LiveTV

Live

Health

നിങ്ങളുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുവാന്‍ ശ്രദ്ധിക്കേണ്ട 25 കാര്യങ്ങള്‍

നല്ല ആരോഗ്യമുളള കുട്ടികൾക്ക് രോഗപ്രതിരോധശേഷി അവർ വലുതാകുമ്പോഴും കാണും. അതുകൊണ്ട് ആദ്യം ചെയ്യേണ്ടത് ചെറുപ്പത്തിലെ ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയാണ് 

നിങ്ങളുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുവാന്‍ ശ്രദ്ധിക്കേണ്ട 25 കാര്യങ്ങള്‍

അടിക്കടി രോഗങ്ങൾ ഉണ്ടാവുന്നുണ്ടോ? പ്രതിരോധശേഷി കുറയുന്നത് ദുർബലമായ ശരീരങ്ങളെ രോഗാണുക്കൾ ആക്രമിക്കാൻ ഇടയാക്കും. അതിനാൽ ഭക്ഷണക്രമത്തിലും ജീവിതചര്യയിലും മാറ്റങ്ങൾ വരുത്തി പ്രതിരോധശേഷി വർധിപ്പിക്കേണ്ടതുണ്ട്. ഇതാ നിങ്ങളുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുവാന്‍ ശ്രദ്ധിക്കേണ്ട 25 കാര്യങ്ങള്‍.

നല്ല ആരോഗ്യമുളള കുട്ടികൾക്ക് രോഗപ്രതിരോധശേഷി അവർ വലുതാകുമ്പോഴും കാണും. അതുകൊണ്ട് ആദ്യം ചെയ്യേണ്ടത് ചെറുപ്പത്തിലേ ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയാണ്. ഒരു കുഞ്ഞ് ജനിക്കും മുതൽ തന്നെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

1∙ നവജാത ശിശുവിന് ഒട്ടുമിക്ക അസുഖങ്ങളെയും ചെറുക്കാനുളള കരുത്തു നൽകുന്നത് കൊളസ്ട്രം (Colostrum) എന്ന ആദ്യത്തെ മുലപ്പാൽ ആണ്. രോഗാണുക്കളെ ചെറുക്കാൻ ശക്തിയുള്ള ഇമ്മ്യൂണോഗ്ലോബുലിൻ (immunoglobulin) ആദ്യത്തെ മുലപ്പാലിലുണ്ട്.

2∙ അമ്മയുടെ മുലപ്പാൽ മാത്രം ആദ്യത്തെ ആറു മാസം കൊടുക്കുക. ഇത് കുഞ്ഞുങ്ങളിൽ പ്രതിരോധശേഷി കൂട്ടും.കുട്ടിയുടെ ബുദ്ധി/തലച്ചോര്‍ വികാസത്തിന് സഹായിക്കുന്ന പ്രോട്ടീനുകളും അമിനോ ആസിഡുകളുമെല്ലാം അമ്മയുടെ പാലിലേയുള്ളൂ.

3∙ ആറുമാസം കഴിഞ്ഞാൽ ഉരുളക്കിഴങ്ങ് പുഴുങ്ങിയത്, കാരറ്റ്, നേന്ത്രപ്പഴം ഇവയൊക്കെ വേവിച്ചത് ഒക്കെ ഞരടി ഉടച്ച് കുറേശ്ശെ കൊടുക്കണം.

4∙ ബേക്കറി സാധനങ്ങൾ കഴിക്കരുത്. ബേക്കറി സാധനങ്ങളിലും മറ്റും ചേര്‍ക്കുന്ന കൃത്രിമ നിറങ്ങളും കേടാകാതിരിക്കാന്‍ ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവുകളും പ്രതിരോധശേഷി നഷ്ടപ്പെടുത്തും.

5∙ പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. രാവിലെ കഴിക്കുന്ന ആഹാരം ആരോഗ്യദായകമായിരിക്കണം. ഇതുവഴി ഒരു ദിവസത്തിന്റെ ആരംഭം കരുത്തുറ്റതും ഉൻമേഷകരവുമായി മാറ്റാൻ സാധിക്കും.

6∙ വെള്ളം എപ്പോഴും കൂടെ കരുതുക. പുറത്തു നിന്നും ലഭ്യമാകുന്ന ബോട്ടിൽ വെള്ളത്തെക്കാൾ ശുദ്ധജലം കൈയിൽ കരുതുക. വിഷാംശങ്ങൾ പുറംതളളാനും ധാരാളം വെളളം കുടിക്കുന്നതു നല്ലതാണ്. ഓരോ 25 കിലോ തൂക്കത്തിനും ഒരു ലിറ്റർ വെള്ളം കുടിക്കുക. ഉദാ: 75 കിലോ ഉള്ള വ്യക്‌തിയാണെങ്കിൽ 3 ലിറ്റർ വെള്ളമാണ് ഒരു ദിവസം കുടിക്കേണ്ടത്. വെള്ളം രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഉൻമേഷവാനായിരിക്കാനും സാധിക്കുന്നു.

7∙ആന്റി ഓക്സിഡന്റ്സ് (Anti oxidants) ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും ശീലമാക്കണം. രോഗാണുക്കളെ ചെറുക്കാനും ഉന്മേഷമുണ്ടാവാനും ഇത് സാഹായിക്കും.

8∙ വൈറ്റമിൻ എയുടെ (Vitamin A) കുറവു കൊണ്ടാണ് കണ്ണുകളെ ബാധിക്കുന്ന ചില രോഗങ്ങൾ ഉണ്ടാകുന്നത്. ഇലക്കറികൾ, പ്രത്യേകിച്ച് ചേമ്പിന്റെ ഇലയോ,ചീരയോ, മുരിങ്ങയിലയോ തോരൻ വച്ചു കഴിച്ചാൽ വൈറ്റമിൻ എ ധാരാളമായി.

9∙ നെല്ലിക്ക,കാരറ്റ് ദിവസേന ഓരോന്നു വീതം കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടും.

10∙ സൂര്യപ്രകാശമുളള തുറന്ന സ്ഥലത്തു ശാരീരിക വ്യായാമവും, കളിയും, ശരീരത്തിലെ വിഷാംശങ്ങൾ പുറംതളളപ്പെടാനും, വിറ്റാമിൻ ഡി (Vitamin D) ലഭിക്കുക്കാനും സഹായിക്കും.

11∙ കുട്ടികൾക്ക് രോഗപ്രതിരോധശേഷി കൂട്ടാനുളള പ്രധാന വഴി പ്രതിരോധ കുത്തിവയ്പ്പുകൾ കൃത്യസമയത്ത് നൽകുകയാണ്. പോളിയോ, അഞ്ചാംപനി, ഡിഫ്ത്തീരിയ, വില്ലൻ ചുമ, ടെറ്റനസ് പോലുളള അസുഖങ്ങൾക്കുളള കുത്തിവയ്പ്പുകൾ മുടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

12∙ മധുരപാനീയങ്ങളും സോഫ്റ്റ് ഡ്രിങ്ക്‌സും (Soft Drinks) ഒഴിവാക്കുക.ഇവയുടെ ദീർഘകാല ഉപയോഗം ഫാറ്റി ലിവർ പോലെയുള്ള കരൾ രോഗങ്ങൾക്കും പൊണ്ണത്തടിക്കും അസ്ഥിക്ഷയത്തിനുമൊക്കെ കാരണമാകും.

13∙ ഭക്ഷണം കഴിക്കുമ്പോള്‍ വെള്ളം കുടിക്കരുത്- ഭക്ഷണം കഴിച്ചശേഷം 40 മിനിറ്റ് കഴിഞ്ഞു മാത്രമെ വെള്ളം കുടിക്കാന്‍ പാടുള്ളു. ഭക്ഷണത്തിനൊപ്പം വെള്ളം കുടിച്ചാല്‍ ദഹനത്തെ ബാധിക്കുകയും അസി‍ഡിറ്റി ഉണ്ടാകുകയും ചെയ്യും.

14∙ രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുക. കട്ടികൂടിയ ആഹാരങ്ങൾ രാത്രിയിൽ അമിതമായി കഴിക്കരുത്. ദഹനം മന്ദീഭവിപ്പിക്കുന്ന ജങ്ക് (Junk) ഫുഡുകളും ഒഴിവാക്കണം. രാത്രി എട്ടുമണിക്കു മുമ്പ് തന്നെ ഭക്ഷണം കഴിക്കുക. ഭക്ഷണം കഴിച്ചു ഉടന്‍ ഉറങ്ങാനും പാടില്ല.

15∙ ഭക്ഷണത്തിന് മുമ്പും ടോയ്‌ലെറ്റിൽ പോയതിനു ശേഷവും കൈ നല്ലതുപോലെ കഴുകണം- ശുചിത്വക്കുറവ് മൂലം പിടിപെടാന്‍ സാധ്യതയുള്ള അസുഖങ്ങളെ അകറ്റിനിര്‍ത്താന്‍ ഈ ശീലം പ്രധാനമാണ്. രോഗം വരാതിരിക്കാനും അത്‌ പകരാതിരിക്കാനും ഉള്ള ഏറ്റവും നല്ല വഴികളിൽ ഒന്നാണ്‌ കൈ കഴുകുന്നത്‌.

16∙ മീനിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് നിറഞ്ഞ മത്സ്യങ്ങളാണ് ഏറ്റവും ആരോഗ്യപ്രദമായത്. ഒമേഗ 3 (Omega 3 Fatty Acid)ഫാറ്റി ആസിഡിനാൽ സമ്പുഷ്ടമായ മത്സ്യം ആഴ്ചയിൽ രണ്ടു തവണയെങ്കിലും കറി വെച്ച് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും.

17∙ ശരീര ഭാരം: അമിത ഭാരം വരാതെ ശ്രദ്ധിക്കുക. BMI (ബോഡി മാസ്സ് ഇൻഡക്സ്) 25 താഴയെന്നു ഉറപ്പു വരുത്തുക. അമിത ഭാരമുണ്ടെങ്കില്‍ സ്ഥിരമായി വ്യായാമം ചെയ്യുകയും മെലിയാനും ശ്രമിക്കുക. ദിവസേന ശരീരത്തിലേക്ക് കടക്കുന്ന കലോറിയുടെ അളവ് കുറയ്ക്കുന്നവര്‍ ശാരീരിക ക്ഷമതയുള്ളവരും മികച്ച രോഗ പ്രതിരോധശേഷിയുള്ളവരും ആയിരിക്കും.

18∙ലയിക്കുന്ന നാരുകള്‍(Soluble fiber): ആധുനിക കാലത്ത് നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കാത്തതു കൊണ്ട് നിരവധി ജീവിതശൈലീ രോഗങ്ങൾ കാണപ്പെടുന്നു എന്നു പഠനങ്ങൾ വെളിവാക്കുന്നുണ്ട്. ഭക്ഷണത്തിലെ നാരുകൾക്ക് ശരീരത്തിൽ വളരെയധികം ഗുണകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും. പലതരം അസുഖങ്ങളെ അവ തടയുന്നു.ശരീരപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഭക്ഷണത്തിലെ നാരുകൾക്കാവും.

19∙ പ്‌ളാസ്റ്റിക് (Plastic) കഴിയുന്നത്രയും ഒഴിവാക്കുക. ചൂടും തണുപ്പുമായ ആഹാരം പ്ലാസ്റ്റിക്കിൽ തട്ടുമ്പോൾ പല മാരകമായ വിഷാംശം ആഹാരത്തിൽ ചേരുന്നു. ഇത് ഒഴിവാക്കുക.

20∙ സിഗരറ്റ്, മദ്യം, ഡ്രഗ്സ് പൂർണമായി ഒഴിവാക്കുക. ഇത് ആരോഗ്യം തകർക്കുക മാത്രമല്ല മരണം പെട്ടെന്നാക്കും.

21∙ പച്ചക്കറികളും പഴ വർഗ്ഗങ്ങളും കൃഷി ചെയ്യുന്നത്‌ വളവും കീടനാശിനിയും ഉപയോഗിച്ചാണ്‌. അതുകൊണ്ട്, അവ പാചകം ചെയ്യുന്നതിനുമുമ്പ് കുറച്ചു നേരം ചെറിയ ചൂട് വെള്ളത്തിൽ ഉപ്പിട്ട് നന്നായി കഴുകുക.

22∙ ഏത്‌ പ്രായത്തിലുള്ളവരാണെങ്കിലും പതിവായി വ്യായാമം ചെയ്യുന്നെങ്കിൽ മാത്രമേ നല്ല ആരോഗ്യം നിലനിറുത്താനാകുകയുള്ളൂ. ഒരു ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും 30 മിനിറ്റ് വ്യായാമം ചെയ്യുക.

23∙ ഉറക്കമില്ലാത്ത അവസ്ഥ നമ്മുടെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ തളര്‍ത്തുന്ന ഒന്നാണ്. ഉറങ്ങാത്തവര്‍ തങ്ങളുടെ ആരോഗ്യം തന്നെയാണ് ഇല്ലാതെ ആക്കുന്നത്. എത്രമാത്രം ഉറക്കം വേണമെന്നത്‌ ഒരോ വ്യക്തിയെയും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. നവജാത ശിശുക്കൾ ദിവസവും 16-18 മണിക്കൂർ ഉറങ്ങുമ്പോൾ 1-4 വയസ്സുള്ള കുട്ടികൾ 11-ഓ 12-ഓ മണിക്കൂറും ഉറങ്ങേണ്ടത്‌ ആവശ്യമാണ്‌. സ്‌കൂളിൽ പോകുന്ന കുട്ടികൾ 10 മണിക്കൂറും കൗമാരത്തിലുള്ളവർ 9-ഓ 10-ഓ മണിക്കൂറും പ്രായപൂർത്തിയായവർ 7-ഓ 8-ഓ മണിക്കൂറും ഉറങ്ങേണ്ടതാണ്‌.

24∙ പഞ്ചസാരയുടെ അമിത ഉപയോഗം ആരോഗ്യത്തിന് അത്ര നല്ലതല്ല. പ്രമേഹം, പൊണ്ണത്തടി എന്നിവയൊക്കെ അമിതമായ പഞ്ചസാരയുടെ ഉപയോഗം കൊണ്ടു സംഭവിക്കുന്ന പ്രശ്‌നങ്ങളാണ്. കഴിവതും പഞ്ചസാര കഴിക്കുന്നത് ഒഴിവാക്കുക.

25∙ മനസിന് ആരോഗ്യമുണ്ടെങ്കിലെ ശരീരത്തിനും ആരോഗ്യമുണ്ടാവുകയുള്ളൂ. ആരോഗ്യമുള്ള ശരീരത്തിനുള്ളിലൊരു ആരോഗ്യമുള്ള മനസ്സാണ് നമ്മുക്കു ആവശ്യം.എപ്പോഴും സന്തോഷവാനായിരിക്കുക. യോഗാഭ്യാസവും ശ്വസന വ്യായാമങ്ങളും സ്ഥിരമായി ചെയ്യുന്നത് മനസ്സിന് ഏറെ കരുത്ത് നല്‍കും.

രോഗങ്ങൾ തുടര്‍ക്കഥയായി മാറിയാൽ പിന്നെ, സന്തോഷമായി ജീവിക്കാനാവില്ല. പരസ്യങ്ങളിൽ കാണുന്ന രോഗപ്രതിരോധശക്തിയുണ്ടാക്കുന്ന മരുന്നുകളേക്കാൾ ഈ 25 ഹെൽത്ത് ടിപ്സ് ഗുണം ചെയ്യും.

കടപ്പാട്: ഡോ.ഡാനിഷ് സലിം