LiveTV

Live

Health

പാരസെറ്റമോള്‍ എന്ന് മുതലാണ് ജീവന് ഹാനിയായി തുടങ്ങിയത്?

P/500 എന്നെഴുതിയിരിക്കുന്ന വെള്ള നിറത്തിലുള്ള പാരസെറ്റമോള്‍ ഗുളികയില്‍ മാച്ചുപോ വൈറസ് അടങ്ങിയിട്ടുണ്ട് എന്ന പ്രചരണത്തിന്‍റെ വാസ്തവമെന്താണ്?

പാരസെറ്റമോള്‍ എന്ന് മുതലാണ് ജീവന് ഹാനിയായി തുടങ്ങിയത്?

പാരസെറ്റമോള്‍- ആരായാലും വീട്ടില്‍ സൂക്ഷിക്കുന്ന പ്രഥമശ്രുശ്രൂഷാ കിറ്റില്‍ പാരസെറ്റമോളിന്‍റെ ഒരു സ്ട്രിപ്പുണ്ടാകുമെന്ന് ഉറപ്പാണ്.. കുഞ്ഞുങ്ങളുള്ള വീടാണെങ്കില്‍ ഒരു കുപ്പി പാരസെറ്റമോള്‍ സിറപ്പും.. ഒരു തലവേദന വന്നാല്‍, ഒരു ജലദോഷം വന്നാല്‍, പനി വിദൂരതയില്‍ നിന്ന് ബസ് കയറിയോ എന്ന് സംശയം തോന്നിയാല്‍, എന്തിന് ആര്‍ത്തവ ദിനങ്ങളിലെ വയറുവേദനയെ വരെ ചെറുക്കാന്‍ പാരസെറ്റമോളില്‍ അഭയം തേടുന്നവരാണ് നമ്മള്‍.

എന്നാല്‍, പാരസെറ്റമോള്‍ ഒരു വില്ലനാണെന്നും അത് കഴിക്കരുതെന്നും, ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് അത് ഇടയാക്കുമെന്നുമുള്ള പ്രചരണങ്ങളും മറുഭാഗത്ത് തകൃതിയാണ്. പാരസെറ്റമോള്‍ എലിവിഷമാണെന്നായിരുന്നു ആദ്യത്തെ പ്രചരണം. ഗര്‍ഭിണികളില്‍ പാരസെറ്റമോള്‍ ഉപയോഗം ഗര്‍ഭസ്ഥ ശിശുവിന്‍റെ അണ്ഡാശത്തെ തകരാറിലാക്കും എന്നും പറഞ്ഞു വന്നു അടുത്തത്..

പാരസെറ്റമോള്‍ എന്ന് മുതലാണ് ജീവന് ഹാനിയായി തുടങ്ങിയത്?

പാരസെറ്റമോള്‍ മരുന്നുഷാപ്പില്‍ നിന്ന് ലഭിക്കണമെങ്കില്‍ ഡോക്ടറുടെ പ്രിസ്ക്രിപ്ഷന്‍ ആവശ്യമേയില്ല. ഉയര്‍ന്ന ഡോസില്‍ സ്ഥിരമായി കഴിച്ചാല്‍ മാത്രമാണ് കരളിനെ ബാധിക്കുന്ന തരത്തിലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഈ മരുന്ന് കാരണമാകുകയുള്ളൂ എന്ന് പല തവണ നവമാധ്യമങ്ങളിലൂടെ തന്നെ ഡോക്ടര്‍മാര്‍ വിശദീകരണവുമായെത്തിയതാണ്.

"പാരസെറ്റമോളും പാരകളും" ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന മരുന്നുകളിൽ ഒന്നാകുമ്പോഴും ഏറ്റവും വെറുക്കപ്പെടുന്ന...

Posted by Info Clinic on Monday, January 15, 2018

പക്ഷേ, വീണ്ടും പാരസെറ്റമോളിന്‍റെ പേരില്‍ വ്യാജപ്രചരണം വന്നുകൊണ്ടിരിക്കുകയാണ്. P/500 എന്നെഴുതിയിരിക്കുന്ന വെള്ള നിറത്തിലുള്ള പാരസെറ്റമോള്‍ ഗുളികയില്‍ മാച്ചുപോ വൈറസ് അടങ്ങിയിട്ടുണ്ട് എന്ന് ഡോക്ടര്‍മാര്‍ പറയുന്നുവെന്നാണ് പുതിയ പ്രചരണം. ഇത് ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസ് ആണെന്നും മരണനിരക്ക് കൂട്ടുന്നതാണെന്നും നവമാധ്യമങ്ങളിലൂടെ പ്രചരിച്ചു കൊണ്ടേയിരിക്കയാണ്. എന്നാല്‍ ടാബ്‍ലെറ്റ് പോലൊരു വരണ്ടുണങ്ങിയ വസ്തുവില്‍ വൈറസിന് ജീവിക്കാന്‍ കഴിയില്ലെന്നും ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും പറയുകയാണ് ഡോ. ഷിംന അസീസ് തന്‍റെ ഫെയ്‍സ്ബുക്ക് കുറിപ്പിലൂടെ..

പാരസെറ്റമോൾ/അസെറ്റമിനോഫെൻ അല്ലെങ്കിൽ C8H9NO2 എന്ന രാസവസ്‌തുവിന്‌ വൈറസിനെ കൊണ്ടു നടക്കൽ അല്ല ജോലി...അത്‌ മാരകരോഗമോ കൊടൂര...

Posted by Shimna Azeez on Wednesday, September 4, 2019

ഡോ. ഷിംന അസീസിന്‍റെ കുറിപ്പ് വായിക്കാം:

‘’പാരസെറ്റമോൾ/അസെറ്റമിനോഫെൻ അല്ലെങ്കിൽ C8H9NO2 എന്ന രാസവസ്‌തുവിന്‌ വൈറസിനെ കൊണ്ടു നടക്കൽ അല്ല ജോലി... അത്‌ മാരകരോഗമോ കൊടൂര സൈഡ്‌ ഇഫക്‌ടുകളോ ഉണ്ടാക്കില്ല. ടാബ്ലെറ്റ്‌ പോലൊരു വരണ്ടുണങ്ങിയ വസ്‌തുവിൽ വൈറസിന്‌ ജീവിക്കാൻ കഴിയില്ല.Antipyretic (പനിക്കെതിരെ പ്രവർത്തിക്കുന്നത്‌) and Analgesic (വേദനക്കെതിരെ പ്രവർത്തിക്കുന്നത്‌) ആണ്‌ പാരസെറ്റമോൾ...

സാരമായ പാർശ്വഫലങ്ങളില്ലാത്ത താരതമ്യേന സുരക്ഷിതമായ ഗുളിക. തമാശയായോ കാര്യമായോ എഴുതിയുണ്ടാക്കുന്ന ഈ മുറിയൻ മെസേജുകൾ ഇല്ലാതാക്കുന്നത്‌ വൈറൽ പനി മുതൽ കാൻസർ രോഗിക്ക്‌ പനിക്കുമ്പോൾ വരെ സർവ്വസാധാരണമായി ഉപയോഗിക്കുന്ന ഒരു മരുന്നിന്റെ വിശ്വാസ്യതയാണ്‌...

ഈ മെസേജിന്റെ മലയാളം വേർഷനിലെ 'അപകടമായീടും' വൈറസിന്‌ പേരുമില്ല, അഡ്രസ്സുമില്ല...എന്തിന്‌ പറയുന്നു..എഴുതിയുണ്ടാക്കിയ വിദഗ്‌ധന്‌ മര്യാദക്ക്‌ ഒരു മെസേജ്‌ അക്ഷരതെറ്റില്ലാതെ എഴുതാൻ പോലുമറിയില്ല...

എന്നിട്ടും 'Dolo കുഴപ്പമുണ്ടോ...Panadol കുഴപ്പമുണ്ടോ...Calpol കുഴപ്പമുണ്ടോ' എന്നൊക്കെ മെസേജുകൾ വന്നു കൊണ്ടേ ഇരിക്കുന്നു...

അതായത്‌, ഈ ബ്രാൻഡ്‌ പ്രശ്‌നമാണെന്ന്‌ സംശയാതീതമായി തെളിയിക്കപ്പെട്ടത്‌ പോലെയുള്ള പ്രതികരണങ്ങൾ...

അക്ഷരങ്ങളോ സാരാംശമോ പ്രശ്‌നമല്ല...പാരസെറ്റമോൾ എന്ന്‌ മുതലാണ്‌ ജീവന്‌ ഹാനിയായിത്തുടങ്ങിയതെന്ന്‌ തിരിച്ച്‌ ചിന്തിക്കാൻ ഒരാളുമില്ല....ചുരുങ്ങിയത്‌ മെസേജിന്റെ നിലവാരമെങ്കിലും വരികൾക്കിടയിലൂടെ വായിക്കപ്പെടണം...വിശകലനം ചെയ്യണം..സംശയം ചോദിക്കണം...

ഡോക്‌ടർമാർ പഠിച്ചെഴുതി പല കുറി വെട്ടിത്തിരുത്തി കുറ്റമറ്റതാക്കി ഒടുക്കം പ്രസിദ്ധീകരിച്ച കുറിപ്പുകൾ ഇത്ര വായിക്കപ്പെടുന്നില്ല...ഇത്തരം കുറിപ്പുകൾ തൊണ്ട തൊടാതെ വിഴുങ്ങപ്പെടുന്നു...

ഈ ഒരു സാധനം കൊണ്ട്‌ വാട്ട്‌സ്സപ്പും മെസഞ്ചറും നിറഞ്ഞിരിക്കുന്നു... ചോദ്യത്തോട്‌ ചോദ്യം.

വിവരമില്ലായ്‌മ ഒരലങ്കാരമായി കൊണ്ടു നടക്കുന്നവർ ചെയ്യുന്ന സാമൂഹ്യദ്രോഹത്തിന്‌ നേരെ കണ്ണടച്ച്‌ ഒരു ക്ലിക്കിൽ ഒന്നിലേറെ പേർക്ക്‌ ഫോർവാർഡ്‌ ചെയ്യുമ്പോൾ, വിശേഷബുദ്ധി എന്നൊന്ന്‌ നമ്മൾ പണയം വെക്കുകയാണോ? പ്രബുദ്ധമലയാളി സമൂഹം ഇതെങ്ങോട്ടാണ്‌ ?’’