LiveTV

Live

Health

വേനല്‍ക്കാലത്താണ് മുടി നല്ല വേഗത്തില്‍ വളരുന്നത്; ഇക്കാര്യങ്ങള്‍ കൂടി ഒന്ന് ശ്രദ്ധിക്കൂ

കിടക്കും മുമ്പ് മുടി നന്നായി ചീകി കെട്ടിവെക്കണം. കാരണം, രാത്രിയില്‍ മുടി കൂടുതല്‍ വളരും.

വേനല്‍ക്കാലത്താണ് മുടി നല്ല വേഗത്തില്‍ വളരുന്നത്; ഇക്കാര്യങ്ങള്‍ കൂടി ഒന്ന് ശ്രദ്ധിക്കൂ

വേനല്‍ക്കാലമാണ്.. മുടിയില്‍ വിയര്‍പ്പും പൊടിയും കൂടിക്കലര്‍ന്ന് അഴുക്ക് നിറയാന്‍ സാധ്യത ഏറെയാണ്. മുടി വളരുന്നില്ലെന്ന് സങ്കടപ്പെടുന്നവര്‍ ഒരിത്തിരിയധികം ശ്രദ്ധ ഈ വേനല്‍ക്കാലത്ത് മുടിക്ക് കൊടുത്തു നോക്കു.. കാരണം വേനല്‍ക്കാലത്താണ് മുടി നല്ല വേഗത്തില്‍ വളരുന്നതത്രെ.

ഈ കാലത്ത് മുടിക്ക് ആരോഗ്യകരമായ ഭക്ഷണം കൂടി നല്‍കി നോക്കൂ. കൂടെ സ്പാ ട്രീറ്റ്‌മെന്റും പ്രോട്ടീന്‍ ട്രീറ്റ്‌മെന്റും. പക്ഷേ, പാര്‍ലറില്‍ എന്തു ചികിത്സകള്‍ ചെയ്താലും അതേ ശ്രദ്ധ വീട്ടിലുമുണ്ടാകണം. എന്നാലേ ഫലമുണ്ടാകൂ.. മുടിക്ക് ആരോഗ്യം കൂട്ടാന്‍ വീട്ടില്‍ വെച്ചും മുടിക്കാവശ്യമായ ഭക്ഷണവും ചികിത്സയും നല്‍കണം.

വേനല്‍ക്കാലത്താണ് മുടി നല്ല വേഗത്തില്‍ വളരുന്നത്; ഇക്കാര്യങ്ങള്‍ കൂടി ഒന്ന് ശ്രദ്ധിക്കൂ

ഉറങ്ങും മുമ്പ് മുടി ചീകുന്നത് ഒരു ശീലമാക്കുക. ഇതിനായി പല്ലകലമുള്ള ചീപ്പോ, ഹെയര്‍ ബ്രെഷോ ഉപയോഗിക്കാം. കിടക്കും മുമ്പ് മുടി നന്നായി ചീകി കെട്ടിവെക്കണം. കാരണം, രാത്രിയില്‍ മുടി കൂടുതല്‍ വളരും. മുടി ചീകുന്നത് രക്തയോട്ടം കൂട്ടും. ഇത് മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തും. പക്ഷേ, നനഞ്ഞ മുടി ചീകി ഒരിക്കലും കെട്ടിവെക്കരുത്. ഇത് വിപരീതഫലം ചെയ്യും.

മുടിയുടെ സ്വഭാവത്തിന് അനുസരിച്ച് നല്‍കേണ്ട ചികിത്സയ്ക്കും വ്യത്യാസമുണ്ട്. നിങ്ങളുടെ മുടിയുടെ സ്വഭാവം ആദ്യം തിരിച്ചറിയുക. എന്നിട്ട് അതിന് അനുസരിച്ച ചികിത്സയും തെരഞ്ഞെടുക്കുക.

വരണ്ട മുടിക്ക്

വേനലില്‍ മുടി അമിതമായി വരണ്ട് പൊട്ടിപ്പോകാന്‍ സാധ്യത ഏറെയാണ്. പക്ഷേ, ഒരു ചെറിയ മരുന്ന് ഒന്ന് പ്രയോഗിച്ചാല്‍ മതി, ഈ അസുഖത്തിന് പെട്ടെന്ന് ശമനം കിട്ടും.

ഒരു ടേബിള്‍ സ്പൂണ്‍ ഹെയര്‍ കണ്ടീഷണര്‍, ഒരു ടീസ്പൂണ്‍ ബീറ്റ്‌റൂട്ട് അരച്ചത്, ഒരു ടീസ്പൂണ്‍ ഗ്ലിസറിന്‍, ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍, ഒരു ടീസ്പൂണ്‍ ആവണക്കെണ്ണ, രണ്ടു ടീസ്പൂണ്‍ വീര്യം കുറഞ്ഞ ഷാംപൂ എന്നിവ എടുക്കുക. ഇവ നന്നായി മിക്‌സ് ചെയ്ത് മുടിയില്‍ പുരട്ടി പതിനഞ്ചു മിനിറ്റ് ഇരിക്കുക. ഇനി അല്‍പം ആവി കൊള്ളിച്ച ശേഷം അര മണിക്കൂര്‍ വിശ്രമിക്കാം. മുടി കഴുകി ഉണക്കുമ്പോള്‍ തിളക്കവും മൃദുത്വവും കൂടുന്നത് അറിയാന്‍ കഴിയും.

വേനല്‍ക്കാലത്താണ് മുടി നല്ല വേഗത്തില്‍ വളരുന്നത്; ഇക്കാര്യങ്ങള്‍ കൂടി ഒന്ന് ശ്രദ്ധിക്കൂ

സാധാരണ മുടിക്ക്

ഒരു സ്പൂണ്‍ ഒലിവ് ഓയില്‍, ഒരു മുട്ടയുടെ വെള്ള എന്നിവ എടുക്കുക. അതിന് ശേഷം ഇത് രണ്ടും കൂടി യോജിപ്പിക്കുക. ഈ മിശ്രിതം മുടിയില്‍ നന്നായി പുരട്ടി മസാജ് ചെയ്ത് പിടിപ്പിക്കുക. അല്‍പ്പസമയം കഴിഞ്ഞാല്‍ വീര്യം കുറഞ്ഞ ഷാമ്പൂവോ താളിയോ ഉപയോഗിച്ച് കഴുകിക്കളയാം.

അതിനു ശേഷം അല്‍പം ഓട്‌സ്, രണ്ടു സ്പൂണ്‍ തേങ്ങാപ്പാല്‍, രണ്ടു സ്പൂണ്‍ കറ്റാര്‍വാഴയുടെ നീര്, ഒരു സ്പൂണ്‍ ഉലുവാപ്പൊടി, അര സ്പൂണ്‍ കറുത്ത എള്ള്, ഒരു സ്പൂണ്‍ ഉണക്കനെല്ലിക്ക പൊടിച്ചത് ഇവ ചേര്‍ത്തരച്ച് മുടിയിലും തലയിലും നന്നായി തേച്ചുപിടിപ്പിക്കുക. അഞ്ചു മിനിറ്റ് ആവി കൊള്ളിച്ചതിനു ശേഷം ഇരുപതു മിനിറ്റ് വിശ്രമിക്കാം. ഇനി ഷാംപൂ ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക. മുടിക്കു മൃദുത്വവും ആരോഗ്യവും കൈവരുന്നത് അറിയാന്‍ കഴിയും.

എണ്ണമയമുള്ള മുടിക്ക്

വേനലില്‍ മുടിയിലെ എണ്ണമയം വര്‍ധിക്കും. ഇത് അന്തരീക്ഷത്തിലെ പൊടിപടലങ്ങളുമായി കലര്‍ന്ന് മുടിയിലെ താരന്‍ ശല്യം കൂടാന്‍ ഇടയുണ്ട്. മുടിയിലെ എണ്ണമയം കുറച്ച് ആരോഗ്യം വര്‍ധിപ്പിക്കാന്‍ കഴിയും.

നാലു സ്പൂണ്‍ ലാവണ്ടര്‍ ഓയില്‍, ഒരു ടീസ്പൂണ്‍ വിനാഗിരി, ഒരു ടീസ്പൂണ്‍ വെള്ളം ഇവ നന്നായി മിക്‌സ് ചെയ്തതിനു ശേഷം മുടിയില്‍ മസാജ് ചെയ്യുക. അര മണിക്കൂറിനു ശേഷം ചെറുചൂടുവെള്ളം കൊണ്ട് കഴുകാം. ഇത് ആഴ്ചയില്‍ ഒരിക്കല്‍ ആവര്‍ത്തിച്ചാല്‍ അമിതമായ എണ്ണമയം മൂലം മുടിയിലെ താരന്‍ വര്‍ധിക്കുന്നത് ഒഴിവാക്കാം.