LiveTV

Live

Health

കോവിഡ് 19 പ്രതിരോധത്തില്‍ നമുക്ക് ചെയ്യാവുന്നത്

നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം 28 ദിവസം ഒറ്റക്ക് മുറിയിൽ കഴിയുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. രോഗത്തെകുറിച്ചുള്ള വാർത്തകളും മരണവിവരങ്ങളും ഊഹാപോഹങ്ങളും മാനസികമായി തളര്‍ത്തും

കോവിഡ് 19 പ്രതിരോധത്തില്‍ നമുക്ക് ചെയ്യാവുന്നത്

ലോകാരോഗ്യസംഘടന കൊറോണ വൈറസ് -കോവിഡ് 19 നെ 'മഹാമാരി'യായി പ്രഖ്യാപിച്ചിരിക്കുകയാണ്. കോറോണ ആഗോള അനിശ്ചിതത്വത്തിനും സംശയത്തിനും കാരണമാകുന്നത് തുടരുമ്പോൾ, ഇനി എന്ത് സംഭവിക്കും എന്നതിനെ കുറിച്ചുള്ള ആശങ്കകൾ സ്വാഭാവികമാണ്. ശാരീരികമായും മാനസികമായും ഒരാളെ തളർത്തുന്ന അവസ്ഥയാണ് രോഗങ്ങൾ. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ഉത്കണഠയുള്ളവരെ സംബന്ധിച്ചിടത്തോളം 'മഹാമാരി' എന്ന വാക്ക് തന്നെ അവരെ കൂടുതൽ പരിഭ്രാന്തിയിലാക്കാം. ഇതിൽ നിന്ന് സ്വയം എങ്ങനെ പരിരക്ഷിക്കാം, നമ്മുടെ പ്രിയപ്പെട്ടവരെ എങ്ങനെ സംരക്ഷിക്കാം, നിരീക്ഷണത്തിനായി കഴിയേണ്ടി വരുന്ന അവസ്ഥ എങ്ങനെ അതിജീവിക്കാം, ജോലിയിൽ നിന്ന് വിട്ട് നിൽക്കേണ്ടി വരുമ്പോൾ എങ്ങനെയുണ്ടാവും തുടങ്ങിയ പരിഭ്രാന്തികളുണ്ടാവും.

ഈ പരിഭ്രാന്തികൾക്കിടയിൽ എങ്ങനെ ഇതിനെയൊക്കെ മറികടക്കാം എന്നതിനെ കുറിച്ചുള്ള ഉപദേശങ്ങൾക്കായി ഇന്റർനെറ്റിലേക്ക് തിരിയുന്നത് സ്വാഭാവികം. 'ഇടക്കിടെ ചൂടുവെള്ളത്തിൽ കുളിക്കുന്നത് കോവിഡ്- 19 പിടിക്കുന്നതിൽ നിന്ന് തടയും', 'ഹാൻഡ് ഡ്രയറുകൾക്ക് പുതിയ കൊറോണ വൈറസിനെ കൊല്ലാൻ കഴിയും ' തുടങ്ങിയ മിഥ്യാ ധാരണകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നു. രോഗത്തെ സംബന്ധിച്ച് മാധ്യമങ്ങളിലൂടെയും മറ്റും വ്യാപിക്കുന്ന തെറ്റായ പ്രചരണങ്ങൾ വിശ്വസിക്കാതിരിക്കുക എന്നതും അത്തരം സന്ദേശങ്ങൾ മറ്റുള്ളവർക്ക് ഷെയർ ചെയ്യാതിരിക്കുക എന്നതും കൊറോണ പ്രതിരോധത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളാണ്.

മിഥ്യാധാരണകൾ അകറ്റല്‍ അനിവാര്യം

ലോകം മുഴുവൻ ഇപ്പോൾ ഭയപ്പെടുത്തുന്നതും അനിശ്ചിതത്വുള്ളതുമായ ഒരു അവസ്ഥയിലേക്ക് നീങ്ങി പോകുന്നതായി തോന്നാം. ഈ ഒരു അവസ്ഥയിൽ രോഗം ഭേദമാകാനുള്ള ചികിത്സ മാത്രമല്ല ആവശ്യം. മിഥ്യാധാരണകളെ ദുരീകരിക്കാനും രോഗതീവ്രതയെ നേരിടാനും രോഗചികിത്സയോടൊപ്പം തന്നെ മാനസികമായ കൗൺസിലിംഗ് ക്ലാസുകളും ആവശ്യമായി വരുന്നു. ആരോഗ്യം എന്നാൽ ശാരീരികവും മാനസികവും സാമൂഹികവുമായ പൂർണ സ്വാസ്ഥ്യമാണ്. രോഗികളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും മാനസിക ബുദ്ധിമുട്ടുകൾ അകറ്റാനുള്ള കൗൺസിലിംഗ് ക്ലാസുകളും വെൽനെസ്സ് സെന്ററുകളും ഈ സാഹചര്യത്തിൽ വളരെ പ്രസക്തമാണ്. കൗൺസിലിംഗിനു ശേഷം മാനസികാരോഗ്യ വിദഗ്ധന്റെ സേവനം ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യവും ലഭ്യമാക്കേണ്ടതുണ്ട്.

നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം 28 ദിവസം ഒറ്റക്ക് ഒരു മുറിയിൽ കഴിയുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. രോഗത്തെ കുറിച്ചുള്ള വാർത്തകൾ, മരണങ്ങൾ, ഊഹാപോഹങ്ങൾ ഇവയെല്ലാം മാധ്യമങ്ങളിലൂടെയും മറ്റും അറിയുന്നത് നിരീക്ഷണത്തിലിരിക്കുന്ന വ്യക്തിയെ മാനസികമായി ബാധിക്കും. മരിച്ചു പോകുമോ എന്ന പേടി ഒറ്റപ്പെടലിന്റെ ആവലാതി തുടങ്ങി പല പ്രശ്‌നങ്ങൾ ഉണ്ടാകാം. ശരിയായ കൗൺസിലിംഗിലൂടെ ഇത്തരം പ്രശ്‌നങ്ങളെ ഒരു പരിധിവരെ മറികടക്കാനാകും.

സോഷ്യൽ മീഡിയയെ "വിശ്വസിക്കരുത്"

സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തുക. ആളുകളുമായി സമ്പർക്കം പുലർത്താൻ സോഷ്യൽ മീഡിയ സഹായിക്കുമെങ്കിലും, പ്രത്യേകിച്ചും നിരീക്ഷണത്തിൽ തന്നെ തുടരാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ, വൈറസിനെക്കുറിച്ചുള്ള മിഥ്യാധാരണകളും തെറ്റായ വിവരങ്ങളും വേഗത്തിലും എളുപ്പത്തിലും അപകടകരമായും പടരുന്ന ഇടം കൂടിയാണിത്. അതുകൊണ്ടുതന്നെ ഉത്കണ്ഠയും ആശങ്കയും ഒഴിവാക്കുന്നതിന് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിന്ന് പരമാവധി വിട്ടു നിൽക്കുന്നതാണ് നല്ലത്. കോവിഡ് 19-നെക്കുറിച്ച് കൂടുതലറിയാൻ ട്വിറ്ററിലോ ഫേസ്ബുക്കിലോ മണിക്കൂറുകൾ സ്‌ക്രോൾ ചെയ്യുന്നത് ആ സമയത്ത് ഒരു നല്ല ആശയമായി തോന്നാം, പക്ഷേ ആളുകൾ അങ്ങനെ ഉള്ള വാർത്തകൾ പങ്കിടുകയോ അല്ലെങ്കിൽ അവരുടെ സ്വന്തം ആശങ്കകളെക്കുറിച്ച് പോസ്റ്റുചെയ്യുകയോ ചെയ്താൽ അത് അനാവശ്യ ആശങ്കയുണ്ടാക്കും.

നിരീക്ഷണം എന്നാൽ ഒറ്റപ്പെടുത്തലല്ല

നിരീക്ഷണത്തിലിരിക്കുന്ന വ്യക്തിയെ 'രോഗി' എന്ന രീതിയിൽ ഒറ്റപ്പെടുത്തരുത്. അവർക്ക് മാനസികമായി ഉല്ലാസം ലഭിക്കുന്ന കാര്യങ്ങളിൽ ഏർപ്പെടാൻ സൗകര്യം ഒരുക്കണം. അവരെ ഒറ്റപ്പെടുത്തുകയോ കളിയാക്കുകയോ, എല്ലാവരെയും ബുദ്ധിമുട്ടിക്കാൻ ഇടയാക്കി എന്ന തരത്തിലുള്ള വാക്കോ പ്രവൃത്തിയോ ഉണ്ടാവുകയോ ചെയ്യരുത്. അവരുമായി അടുത്തിടപഴകരുത് എന്നതൊഴിച്ച് അവരുമായി ആശയവിനിമയം ചെയ്യാതിരിക്കുകയോ അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകാതെ മാറി നിൽക്കുകയോ ചെയ്യരുത്. ആരോഗ്യമേഖലയിലുള്ളവരുടെ നിർദ്ദേശാനുസരണം അവർക്ക് ആവശ്യമായ സഹായസഹകരണങ്ങൾ ഉറപ്പു വരുത്തണം. രോഗബാധയിൽ നിന്നും കുടുംബത്തെയും സമൂഹത്തെയും രക്ഷിക്കാനാണ് ആ വ്യക്തി സ്വയം നിരീക്ഷണത്തിൽ കഴിയുന്നതെന്ന് മനസ്സിലാക്കി അവരോട് മര്യാദയോടെയും ആദരവോടെയും പെരുമാറണം.

പ്രതിരോധത്തിന് ശ്രദ്ധിക്കാം

പരിസരവും ശരീരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിരോധമാർഗം. ആൽക്കഹോൾ ബെയ്‌സ്ഡ് ഹാൻഡ് റബ് അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നിർദ്ദിഷ്ട രീതിയിൽ 20 സെക്കന്റ് എങ്കിലും വൃത്തിയാക്കുക. ഒബ്‌സസീവ് കംപൽസീവ് ഡിസോർഡർ (OCD) എന്ന മാനസികാവസ്ഥ ഉള്ളവരുമായി ഇടപഴകുമ്പോൾ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഇവരെ സംബന്ധിച്ചിടത്തോളം കഴുകുകയോ ശുചിത്വം പാലിക്കുകയോ ചെയ്യുക എന്നുള്ളത് നിർബന്ധിത ആശങ്ക ഉളവാക്കുകയും അതിൽ തന്നെ ആവർത്തിച്ചു ഏർപ്പെട്ടുകൊണ്ടിരിക്കാനുള്ള പ്രേരണ ഉണ്ടാക്കുകയും ചെയ്യുന്നു. ഇങ്ങനെ ഉള്ളവരോട് കൈകഴുകുന്നതിനെ കുറിച്ചും മറ്റുമുള്ള നിരന്തര സംഭാഷണം ഒഴിവാക്കാൻ ശ്രമിക്കുക.

എല്ലാ തരത്തിലുള്ള പ്രതിസന്ധികളെയും പ്രതികൂല അവസ്ഥകളെയും തരണം ചെയ്യേണ്ടത് നമ്മുടെ ബാധ്യതയാണ്. അതു കൊണ്ടു തന്നെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും നിത്യവും ലഘുവായ വ്യായാമം നമ്മുടെ ദിനചര്യയിൽ ഉൾപ്പെടുത്താനും സമയം കണ്ടെത്തുക. വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ നിർദേശിക്കുകയാണെങ്കിൽ പോലും ശുദ്ധമായ വായുസഞ്ചാരമുള്ള മുറിയിൽ മനസ്സിന് ഉല്ലാസവും സമാധാനവും നൽകുന്ന കാര്യങ്ങളിൽ ഇടപഴകുക. ഉദാഹരണത്തിന് സംഗീതം, വായന, എഴുത്ത് , ചിത്രരചന തുടങ്ങി ക്രിയാത്മകമായ കാര്യങ്ങളിൽ ഇടപെട്ട് കൊണ്ട് സമയത്തെ നല്ല രീതിയിൽ വിനിയോഗിക്കുക.

കൊറോണയെ കുറിച്ചുള്ള അനാവശ്യ ഭീതിയും ആശങ്കയും ഒഴിവാക്കി പകരം ജാഗ്രതയോടെ WHO പോലെയുള്ള സ്ഥാപനങ്ങളുടെ മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും ഉൾ കൊണ്ട് കൊണ്ട് നല്ലൊരു നാളേയ്ക്ക് വേണ്ടി സധൈര്യം മുന്നോട്ടുപോവുക. എല്ലാ രാജ്യങ്ങളും ആത്മാർത്ഥമായി ഒരുമിച്ച് പരിശ്രമിച്ചാൽ മഹാമാരി എന്ന അവസ്ഥയെ തുടച്ചു നീക്കാനാകും.