LiveTV

Live

Health

കൊടുങ്കാറ്റ് പോലെയാണ് മൈഗ്രേന്‍; അതിനെ ഇങ്ങിനെയും പിടിച്ചുകെട്ടാം

ചില മാർഗങ്ങൾ സ്വീകരിച്ചാൽ മൈഗ്രേനെ ഒരു പരിധിവരെ നിയന്ത്രിക്കുവാൻ സാധിക്കും 

കൊടുങ്കാറ്റ് പോലെയാണ് മൈഗ്രേന്‍; അതിനെ ഇങ്ങിനെയും പിടിച്ചുകെട്ടാം

പല വിധത്തിലുള്ള തലവേദനകൾ നമ്മളെ വേട്ടയാടാറുണ്ട്. അവയുടെ കാരണങ്ങളും പലതാണ്. തലവേദനയിൽ ഏറ്റവും കഠിനമേറിയ ഒന്നാണ് മൈഗ്രേൻ (Migraine) അഥവാ ചെന്നിക്കുത്ത്. സ്ത്രീകൾക്കും പുരുഷന്മാർക്കും മൈഗ്രേൻ വരാറുണ്ടെങ്കിലും കൂടുതലും സ്ത്രീകളിലാണ് ഇത് കണ്ടു വരുന്നത്. ചില മാർഗങ്ങൾ സ്വീകരിച്ചാൽ മൈഗ്രേനെ ഒരു പരിധിവരെ നിയന്ത്രിക്കുവാൻ സാധിക്കും. ഇന്നിവിടെ മൈഗ്രേന്റെ കാരണങ്ങളും അത് എങ്ങനെ പ്രതിരോധിക്കാം എന്നും വിശദീകരിക്കാം.‌

മൈഗ്രേന്റെ കാരണങ്ങൾ എന്തൊക്കെ ?

ഇത് പിടിപെടാന്‍ കൃത്യമായ കാരണങ്ങള്‍ ഇല്ല. ശരീരത്തിന് അകത്തോ പുറത്തോ ഉള്ളതായ ഒരു സമ്മര്‍ദ്ദത്തോട് തലച്ചോര്‍ പ്രതികരിക്കുമ്പോഴാണ് വാസ്തവത്തിൽ മൈഗ്രേന്‍ ഉണ്ടാകുന്നത്. പാരമ്പര്യഘടകങ്ങളുമായി വളരെ ബന്ധമുള്ള അസുഖമായിട്ടാണ് ഇതു കാണാറ്. അച്ഛനും അമ്മയ്ക്കും മൈഗ്രേൻ ഉണ്ടെങ്കിൽ കുട്ടികൾക്കും വരാം. ഓരോരുത്തർക്കും വരുന്ന മൈഗ്രേൻ പ്രകോപനങ്ങൾ അഥവ ‘ട്രിഗറുകൾ’ (Trigger) വ്യത്യസ്തമാണ്. പൊതുവായി കണ്ടുവരുന്ന ചില കാരണങ്ങൾ നോക്കാം.

1∙ മാനസിക സംഘർഷം ഒരു പ്രധാന കാരണമാണ്. മൈഗ്രേന്റെ മറ്റൊരു പേരു തന്നെ ‘ടെൻഷൻ വാസ്കുലാർ ഹെഡ്‌എയ്ക്ക്’ എന്നാണ്

2∙ തിയറ്റർ, സ്പീക്കറുകൾ, മെഷീനുകൾ പ്രവർത്തിക്കുന്ന ശബ്ദം എന്നിങ്ങനെയുള്ള ഉച്ചത്തിലുള്ള ശബ്ദം തുടർച്ചയായി കേൾക്കേണ്ടി വരുമ്പോൾ മൈഗ്രേൻ വരാം.

3∙ ഉറക്കക്കൂടുതൽ, ഉറക്കമില്ലായ്മ, തടസപ്പെടുന്ന ഉറക്കം, വേണ്ടത്ര ഉറക്കം കിട്ടാതിരിക്കുക എന്നീ സാഹചര്യങ്ങളിലും മൈഗ്രേൻ വരാം.

4∙ അമിതമായി വെയിൽ കൊള്ളുക, കാലാവസ്ഥയിലെ മാറ്റം സഹിക്കാനാകാതെ വരിക എന്നിവയും മൈഗ്രേൻ ഉണ്ടാകും .

5∙ പൂക്കളുടെയോ പെർഫ്യൂമിന്റെയോ ചന്ദനത്തിരിയുടെയോ മറ്റോ ഗന്ധം ചിലർക്ക് രോഗകാരണമാകാം.

6∙ കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുമ്പോഴും ചായയോ കാപ്പിയോ കുടിച്ചു ശീലിച്ചവർക്ക് അത് സമയത്ത് കിട്ടാതിരിക്കുമ്പോഴും മൈഗ്രേൻ ഉണ്ടാകാം.

7∙ ഓടുന്ന വണ്ടിയിലിരുന്ന് പുസ്തകം വായിക്കുക, മൊബൈൽ ഫോൺ നോക്കുക, സിനിമ കാണുക തുടങ്ങിയവയും കാരണമായി മാറാം.

8∙ ആർത്തവമടുക്കുമ്പോഴും ആർത്തവസമയത്തും ചിലർക്ക് കടുത്ത തലവേദയുണ്ടാകാം.

9∙ ഹോർമോണുകൾ അടങ്ങിയിട്ടുള്ളതിനാൽ ഗർഭനിരോധന ഗുളികകൾ, ആർത്തവം വൈകിപ്പിക്കാൻ കഴിക്കുന്ന ഗുളികകൾ കഴിക്കുന്നവരിലും മൈഗ്രേൻ കാണാറുണ്ട്.

10∙ ചില ആഹാര സാധനങ്ങൾ കഴിച്ചു കഴിഞ്ഞാലുടനെ മൈഗ്രേൻ വരാറുണ്ട്. ഉദാഹരണത്തിന് -മദ്യം, ചോക്ലേറ്റ്, ഐസ് ക്രീം തുടങ്ങിയവ.

എന്തൊക്കെയാണ്‌ ലക്ഷണങ്ങൾ ?

കൊടുങ്കാറ്റടിക്കും പോലെയാണ് മൈഗ്രേൻ വരുന്നത്. വേദന വരുന്ന ആദ്യ മണിക്കൂർ തൊട്ട് അത് തീരുന്ന ദിവസം വരെ രോഗിയെ മൊത്തത്തിൽ പിടിച്ചുലയ്ക്കും. തലയുടെ ഒരു വശത്തുനിന്നും തുടങ്ങി ക്രമേണ വർധിച്ച് തലമൊത്തം വ്യാപിക്കുന്ന അസഹ്യമായ വേദനയാണ് രോഗലക്ഷണങ്ങളിൽ പ്രധാനം.

ഒരു കാര്യത്തിലും ശ്രദ്ധിക്കാൻ പറ്റാതാകുക, കാഴ്ചയ്ക്ക് പെട്ടെന്ന് മങ്ങൽ, ഇരട്ടിച്ചു കാണുക, കണ്ണു തുറക്കാൻ കഴിയാത്ത വിധം വേദന, തലകറക്കം, തലപ്പെരുപ്പ്, ഛർദി തുടങ്ങിയവയും ഈ രോഗം മൂലം അനുഭവപ്പെടുന്നു. ചിലർക്ക് ഈ അവസ്ഥ ദിവസങ്ങളോളം തന്നെ നീണ്ടു നിൽക്കും.

ചിലർക്ക് കണ്ണുകള്‍ക്കുള്ളിലോ തലയിലോ വലയങ്ങള്‍ കാണുന്ന പോലുള്ള അനുഭവപ്പെടും. ഇതിനെ ‘ഓറ’ എന്ന് പറയും. കടുത്ത തലവേദനയ്ക്കു മുൻപായി ‘ഓറ’ അഥവാ മുന്നറിയിപ്പുകൾ ഉണ്ടാകുക ആണെങ്കിൽ അതിനെ ക്ലാസിക്കൽ മൈഗ്രേന് എന്ന് വിളിക്കും. വേദന വരും മുൻപേ തന്നെ അതിനെ നേരിടാനുള്ള മാർഗങ്ങൾ തയാറാക്കി വയ്ക്കാമെന്നതിനാൽ ഓറ വളരെ സഹായകരമാണ്. സാധാരണഗതിയിൽ ഓറ വന്ന് ഒരു മണിക്കൂറിനുള്ളിൽ തലവേദന തുടങ്ങും.

മൈഗ്രേൻ എങ്ങനെ വരാതെ നോക്കാം?

മൈഗ്രേൻ ഉണ്ടെന്നു സംശയം വന്നാൽ തുടക്കത്തിൽ തന്നെ മരുന്ന് കൊടുത്ത് ശീലിപ്പിക്കാതെ, ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്തി നോക്കുക. മൈഗ്രേൻ വരാനുള്ള ട്രിഗറുകൾ പലർക്കും പലതാണ്. അവ സ്വയം കണ്ടുപിടിച്ച് ഒഴിവാക്കുക എന്നതാണ് ഏറ്റവും നല്ല ചികിത്സ.

1∙ വളരെ പിരിമുറുക്കമുള്ള സാഹചര്യത്തിൽ ജോലി ചെയ്യുന്നവർ മനസ്സ് ശാന്തമാക്കി വയ്ക്കാനുള്ള എന്തെങ്കിലും മാർഗങ്ങൾ സ്ഥിരമായി ചെയ്തു ശീലിക്കുക. മെഡിറ്റേഷൻ, പാട്ട് കേൾക്കൽ, നടത്തം, മനസ്സിനു സുഖം തരുന്ന ഹോബികൾ അങ്ങനെ എന്തെങ്കിലും ശീലിക്കാം.

2∙ മാനസിക പിരിമുറുക്കം തരുന്ന ജോലികളിൽ നിന്നും താൽക്കാലികമായി മാറി നിൽക്കണം. ടെൻഷനും ഉൽകണ്ഠയും രോഗം വർധിപ്പിക്കും.

3∙ വെയിൽ കൊള്ളുന്നത് നന്നല്ല. പുറത്തു ഇറങ്ങുമ്പോൾ, കുറച്ച് സമയത്തേക്കാണെങ്കിൽ കൂടി കുട പിടിക്കാൻ മറക്കരുത്.

4∙ പരീക്ഷയുള്ളവരും സ്ഥിരമായി കമ്പ്യൂട്ടർ ഉപയോഗിക്കുന്നവരും ആവശ്യത്തിന് ബ്രേക്ക് എടുക്കുക. അൽപനേരം പച്ചപ്പിലേക്ക് നോക്കിയിരിക്കുക, പുറത്തിറങ്ങി നടക്കുക തുടങ്ങിയവ ടെൻഷനും സ്ട്രെസ്സും കുറയ്ക്കും.

5∙ മൈഗ്രേൻ ഉള്ളവർ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ ഇരുന്ന് വായിക്കുക, ടിവി കാണുക, മൊബൈൽ/ ലാപ്ടോപ്പ് നോക്കുക എന്നിവ നോക്കരുത്.

6∙ കഴിവതും എട്ട് മണിക്കൂർ ഇടതടവില്ലാതെ ഉറങ്ങാൻ ശ്രദ്ധിക്കണം. കൃത്യസമയം നിശ്ചയിച്ചിട്ട് അതിനപ്പുറം ഒരുകാരണവശാലും ഉറക്കമിളച്ചിരിക്കില്ലെന്ന് തീരുമാനമെടുക്കണം.

7∙ തലവേദനയുണ്ടാക്കുന്ന ഗന്ധത്തിനു കാരണമായ പെർഫ്യൂമുകൾ, ചന്ദനത്തിരികൾ, പൂക്കൾ തുടങ്ങിയവയിൽ നിന്ന് അകലം പാലിക്കണം.

8∙ ചിലർക്ക് ഗർഭനിരോധന ഗുളികകൾ തലവേദനയുണ്ടാക്കുമെന്നതിനാൽ കോപ്പർ ടി, കോൺടോം പോലുള്ള മറ്റു മാർഗങ്ങൾ സ്വീകരിക്കുക.

9∙ നിർജലീകരണം അഥവാ ഡീഹൈഡ്രേഷൻ മൈഗ്രേൻ രൂക്ഷമാക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. വീട്ടിലാണെങ്കിലും ജോലി സ്ഥലത്താണെങ്കിലും ദിവസവും ഒന്നര – രണ്ടു ലീറ്റർ വരെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.

10∙ ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും വ്യായാമത്തിനായി സമയം കണ്ടെത്തണം. വ്യായാമം ചെയ്യുമ്പോൾ എൻഡോർഫിൻ (endorphin) കൂടുതലായി ഉൽപാദിക്കപ്പെടും അവ വേദനസംഹാരിയായി പ്രവർത്തിക്കുകയും ചെയ്യും.

11∙ മറ്റെന്തിങ്കിലും കാരണമാണോ എന്നറിയാൻ കണ്ണു പരിശോധനയും നടത്തണം.

12∙ ലളിതമായ യോഗ കൃത്യമായി പരിശീലിക്കുന്നതും മൈഗ്രേനിനെ തടയാന്‍ നല്ലതാണ്.

13∙ വിശന്നിരിക്കാതെ ഭക്ഷണം കൃത്യസമയത്തു കഴിക്കണം. രക്തത്തിലെ ഗ്ലൂക്കോസ് നിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ശരീരത്തിലെ പ്രവർത്തനങ്ങളുടെ ബാലൻസ് തെറ്റിക്കുകയും മൈഗ്രേൻ ഉള്ളവരിൽ തലവേദന വരുന്നതിന് കാരണമാകുകയും ചെയ്യാം. ചായ, കാപ്പി എന്നിവ കുടിച്ച് ശീലിച്ചവർ അതും സമയത്തു തന്നെ കുടിക്കുക.

14∙ മൈഗ്രേൻ തലവേദന കൂടിയാൽ, അത്യാവശ്യഘട്ടത്തിൽ കഴിക്കാവുന്ന മരുന്നാണ് പാരസെറ്റമോൾ ടാബ്‌ലെറ്റാണ്. സാധാരണ മൈഗ്രേൻ വന്നാൽ ഒരു ഗുളിക (ഒരു ഗ്രാം) കഴിച്ചാൽ മതിയാകും. തലവേദനയുടെ തുടക്കത്തിൽ തന്നെ കഴിക്കാൻ ശ്രദ്ധിക്കണം.

15∙ മൈഗ്രേന്‍ പുതിയ മരുന്നുകൾ ധാരാളമുണ്ട്. വേദനയെ പെട്ടെന്നു ശമിപ്പിക്കുന്ന ഗുളിക രൂപത്തിലും ഇൻജെക്‌ഷനായും സ്പ്രേയായും ഒക്കെ ഇവ ലഭ്യമാണ്. ഈ മരുന്നുകൾ ഡോക്ടറുടെ നിർദേശമനുസരിച്ച് മാത്രം ഉപയോഗിക്കുക.

ട്രിഗറുകൾ (Trigger) കണ്ടുപിടിക്കുക, ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്തി നോക്കുക, പലർക്കും മൈഗ്രേൻ പൂർണമായി മാറിയിട്ടുണ്ട്.

കടപ്പാട്: ഡോ.ഡാനിഷ് സലിം