കാല്‍മുട്ടുവേദന പരിഹരിക്കാം
കാല്‍മുട്ടുവേദനയും ശരീരഭാരവും തമ്മില്‍ വലിയ ബന്ധമുണ്ട്...

മുട്ടു വേദനയ്ക്ക് അമിതവണ്ണവുമായി അഭേദ്യമായ ബന്ധമാണുള്ളത്. മുട്ടുവേദന അനുഭവപ്പെടുന്ന 90 ശതമാനം പേര്‍ക്കും അമിത വണ്ണമുണ്ട്. ശരീരത്തിന്റെ ഭാരം താങ്ങുന്നത് പ്രധാനമായും കാല്മുട്ടുകളാണെന്നതാണ് ഈ ബന്ധത്തിന്റെ കാരണം.
മുട്ടിന്റെ മുന്‍വശം, ഉള്‍വശം, പുറകുവശം എന്നിവിടങ്ങളില്‍ വേദന അനുഭവപ്പെടുന്നു. പടികളിറങ്ങുക, രാവിലെ എഴുന്നേറ്റശേഷം നടക്കാന്‍ തുടങ്ങുക തുടങ്ങിയ സന്ദര്‍ഭങ്ങളിലാണു വേദന അനുഭവപ്പെടുന്നത്. ആരംഭഘട്ടത്തില്‍ വിശ്രമം കാല്‍മുട്ട് വേദന പരിഹരിക്കാന്‍ സഹായിക്കും.
ഉയരത്തിനനുസരിച്ച് ശരീരഭാരം കുറക്കുന്നതും കാല്‍മുട്ട് വേദന കുറക്കാന്‍ സഹായിക്കും. സെന്റീമീറ്ററില്‍ ഉയരം കണക്കാക്കി ആകെ ഉയരത്തില്‍ നിന്നും 100 സെന്റിമീറ്റര്‍ കുറച്ചാല്‍ കിട്ടുന്ന സംഖ്യയായിരിക്കണം ശരീരഭാരം. ഉദാഹരണത്തിന് 165 സെന്റിമീറ്റര്‍ ഉയരമുള്ള ആള്‍ക്ക് 65 കിലോഗ്രാമായിരിക്കണം ശരീരഭാരം.
വിശ്രമവും കഠിനാധ്വാനം കുറക്കുന്നതും നല്ലതാണ്. കാല് ഉയര്‍ത്തി വയ്ക്കുക, ഇലാസ്റ്റിക് ബാന്‍ഡേജ് ഉപയോഗിച്ചു മുട്ടിനു ചുറ്റും കെട്ടിവയ്ക്കുന്നതും ഗുണം ചെയ്യും. കിടക്കുമ്പോള്‍ കാല് മുട്ടുകള്‍ക്കടിയില്‍ തലയിണ വയ്ക്കുന്നതും വേദന കുറക്കും. നടത്തം ഒഴിവാക്കുന്നതും അധികനേരം നിന്നുകൊണ്ട് ജോലി ചെയ്യുന്നത് ഒഴിവാക്കുന്നതും മുട്ടുവേദന കുറക്കാന്‍ സഹായിക്കും.
ശരീരഭാരം മുട്ടിനു താങ്ങാനാകാതെ വരിക, അതിതീവ്രമായ വേദന, പനി, നീര്‍വീക്കം, മുട്ടിനു ചുറ്റും ചൂടും ചെമപ്പുനിറവും അനുഭവപ്പെടല്‍, മൂന്നു ദിവസത്തിലധികം നീണ്ടു നില്ക്കുന്ന വേദന തുടങ്ങിയ ലക്ഷണങ്ങള്‍ അവഗണിക്കാതെ വിദഗ്ധചികിത്സ തേടുകയാണ് വേണ്ടത്.