്നായിരുന്നു തുടക്കം മുതല്‍ ദക്ഷിണകൊറിയയുടെ നയം. പിന്നെ എങ്ങനെയാണ് അവര്‍ കൊറോണയെ ഫലപ്രദമായി നിയന്ത്രിച്ചത്?

അഞ്ച് കോടിയോളം ജനസംഖ്യയുള്ള ദക്ഷിണകൊറിയയില്‍ ചൊവ്വാഴ്ച്ച റിപ്പോര്‍ട്ടു ചെയ്തത് 74 കേസുകളാണ്. ഫെബ്രുവരി 29ന് ഇത് 909 ആയിരുന്നു. എങ്ങനെയാണ് ഫലപ്രദമായി ദക്ഷിണകൊറിയ കോവിഡ് 19നെ നേരിട്ടത് എന്നത് അമേരിക്കയും കാനഡയും യൂറോപ്യന്‍ രാജ്യങ്ങളും അടക്കം അത്ഭുതത്തോടെയാണ് പഠിക്കുന്നതും സ്വന്തം രാജ്യത്തേക്ക് പകര്‍ത്താന്‍ ശ്രമിക്കുന്നതും.

ദക്ഷിണകൊറിയയിലെ കോവിഡ് 19 ബാധിച്ച 31ആമത്തെ രോഗിയായ 61കാരി അധികൃതരുടെ നിര്‍ദേശങ്ങളെ പാടെ തള്ളി. രണ്ട് തവണ പള്ളിയില്‍ പോയി കുര്‍ബാന കൊണ്ടു 

ജനാധിപത്യരാജ്യമാണ് ദക്ഷിണകൊറിയ. അതുകൊണ്ടുതന്നെ ജനങ്ങളെ ആകെ പൂട്ടിയിടുന്നത് തങ്ങളുടെ നയമല്ലെന്ന് ആദ്യമേ ദക്ഷിണകൊറിയ വ്യക്തമാക്കിയിരുന്നു. ലോകം ഇന്നു വരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ബൃഹത്തായ ആരോഗ്യ ബോധവല്‍ക്കരണ നടപടികളിലൂടെയും പൊതു കൊറോണ പരിശോധനയിലൂടെയുമായിരുന്നു ദക്ഷിണകൊറിയ കോവിഡ് 19നെതിരായ വീരഗാധ രചിച്ചത്. 2.70 ലക്ഷത്തിലേറെ പേരിലാണ് ദക്ഷിണകൊറിയ കൊറോണ പരിശോധന നടത്തിയത്. പത്തു ലക്ഷത്തിന് 5200 പരിശോധനകള്‍ വീതം. അമേരിക്കയില്‍ പോലും ദശലക്ഷത്തിന് 74 പരിശോധനകള്‍ മാത്രമേ നടന്നിട്ടുള്ളൂ എന്നറിയുമ്പോഴാണ് ദക്ഷിണകൊറിയ നടപ്പിലാക്കിയ പദ്ധതിയുടെ വലിപ്പം തിരിച്ചറിയുക. എങ്ങനെയാണ് അവര്‍ക്കിത് സാധ്യമായത്?

മെര്‍സ് പകര്‍ന്ന പാഠം

ഒരു മുന്‍ അനുഭവവും വളരെ പെട്ടെന്ന് സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി പ്രതികരിക്കാന്‍ ദക്ഷിണകൊറിയയെ പ്രാപ്തമാക്കിയതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. 2015ല്‍ മെര്‍സ് പടര്‍ന്നുപിടിച്ചതിന്റെ ദുരനുഭവമായിരുന്നു അത്. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം ദക്ഷിണകൊറിയയിലേക്ക് തിരിച്ചെത്തിയ ഒരു ബിസിനസുകാരനായിരുന്നു മെര്‍സ് രാജ്യത്തെത്തിച്ചത്. മൂന്ന് ദക്ഷിണകൊറിയന്‍ ആശുപത്രികളില്‍ നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് ഇയാള്‍ക്ക് മെര്‍സ് ബാധയാണെന്ന് സ്ഥിരീകരിച്ചത്.

ഇതിനിടയില്‍ തന്നെ 186 പേരിലേക്ക് മെര്‍സ് പകരുകയും 36പേരുടെ മരണത്തിന് കാരണമാവുകയും ചെയ്തു. ഒരൊറ്റരോഗിയില്‍ നിന്നായിരുന്നു ഈ പകര്‍ന്നുപിടിത്തം. അന്ന് മെര്‍സ് ബാധിച്ചവരില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ആശുപത്രി ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരുമെല്ലാം ഉണ്ടായിരുന്നു. അന്ന് രണ്ട് മാസത്തോളം നീണ്ട മെര്‍സ് ഭീതിയില്‍ 17000ത്തോളം പേരെ നിരീക്ഷണ വിധേയമാക്കേണ്ടി വന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പോലും ഇത് ബാധിച്ചു.

മെര്‍സ് പകര്‍ന്നു നല്‍കിയ ഈ പാഠമാണ് ലബോറട്ടറി പരിശോധനകള്‍ ഇത്തരം പകര്‍ച്ചവ്യാധികളെ നേരിടുന്നതില്‍ എത്രത്തോളം ഫലപ്രദമാണെന്ന തിരിച്ചറിവ് ദക്ഷിണകൊറിയന്‍ അധികൃതര്‍ക്ക് നല്‍കിയത്. ആശുപത്രികളിലും മുന്‍കരുതലുകള്‍ ശക്തമാക്കി. കൊറോണ വൈറസ് ഇത്തവണ വലിയ തോതില്‍ പടര്‍ന്നുപിടിച്ചപ്പോള്‍ പോലും ഡോക്ടര്‍മാര്‍ക്കോ ഒരു ആശുപത്രി ജീവനക്കാരനോ പോലും ബാധിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

അതിവേഗം രോഗം പരത്തിയ 'രോഗി 31'

ഫെബ്രുവരി ഏഴിനായിരുന്നു ദക്ഷിണകൊറിയയില്‍ ആദ്യത്തെ കൊറോണ വൈറസ്ബാധ റിപ്പോര്‍ട്ടു ചെയ്തത്. ആദ്യ ദിവസങ്ങളില്‍ വിരലിലെണ്ണാവുന്ന കേസുകള്‍ മാത്രമേ ഉണ്ടായിരുന്നു. 11 ദിവസങ്ങള്‍ക്ക് ശേഷം രോഗം ബാധിച്ച 61കാരിയായ സ്ത്രീയാണ് ദക്ഷിണകൊറിയയിലെ രോഗവ്യാപനത്തിന്റെ തോത് അതിവേഗമാക്കിയത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ ഇവര്‍ പൂര്‍ണ്ണമായി തള്ളിയതാണ് കാര്യങ്ങളെ കുഴപ്പത്തിലാക്കിയത്.

ജനജീവിതം സ്തംഭിച്ചില്ല... പിന്നെങ്ങനെ ദക്ഷിണകൊറിയ കൊറോണയെ തോല്‍പിച്ചു

ദക്ഷിണകൊറിയയിലെ 31ആമത്തെ കോവിഡ് 19 രോഗിയായിരുന്നു ഈ 61കാരി. ഇവരുടെ ഒരൊറ്റയാളുടെ അശ്രദ്ധ ഷിന്‍ചെനോന്‍ജി പ്രവിശ്യയെതന്നെ കൊറോണയുടെകേന്ദ്രമാക്കി മാറ്റി. ആള്‍ക്കൂട്ടത്തിലേക്ക് പോകരുതെന്ന മുന്നറിയിപ്പ് വകവെക്കാതെ ഇഴര്‍ ഫെബ്രുവരി ഒമ്പതിനും 16നും ഷിന്‍ചെനോന്‍ജിയിലെ പള്ളിയില്‍ കുര്‍ബാന കൂടി. അഞ്ഞൂറോളം പേര്‍ തോളോടു തോള്‍ ചേര്‍ന്ന് രണ്ട് മണിക്കൂറോളം നിന്ന ഈ മതപരമായ ചടങ്ങ് കൊറോണ വൈറസിന് പടര്‍ന്നുപിടിക്കാനുള്ള സുവര്‍ണ്ണാവസരമായി മാറുകയായിരുന്നു.

പിന്നീടുള്ള 12 ദിവസത്തിനുള്ളില്‍ 2900 പുതിയ കൊറോണ കേസുകള്‍ ദക്ഷിണകൊറിയയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ഇതില്‍ ഭൂരിഭാഗവും ഷിന്‍ചെനോന്‍ജി പള്ളിയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഫെബ്രുവരി 29ന് 900ത്തിലേറെ പുതിയ കേസുകളാണ് ദക്ഷിണകൊറിയയില്‍ ഉണ്ടായത്. ഇതോടെ ആകെ കൊറോണ ബാധിതരുടെ എണ്ണം 3150 ആയി. ചൈനക്ക് പുറത്ത് ഏറ്റവും മോശമായി കൊറോണ വ്യാപിച്ച രാജ്യമായി ദക്ഷിണകൊറിയ മാറി. ഇതോടെയാണ് ദക്ഷിണകൊറിയ കൊറോണക്കെതിരായ പോരാട്ടം അതിവേഗത്തിലാക്കിയതും നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കിയതും.

പോരാട്ടം തുടങ്ങുന്നു

അതീവ ഗുരുതരാവസ്ഥയിലായ രോഗികളെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതിലായിരുന്നു മുന്‍തൂക്കം നല്‍കിയത്. ചെറിയ ലക്ഷണങ്ങളുള്ളവരെ പ്രത്യേകം പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇതിനായി പൊതു - സ്വകാര്യ കെട്ടിടങ്ങള്‍ സജ്ജമാക്കി. ഇവിടെയെത്തുന്നവര്‍ക്ക് വേണ്ട വൈദ്യ സഹായവും നിരീക്ഷണവും ഉറപ്പാക്കി. രണ്ട് തവണ പരിശോധന നടത്തിയിട്ടും നെഗറ്റീവ് ഫലം ലഭിച്ചവരെ പോകാന്‍ അനുവദിച്ചു.

കൊറോണ ബാധിതരുടെ കുടുംബാംഗങ്ങളേയും ചെറിയ ലക്ഷണങ്ങള്‍ മാത്രം കാണിച്ചവരേയും സ്വയം ശരീര ഊഷ്മാവ് നോക്കാനുള്ള അറിവെങ്കിലുമുണ്ടെങ്കില്‍ രണ്ടാഴ്ച്ച വീടുകളില്‍ തന്നെ ക്വാറന്റൈന് നിര്‍ദേശം നല്‍കി. വീടുകളില്‍ സ്വയം അടച്ച് കഴിയുന്നവരെ ദിവസം രണ്ട് തവണ വിളിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ അന്വേഷിക്കുകയും പുരോഗതി ഉറപ്പുവരുത്തുകയും ചെയ്തു. ആവശ്യമെങ്കില്‍ ഇവരെ പുനരധിവാസകേന്ദ്രങ്ങളിലേക്കും ആശുപത്രികളിലേക്കും മാറ്റി.

ഇത്തരത്തില്‍ ക്വാറന്റൈന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ പുറത്തിറങ്ങിയാല്‍ ശിക്ഷ മൂന്ന് ദശലക്ഷം ദക്ഷിണകൊറിയന്‍ വോണ്‍ (ഏകദേശം 18000 രൂപ) നഷ്ടപരിഹാരമാക്കി. ഈ ശിക്ഷ പത്ത് ദശലക്ഷം വോണും ഒരു വര്‍ഷം തടവുമാക്കി മാറ്റുന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്യാനുള്ള നീക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നുമുണ്ട്.

വരുതിയിലായി കൊറോണ

ഇത്രയും കാര്യങ്ങള്‍ ചെയ്തതോടെ അധികൃതരുടെ പ്രതീക്ഷക്കൊത്ത് ജനങ്ങളും പ്രതികരിക്കുകയും കൊറോണ നിയന്ത്രണ വിധേയമാവുകയും ചെയ്തു. പുതുതായി മറ്റൊരു ഷിന്‍ചെനോന്‍ജി ഉണ്ടായില്ല. 31ആം നമ്പര്‍ രോഗിയെപോലെ മറ്റാരും പ്രവര്‍ത്തിച്ചുമില്ല. പൊതു ജീവിതത്തെ തടവിലിടാതെ തന്നെ ചൈനക്കു പിന്നാലെ കൊറോണ ഏറ്റവും ഭീതി വിതച്ച ദക്ഷിണ കൊറിയ അതിജീവിച്ചു. ഇപ്പോള്‍ അമേരിക്കയും കാനഡയും യൂറോപ്യന്‍ രാജ്യങ്ങളുമെല്ലാം ദക്ഷിണകൊറിയന്‍ മാതൃക പ്രാവര്‍ത്തികമാക്കാനാണ് ശ്രമിക്കുന്നത്.