LiveTV

Live

Health

പകരുന്ന അസുഖമാണ് ടോണ്‍സിലൈറ്റിസ്

ടോണ്‍സില്‍ ഗ്രന്ഥിയില്‍ ഉണ്ടാകുന്ന അണുബാധ ആണ് ടോണ്‍സിലൈറ്റിസ്. കുട്ടികളില്‍ സാധാരണയായി കാണപ്പെടുന്ന ഈ അസുഖം മുതിര്‍ന്നവരിലും അപൂര്‍വ്വമായി കണ്ടു വരാറുണ്ട്...

പകരുന്ന അസുഖമാണ് ടോണ്‍സിലൈറ്റിസ്

തൊണ്ടയില്‍ നാവിന്റെ ഉത്ഭവസ്ഥാനത്ത് അണ്ണാക്കിന്റെ ഇരുവശങ്ങളിലുമായാണ് ടോണ്‍സിലുകളുടെ സ്ഥാനം. അണുക്കളെ തടഞ്ഞുനിര്‍ത്തി അവയെ നശിപ്പിച്ചോ നിര്‍വീര്യമാക്കിയോ ആണ് ടോണ്‍സിലുകണ്‍ ആരോഗ്യം സംരക്ഷിക്കുക. പ്രതിരോധം താളം തെറ്റുമ്പോഴും രോഗാണു ശക്തമാകുമ്പോഴും മറ്റും ടോണ്‍സില്‍ ഗ്രന്ഥിയില്‍ ഉണ്ടാകുന്ന അണുബാധ ആണ് ടോണ്‍സിലൈറ്റിസ്.

മുതിര്‍ന്നവരിലും കണ്ടുവരാറുണ്ടെങ്കിലും കുട്ടികളിലാണ് ഈ അസുഖം കൂടുതലായി കാണുന്നത്. വായില്‍ നാവിന്റെ തുടക്കത്തില്‍ അണ്ണാക്കിന്റെ ഇരുഭാഗങ്ങളിലായി മുട്ടയുടെ ആകൃതിയുള്ള ടോണ്‍സില്‍ഗ്രന്ഥി സാധാരണഗതിയില്‍ ശ്രദ്ധിക്കണമെന്നില്ല. എന്നാല്‍ അണുബാധ ഉണ്ടായാല്‍ ടോണ്‍സില്‍ഗ്രന്ഥി തടിച്ച് ചുവന്ന് വലുതാകും.

പകരുന്ന അസുഖമാണ് ടോണ്‍സിലൈറ്റിസ്

വൈറസുകളും ബാക്ടീരിയകളും ടോണ്‍സിലൈറ്റിസിന് കാരണമാകാറുണ്ട്. ശരീരത്തിന്റെ അകത്തും പുറത്തും രോഗാണുക്കളുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുമ്പോള്‍ രോഗം എളുപ്പം പിടിപെടും. നല്ല ചൂടുള്ള കാലാവസ്ഥയില്‍ തണുത്ത വെള്ളം, ഐസ് ക്രീം, ജ്യൂസ് പോലുള്ള തണുത്ത ഭക്ഷണം എന്നിവ കഴിക്കുമ്പോള്‍ തൊണ്ടയിലെ താപനിലയില്‍ താല്‍ക്കാലികമായ കുറവുണ്ടാക്കി ടോണ്‍സിലൈറ്റിസ് ബാധിക്കാം. അതുപോലെ മഞ്ഞ് കൊള്ളുക, മഴ നയുക, തുടര്‍ച്ചയായുള്ള എസിയുടെ ഉപയോഗം ഇവയും ചിലരില്‍ ടോണ്‍സിലൈറ്റിസിന് ഇടയാക്കാറുണ്ട്.

ടോണ്‍സിലൈറ്റിസ് പടരുന്ന രോഗമാണ്. രോഗിയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള സ്രവങ്ങളുമായുള്ള സമ്പര്‍ക്കം രോഗം പരക്കാനിടയാക്കും. രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും രോഗാണുക്കള്‍ അന്തരീക്ഷത്തിലെത്തും. വായുവിലൂടെയും കൈകള്‍ വഴി അന്നപഥത്തിലൂടെയും അടുത്തിടപെടുമ്പോള്‍ രോഗാണുക്കള്‍ പ്രവേശിക്കുന്നു.

പനി, ശരീരവേദന, ക്ഷീണം, ഇവക്കൊപ്പം ഉണ്ടാകുന്ന ശക്തിയായ തൊണ്ടവേദന എന്നിവക്കൊപ്പം ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ടും രോഗികള്‍ അനുഭവിക്കാറുണ്ട്. ചിലരില്‍ ചെവി വേദനയും ഉണ്ടാകും.

പലതവണ ടോണ്‍സിലൈറ്റിസ് വന്നവരില്‍ സ്ഥിരമായി ഒരു തടിപ്പ് കാണാറുണ്ട്. അണുബാധയുള്ളപ്പോള്‍ തടിപ്പില്‍ തൊട്ടാല്‍ വേദന ഉണ്ടാകും. ഇടക്കിടെ ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കവിള്‍ കൊണ്ടാല്‍ ടോണ്‍സിലൈറ്റിസ് മൂലമുണ്ടാകുന്ന വേദനക്ക് ആശ്വാസം ലഭിക്കും.

ചില ഗുരുതരരോഗങ്ങളുടെ പ്രധാന ലക്ഷണമായും തൊണ്ടവേദന വരാറുണ്ട്. തൊണ്ടയുടെ ഒരുഭാഗത്ത് മാത്രമായുണ്ടാകുന്ന വേദനയെ മുതിര്‍ന്നവര്‍ ഗൗരവമായി കാണണം. അപൂര്‍വ്വം ചിലരിലെങ്കിലും അര്‍ബുദ സൂചനയായി തൊണ്ടവേദന മാറാറുണ്ട്. എന്നാല്‍ കുട്ടികളില്‍ പ്രായം കൂടുന്നതിനനുസരിച്ച് ഈ രോഗം കുറഞ്ഞ് വരാറാണ് പതിവ്.