LiveTV

Live

Health

ഒറ്റ രാത്രി കൊണ്ട് നവജാതശിശുവിന്റെ ശ്വാസംമുട്ട്‌ മാറുമോ?

നവജാത ശിശുക്കൾ ജനിച്ച ഉടനെ ശ്വാസം മുട്ട് അനുഭവപ്പെടുന്നത് അസാധാരണമല്ല

ഒറ്റ രാത്രി കൊണ്ട് നവജാതശിശുവിന്റെ ശ്വാസംമുട്ട്‌ മാറുമോ?

ഒറ്റ രാത്രി കൊണ്ട് നവജാതശിശുവിന്റെ ശ്വാസംമുട്ട്‌ മാറുമോ? നവജാത ശിശുക്കൾ ജനിച്ച ഉടനെ ശ്വാസം മുട്ട് അനുഭവപ്പെടുന്നത് അസാധാരണമല്ല. പലപ്പോളും മരണകാരണം വരെ ആകാവുന്ന രോഗങ്ങൾ കാരണമാകാം എങ്കിലും താനേ ശരിയാവുന്ന അവസരങ്ങളും ഒട്ടേറെ ഉണ്ടാകാറുണ്ട്.

ട്രാൻസിയൻറ് ടാക്കിപ്നിയ ഓഫ് ന്യൂബോൺ (TTNB - Transient tachypnea of newborn)

പേര് പോലെ തന്നെ നവജാതശിശുവിന് താൽക്കാലികമായുണ്ടാകുന്ന ശ്വാസംമുട്ടാണിത്. കൂടുതലും കാണുന്നത് പ്രസവവേദന വരുന്നതിന് മുമ്പ് സിസേറിയൻ ചെയ്യേണ്ടി വരുന്ന അവസരങ്ങളിലാണെങ്കിലും സാധാരണ പ്രസവത്തിലും കണ്ടു വരാറുണ്ട്. ഗർഭപാത്രത്തിൽ കുഞ്ഞ് Amniotic ദ്രാവകത്തിലാണ് കിടപ്പ്. കുഞ്ഞിന്റെ ശ്വാസകോശത്തിലും ഈ ദ്രാവകം നിറഞ്ഞിരിക്കും. പ്രസവവേദനയോടനുബന്ധിച്ചാണ് ഈ ദ്രാവകം ശ്വാസകോശത്തിൽ നിന്ന് വലിച്ചെടുക്കപ്പെടുന്നത്. ഇത് ശ്വാസകോശത്തിൽ തന്നെ നിൽക്കുകയാണെങ്കിലാണ് കുഞ്ഞിന് ശ്വാസം മുട്ട് അനുഭവപ്പെടുക. പലപ്പോളും കുഞ്ഞിന് നല്ല ബുദ്ധിമുട്ടുണ്ടാകും, മറ്റു ഗുരുതര രോഗമാണോ എന്ന് സംശയിക്കും, ഓക്സിജൻ, CPAP (ശ്വാസനാളത്തിൽ ആവശ്യത്തിന് പ്രഷർ നിലനിർത്തുന്ന ചികിത്സ) വെൻറിലേറ്റർ എന്നീ കാര്യങ്ങൾ ചിലപ്പോൾ ആവശ്യമായിവരും. എന്നാൽ ഭൂരിഭാഗം അവസരങ്ങളിലും ഓക്സിജൻ മാത്രം നൽകിയാൽ മതിയാകാറുണ്ട്. അടുത്ത ദിവസമാകുമ്പോളേക്കും ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് കുഞ്ഞ് പൂർണ്ണസുഖം പ്രാപിക്കുകയും ചെയ്യും. നവജാത ശിശുക്കളെ ചികിൽസിക്കുന്ന ഡോക്ടർമാർ ദിവസേനയെന്നോണം കാണുന്ന ഒരു സ്ഥിതിവിശേഷമാണിത്. അസുഖം ഭേദമാകുന്നതോടെ മറ്റു കുഴപ്പം പിടിച്ച അസുഖങ്ങളില്ല എന്ന സമാധാനം കൈവരികയും, കൂടുതൽ പരിശോധനകൾ ആവശ്യമില്ലാതെ വരികയും ചെയ്യുന്നു.

റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം (RDS - Respiratory Distress Syndrome)

പ്രധാനമായും മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങൾക്കാണ് ഈ അവസ്ഥ കണ്ടു വരുന്നത്. നവജാത ശിശുക്കളുടെ ശ്വാസകോശം വികസിതമായിരിക്കാൻ വേണ്ടുന്ന ഒരു സംയുക്തമാണ് സർഫക്ടന്റ്. ഗർഭസ്ഥ ശിശുവിന്റെ ശ്വാസകോശത്തിൽ ഇത് ഉത്പാദിപ്പിക്കപ്പെടുന്നത് പ്രധാനമായും 7 മാസം കഴിഞ്ഞാലാണ് (28 ആഴ്ച) ഇതിന്റെ കുറവാണ് മേൽപറഞ്ഞ സ്ഥിതി വിശേഷത്തിന് കാരണം. പ്രസവിച്ച ഉടനെയോ ഏതാനും മണിക്കൂറുകൾക്കുള്ളിലോ കുഞ്ഞിന് ശ്വാസം മുട്ട് ആരംഭിക്കുന്നു. അടുത്ത ഒന്നു രണ്ട് ദിവസങ്ങൾക്കുള്ളിൽ സ്ഥിതി വഷളാകുകയും പിന്നീട് സ്ഥിതി മെച്ചപ്പെട്ടു തുടങ്ങുകയും ചെയ്യും. ചെറിയ രീതിയിലുള്ള രോഗം തനിയെ ഭേദമാകുമെങ്കിലും പലപ്പോളും സ്ഥിതി ഗുരുതരമാകുകയും, ഫലപ്രദമായ ചികിൽസ നൽകിയില്ലെങ്കിൽ മരണകാരണമാവുകയും ചെയ്യും. പ്രസവമുറിയിൽ വെച്ചു തന്നെ CPAP ചികിൽസ തുടങ്ങുക, ആവശ്യമെങ്കിൽ സർഫക്ടൻറ് മരുന്നുകൾ ശ്വാസകോശത്തിലേക്ക് പകരുക, സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കുക എന്നിവയാണ് പ്രധാന ചികിൽസ.

മെക്കോണിയം ആസ്പിരേഷൻ സിൻഡ്രോം (MAS - Meconium Aspiration Syndrome)

നവജാത ശിശുവിന്റെ കറുത്ത നിറത്തിലുള്ള അപ്പിയാണ് മെക്കോണിയം. സാധാരണ രീതിയിൽ പ്രസവശേഷമാണ് അപ്പി പോവുക. ചില സാഹചര്യങ്ങളിൽ ഉള്ളിൽ (ഗർഭപാത്രത്തിൽ) വച്ചുതന്നെ അപ്പി പോവുകയും അത് ശ്വാസനാളത്തിലും ശ്വാസകോശത്തിലും പ്രവേശിക്കുകയും ചെയ്യും. ഇങ്ങനെയുള്ള കുഞ്ഞുങ്ങൾക്ക് പ്രസവശേഷം ശ്വാസം മുട്ടുണ്ടാകും. ഗുരുതരമാണെങ്കിൽ സർഫക്ടൻറ്, വെന്റിലേറ്റർ സഹായം എന്നിവ ആവശ്യമാകും, ചിലപ്പോൾ മാരകമാകും എങ്കിലും ഗുരുതരമല്ലാത്ത അവസരത്തിൽ പ്രത്യേക ചികിൽസ കൂടാതെ ഭേദമാകും.

ഏർളി ഓൺസെറ്റ് സെപ്സിസ് (EOS - Early onset sepsis)

ഗർഭപാത്രത്തിനകത്തു വെച്ചു തന്നെ അണുബാധ ഉണ്ടായാൽ ജനിച്ച ഉടനെ ശ്വാസം മുട്ട് തുടങ്ങും. ശരിയായ ആൻറിബയോട്ടിക് ചികിൽസയാണ് പ്രധാനമായും വേണ്ടത്. ചിലപ്പോൾ വെന്റിലേറ്റർ സഹായം വേണ്ടി വരാറുണ്ട്.

ന്യുമോതൊറാക്സ് (Pneumothorax)

ശ്വാസകോശത്തെ ആവരണം ചെയ്യുന്ന ആവരണമാണ് പ്ലൂറ. ശ്വാസകോശത്തിനകത്ത് പ്രഷർ കൂടിയാൽ (ബലൂൺ പോലെയുള്ള) ശ്വാസകോശം പൊട്ടുകയും വായു പ്ലൂറയ്ക്കകത്ത് പ്രവേശിക്കുകയും അത് ശ്വാസകോശത്തെ സമ്മർദ്ദത്തിലാക്കുകയും ചെയ്യും. കുഞ്ഞിന് കടുത്ത ശ്വാസം മുട്ട് അനുഭവപ്പെടും. നെഞ്ചിൽ ട്യൂബ് ഇട്ട് പ്ലൂറയ്ക്കകത്ത് കയറിയ വായുവിനെ പുറത്തു കളയുകയും അതുവഴി ശ്വാസകോശത്തെ ശരിക്കും വികസിക്കാൻ അനുവദിക്കുകയും ചെയ്യുക എന്നതാണ് ചികിൽസ. എന്നാൽ ചില അവസരങ്ങളിൽ പ്രശ്നം ഇതാണെന്ന് കണ്ടു പിടിക്കാൻ പറ്റിയിരിക്കില്ല. ചിലപ്പോൾ മാരകമായേക്കാമെങ്കിലും പലപ്പൊളും പ്ലൂറയ്ക്കകത്ത് കയറിയ വായു തനിയെ absorb ചെയ്യപ്പെടുകയും ശ്വാസംമുട്ട് തനിയെ മാറുകയും ചെയ്യുന്നത് കാണാറുണ്ട്.

ജന്മനാ ഉള്ള ഹൃദയ വൈകല്യങ്ങൾ (CHD - Congenital Heart Diseases)

ഇവയിൽ ചിലത്, ശ്വാസകോശ സംബന്ധിയായ അസുഖമായി തെറ്റിദ്ധരിച്ചേക്കാവുന്ന ലക്ഷണങ്ങൾ തുടക്കത്തിൽ കാണിച്ചേക്കാം. ECG, ECHO മുതലായ പരിശോധനകൾ വഴി രോഗനിർണ്ണയം നടത്താം. വൈകല്യത്തിന്റെ സ്വഭാവം അനുസരിച്ച് ചികിത്സയും വ്യത്യസ്തമായിരിക്കും.

ഇത്തരത്തിൽ നിരവധി തവണ നവജാത ശിശുവിന് ഉണ്ടാകുന്ന ഗുരുതരമായ ശ്വാസംമുട്ട് അടുത്ത ദിവസമാകുമ്പോളേക്കും ഭേദമാകുന്നത് കണ്ടിട്ടുണ്ടാകും ഇത്തരം കുഞ്ഞുങ്ങളെ ചികിൽസിക്കുന്ന ഓരോ ഡോക്ടറും. അതിന് ദിവ്യശേഷിയൊന്നും ആവശ്യമില്ല. ശാസ്ത്രീയമായി വിശദീകരിക്കാൻ വിഷമമില്ല താനും. ഇതോ അല്ലെങ്കിൽ സമാനമായ അസുഖങ്ങൾ സുഖപ്പെട്ടതോ ആയ അവസരങ്ങളിൽ പ്രാർത്ഥനാ അനുഭവസാക്ഷ്യം പറയുന്നത് തികഞ്ഞ അശാസ്ത്രീയതയാണ്. മെഡിക്കൽ പ്രൊഫഷനിൽ ഉൾപ്പെട്ടവർ ഇത്തരം അശാസ്ത്രീയതകൾക്ക് കൂട്ടുനിൽക്കരുത്.

കടപ്പാട്: ഡോ.മോഹന്‍ദാസ് നായര്‍, ഇന്‍ഫോക്ലിനിക്