LiveTV

Live

Health

കുഞ്ഞുങ്ങളിലെ മഞ്ഞപിത്തം അറിയേണ്ടതെല്ലാം

വെയിലു കൊള്ളിച്ചാല്‍ കുഞ്ഞുങ്ങളിലെ മഞ്ഞപ്പിത്തം മാറുമോ? കുഞ്ഞുങ്ങളിലെ മഞ്ഞപ്പിത്തം എങ്ങനെ അറിയാം? ചികിത്സ എങ്ങനെ?ഡോ. മോഹന്‍ദാസ് നായര്‍, ഡോ. തോമസ് രഞ്ജിത്ത് എന്നിവര്‍ എഴുതിയ ലേഖനം...

കുഞ്ഞുങ്ങളിലെ മഞ്ഞപിത്തം അറിയേണ്ടതെല്ലാം

രക്തത്തില്‍ ബിലിറൂബിന്‍ (Bilirubin) എന്ന മഞ്ഞ നിറത്തിലുള്ള സംയുക്തത്തിന്റെ അളവ് കൂടുന്ന അവസ്ഥയാണ് മഞ്ഞപ്പിത്തം (Jaundice). ഇതൊരു രോഗമല്ല, രോഗലക്ഷണം മാത്രമാണ്.

എന്താണീ ബിലിറൂബിന്‍? ഇതെവിടെ നിന്ന് വരുന്നു?

ചുവന്ന രക്താണുക്കള്‍ നശിക്കുമ്പോള്‍ (ഓരോ ദിവസവും ആകെയുള്ളതിന്റെ ഒരു ശതമാനം ചുവന്ന രക്താണുക്കള്‍ നശിക്കുകയും അത്രയും തന്നെ പുതുതായി ഉണ്ടാവുകയും ചെയ്യുന്നു) അതിലുള്ള ഹീമോഗ്ലോബിന്‍ വിഘടിച്ചാണ് ബിലിറൂബിന്‍ ഉണ്ടാകുന്നത്. ഈ ബിലിറൂബിന്‍ പിന്നീട് കരളില്‍ വെച്ച് മറ്റ് സംയുക്തങ്ങളുമായി ചേര്‍ന്ന് 'കോണ്‍ജുഗേറ്റഡ്' ആകുന്നു.

ഈ കോണ്‍ജുഗേറ്റഡ് അവസ്ഥയില്‍ മാത്രമേ ബിലിറൂബിന്‍ വെള്ളത്തില്‍ അലിയുകയും ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്യുന്നുള്ളൂ. കരളില്‍ നിന്നും പിത്തരസം കുടലിലേക്കെത്തുന്ന ബൈല്‍ ഡക്ടിലൂടെ (പിത്തനാളി) ആണ് ബിലിറൂബിനും കുടലിലെത്തുന്നത്. ഈ കുടലിലെത്തുന്ന ബിലിറൂബിനാണ് മലത്തിന് മഞ്ഞനിറം നല്‍കുന്നത്. കോന്‍ജുഗേറ്റ് ചെയ്യപ്പെടാത്ത ബിലിറൂബിന്‍ മൂത്രത്തിലൂടെയോ മലത്തിലൂടെയോ പുറത്ത് പോകില്ല.

വളര്‍ത്തുമൃഗങ്ങളും കുട്ടികളിലെ അലര്‍ജിയും
Also Read

വളര്‍ത്തുമൃഗങ്ങളും കുട്ടികളിലെ അലര്‍ജിയും

നവജാത ശിശുക്കളില്‍ പ്രത്യേകതയെന്ത്?

നവജാത ശിശുക്കളില്‍ ചുവന്ന രക്താണുക്കള്‍ കുറച്ചു കൂടുതല്‍ ആണെന്ന് മാത്രമല്ല അവ കൂടിയ അളവില്‍ നശിക്കുകയും ചെയ്യുന്നു. അങ്ങനെ അധികമായുണ്ടാകുന്ന ബിലിറൂബിനെ കോണ്‍ജുഗേറ്റ് ചെയ്യാന്‍ മാത്രമുള്ള വൈദഗ്ധ്യം പാവം കുഞ്ഞാവയുടെ കരളിന് കൈവന്നിട്ടുണ്ടാകില്ല. അതിനാല്‍ ഭൂരിപക്ഷം കുഞ്ഞാവകള്‍ക്കും ചെറിയ മഞ്ഞപ്പിത്തം ഉണ്ടാകും ( മാസം തികഞ്ഞവരില്‍ 60% നും, തികയാത്തവരില്‍ 80% നും).

സാധാരണ ജനിച്ച് രണ്ടോ മൂന്നോ ദിവസമാകുമ്പോളാണ് ഇത് കണ്ടു തുടങ്ങുക. 45 ദിവസമാകുമ്പോള്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുന്നു. 710 ദിവസങ്ങള്‍ ആകുമ്പോള്‍ കുഞ്ഞു കരള്‍ അതിന്റെ ജോലിയില്‍ വൈദഗ്ധ്യം ആര്‍ജ്ജിക്കുന്നതോടെ ഈ മഞ്ഞ നിറം മെല്ലെ മെല്ലെ അപ്രത്യക്ഷമാകുന്നു.

എന്താണ് ഫിസിയോളജിക്കല്‍ ജോണ്ടിസ് (physiological jaundice)?

നവജാതശിശുക്കളില്‍, മുന്‍പ് പറഞ്ഞ കാരണങ്ങള്‍ കൊണ്ട്, സ്വാഭാവികമായുണ്ടാകുന്ന മഞ്ഞപ്പിത്തത്തിനെ പറയുന്ന പേരാണിത്. ഈ അവസ്ഥയില്‍ രക്തത്തില്‍ കോണ്‍ജുഗേറ്റഡ് അല്ലാത്ത ബിലിറൂബിനാണ് കൂടുന്നത്. ഇത് ഒരു രോഗമല്ല. ഒരു ചികില്‍സയും ആവശ്യമില്ല.

നവജാത ശിശുക്കളിലെ മഞ്ഞപ്പിത്തം  
Also Read

നവജാത ശിശുക്കളിലെ മഞ്ഞപ്പിത്തം  

എന്താണ് പാത്തോളജിക്കല്‍ ജോണ്ടിസ് (Pathological jaundice)?

നവജാതശിശുക്കള്‍ സാധാരണ കാണുന്ന ബിലിറൂബിന്‍, പ്രതീക്ഷിക്കുന്നതിലും അധികം കൂടുന്ന സാഹചര്യങ്ങളില്‍ പറയുന്ന പേരാണിത്.

1. മുലപ്പാലിന്റെ ലഭ്യത കുറവ് (breast feeding jaundice)

2. രക്തഗ്രൂപ്പ് സംബന്ധമായ പ്രശ്‌നങ്ങള്‍ (അമ്മ നെഗറ്റീവ് ഗ്രൂപ്പും, കുഞ്ഞ് പോസിറ്റീവ് ഗ്രൂപ്പും ആണെങ്കില്‍ Rh incompatibiltiy, പ്രത്യേകിച്ചും ആദ്യത്തേത് കഴിഞ്ഞുള്ള പ്രസവങ്ങളില്‍; അമ്മ O ഗ്രൂപ്പും, കുഞ്ഞ് A അഥവാ B ഗ്രൂപ്പും ആണെങ്കില്‍ ABO incompatibiltiy)

3. ചുവന്ന രക്താണുക്കള്‍ വേഗത്തില്‍ നശിക്കുന്ന ചില രോഗങ്ങള്‍ (spherocytosis, elliptocytosis)

4. തൈറോയിഡ് ഹോര്‍മോണിന്റെ കുറവ് (congenital hypothyroidism)

5. പ്രസവ സമയത്ത് ഉണ്ടാകുന്ന ചെറിയ പരിക്കിലൂടെ തലയോട്ടിക്ക് വെളിയിലായി രക്തം കല്ലിച്ചു കിടക്കുമ്പോള്‍ (cephalhematoma)

ഇങ്ങനെ പല അവസരങ്ങളിലും സാധാരണ കാണുന്ന അളവിലും വിട്ട് വളരെ കൂടുവാനുള്ള സാധ്യതയുണ്ട്.

കുഞ്ഞുങ്ങളിലെ ന്യൂമോണിയ തിരിച്ചറിയാം
Also Read

കുഞ്ഞുങ്ങളിലെ ന്യൂമോണിയ തിരിച്ചറിയാം

മഞ്ഞപ്പിത്തം കൂടുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടോ?

കോണ്‍ജുഗേറ്റഡ് അല്ലാത്ത ബിലിറൂബിന്‍ തലച്ചോറില്‍ പ്രവേശിക്കാതിരിക്കാന്‍ ഒരു അദൃശ്യമതിലുണ്ട്. അതിനെ blood brain barrier എന്നു പറയും. ജനിച്ചയുടനെ ഈ മതിലിനു ബലം തീരെ കുറവായിരിക്കും. പ്രത്യേകിച്ച് മാസം തികയാതെയുള്ള പ്രസവം കൂടിയാണെങ്കില്‍.

ബിലിറൂബിന്‍ ഒരു പ്രത്യേക അളവില്‍ കൂടുതലായാല്‍, അത് ഈ കവചം എളുപ്പം ഭേദിച്ച് തലച്ചോറില്‍ പ്രവേശിക്കുകയും അതിന്റെ ചില ഭാഗങ്ങള്‍ക്ക് സ്ഥായിയായ തകരാറുണ്ടാക്കുകയും ചെയ്യും. ഇങ്ങനെ സംഭവിച്ചാല്‍ ചില കുഞ്ഞുങ്ങള്‍ മരണപ്പെടാം. രക്ഷപ്പെടുന്നവര്‍ക്ക് സെറിബ്രല്‍ പാള്‍സി എന്ന ഒരു അവസ്ഥ ഉണ്ടാകാം. ചിലര്‍ക്ക് കേള്‍വിക്കുറവ് ഉണ്ടാകാം. ഒരാഴ്ച കഴിയുന്നതോടെ ഈ മതില്‍ അല്‍പം കൂടി ബലമുള്ളതാവുകയും മുന്‍പ് അപകടം ഉണ്ടാക്കിയേക്കാവുന്ന അളവിലുള്ള മഞ്ഞപ്പിത്തം പോലും വളരെ ആയാസരഹിതമായി തടയുകയും ചെയ്യും.

മഞ്ഞപ്പിത്തം ഗൗരവമായിട്ടുള്ളതാണോ എന്ന് എങ്ങനെ കണ്ടു പിടിക്കാം?

കുഞ്ഞിന്റെ ചര്‍മ്മം സാധാരണ ചുവപ്പ് നിറമായിരിക്കുമല്ലോ. കൈവിരല്‍ കൊണ്ട് ഒന്ന് അമര്‍ത്തി വിട്ടാല്‍ കുറച്ചു നേരത്തേക്ക് അവിടം വെള്ള നിറമായിരിക്കും. ശരീരത്തിന്റെ പല ഭാഗങ്ങളിലും ഇങ്ങനെ പരിശോധിച്ചാല്‍ ഡോക്ടര്‍മാര്‍ക്ക് ബിലിറൂബിന്‍ എത്രയുണ്ട് എന്ന് ഒരു ഏകദേശ ധാരണ കൈവരും. കാല്‍പാദത്തിന്റെ അടിയില്‍ മഞ്ഞ കാണുന്നുണ്ടെങ്കില്‍ അത്യാവശ്യം കൂടുതലുണ്ട് എന്ന് അനുമാനിക്കാം. രക്ത പരിശോധന ആവശ്യമുണ്ടോ എന്ന് ഇത് വഴി തീരുമാനിക്കാം. രക്ത പരിശോധനയിലൂടെയാണ് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നത്. ബിലിറൂബിന്‍ എത്രയാണ്, കോണ്‍ജുഗേറ്റഡ് ആണോ, ലെവല്‍ കൂടാന്‍ കാരണമെന്ത് എന്നൊക്കെ.

പ്രശ്‌നമുണ്ടായേക്കാവുന്ന അളവ് എത്രയാണ്?

ആ അളവ് ഏത് എന്നത് Jaundice വരുന്നത് എത്രാമത്തെ ദിവസം, കുഞ്ഞ് മാസം തികഞ്ഞതാണോ അല്ലയോ, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നിങ്ങനെ പല കാര്യങ്ങളെ ആശ്രയിച്ചിരിക്കും. പരിശോധനയില്‍ ഒരു അളവ് ലഭിച്ചാല്‍ അത് ഒരു ചാര്‍ട്ടില്‍ രേഖപ്പെടുത്തി അപകട സാധ്യത എത്രത്തോളം ഉണ്ടെന്ന് കണക്കാക്കിയാണ് സാധാരണ ചികിത്സ നിര്‍ണ്ണയിക്കുന്നത്.

ഇതിനുള്ള ചികില്‍സ എന്താണ്?

സുരക്ഷിതമായ അളവിലേ ഉള്ളൂ എങ്കില്‍ ഒരു ചികില്‍സയും ആവശ്യമില്ല. അമ്മ നന്നായി ഭക്ഷണം കഴിക്കുകയും കൂടുതല്‍ വെള്ളം കുടിക്കുകയും കുഞ്ഞാവയെ നന്നായി മുലയൂട്ടുകയും വേണം, പ്രസവിച്ച് ആദ്യനാളുകളില്‍ തന്നെ.

മഞ്ഞപ്പിശാശ് പരിധി വിടുന്നു എന്നു കണ്ടാല്‍ സാധാരണ നല്‍കുന്നത് ഫോട്ടോതെറാപ്പി (പ്രകാശചികില്‍സ) ആണ്. പ്രത്യേക വേവ് ലെങ്തിലുള്ള നീലവെളിച്ചം വമിക്കുന്ന LED ബള്‍ബിനു കീഴെ കുഞ്ഞിനെ കണ്ണും ഗുഹ്യഭാഗവും മാത്രം മറച്ചു കൊണ്ട് കിടത്തും. ശരീരത്തില്‍ ബാക്കി മുഴുവന്‍ ഭാഗങ്ങളിലും ഈ പ്രകാശം പതിക്കണം. ലെവല്‍ കൂടുതലാണെങ്കില്‍ പ്രകാശം വാവയുടെ ശരീരത്തിന്റെ മുകളിലും അടിയിലും ലഭിക്കുന്ന രീതിയിലായിരിക്കും ചികില്‍സ. മുലയൂട്ടാന്‍ മാത്രമേ വാവയെ കിടത്തിയ സ്ഥലത്തു നിന്നും എടുക്കാവൂ.

ബിലിറൂബിന്‍ തലച്ചോറില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ള ലെവലിലേക്ക് അടുക്കുകയാണെങ്കില്‍ എത്രയും പെട്ടെന്ന് കുഞ്ഞാവയുടെ രക്തം (അതിലൂടെ അതിലുള്ള ബിലിറൂബിന്‍) പുറത്ത് കളയുകയും പകരം രക്തം നല്‍കുകയുമാണ് ചെയ്യുക. ഈ ചികില്‍സയെ Exchange Transfusion എന്നു പറയുന്നു. പൊക്കിള്‍കൊടിയിലെ രക്തക്കുഴല്‍ (Umbilical vein) വഴിയാണ് ഇത് ചെയ്യാറ്.

ചികിത്സയില്‍ വെയിലിനുള്ള പ്രാധാന്യം എന്താണ്?

ഈ പ്രകാശചികിത്സ കണ്ടു പിടിച്ചത് തന്നെ ജനലിനടുത്ത് വെയില്‍ തട്ടുന്ന രീതിയില്‍ കിടത്തിയ കുഞ്ഞുങ്ങളില്‍ മഞ്ഞപ്പിത്തം കുറച്ചു കൂടി വേഗത്തില്‍ കുറയുന്നു എന്ന ഒരു നഴ്‌സിന്റെ നിരീക്ഷണത്തില്‍ നിന്നാണ്. എന്നാല്‍ വളരെ കുറച്ചു സമയമേ ഇളവെയില്‍ ലഭ്യമാകൂ എന്നതും, തീക്ഷ്ണമായ വെയില്‍ വാവക്ക് അപകടമുണ്ടാക്കും എന്നതും കൊണ്ട് ഇളവെയിലിനെ മാത്രം ആശ്രയിച്ചുള്ള ചികില്‍സ കൊണ്ട് കാര്യമില്ല എന്നു വരുന്നു. പലപ്പോഴും ഈ പ്രശ്‌നം ജനിച്ച് ആദ്യത്തെ 710 ദിവസം കൊണ്ട് അവസാനിക്കുകയും ചെയ്യും. അതിനാല്‍ വാവയെ ആദ്യ ദിവസങ്ങളില്‍ വെയില്‍ കൊള്ളിക്കാന്‍ ഡോക്ടര്‍മാര്‍ ഉപദേശിക്കാറില്ല.

ഇതെങ്ങനെ തടയാം?

ആദ്യനാളുകളില്‍ തന്നെ നന്നായി മുലപ്പാല്‍ കിട്ടിയാല്‍ മഞ്ഞപ്പിത്തത്തിന്റെ കാഠിന്യം ഒരു പരിധി വരെ കുറയ്ക്കുവാന്‍ സാധിക്കും. തുടക്കത്തില്‍ പറഞ്ഞ risk factors ഉള്ള കുട്ടികളെ കൂടുതലായി നിരീക്ഷിച്ച് കൃത്യ സമയത്ത് തന്നെ ആവശ്യമുള്ള ചികിത്സ ആരംഭിച്ചാല്‍ പ്രത്യേകിച്ച് അപകടം ഒന്നും ഉണ്ടാകാതെ ഇത് അവസാനിക്കും.

ചില കുട്ടികളില്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ മഞ്ഞപ്പിന്റെ അളവ് ക്രമാതീതായി വര്‍ദ്ധിക്കുകയും കുഞ്ഞിന്റെ ജീവന് തന്നെ അപകടമായേക്കാവുന്ന അവസ്ഥയില്‍ എത്തുകയും ചെയ്യാറുണ്ട്. സാധാരണ, Rh incompatibiltiy കേസുകളില്‍ ആണ് ഇത് കാണാറ്. അങ്ങനെയുള്ള കുഞ്ഞുങ്ങള്‍ക്ക് itnra-uterine bloodt ransfusion (ഗര്‍ഭാവസ്ഥയിലെ കുഞ്ഞിന് രക്തം കയറ്റല്‍) നല്‍കുവാനുള്ള സൗകര്യങ്ങള്‍ ഇപ്പോള്‍ നമ്മുടെ നാട്ടിലും വന്ന് തുടങ്ങിയിരിക്കുന്നു.

കുഞ്ഞുങ്ങളില്‍ കാണുന്ന മഞ്ഞപ്പിത്തം വലിയ ആളുകളില്‍ കാണുന്നതിനേക്കാള്‍ വ്യത്യസ്തമാണോ?

നവജാത ശിശുക്കളില്‍ മഞ്ഞപ്പിത്തം വളരെ സാധാരണമാണ്. ഇത് നാം സാധാരണ വലിയവരില്‍ കാണുന്ന മഞ്ഞപ്പിത്തത്തില്‍ നിന്നും (Viral Hepatitis) തികച്ചും വിഭിന്നമാണ്.

മറ്റെന്തെങ്കിലും തരത്തിലുള്ള മഞ്ഞപ്പിത്തം കുഞ്ഞുങ്ങളില്‍ കാണാറുണ്ടോ?

സാധാരണ കുഞ്ഞുങ്ങളില്‍ കൂടുന്നത് unconjugated bilirubin ആണ്. അപൂര്‍വമായി ചില കുഞ്ഞുങ്ങളില്‍ conjugated bilirubin കൂടാറുണ്ട്. ഇത്തരം കുട്ടികളുടെ മലം കളിമണ്‍ നിറത്തിലും (മഞ്ഞ നിറം കുറവായിരിക്കും) മൂത്രം കടും മഞ്ഞ നിറത്തിലും ആയിരിക്കും.

പിത്തനാളിക്ക് തടസ്സം ഉള്ളപ്പോഴും ചില കരള്‍ രോഗങ്ങളിലും ആണ് ഇത് കണ്ട് വരുന്നത്. Conjugated Jaundice എത്രയും പെട്ടന്ന് കൃത്യമായ പരിശോധനകളും ചികില്‍സകളും ആവശ്യമുള്ള ഒരു അവസ്ഥയാണ്.

കടപ്പാട്: ഇന്‍ഫോ ക്ലിനിക്.

ലേഖനം എഴുതിയത്: ഡോ. മോഹന്‍ദാസ് നായര്‍, ഡോ. തോമസ് രഞ്ജിത്ത്.

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം താഴെ.

പുതിയതായി NICU-വിൽ അഡ്മിഷൻ വന്ന പൊടിക്കുഞ്ഞിനെ കണ്ടപ്പോൾ ഞെട്ടിപ്പോയി. ജനിച്ചിട്ട്‌ അധികം ദിവസങ്ങള്‍ ആയിട്ടില്ല. മഞ്ഞളിൽ...

Posted by Info Clinic on Monday, February 3, 2020