കുട്ടികളിലെ സംസാര വൈകല്യം, തിരിച്ചറിയാന്‍ വൈകരുത്
ഒരു വയസ്സാവുമ്പോള്‍ രണ്ടുമൂന്ന് വാക്കുകള്‍ പറയും. ഒന്നര വയസ്സാവുമ്പോഴേക്കും 15-20 വാക്കുകള്‍ കുട്ടി സ്വന്തമായി പറയേണ്ടതാണ്...

പല കാരണങ്ങളെ കൊണ്ട് കുട്ടികളില്‍ സംസാര വൈകല്യവും സംസാരിക്കാന്‍ കാലതാമസമെടുക്കുന്നതും സംഭവിക്കാം. കൃത്യമായ കാരണം കണ്ടെത്തി പരിഹരിക്കാന്‍ രക്ഷിതാക്കള്‍ക്ക് ചുമതലയുണ്ട്. കുട്ടികള്‍ സംസാരിക്കാന്‍ വൈകുന്നുവെന്നോ വൈകല്യമുണ്ടെന്നോ തോന്നിയാല്‍ വൈകാതെ വിദഗ്ധരെ കാണിക്കുകയാണ് വേണ്ടത്.
മാസം തികയാതെ ജനിക്കുന്ന ശിശുക്കള്‍, സങ്കീര്‍ണമായ പ്രസവത്തെത്തുടര്‍ന്ന് ജനിക്കുന്ന ശിശുക്കള്‍, തൂക്കം കുറവ്, ജനിക്കുമ്പോള്‍ ഓക്സിജന്റെ അളവിലെ വ്യതിയാനം മൂലം നിറംമാറ്റം, ഗര്‍ഭാവസ്ഥയില്‍ ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകള്‍ നേരിടുന്ന അമ്മമാര്‍ക്ക് ജനിക്കുന്ന ശിശുക്കള്‍ ഇവരെല്ലാം ആശയവിനിമയത്തില്‍ കാലതാമസം കാണിക്കാറുണ്ട്.
കേള്‍വിക്കുറവ്, ഓട്ടിസം, മുച്ചുണ്ട്, ശ്രദ്ധക്കുറവ്, ബുദ്ധിക്കുറവ്, ഒന്നില്‍ കൂടുതല്‍ ഭാഷകളിലുള്ള സമ്പര്‍ക്കം തുടങ്ങി നിരവധി കാരണങ്ങള്‍ കുട്ടികളുടെ സംസാരം വൈകുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
മൂന്നു മാസമാകുമ്പോഴേക്കും കുട്ടി പ്രത്യേക തരത്തില്‍ ശബ്ദം ഉച്ചരിക്കും. ആറു മാസമാകുമ്പോള്‍ ചില അക്ഷരങ്ങള്‍ പറഞ്ഞുതുടങ്ങും. ഒമ്പത് മാസമാകുമ്പോള്‍ അക്ഷരങ്ങള്‍ ചേര്‍ത്തു പറയും. 10 മാസമാകുമ്പോഴേ കുട്ടികള്‍ക്ക് മറ്റുള്ളവര്‍ പറയുന്നത് മനസ്സിലാക്കാനാവും.
ഒരു വയസ്സാവുമ്പോള്‍ രണ്ടുമൂന്ന് വാക്കുകള്‍ പറയും. ഒന്നര വയസ്സാവുമ്പോഴേക്കും 15-20 വാക്കുകള്‍ കുട്ടി സ്വന്തമായി പറയേണ്ടതാണ്. രണ്ടു വയസ്സില്‍ രണ്ടു വാക്കുകള്‍ കൂട്ടി സംസാരിക്കും. മൂന്ന് വയസ്സാവുമ്പോഴേക്ക് നന്നായി സംസാരിക്കാന്‍ തുടങ്ങും. നാലാം വയസില്‍ കഥ പറയാനും അഞ്ചു വയസോടെ സംശയങ്ങള്‍ ചോദിക്കാനും തുടങ്ങും. ഇത് കുട്ടികളിലെ ശരാശരി പ്രായം മാത്രമാണ്. എല്ലാകുട്ടികളിലും ഇത് കൃത്യമാകണമെന്നില്ല.
വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് നാലാം വയസിലായിരുന്നു സംസാരിച്ച് തുടങ്ങിയത്. ഒരു ദിവസം ഭക്ഷണം കഴിക്കുമ്പോള്‍ സൂപ്പിന് ചൂട് കൂടുതലാണ് എന്നാണത്രേ ഐന്സ്റ്റീന് ആദ്യമായി പറഞ്ഞ വാക്കുകള്‍. അതുവരെ സംസാരിക്കാത്ത കുട്ടി വാചകം കൂട്ടി പറഞ്ഞപ്പോള്‍ വീട്ടുകാര്‍ ഞെട്ടിയെന്നത് വേറെ കാര്യം.
അഞ്ചു മാസ്സമായിട്ടും കുഞ്ഞ് ഒരു ശബ്ദവും ഉണ്ടാക്കിയില്ലെങ്കില്‍ ശ്രദ്ധിക്കണം. എട്ട് -ഒമ്പത് മാസമാവുമ്പോള്‍ ഒരക്ഷരവും പുറപ്പെടുവിക്കാതിരിക്കുക, 10-11 മാസത്തില്‍ രണ്ടക്ഷരം കൂട്ടിപ്പറയാതിരിക്കുക, ഒന്നര വയസ്സാവുമ്പോള്‍ അച്ഛന്, അമ്മ എന്നു വിളിക്കാതിരിക്കുക എന്നിവയൊക്കെ ശ്രദ്ധിക്കേണ്ടതാണ്.

സംസാര വൈകല്യങ്ങള്‍ കുട്ടികളില്‍ കാണുകയാണെങ്കില്‍ ആ കുട്ടിക്ക് സ്പീച്ച് തെറാപ്പിയോ, കേള്‍വിക്കുറവുള്ള കുട്ടിയാണെങ്കില്‍ ശ്രവണസഹായിയോ ആവശ്യമാണ്. സ്പീച്ച് തെറാപ്പിസ്റ്റിന് പരിശീലനത്തിലൂടെ കുട്ടിയുടെ ഭാഷയും ആശയവിനിമയരീതിയും മെച്ചപ്പെടുത്താനാകും. എത്രയും വേഗത്തില്‍ കുട്ടികളിലെ പ്രശ്നങ്ങള്‍ കണ്ടെത്തി വേണ്ട ചികിത്സ ഉറപ്പുവരുത്തേണ്ടത് രക്ഷിതാക്കളുടെ ചുമതലയാണ്. സ്പീച്ച് തെറാപ്പി പോലുള്ള ചികിത്സ ആവശ്യമാണെങ്കില്‍ വൈകുംതോറും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ് ചെയ്യുക.