LiveTV

Live

Health

കുട്ടികളിലെ തലവേദനക്കും കാഴ്ചകുറവിനും കാരണം മൊബൈലോ?

ദിവസത്തിൽ ഒരു മണിക്കൂറിൽ കൂടുതൽ കുട്ടികളെ മൊബൈലിനും ലാപ്‌ടോപ്പിനും മുൻപിൽ ചെലവഴിക്കാൻ സമ്മതിക്കരുതെന്ന് ലോകാരോഗ്യ സംഘടനയുടെ താക്കീത്.

കുട്ടികളിലെ തലവേദനക്കും  കാഴ്ചകുറവിനും കാരണം മൊബൈലോ?

കുട്ടികൾ പാടത്തും വരമ്പിലും കളിച്ചു നടക്കുന്ന കാലമൊക്കെ കഴിഞ്ഞു. ഇന്ന് ഫ്ളാറ്റുകളിലെ നാല് ചുവരുകൾക്കിടയിൽ സാങ്കേതികതയുടെ ലോകത്തു ഒതുങ്ങി പോകുന്നു നമ്മുടെ ബാല്യം. കാറും ബസും പാവകളും അടങ്ങിയ കളിക്കോപ്പുകൾ ഇന്ന് മൊബൈലിനും ടാബിനും ലാപ്ടോപ്പുകൾക്കും വഴിമാറി. കുട്ടികളിലെ വികൃതിയും വാശിയും അടക്കി ഇരുത്താൻ ഉള്ള എളുപ്പവഴിയായി മാതാപിതാക്കളും ഇതിനെ പ്രോഹത്സാഹിപ്പിക്കാറുണ്ട്. എന്നാൽ ഇതിന്‍റെ ദൂഷ്യവശത്തെക്കുറിച്ചു അവർ ചിന്തിക്കുന്നില്ല. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ഓരോ വർഷവും വിവിധ പ്രായത്തിലുള്ള 5 ദശലക്ഷത്തിലധികം ആളുകളാണ് ശാരീരിക വ്യായാമങ്ങളുടെ അഭാവം മൂലം മരണമടയുന്നത്. നിലവിൽ ഇരുപത്തിമൂന്നു ശതമാനത്തിലധികം മുതിർന്നവരും എൺപതു ശതമാനത്തോളം കൗമാരക്കാരും വ്യായാമങ്ങളുടെ കുറവ് കാരണം ശാരീരിക വിഷമതകൾ അനുഭവിക്കുന്നുണ്ട്.

കുട്ടികളിലെ ഇത്തരം പ്രവണതകൾ അവരുടെ ആരോഗ്യത്തെ ബാധിക്കുന്നതിനാൽ ലോകാരോഗ്യ സങ്കടന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. ആറ് വയസിൽ താഴെയുള്ള കുട്ടികളിലുണ്ടാകുന്ന കാഴ്ച വൈകല്യങ്ങൾ, തലവേദന മുതലായവയുടെ പ്രധാന കാരണം ടെലിവിഷന്‍റെയും മൊബൈൽ ഫോണിന്‍റെയും അമിത ഉപയോഗമാണെന്നാണ് ഡോക്ടർമാരുടെ ഭാഷ്യം. മൂന്ന് വയസിനും ആറ് വയസിനും ഇടയിൽ പ്രായമുള്ള നൂറു കുട്ടികളുടെ കണക്കെടുത്താൽ അവരിൽ ആറ് പേരെയും തലവേദന അലട്ടുന്നുണ്ട്. ഇത്തരം തലവേദനകൾ പിന്നീട് മുതിർന്നവരിൽ മാത്രം കണ്ടു വന്നിരുന്ന കാഴ്ചവൈകല്യങ്ങൾക്കു കാരണമാകുന്നു.

എല്ലാ മാസവും ഹൃസ്വദൃഷ്ടി മൂലം മൂന്നിൽ കൂടുതൽ കുട്ടികളാണ് തന്‍റെയടുത്തു ചികിത്സയ്‌ക്കെത്തുന്നതെന്നു ഡൽഹി ശ്രീ ബാലാജി ആക്ഷൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ.അദിതി ദുസാജ് പറയുന്നു. തലവേദനയാണ് ആദ്യ ലക്ഷണം. അധിക നേരം സ്‌ക്രീനിൽ നോക്കി ഇരിക്കുന്നത് മൂലമുണ്ടാകുന്ന ഈ അവസ്ഥയാണ് 'അക്കൊമൊഡേറ്റീവ് മയോപ്പിയ'

ജോലിത്തിരക്ക് കാരണം നേഴ്‌സറി ഗാനങ്ങളും കഥകളും ഒക്കെ മൊബൈലിൽ വെച്ച് കൊടുക്കുന്ന മാതാപിതാക്കൾ തന്നെയാണ് ഇതിലെ കുറ്റക്കാർ എന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ദിവസത്തിൽ ഒരു മണിക്കൂറിൽ കൂടുതൽ കുട്ടികളെ മൊബൈലിനും ലാപ്‌ടോപ്പിനും മുൻപിൽ ചിലവഴിക്കാൻ സമ്മതിക്കരുതെന്നാണ് ലോകാരോഗ്യ സംഘടനയുടെ താക്കീത്. കാഴ്ച വൈകല്യങ്ങൾക്കു പുറമെ ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ആത്മവിശ്വാസക്കുറവ്, പഠനവൈകല്യം, വിഷാദം മുതലായ രോഗങ്ങൾക്കും ഇത് കാരണമാകുന്നു.