കരള്‍വീക്കം, കാരണങ്ങളും ലക്ഷണങ്ങളും
പൊണ്ണത്തടിയും പ്രമേഹവും മദ്യപാനവും കരള്‍വീക്കത്തിന്റെ പ്രധാന കാരണങ്ങളാണ്...

കരള്‍വീക്കം അഥവാ ഫാറ്റി ലിവര്‍ നമ്മുടെ നാട്ടില്‍ സാധാരണ അസുഖമായി മാറിയിരിക്കുന്നു. ലൡതമായി പറഞ്ഞാല്‍ കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി കോശങ്ങള്‍ക്ക് വീക്കമുണ്ടാവുകയും കരള്‍ വികസിക്കുകയും ചെയ്യുന്ന അവസ്ഥയാണ് കരള്‍ വീക്കം. വേഗത്തില്‍ കരള്‍വീക്കം കണ്ടെത്തി ചികിത്സ തേടുന്നതാണ് ഏറ്റവും നല്ലമാര്‍ഗ്ഗം.
വിദേശ രാജ്യങ്ങളില്‍ നടന്ന പഠനങ്ങളില്‍ അഞ്ചിലൊരാള്‍ക്ക് ഫാറ്റിലിവര്‍ കാണപ്പെടുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പക്ഷേ പൊണ്ണത്തടിയുള്ളവരില്‍ ഇത് അഞ്ചില്‍ നാലുപേര്ക്കാവുന്നു. അതിനാല്‍ പൊണ്ണത്തടി ഒരു കാരണമായി പറയാറുണ്ട്. പ്രമേഹരോഗവും ഫാറ്റിലിവറിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. പ്രമേഹ രോഗികളില്‍ 30 ശതമാനത്തോളം പേര്‍ക്ക് കരള്വീക്കമുണ്ടെന്നത് ശ്രദ്ധേയമായ വിവരമാണ്.

മദ്യപാനം കരള്‍ വീക്കത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണെങ്കിലും കരള്‍ വീക്കം ബാധിച്ച എല്ലാവരും മദ്യപാനികളല്ല. ജീവിതത്തില്‍ ഒരു തുള്ളി മദ്യംപോലും കഴിക്കാത്തവരേയും ഇത് ബാധിക്കും. തികച്ചും സാധാരണമെന്നു തോന്നാവുന്നതും അവഗണിക്കാവുന്നതുമായ പലതുമാണ് കരള്‍വീക്കത്തിന്റെ ലക്ഷണങ്ങളില്‍ പലതും. പ്രത്യേകിച്ച് തുടക്ക സമയത്തുള്ളവ. ക്ഷീണം, വയറിന്റെ വലതുവശത്ത് വേദന, വയര്വീര്ത്തതുപോലുള്ള തോന്നല്‍ എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. അതേസമയം അല്പംകൂടി ഗുരുതരാവസ്ഥയിലായ രോഗികളില്‍ വേറെയും ലക്ഷണങ്ങള്‍ കണ്ടുവരാറുണ്ട്
രക്തം ഛര്‍ദ്ധിക്കുക അല്ലെങ്കില്‍ മലത്തില്‍ വാര്‍ന്നു പോകുക, കാലില്‍ അല്ലെങ്കില്‍ വയറ്റില്‍ നീര്, രോഗിയുടെ ബോധാവസ്ഥയില്‍ മാറ്റം വരിക എന്നിവയൊക്കെ ഇത്തരക്കാരില്‍ കണ്ടുവരാറുണ്ട്. കറുത്ത നിറത്തില്‍ ടാറുപോലെ മലം പോകുന്നത് ആന്തരിക രക്തശ്രാവത്തിന്റെ അടയാളമാണ്.
കരള്‍ രോഗികള്‍ മറവി, പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റം തുടങ്ങിയവ മുതല്‍ അബോധാവസ്ഥവരെയുള്ള പല ലക്ഷണങ്ങളും കാണിക്കാറുണ്ട്. ഇതുകൂടാതെ കരള്‍വീക്കത്തില്‍ മഞ്ഞപിത്തം, ചൊറിച്ചില്‍, രാത്രിയില്‍ ഉറക്കക്കുറവ്, ഭാരക്കുറവ്, പനി തുടങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നു. പലരോഗികള്‍ക്കും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ കാണില്ലെന്നതും ശ്രദ്ധേയമാണ്.
അത്തരം സാഹചര്യത്തില്‍ കരള്‍ രോഗം വരാന്‍ സാധ്യതയുള്ളവര്‍ പരിശോധന നടത്തുന്നത് നല്ലതായിരിക്കും. മദ്യപാനികള്‍, പാരമ്പര്യമായി കരള്‍രോഗമുള്ളവര്‍, അമിതഭാരമുള്ളവര്‍, മുന്‍പ് മഞ്ഞപിത്തം വന്നിട്ടുള്ളവര്‍ എന്നിവര്‍ കരള്‍വീക്കം വരാന്‍ സാധ്യതയുള്ളവരാണ്.