LiveTV

Live

Health

അമ്മച്ചിയോട് കഥകള്‍ പറയാനെത്തിയ പാത്തുത്ത...

ഇന്ന് ലോക വൃദ്ധ ദിനം.... എന്താണ് നമ്മുടെ കുടുംബങ്ങളില്‍ വാര്‍ധക്യത്തിന്‍റെ അവസ്ഥ... എന്തൊക്കെയാണ് പ്രായമായവരെ സംരക്ഷിക്കുന്ന ബന്ധുക്കള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍...

അമ്മച്ചിയോട് കഥകള്‍ പറയാനെത്തിയ പാത്തുത്ത...

നാലുവര്‍ഷം മുമ്പാണ് ആ അമ്മച്ചി മരിച്ചത്. മരിക്കുമ്പോള്‍ 88 വയസ്സായിരുന്നു പ്രായം.. പത്തുവര്‍ഷം മുമ്പ് കണ്ണിന്‍റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നുവെന്നതൊഴിച്ചാല്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല... പതിയെ പിടിച്ചുപിടിച്ചു നടക്കും... ബാത്‍റൂമില്‍ പോകണമെങ്കില്‍ വിളിക്കും.. വീണ് കയ്യോ കാലോ പൊട്ടിയാല്‍ അമ്മച്ചിയുടെ ബാക്കി ജീവിതം അത്രമേല്‍ ബുദ്ധിമുട്ടിലാകും എന്ന് അറിയുന്നതിനാല്‍ അത്രയേറെ ശ്രദ്ധിച്ചിരുന്നു ആ വീട്ടിലുള്ളവര്‍. വീടിനുള്ളില്‍ ഒന്നും സ്ഥാനം തെറ്റി കിടക്കാന്‍ സമ്മതിച്ചിരുന്നില്ല.. അമ്മച്ചിക്ക് പിടിച്ചുപിടിച്ച് നടക്കാന്‍ പാകത്തില്‍ വീട്ടില്‍ കസേരകള്‍ ഇടുന്നതിന് പോലും പ്രത്യേക ഇടങ്ങളുണ്ടായിരുന്നു.

അമ്മച്ചി എപ്പോഴും സന്തോഷമായിരിക്കാന്‍ എന്തും ചെയ്തുകൊടുക്കാനാകും എന്നതിലായിരുന്നു മക്കളുടെ ശ്രദ്ധ. എപ്പോഴും ആരെങ്കിലും വരുന്നതും അവരോട് സംസാരിച്ചിരിക്കുന്നതുമായിരുന്നു അമ്മച്ചിയെ ഏറെ സന്തോഷിപ്പിച്ചിരുന്നത്. വീട്ടില്‍ ആരു വന്നാലും മക്കള്‍ അമ്മച്ചിയുടെ അടുത്തേക്ക് കൊണ്ടുപോകും.. വിരുന്നുകാരോട് സംസാരിക്കുന്നത് അമ്മച്ചിയുടെ റൂമില്‍ വെച്ചായിരുന്നു.. ഇനി വിരുന്നുകാരാരും വരാതെ അമ്മച്ചി ബോറടിച്ചിരിക്കുന്നുവെന്ന് തോന്നുന്ന ദിവസം ഒരു പാത്തുത്താത്ത വരും. റൂമിന് പുറത്ത് ജനാലയ്ക്കപ്പുറം നിന്നേ അവര്‍ ഉമ്മച്ചിയോട് സംസാരിച്ചിരുന്നുള്ളൂ.. മകനെ കുറിച്ചും മരുമകളെ കുറിച്ചും പേരക്കുട്ടികളെ കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ അമ്മച്ചി ആ പാത്തുത്താത്തയോട് പങ്കുവെക്കും... വീട്ടിലുള്ള മകനോ മരുമകളോ ഒക്കെതന്നെയായിരുന്നു ശബ്ദം മാറ്റി പാത്തുത്താത്തയായി ആ അമ്മച്ചിയോട് സംസാരിച്ചിരുന്നത്....

*** *** ***
മരിക്കുമ്പോള്‍ 100 വയസ്സ് കഴിഞ്ഞ ഒരു അപ്പൂപ്പന്‍.. അദ്ദേഹത്തിന് 94 വയസ്സുള്ളപ്പോഴാണ് ഭാര്യ പെട്ടെന്ന് മരിക്കുന്നത്. അസുഖമോ ആരോഗ്യപ്രശ്നങ്ങളോ ഒന്നുമുള്ള സ്ത്രീയായിരുന്നില്ല. ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നു... അതോടെ ജീവിതത്തിന്‍റെ താളം തെറ്റിയ അദ്ദേഹത്തിന്‍റെ പ്രധാന ആവശ്യം ഉടനെ വിവാഹം കഴിക്കണമെന്നതായിരുന്നു. ശ്രൂശ്രൂഷിക്കാന്‍ തങ്ങളുള്ളപ്പോള്‍, അതിനായി എന്തിന് അച്ഛനെ വിവാഹം കഴിപ്പിക്കണം എന്നായിരുന്നു മക്കളുടെ ചിന്ത. മൂത്തമകന്‍റെ വീട്ടിലാണ് താമസം. മകന്‍ ഗള്‍ഫിലാണ്. മരുമകളും പേരക്കുട്ടികളും വീട്ടിലുണ്ട്. അടുത്തടുത്ത വീടുകളിലായി മറ്റ് മക്കളുമുണ്ട്.. തന്‍റെ സ്വത്ത് മരുമകള്‍ തട്ടിയെടുത്തെന്നും മരുമകളുടെ പേരില്‍ കേസ് കൊടുക്കണമെന്ന് കാണാന്‍ വരുന്നവരോടൊക്കെ ആ അച്ഛന്‍ പരാതി പറഞ്ഞു കൊണ്ടിരുന്നു. അതൊരു സാധു സ്ത്രീ.. തന്നാലാവുംവിധം ഭര്‍തൃപിതാവിനെ ശ്രുശ്രൂഷിച്ചു. അടുത്തുള്ള സഹോദരങ്ങളുമൊക്കെയായി നല്ല സഹകരണത്തില്‍ ആയതുകൊണ്ട് അവരുടെ ഒക്കെ സമാശ്വാസ വാക്കുകള്‍ കേട്ടാണ് ആ സ്ത്രീ, ഭര്‍തൃപിതാവിന്‍റെ ഈ ആരോപണത്തെ അതിജീവിച്ചത്. ഒരു കുഞ്ഞിനെയെന്നപോലെ, അച്ഛന്‍റെ വാശികളെ കണ്ട് മക്കളും മരുമക്കളും പേരക്കുട്ടികളും ഒരുപോലെ ആ അച്ഛനെ മരണം വരെ സ്നേഹിച്ചു, ശ്രൂശ്രൂഷിച്ചു.

*** *** ***
ആണും പെണ്ണുമായി അഞ്ചുമക്കളുള്ള ഒരമ്മ... പ്രായമായപ്പോള്‍ അമ്മയ്ക്ക് മരുന്ന് വാങ്ങുന്ന കാര്യത്തില്‍ ആണ്‍മക്കള്‍ തമ്മില്‍ തര്‍ക്കം... അമ്മയെ നോക്കുന്ന കാര്യത്തില്‍ പെണ്‍മക്കള്‍ തമ്മിലും തര്‍ക്കം... അമ്മയെ സാമ്പത്തികമായി നോക്കേണ്ടത് ആണ്‍മക്കളാണ് എന്നതിനാല്‍ ആണ്‍മക്കളുടെ വീടുകളില്‍ മാറിമാറിയാണ് അമ്മ നില്‍ക്കുന്നത്. അമ്മയെ ശാരീരികമായി ശ്രൂശ്രൂഷിക്കേണ്ടത് പെണ്‍മക്കളാണ് എന്നതിനാല്‍ ഓരോ ദിവസവും ഓരോ പെണ്‍മക്കള്‍ വീതം മാറി മാറി സഹോദരന്മാരുടെ വീട്ടില്‍ വന്നു നിന്നുകൊള്ളണം എന്നതാണ് കരാര്‍. പെണ്‍മക്കള്‍ എന്ന് പറയുമെങ്കിലും, ഓരോരുത്തര്‍ക്കും അമ്പത് വയസ്സിന് മേലെയാണ് പ്രായം.. ബസ്സില്‍ കയറി വരാന്‍ കഴിയുന്ന ആരോഗ്യസ്ഥിതി ഉള്ളവരല്ല, കാലുവേദനയും നടുവേദനയും മറ്റ് ആരോഗ്യപ്രശ്നങ്ങളും അലട്ടുന്നവര്‍... സഹോദരന്‍റെ വീട്ടില്‍, അമ്മയുടെ മുറിയില്‍, തറയില്‍ പാ വിരിച്ച് കിടക്കാനോ, കിടന്നാല്‍ തന്നെ എഴുന്നേല്‍ക്കാനോ ബുദ്ധിമുട്ടുന്നവര്‍.. എന്ത് ചെയ്യാന്‍.. അമ്മയല്ലേ, നോക്കാന്‍ സാധിക്കില്ലെന്ന് പറയാന്‍ പറ്റോ...

അമ്മച്ചിയോട് കഥകള്‍ പറയാനെത്തിയ പാത്തുത്ത...

നമുക്കു ചുറ്റുമുള്ളതോ, നമ്മുടെ തന്നെ വീട്ടിലേതോ ആയ ചില നേര്‍ക്കാഴ്ചകളാണ് ഇത്... ഇനിയും ചുറ്റും നോക്കിയാല്‍ ഇതിലുമേറെ ഉദാഹരണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കും. അവഗണിക്കപ്പെടുന്ന വാര്‍ധക്യം എന്ന് നമ്മള്‍ പറയുന്നുണ്ടെങ്കിലും, കഴിയുംവിധം വാര്‍ധക്യത്തെ ചേര്‍ത്തുപിടിക്കുന്നുണ്ട് ഇന്നത്തെ കാലത്ത് കുടുംബവും സമൂഹവും നിയമവും എന്നതാണ് വാസ്തവം. പക്ഷേ, ജോലിത്തിരക്കുകളും വീടും നാടും വിട്ടുള്ള ജോലികളും മറ്റ് പ്രാരാബ്ധങ്ങളും കൂട്ടത്തില്‍ പ്രായമായവരുടെ ചില വാശികളും കൂടിയാകുമ്പോഴാണ് കൂട്ടു കുടുംബ ബന്ധങ്ങള്‍ സങ്കീര്‍ണമാകുന്നതെന്ന് മാത്രം. ടിക്‍ടോക്ക് വീഡിയോകളില്‍ പാട്ടും ഡാന്‍സും അഭിനയവുമായി വരുന്ന മുത്തശ്ശിമാരും മുത്തശ്ശന്മാരും കൂടിക്കൊണ്ടിരിക്കുന്നു... കുടുംബത്തിനൊപ്പം യാത്ര പോകുമ്പോള്‍ ഇന്ന് പ്രായമായവര്‍ കൂടെ പോകാനും അവരെ കൂടെ കൂട്ടാന്‍ കുടുംബാംഗങ്ങളും തയ്യാറാവുന്നു... പ്രായമായവരെ മനഃപൂര്‍വം അവഗണിക്കുന്ന കുടുംബങ്ങളും നമുക്ക് ചുറ്റുമുണ്ട്.. അവരെ മര്‍ദ്ദിക്കുന്നതിന്‍റെയും ചീത്തവിളിക്കുന്നതിന്‍റെയും അനവധി വീഡിയോകള്‍ ഈ സോഷ്യല്‍ മീഡിയാ കാലത്ത് വൈറലായിട്ടുമുണ്ട്...

എന്തൊക്കെയാണ് പ്രായമായവരെ സംരക്ഷിക്കുന്ന ബന്ധുക്കള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ എന്നായിരുന്നു വയോജന സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ ഹെല്‍പ്പ് ഏജ് ഇന്ത്യയുടെ ഈ വര്‍ഷത്തെ പഠനവിഷയം. വയോജന സംരക്ഷണത്തില്‍ കുടുംബത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് കൊച്ചി ഉള്‍പ്പെടെ ഇന്ത്യയിലെ 20 പ്രധാന നഗരങ്ങളിലാണ് ഹെല്‍പ് ഏജ് ഇന്ത്യ പഠനം നടത്തിയത്. പ്രധാനമായും കുടുംബത്തിലെ പ്രായമായവരുടെ സംരക്ഷകരായി വരുന്നത് 30 നും 50 നും ഇടയില്‍ പ്രായമുള്ളവരോ, അതിന് മുകളില്‍ പ്രായമുള്ളവരോ ആണ്. പലരും മക്കളോ മരുമക്കളോ ആയിരിക്കുകയും ചെയ്യും. ഇവരാണ് വാര്‍ധക്യത്തിന്‍റെ കെയര്‍ ഗിവര്‍മാര്‍. ഈ കെയര്‍ ഗിവര്‍മാര്‍ക്കിടയിലാണ് ഹെല്‍പ്പ് ഏജ് ഇന്ത്യ പഠനം നടത്തിയത്.

മാതാപിതാക്കള്‍ക്കൊപ്പം മക്കളുടെ സംരക്ഷണവും കൂടി വരുന്നതുകൊണ്ട് സാമ്പത്തികമായും ശാരീരികമായും വല്ലാതെ സംഘര്‍ഷം അനുഭവിക്കുന്നുണ്ട് ഈ കെയര്‍ ഗിവര്‍മാരില്‍ പലരും എന്നാണ് പഠനത്തില്‍ തെളിഞ്ഞ വസ്തുത. ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകുന്ന വീടാണെങ്കില്‍ ഈ ബുദ്ധിമുട്ട് ഒന്നുകൂടി കൂടുകയും ചെയ്യുന്നുണ്ട്. പ്രായമായ സ്വന്തം മാതാപിതാക്കളുടെ സംരക്ഷണം ചെറിയ രീതിയില്‍ ബാധ്യതയാണെന്ന് 29 ശതമാനം കെയര്‍ ഗിവര്‍മാരും ചിന്തിക്കുന്നുണ്ട്. 15 ശതമാനത്തെയും മാതാപിതാക്കളെ സംരക്ഷിക്കേണ്ടി വരുന്നത് വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. 35 ശതമാനത്തിനും മാതാപിതാക്കളെ സംരക്ഷിക്കേണ്ടി വരുന്നതില്‍ ഒട്ടും സന്തോഷം കണ്ടെത്താന്‍ കഴിയുന്നേയില്ല. എന്നാല്‍ തങ്ങളുടെ കടമ ആയതുകൊണ്ട് മാത്രം അവരെ സംരക്ഷിക്കുന്നുവെന്ന് മാത്രം. 39 ശതമാനം വാര്‍ധക്യത്തിനും സ്വന്തമായി വരുമാനം ഒന്നുമില്ലാത്തതിനാല്‍ അവരുടെ ജീവിതം മക്കളെ ആശ്രയിച്ചാണ്. മാതാപിതാക്കളുടെ സംരക്ഷണത്തിനായി 4125 രൂപ ഒരു കുടുംബം ചെലവാക്കുന്നുണ്ട്. 42.5 ശതമാനവും എപ്പോഴും മാതാപിതാക്കളുടെ മെഡിക്കല്‍ ബില്‍ അടയ്ക്കേണ്ടി വരുന്നു.. മാതാപിതാക്കളുടെ സാമ്പത്തിക ആവശ്യം പലപ്പോഴും ആണ്‍മക്കളുടെ ഉത്തരവാദിത്വമാണ്. പക്ഷേ, മരുമക്കളില്‍ 45.3 ശതമാനത്തിനും തങ്ങളെ ആശ്രയിച്ചു കഴിയുന്ന പ്രായമായവരെ സ്നേഹിക്കാന്‍ കഴിയുന്നില്ല. 85 ശതമാനം കെയര്‍ ഗിവര്‍മാരും മാതാപിതാക്കളെ സംരക്ഷിക്കുന്നത് സന്തോഷത്തോടെയാണ്. പണം നല്‍കി മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ ആക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 29 ശതമാനമാണ്. 78.1 ശതമാനവും ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ വീട്ടിലുള്ള മാതാപിതാക്കളെ സംരക്ഷിക്കുന്നതിന് സഹായകരമായ നിയമങ്ങളില്ലെന്ന് സര്‍വേയില്‍ തുറന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

അമ്മച്ചിയോട് കഥകള്‍ പറയാനെത്തിയ പാത്തുത്ത...

ജോലിക്ക് പോകാന്‍ സൌകര്യത്തിന് കുഞ്ഞുങ്ങളെ നമ്മുടെ മാതാപിതാക്കളെ ഏല്‍പ്പിച്ചു പോയവര്‍ തന്നെയാണ്, പ്രായമേറി നമ്മുടെ മാതാപിതാക്കള്‍ കുഞ്ഞുങ്ങളുടെ അവസ്ഥയിലെത്തുമ്പോള്‍, നിങ്ങളെ നോക്കിയിരുന്നാല്‍ മതിയോ, ഞങ്ങള്‍ക്ക് ജോലിക്ക് പോകണ്ടേ എന്ന് ശുണ്ഠി പിടിക്കുന്നത്... ജോലി കഴിഞ്ഞ് വന്നാലോ, അവരോട് ഒന്ന് മിണ്ടാനോ, ഒന്ന് നോക്കാനോ നമുക്ക് സമയമില്ല.. ഭക്ഷണം കഴിക്കാന്‍ ഒരുമിക്കുന്ന വീടാണെങ്കില്‍ പോലും, കണ്ണ് ഒന്നുകില്‍ ടിവിയില്‍, അല്ലെങ്കില്‍ ഫോണില്‍... അറിഞ്ഞോ അറിയാതെയോ അവര്‍ നമ്മുടെ വീടകങ്ങളില്‍ അവഗണിക്കപ്പെടുകയാണ്.

''പ്രായമായവര്‍ക്കെതിരായ പീഡനം, നമ്മുടെ കാഴ്ചപ്പാടിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നുണ്ട്. അവരോട് നമ്മള്‍ പീഡനമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടെന്നേ അവര്‍ പറയുകയുള്ളൂ.. മാനസിക പീഡനം- അതായത് അവഗണനയാണ് അവരെ തളര്‍ത്തുന്നത്. പ്രായമായി വരുമ്പോള്‍ വരുമാനം ഇല്ലാതെയാകുമ്പോള്‍ അവര്‍ വീടകങ്ങളിലേക്ക് ഒതുക്കപ്പെടുന്നു. വരുമാനം ഉള്ളവര്‍ കുടുംബത്തിന്‍റെ നാഥന്മാരാകുന്നു...'' - ഹെല്‍പ് ഏജ് ഇന്ത്യ, കേരളത്തിന്‍റെ ഡയറക്ടര്‍ ബിജോയ് മാത്യൂ വിശദീകരിക്കുന്നു.

പണ്ടു കാലത്ത് ഭൂസ്വത്ത് ആയിരുന്നു പ്രധാന വരുമാന മാര്‍ഗം. അന്ന് കാര്‍ന്നോര്‍ എന്ന് പറഞ്ഞാല്‍ കാര്‍ന്നോര്‍ തന്നെയാണ്. അങ്ങനെയൊരു കാര്‍ന്നോര്‍ ഉണ്ടെങ്കില്‍, അയാള്‍ മരിക്കുന്നതുവരെ അയാളുടെ കയ്യിലായിരിക്കും വീടിന്‍റെ അധികാരം. ഇപ്പോള്‍ കുടുംബത്തിലെ സ്ത്രീകള്‍ കൂടി ജോലിക്ക് പോകാന്‍ തുടങ്ങിയതോടെ അവരുടെ കയ്യിലും വരുമാനമായി. എണ്ണയ്ക്കും സോപ്പിനും കാര്‍ന്നോന്മാരുടെ മുന്നില്‍ കാത്തു നിന്ന കാലം അവസാനിച്ചു. നമ്മള്‍ ആരെയും ആശ്രയിക്കേണ്ട എന്ന നില വന്നു. എല്ലാവരും സാമ്പത്തികമായി സ്വതന്ത്രരായി. കാര്‍ന്നോന്മാര്‍ക്ക് കുടുംബത്തിലുണ്ടായിരുന്ന ആ ബഹുമാനം നഷ്ടപ്പെട്ടു.

അമ്മച്ചിയോട് കഥകള്‍ പറയാനെത്തിയ പാത്തുത്ത...

മക്കളെല്ലാം ഒന്നുകില്‍ വീടിന് പുറത്ത്, അല്ലെങ്കില്‍ നാടിന് പുറത്ത്, രാജ്യത്തിന് പുറത്ത്... അങ്ങനെയങ്ങനെ അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും ഉളള ദൂരം കൂടിക്കൂടി വന്നു.. തിരിച്ചു വരവ് ഒന്നുകില്‍ രാത്രിയോട് അടുത്ത് അല്ലെങ്കില്‍ ആഴ്ചകള്‍ക്കോ മാസങ്ങള്‍ക്കോ വര്‍ഷങ്ങള്‍ക്കോ ശേഷം എന്ന അവസ്ഥയിലായി. പ്രായമായവര്‍ വീട്ടില്‍ ഒറ്റയ്ക്കാവാന്‍ തുടങ്ങി. നാടുവിട്ട് ജോലിക്ക് പോകുന്നവരെല്ലാം തന്നെ, മാതാപിതാക്കളെ കൂടെ കൊണ്ടുപോകാന്‍ സാമ്പത്തികമായി പറ്റുന്നവരായിരുന്നില്ല. ഇനി കൊണ്ടുപോയാല്‍ തന്നെ പ്രായമായവര്‍ക്ക് അവിടുത്തെ കാലാവസ്ഥയിലും സംസ്കാരത്തിലും അതിജീവിക്കാന്‍ പറ്റിയെന്ന് വരികയില്ല... കൂട്ടിലടയ്ക്കപ്പെട്ട ജീവിതം മടുത്ത് അവര്‍ പെട്ടെന്ന് തന്നെ തിരിച്ച് വരികയും ചെയ്യും. നാട്ടിലെത്തി ഒറ്റപ്പെട്ട് ജീവിക്കുമ്പോള്‍ അസുഖമോ മറ്റോ വന്നാല്‍ ശ്രുശ്രൂഷിക്കാനോ ആശുപത്രിയില്‍ കൊണ്ടുപോകാനോ ഒന്നുംതന്നെ ആരും ഇല്ലാതെ വരികയാണ്.

ഇത് സ്വന്തം നാട്ടില്‍ മക്കളുടെ കൂടെ താമസിക്കുന്നവരെ സംബന്ധിച്ചിടത്തോളവും വെല്ലുവിളിയാണ്. ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകുന്നവരാകും. അസുഖം വന്നാല്‍, ആശുപത്രിയില്‍ അഡ്മിറ്റാകുമ്പോള്‍ ആര് കൂടെ നില്‍ക്കും, ആര് ലീവെടുക്കും എല്ലാം പ്രശ്നമാണ്. അങ്ങനെയങ്ങനെ കുടുംബാന്തരീക്ഷം തന്നെ സംഘര്‍ഷത്തിലേക്ക് മാറും... വഴക്കാവും, ബഹളമാകും, വീടുകളില്‍ നിന്ന് പുറത്താക്കും, വൃദ്ധസദനങ്ങളിലേക്ക് മാറ്റും.. രണ്ടുതലമുറയുടെയും ചെയ്ഞ്ചിംഗ് ഫെയ്സ് ആണ് ഇപ്പോള്‍. തനിച്ച് താമസിക്കെ ഒറ്റപ്പെടല്‍ സഹിക്ക വയ്യാതെ വിഷാദാവസ്ഥയിലേക്കും തുടര്‍ന്ന് ആത്മഹത്യയിലേക്കും നയിക്കപ്പെടുന്നവര്‍, സ്വത്തിന് വേണ്ടി പ്രിയപ്പെട്ടവരുടെയോ, മോഷ്ടാക്കളുടെയോ കൊലക്കത്തിക്ക് ഇരയാകുന്നവര്‍ തുടങ്ങി നമ്മുടെ മുതിര്‍ന്ന തലമുറയുടെ ജീവിതം പലപ്പോഴും ദാരുണമായി തന്നെ അവസാനിക്കുകയും ചെയ്യുന്നു.

‘’ചെറുപ്പക്കാരെ നമ്മള്‍ കുറ്റം പറയുമ്പോള്‍ അവര്‍ അവരുടേതായ ന്യായങ്ങള്‍ പറയുന്നുണ്ട്... ഞങ്ങള്‍ക്ക് നിങ്ങളെ മാത്രം നോക്കിയിരുന്നാല്‍ മതിയോ ഞങ്ങളുടേതായ കാര്യങ്ങള്‍ നോക്കണ്ടേ എന്ന് മക്കള്‍ പറയുമ്പോള്‍, ഞങ്ങള്‍ നിങ്ങളെ കുഞ്ഞായിരിക്കുമ്പോള്‍ അങ്ങനെ നോക്കിയതല്ലേ, ഇങ്ങനെ നോക്കിയതല്ലേ എന്നാവും അന്നേരം മുതിര്‍ന്നവരുടെ പരാതി പറച്ചിലുകള്‍. എന്നാല്‍ പ്രായമായെന്ന് കരുതി ഇവര്‍ ഒരു കുഞ്ഞിനെപ്പോലെ ഇരുന്നുകൊടുക്കുമോ, അതുമില്ല.. മുതിര്‍ന്നവരുടെ എല്ലാ ഈഗോയും വാശിയും ഇവര്‍ കാണിക്കും. നിയമം കൊണ്ട് നമുക്ക് ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല.. വേണ്ടത് കൌണ്‍സിലിംഗാണെ’’ന്നും ബിജോയ് മാത്യു കൂട്ടിച്ചേര്‍ക്കുന്നു.