Top

കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കുമുണ്ട് പ്രതിരോധ കുത്തിവെപ്പുകള്‍

കുട്ടികളിലെ പ്രതിരോധ കുത്തിവെപ്പുകളെക്കുറിച്ച് വാചാലരാകുമ്പോഴും മുതിര്‍ന്നവരിലെ പ്രതിരോധകുത്തിവെപ്പുകളെക്കുറിച്ച് നമുക്ക് വലിയ ധാരണയില്ല

MediaOne Logo

Web Desk

  • Updated:

    2020-02-09 14:40:04.0

Published:

9 Feb 2020 2:40 PM GMT

കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കുമുണ്ട് പ്രതിരോധ കുത്തിവെപ്പുകള്‍
X

വസൂരിയും പോളിയോയും അടക്കമുള്ള സാംക്രമിക രോഗങ്ങളില്‍ നിന്നും പുതിയ തലമുറയെ രക്ഷപ്പെടുത്തിയതില്‍ പ്രതിരോധ കുത്തിവെപ്പുകള്‍ക്കുള്ള പങ്ക് ചെറുതല്ല. കുട്ടികളിലെ പ്രതിരോധ കുത്തിവെപ്പുകളെക്കുറിച്ച് വാചാലരാകുമ്പോഴും മുതിര്‍ന്നവരിലെ പ്രതിരോധകുത്തിവെപ്പുകളെക്കുറിച്ച് നമുക്ക് വലിയ ധാരണയില്ല. അധികമാര്‍ക്കും അറിവില്ലാത്ത ആ വിഷയത്തില്‍ ഇന്‍ഫോ ക്ലിനിക്കിലൂടെ വിശദമായ ലേഖനം എഴുതിയിരിക്കുകയാണ് ഡോ. പുരുഷോത്തമന്‍, ഡോ. നവ്യ എന്നീ ഡോക്ടര്‍മാര്‍ ചേര്‍ന്ന്.

ഇന്‍ഫോ ക്ലിനിക്കില്‍ പ്രസിദ്ധീകരിച്ച ലേഖനം പൂര്‍ണ്ണരൂപത്തില്‍ വായിക്കാം

മുതിര്‍ന്നവര്‍ക്കുമുണ്ട് പ്രതിരോധകുത്തിവെപ്പുകള്‍

ലോകമാകെ, സാംക്രമികരോഗങ്ങള്‍ അരങ്ങൊഴിയുകയും, ജീവിതശൈലീരോഗങ്ങള്‍ രംഗം കയ്യടക്കുകയും ചെയ്യുന്ന കാലഘട്ടമാണിത്. നാല് പതിറ്റാണ്ടുകള്‍ മുമ്പ് വരെ, ഇവിടെ വസൂരി മരണഭീതി പരത്തിയിരുന്നുവെന്നും, ഏതാനും വര്‍ഷങ്ങള്‍ മുമ്പ് വരെ പോളിയോ തളര്‍ത്തിയ കാലുകളുമായി ഒരു പാട് കുട്ടികള്‍ നമ്മുടെയൊക്കെ കൂടെയുണ്ടായിരുന്നു എന്നതും, പുതുതലമുറയ്ക്ക് വിശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടായിരിക്കും. പ്രതിരോധ കുത്തിവെപ്പുകളുടെ വിജയഗാഥകള്‍ പലതും നമ്മള്‍ ആഘോഷിക്കുമ്പോഴും, കുത്തിവെപ്പുകളൊക്കെ കുട്ടികള്‍ക്ക് മാത്രമുള്ളതാണെന്നാണ് ഇപ്പോഴും നമ്മുടെ പൊതുധാരണ. ഈ കാലഘട്ടത്തിലും, പ്രസക്തമായ, നമ്മള്‍ ശ്രദ്ധിക്കാത്ത മറ്റൊരു കണക്കുണ്ട്. പ്രായമേറിയവരുടെ മരണത്തില്‍ ഇരുപത്തഞ്ചു ശതമാനത്തോളം, നേരിട്ടോ അല്ലാതെയോ, ഇപ്പോഴും സാംക്രമിക രോഗങ്ങള്‍ കൊണ്ട് തന്നെയാണ്.

എന്തുകൊണ്ട് മുതിര്‍ന്നവര്‍ക്കും പ്രതിരോധ കുത്തിവെപ്പുകള്‍?

1 കുറഞ്ഞു വരുന്ന പ്രതിരോധം :

വേണ്ട സമയത്ത് എല്ലാ പ്രതിരോധ കുത്തിവെപ്പുകളും എടുത്ത ആളുകളിലെ പ്രതിരോധം, വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ കുറേശ്ശെ ആയി കുറഞ്ഞു വന്നേക്കാം.

'ഇതെന്തു കൊണ്ട്? ഇങ്ങനെ ഒരു സാധ്യതയെ കുറിച്ച് മുന്‍പ് പറഞ്ഞു കേട്ടിട്ടില്ലലോ?'

കുട്ടിക്കാലത്തു പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്തു കഴിഞ്ഞവരില്‍, പ്രതിരോധം കാലങ്ങളോളം നിലനില്‍ക്കുന്നതിനു കാരണം, ചുറ്റുപാടിലുള്ള ആ രോഗാണുവിന്റെ സാന്നിധ്യമാണ്. നമ്മള്‍ അറിയാതെ നമ്മുടെ പ്രതിരോധ വ്യവസ്ഥയെ അവ ഉത്തേജിപ്പിച്ചു കൊണ്ടേയിരിക്കും. എണ്‍പതുകളുടെ അവസാനമായപ്പോഴേക്കും, പകര്‍ച്ചവ്യാധികളില്‍ പലതും ഇവിടെ തീരെ ഇല്ലാത്ത അവസ്ഥയായി. അത് കൊണ്ട് തന്നെ പല രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധശേഷി മുതിര്‍ന്നവരില്‍ കാലക്രമേണ കുറഞ്ഞു വന്നിരിക്കുന്നു.

ഉദാഹരണത്തിന് ഡിഫ്ത്തീരിയ കേസുകള്‍ വര്‍ഷത്തില്‍ നാലോ അഞ്ചോ എണ്ണം മാത്രം ആയിരുന്നു തൊണ്ണൂറ്റി ഒന്‍പതിന് ശേഷം രണ്ടായിരത്തി പതിനഞ്ചു വരെ. രണ്ടായിരത്തി പതിനഞ്ചില്‍ മലപ്പുറത്ത് വീണ്ടും തലപൊക്കിയതിനു ശേഷം ഇങ്ങോട്ടുണ്ടായ ഡിഫ്ത്തീരിയ കേസുകളില്‍ നല്ലൊരു ശതമാനവും പതിനെട്ടു വയസ്സിനു മുകളില്‍ ഉള്ളവരില്‍ ആയിരുന്നുവെന്നതെന്നത് ശ്രദ്ധിക്കണം. അതില്‍ പലരും ചെറുപ്പകാലത്തെ കുത്തിവെപ്പ് എടുത്തവരും.

'എയ്ജ് ഷിഫ്റ്റ്' (age shift) എന്ന ഈ പ്രതിഭാസം പല രോഗങ്ങളിലും കാണാം. കൗമാരക്കാരിലും യുവാക്കളിലും കൂടിക്കൂടിവരുന്ന അഞ്ചാംപനിയും ചിക്കന്‍പോക്‌സും വില്ലന്‍ചുമയും ഇത് ശരി വെയ്ക്കുന്നു.

2. വാക്‌സിനുകളുടെ പ്രത്യേകത മൂലം പ്രതിരോധ കുത്തിവെപ്പുകളില്‍ ചിലതില്‍ (ഉദാ:ഡിഫ്ത്തീരിയ, വില്ലന്‍ചുമ ) പ്രതിരോധം ഏതാണ്ട് ആറോ ഏഴോ വര്‍ഷം കഴിയുമ്പോള്‍ കുറഞ്ഞു വരും. ചുറ്റുപാടും ഈ രോഗാണുക്കളുടെ സാന്നിദ്ധ്യം തീരെ ഇല്ലാതെ ആവുമ്പോഴാണിത്. ജീവനില്ലാത്ത രോഗാണുവിനാല്‍ നിര്‍മ്മിതമായ (Killed vaccines and toxoids) വാക്‌സിനുകള്‍ ഉപയോഗിക്കുമ്പോള്‍ ഇതിനു സാധ്യത കൂടും. എന്നാല്‍ ദുര്‍ബലമാക്കിയ ജീവനുള്ള രോഗാണുവില്‍ നിന്നുള്ള (Live attenuated) വാക്‌സിനുകള്‍ ഉപയോഗിക്കുമ്പോള്‍, പ്രതിരോധം കൂടുതല്‍ നാളുകള്‍ നിലനില്‍ക്കും. ഉദാഹരണത്തിന് അഞ്ചാം പനി, റൂബെല്ല തുടങ്ങിയവ.

3. ജനസംഖ്യയില്‍ പ്രായമായവരുടെ എണ്ണം കൂടുന്നു അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശരാശരി ആയുര്‍ദൈര്‍ഘ്യം അന്‍പത് വയസ്സായിരുന്നെങ്കില്‍ , ഇന്നത് എഴുപത്തി അഞ്ചാണ്. അറുപതുവയസ്സിനു മേല്‍ പ്രായമുള്ളവരുടെ പ്രാതിനിധ്യം ഇന്ന് പതിനാലു ശതമാനത്തോളമാണ്. പ്രായമായവരില്‍ കൂടി വരുന്ന പകര്‍ച്ചേതര വ്യാധികളായ പ്രമേഹം, വിവിധ അര്‍ബുദങ്ങള്‍, കിഡ്‌നി രോഗങ്ങള്‍ എന്നിവയോടൊപ്പം പകര്‍ച്ച വ്യാധികള്‍ കൂടി ഉണ്ടാവുമ്പോള്‍, മരണ നിരക്ക് കൂടുന്നു.

4. തിരക്കുള്ള പുതിയ ജീവിതശൈലി, ആഹാരത്തിലൂടെ പകരുന്ന പല അസുഖങ്ങളുടെയും എണ്ണം പണ്ടത്തേതിനേക്കാള്‍ ഈ പ്രായത്തില്‍ ഉള്ളവരില്‍ കൂടാന്‍ കാരണമാവുന്നു. ഉദാഹരണത്തിന് ഭക്ഷണത്തിലൂടെ പകരുന്ന മഞ്ഞപ്പിത്തം (Hepatitis A ,Hepatitis E) , ടൈഫോയ്ഡ് എന്നിവ.

5.പകര്‍ച്ച വ്യാധികളുടെ പുതിയ മുഖങ്ങള്‍, പഴയവരുടെ രീതി മാറ്റം. വിദ്യാഭ്യാസ സംബന്ധമായും ജോലിസംബന്ധമായും രാജ്യത്തിനകത്തും പുറത്തേക്കുമുള്ള യാത്രകള്‍ എന്നിവയൊക്കെ, മുതിര്‍ന്നവരിലും രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്ന

6. മുതിര്‍ന്നവരും കുട്ടികളെ പോലെതന്നെ ഹെര്‍ഡ് ഇമ്മ്യൂണിറ്റിയുടെ ഭാഗമാണ്. നല്ലൊരു ശതമാനം മുതിര്‍ന്നവരിലും പ്രതിരോധ ശക്തിയുണ്ടെങ്കില്‍, പകര്‍ച്ചവ്യാധികളില്‍ നിന്ന്, ഈ കൂട്ടായ പ്രതിരോധം, സമൂഹത്തിനും സംരക്ഷണം നല്‍കും.

പ്രായമുള്ളവരില്‍ പ്രതിരോധ കുത്തിവെപ്പുകള്‍ എങ്ങനെ ?

കുട്ടികളില്‍ പ്രതിരോധ പട്ടിക തയ്യാറാക്കുമ്പോള്‍ പതിനഞ്ചു വയസ്സിനു താഴെ ഉള്ളവര്‍ക്കെല്ലാം പാകമാവുന്ന ഒരൊറ്റ പട്ടിക മാത്രമേ വേണ്ടൂ. എന്നാല്‍ പ്രായപൂര്‍ത്തിയായവര്‍ക്കു കൊടുക്കേണ്ട പ്രതിരോധ കുത്തിവെപ്പുകള്‍ സാഹചര്യമനുസരിച്ചു വ്യത്യസ്തമായിരിക്കും. എല്ലാവര്‍ക്കും പാകമാവുന്ന രീതിയില്‍ ഒരു പട്ടിക ശരിയാവില്ല.

അവിടെ കണക്കിലെടുക്കേണ്ട പ്രധാന ഘടകങ്ങള്‍ ഇവയാണ്

1. പ്രായം.

പതിനഞ്ചു വയസ്സ് മുതല്‍ അമ്പതോ അറുപതോ വയസ്സ് വരെ

അറുപതു വയസ്സിനു മേലെ.

2.നേരത്തെ കിട്ടിയ പ്രതിരോധ കുത്തിവെപ്പുകള്‍.

നേരത്തെ എടുക്കേണ്ട കുത്തിവെപ്പുകള്‍ ഏതൊക്കെ എടുത്തു എന്നും, അവസാനം എടുത്ത കുത്തിവെപ്പ് എപ്പോഴെന്നും കണക്കിലെടുത്താണ് മുതിര്‍ന്നവരില്‍ ചെയ്യേണ്ട കുത്തിവെപ്പുകള്‍ ഏതു രീതിയില്‍ എന്ന് തീരുമാനിക്കുന്നത്.

ഡിഫ്ത്തീരിയക്കെതിരെ മുഴുവന്‍ പ്രതിരോധ കുത്തിവെപ്പുകളും എടുത്ത ഒരാള്‍ അവസാനമായി ഡിഫ്ത്തീരിയക്കെതിരെ കുത്തിവെപ്പ് കിട്ടുന്നത് അഞ്ചു വയസ്സില്‍ ആണ്. ഏതാണ്ട് പന്ത്രണ്ടു വയസ്സ് ആവുമ്പോഴേക്കും പ്രതിരോധം കുറഞ്ഞിരിക്കും.

അങ്ങെയുളവര്‍ക്ക് ഒരൊറ്റ ഡോസ് Td (റ്റീഡി) വാക്‌സിന്‍ മതിയാവും, അത് ഓരോ പത്തു വര്‍ഷം കൂടുമ്പോഴും വേണം. ഠറ വാക്‌സിനില്‍ ഡിഫ്തീരിയയോടൊപ്പം, ടെറ്റനസിനെതിരെയുമുള്ള ടോക്‌സോയ്ഡ് കൂടി അടങ്ങിയിട്ടുണ്ട്. Tdap വാക്‌സിന്‍ ലഭ്യമാണെങ്കില്‍ അതാണ് കൂടുതല്‍ ഉത്തമം, അതില്‍ വില്ലന്‍ചുമയ്ക്ക് (whooping cough) കൂടിയുള്ള സംരക്ഷണം ഉണ്ടാവും.

നേരത്തെ ഒരു കുത്തിവെപ്പും എടുക്കാത്ത ഒരാളാണെങ്കില്‍, ഒരൊറ്റ ഡോസ് മതിയാവില്ല. ഇടവിട്ട് Td അല്ലെങ്കില്‍ Tdap വാക്‌സിനുകളുടെ മൂന്നു കുത്തിവെപ്പുകള്‍ വേണ്ടിവരും. രണ്ടാമത്തെ ഡോസ് ആദ്യഡോസിന് ശേഷം ഒരു മാസത്തെയും, മൂന്നാം ഡോസ് 6 മാസത്തെയും ഇടവേളകളില്‍ (0,1,6).

എം.എം.ആര്‍ മുന്‍പ് അഞ്ചാം പനിയ്‌ക്കെതിരെയുള്ള വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഒരു ഡോസ് MMR വാക്‌സിന്‍ എടുക്കാവുന്നതാണ്. ഇതില്‍ റൂബെല്ലയ്ക്ക് കൂടിയുള്ള സംരക്ഷണം ഉണ്ടാവും.

റൂബെല്ല ജര്‍മന്‍ മീസില്‍സ് എന്നറിയപ്പെടുന്ന ഈ രോഗം, ഒരു സാധാരണ പനിപോലെ വന്നു പോകുന്ന നിരുപദ്രവകാരിയാണ്. പക്ഷേ ഗര്‍ഭിണികളില്‍ ഇത് വന്നാല്‍, ഗര്‍ഭസ്ഥ ശിശുവിന് ഗുരുതര അംഗഭംഗങ്ങള്‍ ഉണ്ടായേക്കാം. ഇതിനെതിരെയുള്ള കുത്തിവെപ്പുകള്‍ എടുക്കാത്തവര്‍, പ്രത്യേകിച്ചും സ്ത്രീകളും കൗമാരദശയിലുള്ള പെണ്‍കുട്ടികളും ഇത് എടുക്കേണ്ടതാണ്. ലൈവ് വാക്‌സിന്‍ ആയതുകൊണ്ട് തന്നെ, വാക്‌സിന് എടുത്തതിനു ശേഷമുള്ള മൂന്നു മാസത്തില്‍ ഗര്‍ഭിണിയാവാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.

ചിക്കന്‍പോക്‌സ് വാക്‌സിന്‍ ചിക്കന്‍ പോക്‌സ് മുന്‍പ് വന്നിട്ടില്ലാത്തവര്‍ക്ക്, ഈ ലൈവ് വാക്‌സിന് എടുക്കാവുന്നതാണ്. മുതിര്‍ന്നവരില്‍, 4 8 ആഴ്ചകള്‍ ഇടവിട്ടുള്ള രണ്ടു ഡോസുകള്‍ ദീര്‍ഘകാലത്തേക്ക് സംരക്ഷണം നല്‍കും. റൂബെല്ലയെ പോലെ തന്നെ, ഗര്‍ഭിണികളിലെ ചിക്കന്‍പോക്‌സ് ഗര്‍ഭസ്ഥ ശിശുവിന് സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കാം. അതിനാല്‍ ഈ വാക്‌സിനും ഏറെ പ്രസക്തിയുണ്ട്.

3.ഓരോരുത്തരുടെ ജീവിത സാഹചര്യങ്ങള്‍, തൊഴില്‍, ദേശീയ അന്തര്‍ദേശീയ യാത്രകള്‍ എന്നിവയ്ക്കസരിച്ചുള്ളവ

A) ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ പകര്‍ന്നു കിട്ടാന്‍ സാധ്യതയുള്ളവര്‍ :

ഹെപ്പറ്റെറ്റിസ് എ ഇതിനെതിരെ രണ്ട് തരം വാക്‌സിനുകള്‍ ലഭ്യമാണ്. ആദ്യ ഡോസും, 6 മാസത്തിനു ശേഷം ഒരു ബൂസ്റ്റര്‍ ഡോസ് കൂടി വേണ്ട വാക്‌സിനാണ് (killed vaccine) സാധാരണ നല്‍കാറുള്ളത്. ഇത് ദീര്‍ഘകാലത്തേക്ക് സംരക്ഷണം ഉറപ്പാക്കുന്നു.

ടൈഫോയിഡ് വാക്‌സിന്‍ ഒരു ഡോസ് കൊണ്ട് തന്നെ ദീര്‍ഘകാലത്തേക്ക് സംരക്ഷണം ലഭിക്കുന്ന കോണ്‍ജുഗേറ്റ് വാക്‌സിനുകള്‍ ഇപ്പോള്‍ ലഭ്യമാണ്. അല്ലെങ്കില്‍ മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ എടുക്കേണ്ടുന്ന തരം വാക്‌സിനുകളും ഉണ്ട്.

B) പ്രാദേശിക രോഗങ്ങള്‍ : ജപ്പാന്‍ ജ്വരം കൂടുതലായി കാണുന്ന പ്രദേശങ്ങളില്‍ ഇതിനെതിരെയുള്ള കുത്തിവെപ്പുകള്‍ മുതിര്‍ന്നവര്‍ക്കും എടുക്കാവുന്നതാണ്.

C) വിദേശയാത്രകള്‍ ചെയ്യുമ്പോള്‍ ചില പ്രതിരോധകുത്തിവെപ്പുകള്‍ നിര്‍ബന്ധമായി നിഷ്‌കര്‍ഷിക്കുന്നുണ്ട്

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പോവുന്നവര്‍ നിര്‍ബന്ധമായും യെല്ലോഫീവര്‍ വാക്‌സിന്‍ എടുത്തിരിക്കണം. യാത്രാനുമതി ലഭിക്കണമെങ്കില്‍ ഇതെടുത്തു എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടി വരും. കേരളത്തില്‍ അംഗീകൃതമായി ഇത് നല്‍കുന്നത് കൊച്ചി വിമാത്താവളത്തിലും, കൊച്ചി പോര്‍ട്ട് ആശുപത്രിയിലുമാണ്. പത്ത് വര്‍ഷത്തോളമാണ് ഈ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി.

പോളിയോ വാക്‌സിനുകള്‍ എടുത്തതിന്റെ രേഖകള്‍ ഗള്‍ഫ് രാജ്യങ്ങള്‍ പോലുള്ള ചിലയിടങ്ങളിലേക്ക് യാത്ര ചെയ്യാന്‍ നിര്‍ബന്ധമായും ആവശ്യപ്പെടാറുണ്ട്. യാത്രയ്ക്ക് നാല് ആഴ്ചകള്‍ക്ക് മുന്‍പെങ്കിലും ഇത് എടുക്കേണ്ടതുണ്ട്

മെനിഞ്ചോകോക്കല്‍ വാക്‌സിനും, മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ ബെല്‍റ്റിലേക്ക് യാത്ര ചെയ്യുന്നവര്‍ എടുക്കുന്നത് നല്ലതാണ്.

ഇവയ്ക്ക് പുറമെ, മുന്‍പ് പറഞ്ഞ ജലജന്യരോഗങ്ങള്‍ക്കെതിരെയുള്ള കുത്തിവെപ്പുകളും, ഇന്‍ഫ്‌ലുവന്‍സ വാക്‌സിനുകളും എടുക്കുന്നതാണ് ഉത്തമം.

5. അര്‍ബുദങ്ങള്‍ തടയാന്‍ സഹായിക്കുന്ന വാക്‌സിനുകള്‍ കാന്‍സറിലേക്ക് നയിക്കാവുന്ന ചില അണുബാധകള്‍ തടയാന്‍ വാക്‌സിനുകള്‍ സഹായിക്കും.

ഹെപ്പറ്റെറ്റിസ് ബി വൈറസ് കരളിന്റെ കാന്‍സറിന് കാരണമായേക്കാം. ശൈശവത്തില്‍ ഈ വാക്‌സിനുകള്‍ എടുക്കാത്തവര്‍ക്ക്, മൂന്നു ഡോസുകള്‍ പിന്നീട് എടുക്കാവുന്നതാണ് (0, 1, 6 മാസങ്ങളില്‍). രക്തത്തിലൂടെയും മറ്റ് സ്രവങ്ങളിലൂടെയും പകരുന്ന ഈ മഞ്ഞപ്പിത്തം ഫലപ്രദമായി തടയാന്‍ ഇത് കൊണ്ട് സാധിക്കും.

എച്ച്.പി.വി (HPV) വാക്‌സിനുകള്‍ ഗര്‍ഭാശയമുഖ അര്‍ബുദത്തിന്റെ കാരണങ്ങളിലൊന്നായ ഹ്യൂമന്‍ പാപിലോമ വൈറസുകള്‍ക്കെതിരെയാണ് ഈ വാക്‌സിന്‍ സംരക്ഷണം നല്‍കുന്നത്. ലൈംഗികമായി ആക്റ്റീവ് ആയ എണ്‍പതു ശതമാനത്തോളം പുരുഷന്മാരിലും സ്ത്രീകളിലും ഈ വൈറസ് അണുബാധയുണ്ടെന്നാണ് ചില പഠനങ്ങള്‍ കാണിക്കുന്നത്. ലൈംഗികമായി ആക്ടിവാവുന്നതിനു മുന്‍പ് നല്‍കുന്നതാണ് ഉത്തമം.

6.മറ്റസുഖങ്ങള്‍, പ്രമേഹം ,കരള്‍ രോഗങ്ങള്‍, കിഡ്‌നിയുടെ തകരാറുകള്‍, വിവിധതരം കാന്‍സറുകള്‍ എന്നിവയിലെല്ലാം പകര്‍ച്ച വ്യാധികള്‍ ഗൗരവം കൂടിയ രീതിയില്‍ ആവാനിടയുണ്ട്. ഇവര്‍ക്ക്

ചിക്കന്‍പോക്‌സ്, ന്യൂമോകോക്കല്‍ വാക്‌സിന്‍, എച്ച് ഇന്‍ഫ്‌ലുന്‍സ, മെനിഞ്ചോകോക്കല്‍ വാക്‌സിന്‍ എന്നിവ എടുത്തിരിക്കുന്നത് നല്ലതാണ്.

മുതിര്‍ന്ന പൗരന്‍മാര്‍ കരുതിയിരിക്കുക, അന്‍പതാവുന്നതിനു തൊട്ടു മുന്‍പേ തന്നെ എടുക്കാവുന്നവ:

1.ഇന്‍ഫ്‌ലുന്‍സ വാക്‌സിന്‍.

നമ്മള്‍ ഫ്‌ലൂ എന്ന് പറയുന്ന ഈ വൈറസ്, പ്രായമുള്ളവരില്‍ പലപ്പോഴും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഓരോ കൊല്ലവും ഇതിന്റെ രോഗാണു മാറിക്കൊണ്ടേ ഇരിക്കും. ഓരോ വര്‍ഷവും ഓരോ വേഷത്തില്‍ ആവും ഈ വൈറസ് എത്തുന്നത്. അത് കൊണ്ട് തന്നെ ഇതിനെതിരെ ഉള്ള വാക്‌സിന്‍ ഓരോ വര്‍ഷവും വേണം

2 ന്യുമോകോക്കല്‍ വാക്‌സിന്‍.

പ്രായമുള്ളവരില്‍ ഏറെ മരണകാരണം ആയ ന്യുമോണിയ പലപ്പോഴും 'ന്യുമോകോക്കസ്' എന്ന രോഗാണു ബാധ കൊണ്ടാണ്. അത് തടയാന്‍ രണ്ടു തരം വാക്‌സിനുകള്‍ ഉണ്ട്. അറുപത്തി അഞ്ചു വയസ്സിനു താഴെ ഉള്ളവര്‍ക്ക് ഈ വാക്‌സിനുകളില്‍ ഒരു തരം മാത്രം എടുത്താല്‍ മതിയാവും (പോളിസാക്കറൈഡ് വാക്‌സിന്‍). അറുപത്തി അഞ്ചിന് മേലെ ഉള്ളവര്‍ ഈ വാക്‌സിനും ഒപ്പം 'കോന്‍ജുഗേറ്റ് വാക്‌സിന്‍' എന്ന രണ്ടാമത്തെ വാക്‌സിനും കൂടി എടുക്കണം. ഇപ്രായക്കാര്‍ക്കു രണ്ടു വാക്‌സിനും ഓരോ ഡോസ് എങ്കിലും എടുത്തിരിക്കണം.

3 ഹെര്‍പിസ് സോസ്റ്റര്‍ വാക്‌സിന്‍

ഞരമ്പുപൊട്ടി എന്നു ചിലയിടങ്ങളില്‍ അറിയപ്പെടുന്ന ഹെര്‍പിസ് സോസ്റ്റര്‍, പ്രായമവരില്‍ മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന വേദനാജനകമായ അവസ്ഥയാണ്. ഇതിനെതിരെ 'റീകോമ്പിനന്റ്' എന്നതരം വാക്‌സിനാണ് കൂടുതല്‍ നല്ലത്. അമ്പതു വയസ്സിനു മേലെ ഉള്ളവര്‍ക്ക് രണ്ട് ഡോസ് എടുക്കാം. ലൈവ് വാക്‌സിന്‍ ഒരു ഡോസ് മതി എന്നുള്ളിടത്തു ഇത് രണ്ട് ഡോസ് വേണ്ടി വരും.

4 ഹീമോഫിലസ് ഇന്‍ഫ്‌ലുന്‍സ വാക്‌സിന്‍, മെനിഞ്ചോകോക്കല്‍ വാക്‌സിന്‍ എന്നിവയും എടുക്കുന്നത് നന്നാവും.

ആരോഗ്യപ്രവര്‍ത്തകര്‍ മറന്നുപോവുന്നവ:

ആരോഗ്യപ്രവര്‍ത്തകര്‍, രോഗം പകര്‍ന്നു കിട്ടാന്‍ സാധ്യത കൂടുതല്‍ ഉള്ളവരായത് കൊണ്ടുതന്നെ, താഴെ പറയുന്ന വാക്‌സിനുകള്‍ എടുത്തിട്ടില്ലെങ്കില്‍ എടുക്കേണ്ടതാണ്.

1. ഹെപ്പറ്റെറ്റിസ് ബി

2. ചിക്കന്‍ പോക്‌സ് (വാരിസെല്ല)

3. എം.എം.ആര്‍ (MMR)

4. TdaP /Td

5. ഇന്‍ഫ്‌ളുവന്‍സ

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍, പ്രായമുള്ളവരിലെ പ്രതിരോധരീതികളെ കുറിച്ചുള്ള മാര്‍ഗരേഖകള്‍ നേരത്തെ തന്നെ നടപ്പിലാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ 2008ല്‍ തന്നെ, ഈ വിഷയത്തിലെ വിദഗ്ധസംഘം മാര്‍ഗരേഖകള്‍ തയ്യാറാക്കിയിട്ടുണ്ടെങ്കിലും, അത് ഇതുവരെ നടപ്പിലായിട്ടില്ല.

സുരക്ഷിതമായ കുടിവെള്ളവും ഭക്ഷണവും, പൊതു ശുചിത്വവും, ശരിയായ മാലിന്യസംസ്‌കരണവും നടപ്പിലാക്കാതെ പ്രതിരോധ കുത്തിവെപ്പുകള്‍ മാത്രം നല്‍കി രോഗങ്ങളെ നേരിടാം എന്ന് വിചാരിക്കുന്നത് പൂര്‍ണ്ണമായും ശരിയല്ലെങ്കില്‍ കൂടി, ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ പൊതു സംവിധാനങ്ങള്‍ ഉയര്‍ന്ന നിലവാരത്തിലെത്താന്‍ സമയമെടുക്കുമെന്നത് ഒരു യാഥാര്‍ഥ്യമാണ്. മുതിര്‍ന്നവരിലെ പ്രതിരോധ കുത്തിവെപ്പുകള്‍, രോഗങ്ങളില്‍നിന്നും വ്യക്തിഗത സുരക്ഷ നല്‍കുന്നതോടൊപ്പം, ഹെര്‍ഡ് ഇമ്മ്യുണിറ്റി വഴി സമൂഹത്തിനും സുരക്ഷ നല്‍കുന്നു. രോഗങ്ങള്‍ ഏതു തന്നെയായാലും, ജീവഹാനിയുണ്ടാവാന്‍ സാധ്യത കുറവുള്ള രോഗങ്ങളാണെങ്കില്‍ പോലും, പ്രതിരോധിക്കാന്‍ സാധിച്ചാല്‍, അനാവശ്യ ചികിത്സാ ചിലവ്, തൊഴില്‍/പഠനദിന നഷ്ടങ്ങള്‍ എന്നിവ ഒഴിവാക്കുവാനും, ആത്യന്തികമായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയേയും പൊതു ജീവിതനിലവാരത്തെയും ഗണ്യമായി ഉയര്‍ത്താനുമാവും.

ഇന്‍ഫോ ക്ലിനിക്കില്‍ ഡോ. പുരുഷോത്തമന്‍, ഡോ. നവ്യ എന്നിവര്‍ എഴുതിയ ലേഖനം.

TAGS :

Next Story