LiveTV

Live

Health

അങ്ങനെയാണ് ഈ അച്ഛനുമമ്മയും തങ്ങളുടെ കു‍ഞ്ഞിന് ജന്മം നല്‍കിയവരും ജീവന്‍ നല്‍കിയവരും ജീവിതം നല്‍കിയവരുമായത്....

കരള്‍ മാറ്റിവെക്കുകയല്ലാതെ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ വേറെ വഴിയില്ല. പക്ഷേ, അതിന് നില്‍ക്കേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍.. അവളെ മരണത്തിന് വിട്ടുകൊടുക്കില്ലെന്ന് ഒരു അച്ഛനുമമ്മയും.... 

അങ്ങനെയാണ് ഈ അച്ഛനുമമ്മയും തങ്ങളുടെ കു‍ഞ്ഞിന് ജന്മം നല്‍കിയവരും ജീവന്‍ നല്‍കിയവരും ജീവിതം നല്‍കിയവരുമായത്....
2015 മാര്‍ച്ച് 26 നാണ് മഞ്ചേരി സ്വദേശികളായ മായയ്ക്കും രാജുവിനും ഒരു കുഞ്ഞ് പിറക്കുന്നത്.. അവരവളെ ദയയെന്ന് വിളിച്ചു... പക്ഷേ കാലം അവരോട് ദയ കാണിച്ചില്ലെന്ന് ഒരു മാസം കഴിഞ്ഞപ്പോഴേക്കും അവര്‍ തിരിച്ചറിഞ്ഞു... തങ്ങളുടെ കരളിന്‍റെ കരളായ കുഞ്ഞിന്‍റെ കരള്‍ പണിമുടക്കിലാണ്... അത് മാറ്റിവെക്കുകയല്ലാതെ, അവള്‍ക്ക് ജീവന്‍ കൊടുക്കാന്‍ മറ്റ് വഴികളൊന്നുമില്ല... നീണ്ട പരിശോധനകള്‍, ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്കുള്ള യാത്രകള്‍, അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന കുഞ്ഞിന്‍റെ ആരോഗ്യം... അവസാനം ഒരു വയസ്സു കഴിഞ്ഞയുടനെ അമ്മ അവള്‍ക്ക് കരള്‍ പകുത്ത് നല്‍കി.. അച്ഛനുമമ്മയും കൂടി അവള്‍ക്ക് വീണ്ടും ജീവനും ജീവിതവും നല്‍കി.. ആ ജീവിതം അവര്‍ തന്നെ പറയുന്നു..
അച്ഛനും അമ്മയ്ക്കും അച്ഛമ്മയ്ക്കൊപ്പവും ദയ
അച്ഛനും അമ്മയ്ക്കും അച്ഛമ്മയ്ക്കൊപ്പവും ദയ

‘’ജീവിതത്തില്‍ നമുക്ക് ഒരുപാട് പ്രതിസന്ധികളെ നേരിടേണ്ടി വരും... ചിലത് പെട്ടെന്ന് കടന്നുപോകും... ചിലത് നമ്മളെത്തന്നെ ഇല്ലാതെയാക്കും... ചിലത് മറവി കൊണ്ട് സ്വയം പരിഹരിക്കപ്പെടും.. പക്ഷേ, ചിലത് ജീവിതത്തിന്‍റെ രീതി, സ്വഭാവം എല്ലാം മാറ്റിയെടുത്ത് ആയുഷ്‍ക്കാലം മുഴുവന്‍ നമ്മളെ പിന്തുടരും... അതില്‍പ്പെടുന്ന ഒന്നാണ്, കരള്‍മാറ്റ ശസ്ത്രക്രിയ... പ്രത്യേകിച്ച് കുഞ്ഞുങ്ങളിലെ കരള്‍മാറ്റ ശസ്ത്രക്രിയ... ജീവിതകാലം മുഴുവന്‍ നീട്ടുനില്‍ക്കുന്ന ഒരു ദൌത്യമാണത്.. രോഗം തിരിച്ചറിയപ്പെട്ടാല്‍ പിന്നെ അതുമായി ബന്ധപ്പെട്ട ചികിത്സകള്‍, സര്‍ജറി, അതിന് കണ്ടെത്തേണ്ട പണം, സര്‍ജറിക്ക് ശേഷം അവയവമാറ്റത്തിന് വിധേയമായ വ്യക്തിയെ പരിചരിക്കേണ്ടതില്‍ പുലര്‍ത്തേണ്ട ശ്രദ്ധ, പ്രതിരോധശേഷി ബാലന്‍സ് ചെയ്ത് നിര്‍ത്താനുള്ള മരുന്നുകള്‍, അതുകൊണ്ടുവരുന്ന മറ്റ് അസുഖങ്ങള്‍... അങ്ങനെ ഒരു ജീവിതകാലം മുഴുവന്‍ ആ കുടുംബമൊന്നാകെ ഒരുപാട് ശ്രദ്ധയോടെ, കരുതലോടെ ജീവിക്കേണ്ടി വരും.

2015 മാര്‍ച്ച് 26 നാണ് ഞങ്ങള്‍ക്ക് ഒരു കുഞ്ഞ് പിറക്കുന്നത്... വരുമെന്ന് പ്രതീക്ഷിച്ചിരുന്ന ദിവസത്തിനും ഏറെ മുന്നേയാണ് അവള്‍, ഞങ്ങളുടെ ദയ എത്തിയത്.. അതിന്‍റെ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ അവള്‍ക്കുണ്ടാകുമോ എന്ന ആശങ്ക ഞങ്ങളുടെ ഉള്ളിലുണ്ടായിരുന്നു. ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ ഞങ്ങളുടെ ആ ആശങ്ക ശരിയായി വരികയാണെന്ന് ബോധ്യപ്പെട്ടു. അവളുടെ രക്തത്തില്‍ ബിലിറൂബിന്‍റെ (Bilirubin) അളവ് കൂടുന്നത് പരിശോധനയില്‍ വ്യക്തമായി. Biliary atresia എന്ന അസുഖം സ്ഥിരീകരിക്കപ്പെട്ടു.. ഗര്‍ഭപാത്രത്തിലിരിക്കുമ്പോള്‍ തന്നെയോ ജനിച്ച് ആഴ്ചകള്‍ക്കുള്ളിലോ കരളില്‍ നിന്ന് പുറത്തേക്കുള്ള ബൈല്‍ ഡക്‍ട്സ് പെട്ടെന്ന് നശിച്ചു പോകുന്ന അവസ്ഥയാണിത്. കരളില്‍ നിന്ന് പിത്തരസം പുറത്തേക്ക് പോകുന്നതിന് പകരം, കെട്ടിക്കിടന്ന് കരളുതന്നെ നശിക്കും. രണ്ടോ മൂന്നോ വയസ്സിനുള്ളില്‍ കുട്ടി മരിച്ചുപോവുകയും ചെയ്യും.

അവയവമാറ്റമല്ലാതെ കുട്ടിയെ രക്ഷപ്പെടുത്താന്‍ വേറെ വഴിയൊന്നുമില്ല... പക്ഷേ, അതിന് നില്‍ക്കേണ്ടതില്ല എന്നാണ് പല ഡോക്ടര്‍മാരും ഞങ്ങളെ ഉപദേശിച്ചത്. എന്തിന് ഇത്ര വലിയ റിസ്ക് ഏറ്റെടുക്കണം.. ദൈവം നല്‍കിയ ആയുസ് വരെ കുഞ്ഞ് ജീവിക്കട്ടെ... കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞാലും അവള്‍ക്ക് ഒരു ജീവിതം കൊടുക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്കുറപ്പുണ്ടോ... അവള്‍ വളര്‍ന്നുവരുമ്പോള്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍, അവള്‍ക്ക് സാധാരണ ആളുകളെപ്പോലെ ഇടപെടാനും പഠിക്കാനും ജോലിക്കുപോകാനും തടസ്സങ്ങളുണ്ടായാല്‍... ഒരുപാട് ആശങ്കകളാണ് ഡോക്ടര്‍മാര്‍ ഞങ്ങളില്‍ നിറച്ചത്. ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്തെ സാഹചര്യങ്ങളില്‍ ഇത്തരം ആരോഗ്യപ്രശ്നങ്ങളുള്ള ഒരു കുട്ടിയെ വളര്‍ത്തിക്കൊണ്ടുവരികയെന്നത് വളരെ ദുഷ്കരമായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ ഞങ്ങളെ നിരന്തരം ബോധ്യപ്പെടുത്തി.

അങ്ങനെയാണ് ഈ അച്ഛനുമമ്മയും തങ്ങളുടെ കു‍ഞ്ഞിന് ജന്മം നല്‍കിയവരും ജീവന്‍ നല്‍കിയവരും ജീവിതം നല്‍കിയവരുമായത്....

അതേ, അവളെ മരണത്തിന് വിട്ടുകൊടുക്കണമെന്ന്, അതാണ് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ആലോചിക്കാനാവില്ലായിരുന്നു, ഞങ്ങളിലെ അച്ഛനുമമ്മയ്ക്കുമത്... ശരിയാണ് അവളില്‍ കണ്ടെത്തിയ ഈ അസുഖത്തിന് അവയവമാറ്റമല്ലാതെ മറ്റ് ചികിത്സകളില്ല.. അതാണെങ്കില്‍ ചെലവേറിയത്. മറ്റ് ബുദ്ധിമുട്ടുകള്‍ വേറെ... രക്തബന്ധമുള്ളവര്‍, കഴിയുന്നതും അച്ഛനോ അമ്മയോ തന്നെ ദാതാവാകണം... അവരുടെ കരളിന്‍റെ ഒരു ഭാഗം കുട്ടിക്ക് കൊടുക്കണം.. ദാതാവിന്‍റെ ജീവിതവും റിസ്കിലാകും.. രണ്ടുപേരുടെയും ജീവിതം വെച്ചാണ് അത്തരമൊരു സര്‍ജറി നടത്തേണ്ടത്. ഇതെല്ലാം മുന്നിലേക്ക് വെച്ച് തന്നാണ് ഡോക്ടര്‍മാര്‍ അവളെ വിധിക്ക് വിട്ടുകൊടുക്കാമെന്ന് ഞങ്ങളെ ഉപദേശിച്ചുകൊണ്ടിരുന്നത്.

എന്തു ചെയ്യണം, എന്തിന് വേണ്ടിയിട്ടാണ് ഇത്രയും റിസ്കെടുക്കുന്നത് എന്നൊരു ആശങ്ക ഞങ്ങളുടെ ഉള്ളിലും നിറഞ്ഞു. 25 ലക്ഷത്തോളം രൂപയാണ് ലിവര്‍ ട്രാന്‍സ്‍പ്ലാന്‍റേഷന് വേണ്ടിവരുന്ന ചെലവ്. കുട്ടികളിലാവുമ്പോള്‍ 15 മുതല്‍ 18 ലക്ഷം വരെ ആകും... ചികിത്സ പൂര്‍ത്തിയാകും വരെ ഹോസ്പിറ്റലിന് തൊട്ടടുത്ത് തന്നെ താമസിക്കണം. ‌സ്ഥിരമായിട്ട്, ഒരുപക്ഷേ ജീവിതകാലം മുഴുവന്‍ കുഞ്ഞ് മരുന്ന് കഴിക്കേണ്ടി വരും... പ്രതിസന്ധി എങ്ങനെ തരണം ചെയ്യുമെന്നതില്‍ പെട്ടെന്നൊരു തീരുമാനം എടുക്കേണ്ടിയിരുന്നു. അന്വേഷണം വീണ്ടും തുടര്‍ന്നു. പല ഡോക്ടര്‍മാരെയും കണ്ടു... ഓണ്‍ലൈനിലും പുസ്തകങ്ങളിലും അസുഖത്തെ കുറിച്ച്, കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള സാധ്യതകളെ കുറിച്ച് നിരന്തരം തിരഞ്ഞു.. മറുഭാഗത്ത് കു‍ഞ്ഞിന്‍റെ നില വഷളായിക്കൊണ്ടിരിക്കുന്നു... എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ പെട്ടെന്ന് ചെയ്യണം.. പല ആശുപത്രികള്‍, പല ഡോക്ടര്‍മാര്‍... കുഞ്ഞിനെയും കൊണ്ടുള്ള നിരന്തര യാത്രകള്‍, അവളില്‍ ബിലിറൂബീന്‍ കൂടിക്കൊണ്ടേയിരിക്കുന്നു, ശരീരം മഞ്ഞനിറമായിക്കൊണ്ടിരിക്കുന്നു, വയറ് വീര്‍ത്തിരിക്കുന്നു- എല്ലാം ഞങ്ങളെ മാനസികമായും ശാരീരികമായും സാമ്പത്തികമായും തളര്‍ത്താന്‍ തുടങ്ങി.

അങ്ങനെയാണ് ഈ അച്ഛനുമമ്മയും തങ്ങളുടെ കു‍ഞ്ഞിന് ജന്മം നല്‍കിയവരും ജീവന്‍ നല്‍കിയവരും ജീവിതം നല്‍കിയവരുമായത്....

ബാംഗ്ലൂരിലെ നാരായണ ഹെല്‍ത്ത് സെന്‍റര്‍ ഹോസ്പിറ്റലിലെ പീഡിയാട്രിക്സ് ലിവര്‍ ട്രാന്‍സ്‍പ്ലാന്‍റ് സര്‍ജന്‍ ആഷ്‍ലി ഡിക്രൂസുമായി നേരത്തെ തന്നെ മെയിലില്‍ ബന്ധപ്പെട്ടിരുന്നു... ഒന്നും പേടിക്കാനില്ല, നിങ്ങളൊരു ദിവസം കുട്ടിയെ കൊണ്ട് നേരില്‍ വരൂ എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹമാണ് എന്നെ കൃത്യമായ തീരുമാനത്തിലെത്താന്‍ സഹായിച്ചത്.. ശസ്ത്രക്രിയയിലേക്ക് നീങ്ങാനുള്ള ധൈര്യവും ആത്മവിശ്വാസവും നല്‍കിയത്... നിങ്ങള്‍ തീരുമാനമെടുക്കുക മാത്രമാണ് ചെയ്യേണ്ടത്, അതിനുവേണ്ട മറ്റ് സാഹചര്യങ്ങളെല്ലാം, അത് പണമാണെങ്കിലും, ചികിത്സാ സൌകര്യങ്ങളാണെങ്കിലും സഹായങ്ങളാണെങ്കിലും വഴിയേ വന്നുകൊള്ളും എന്നായിരുന്നു ഞങ്ങളുടെ തോളില്‍ത്തട്ടി അദ്ദേഹം പറഞ്ഞത്... ഇന്ത്യയില്‍ ലിവര്‍പ്ലാന്‍റ് സര്‍ജറി കഴിഞ്ഞ കുട്ടി എത്രയോ വര്‍ഷങ്ങളായി സുഖമായി ജീവിക്കുന്നുണ്ട്. അതും ഒരു സാധാരണകുട്ടികളെപ്പോലെത്തന്നെ.. ഒന്നും പേടിക്കാനില്ല, എല്ലാം നിങ്ങളുടെ പിന്നാലെ വരും.. അദ്ദേഹം പറഞ്ഞ ആ വാക്കുകളുടെ ധൈര്യത്തിലും ആത്മവിശ്വാസത്തിലുമാണ് ഞങ്ങള്‍ സര്‍ജറിക്ക് ഒരുങ്ങുന്നത്.

ട്രാന്‍സ്‍പ്ലാന്‍റിന് മുന്നോടിയായി ആദ്യത്തെ ഓപ്പണ്‍ സര്‍ജറി, കസായി പ്രൊസീജര്‍ (Kasai procedure) കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ചെയ്തു. ജനിച്ച് ദിവസങ്ങള്‍ക്കകം ഒരുപാട് വേദനകള്‍ ഞങ്ങളുടെ പൊന്നോമന അനുഭവിക്കേണ്ടി വന്നെങ്കിലും മറ്റ് ബുദ്ധിമുട്ടുകളൊന്നും അതിലുണ്ടായിരുന്നില്ല. അതിന് ശേഷമാണ് ഞങ്ങള്‍ ട്രാന്‍സ്‍പ്ലാന്‍റിന് വേണ്ടിയുള്ള ആശുപത്രികള്‍ അന്വേഷിക്കുന്നത്... തുടര്‍ചികിത്സയും അനുബന്ധ ചെലവുകളും ആലോചിച്ചപ്പോള്‍ ബാംഗ്ലൂരില്‍ നിന്ന് ചെയ്യണ്ട എന്ന തീരുമാനത്തിലെത്തി. അമൃത ഹോസ്പിറ്റലുമായി ബന്ധപ്പെട്ടു.. അവിടെ ചികിത്സ നടക്കുന്നതിനിടെ അവിചാരിതമായി ഒരു സുഹൃത്ത് പറയുന്നു ആസ്റ്റര്‍ മെഡിസിറ്റി ഹോസ്പിറ്റലില്‍ കുട്ടികളുടെ ലിവര്‍ ട്രാന്‍സ്‍പ്ലാന്‍റ് വിജയകരമായി നടന്നു എന്ന്.. അങ്ങനെയാണ് ഡോ. മാത്യു ജേക്കബിന്‍റെ അടുത്തെത്തുന്നത്. അദ്ദേഹം ഈ അവസ്ഥയിലുള്ള ഒരു കുഞ്ഞിന്‍റെ അച്ഛനുമമ്മയുമെന്ന സിമ്പതിയിലൊന്നുമല്ല ഞങ്ങളോട് സംസാരിച്ചത്. പ്രൊഫഷണലായി കാര്യങ്ങള്‍ വിശദീകരിച്ചു തന്നു... പല ഡോക്ടര്‍മാരും ട്രാന്‍സ്‍പ്ലാന്‍റിന്‍റെ കാര്യത്തില്‍ ഞങ്ങളെ നിരുത്സാഹപ്പെടുത്തി എന്ന കാര്യം ഞങ്ങള്‍ അദ്ദേഹത്തോട് തുറന്നുപറഞ്ഞു. ലിവര്‍ ട്രാന്‍സ്‍പ്ലാന്‍റുമായി ബന്ധപ്പെട്ട് പ്രവ‍ൃത്തിക്കുന്ന ഏതെങ്കിലും ഡോക്ടര്‍മാര്‍ നിങ്ങളെ നിരുത്സാഹപ്പെടുത്തിയോ എന്നാണ് അദ്ദേഹം തിരിച്ചു ചോദിച്ചത്.. സര്‍ജറിയുമായി മുന്നോട്ടു പോകാനുള്ള ധൈര്യം അദ്ദേഹം ഞങ്ങള്‍ക്കു പകര്‍ന്നു നല്‍കി. അങ്ങനെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ നിന്ന് 2016 മെയ് 10 നാണ് ദയയുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയത്.

രക്തബന്ധമുളള ആരെങ്കിലുമാണ് കുഞ്ഞിന് കരള്‍ പകുത്ത് നല്‍കേണ്ടത്... രക്ഷിതാക്കള്‍ ആരെങ്കിലുമാണെങ്കില്‍ റിസ്ക് കുറച്ചുകൂടി കുറയും. പക്ഷേ, രക്തഗ്രൂപ്പ് തമ്മില്‍ ചേരണം... പരിശോധനയില്‍ അമ്മയുടെയും കുഞ്ഞിന്‍റെയും രക്തഗ്രൂപ്പുകളാണ് തമ്മില്‍ ചേരുന്നുണ്ടായിരുന്നത്.. സാധാരണ ഗതിയില്‍ ഡോക്ടര്‍ പറയുന്നത്, ഡോണര്‍ ഈസ് നോട്ട് എ പേഷ്യന്‍റ് എന്നാണ്. ഡോണറിന്‍റെ കരളിന്‍റെ ഒരു ചെറിയ ഭാഗമെടുത്താണ് കൊടുക്കുന്നത്... അത് ഡോണറെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നവുമുണ്ടാക്കുന്നില്ല... പിത്താശയം എടുത്ത് കളയും.. അത് എടുത്ത് കളഞ്ഞുവെന്ന് കരുതിയിട്ട് ഭാവിയില്‍ വേറെ ബുദ്ധിമുട്ടുകളൊന്നുമില്ല... സര്‍ജറിക്ക് ശേഷം രണ്ടാഴ്ചത്തെ ചികിത്സ, അതിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യും.. കുറച്ചുദിവസം ഭാരിച്ച ജോലികളൊന്നും ചെയ്യണ്ട.. അതുകഴിഞ്ഞാല്‍ പിന്നെ ഒരു പ്രശ്നവുമില്ല... ഇതൊക്കെയാണ് ഡോക്ടര്‍മാര്‍ പറയുന്നത്... പക്ഷേ, അനുഭവത്തിലേക്ക് വരുമ്പോള്‍, ഒരു ഡോക്ടര്‍ നല്‍കുന്ന സാങ്കേതികമായ ഉപദേശം പോലെ അത്ര എളുപ്പമായിരിക്കില്ല കാര്യങ്ങള്‍... എട്ടോ പത്തോ മണിക്കൂര്‍ നീളുന്ന ഒരു സര്‍ജറി, ഒരു മേജര്‍ സര്‍ജറി, അത് കഴിഞ്ഞിട്ടുണ്ടാകുന്ന വേദന... അത് കഴിഞ്ഞാല്‍ സര്‍ജറിക്കുശേഷം എന്തെങ്കിലും കോംപ്ലിക്കേഷന്‍സ് ഉണ്ടാകുകയാണെങ്കില്‍ അതിനെ കുറിച്ചുള്ള ആശങ്കകള്‍... ഭയം, അതിനെയൊക്കെ മറികടക്കുക എന്ന് പറയുന്നത് അത്ര നിസാരമായ ഒരു കാര്യമല്ല. അക്കാര്യത്തില്‍ മായ കാണിച്ചത് അസാമാന്യമായ ധൈര്യമാണ്... കുഞ്ഞിനോടുള്ള ഇഷ്ടം, ഒരു അമ്മയുടെ മനസ്സ്, മാതൃത്വം, ഒരുപക്ഷേ, അതിനെക്കാളൊക്കെ കൂടുതല്‍ ജീവിതത്തെകുറിച്ചുള്ള വേറൊരു അര്‍ത്ഥത്തിലുള്ള വിശാലമായ നന്മ, അതിന് മുന്നില്‍ പകരംവെക്കാന്‍ വേറൊന്നുമില്ല... അസാമാന്യമായ ധൈര്യമാണ് അവള്‍ കാണിച്ചത്.

അങ്ങനെയാണ് ഈ അച്ഛനുമമ്മയും തങ്ങളുടെ കു‍ഞ്ഞിന് ജന്മം നല്‍കിയവരും ജീവന്‍ നല്‍കിയവരും ജീവിതം നല്‍കിയവരുമായത്....

സര്‍ജറിക്ക് മുമ്പുള്ള ഒരു കാലത്തെ ഞങ്ങളെങ്ങനെയാണ് അതിജീവിച്ചതെന്ന് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്... കുഞ്ഞിന് തൂക്കം കുറവാണ്... അഞ്ചുകിലോയെങ്കിലും തൂക്കമില്ലെങ്കില്‍ ട്രാന്‍സ്‍പ്ലാന്‍റ് വിജയിക്കാനുള്ള സാധ്യത കുറവാണ്... സര്‍ജറിയെ അതിജീവിക്കുവാനുള്ള തൂക്കം കുട്ടിക്ക് ഉണ്ടാക്കിയെടുക്കുക എന്നുള്ളത് വളരെ പ്രയാസകരമായ ഒരുകാര്യമായിരുന്നു... ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ളതുകൊണ്ട് കുഞ്ഞ് അധികം ഭക്ഷണം കഴിക്കില്ല.. ശരീരത്തിന് വേണ്ട പോഷകങ്ങള്‍ ആഗിരണം ചെയ്യാനുള്ള ശേഷിക്കുറവ് ഈ അസുഖം കൊണ്ട് കുഞ്ഞിനുണ്ട്.. പക്ഷേ, എന്ത് കഷ്ടപ്പെട്ടിട്ടാണെങ്കിലും കുഞ്ഞിനെ ആവശ്യമായ തൂക്കം വെപ്പിച്ചേ മതിയാവൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞുകൊണ്ടേയിരുന്നു. പലതരത്തിലുള്ള ഭക്ഷണങ്ങള്‍ അരച്ച് മൂക്കിലൂടെ ട്യൂബിട്ട് നല്‍കാമെന്ന നിര്‍ദേശം ഡോക്ടര്‍ മുന്നോട്ടുവെച്ചു.. ഞങ്ങള്‍ക്കത് അംഗീകരിക്കാന്‍ പോയിട്ട്, സങ്കല്‍പ്പിക്കാന്‍ പോലുമാകുമായിരുന്നില്ല.. പക്ഷേ, മുമ്പില്‍ വേറെ വഴിയില്ല.. ചെറിയ കുഞ്ഞാണ്.. പലപ്പോഴും മൂക്കിലൂടെ ഇട്ടിട്ടുള്ള ട്യൂബ് അവള്‍തന്നെ വലിച്ചെടുക്കും... അപ്പോള്‍ത്തന്നെ ഞങ്ങള്‍ അവളെയും കൊണ്ട് ഹോസ്‍പിറ്റലിലേക്ക് ഓടണം... വീണ്ടും ആ ട്യൂബ് ഡോക്ടറെ കൊണ്ട് ഇടീക്കണം...അത് ഒട്ടിച്ചുവെക്കണം.. അത് അധികം സമയം പോലും അങ്ങനെ വെക്കാന്‍ അവള്‍ സമ്മതിക്കില്ല.. കൈ തട്ടിത്തട്ടി വലിച്ച് ഊരിയിട്ട് കളയും... പലപ്പോഴും മൂക്ക് പൊട്ടി ചോര വരും... സഹിക്കാന്‍ വയ്യായിരുന്നു ഞങ്ങള്‍ക്കത്.... കണ്ടു നില്‍ക്കാന്‍ കഴിയുമായിരുന്നില്ല ആ സമയത്ത് അതൊന്നും...

പലതവണ ഇത് ആവര്‍ത്തിച്ചപ്പോഴാണ് ഹോസ്പിറ്റലിന്‍റെ അടുത്ത് തന്നെ താമസിക്കുക, എന്ന തീരുമാനമെടുത്തത്. സര്‍ജറിക്ക് മാസങ്ങള്‍ക്കു മുമ്പുതന്നെ ഹോസ്പിറ്റലിന് അടുത്ത് ഞങ്ങള്‍ വീട് വാടകയ്‍ക്കെടുത്തു. ജനിച്ച് മാസങ്ങള്‍ മാത്രമായ പിഞ്ചുപൈതല്‍, അതിന് മൂക്കീലൂടെ ഭക്ഷണം കൊടുക്കുക, മരുന്നുകള്‍ കുടിപ്പിക്കുക.. അങ്ങനെ 24 മണിക്കൂറും നമ്മളാ കുഞ്ഞുവാവയുടെ കൂടെ തന്നെ ഉണ്ടാവണം.. കുഞ്ഞിന്‍റെ ശരീരത്തില്‍ ബില്‍റൂബിന്‍ കൂടിക്കൂടി വരുന്നു, കണ്ണിലും, ദേഹം മുഴുവനും മഞ്ഞ നിറമായി മാറിക്കൊണ്ടിരിക്കുന്നു, വയറ് വീര്‍ത്തുവന്നുകൊണ്ടിരിക്കുന്നു.... പക്ഷേ, അങ്ങനെയുള്ള ദിനങ്ങള്‍ കഴിഞ്ഞുപോയി എന്നുള്ളതാണ്.. അങ്ങനെയുള്ള അവസ്ഥയെ മറികടക്കാന്‍ സാധിച്ചുവെന്നതാണ്.. ഓര്‍ക്കുമ്പോള്‍ അവിശ്വസനീയം എന്നേ പറയാനുള്ളൂ..

ഏകദേശം 14 മണിക്കൂറോളം നീണ്ട സര്‍ജറി, ഡോണറായ അമ്മ എട്ടു മണിക്കൂറോളം ഓപ്പറേഷന്‍ തീയേറ്ററില്‍.. കുഞ്ഞ് ഒരാഴ്ചയോളം വെന്‍റിലേറ്ററില്‍.. ആ ഒരാഴ്ച കഴിഞ്ഞതിന് ശേഷമാണ് കുഞ്ഞിനെ ഒന്ന് അടുത്ത് നിന്ന് കാണാനെങ്കിലും സാധിച്ചത്. സര്‍ജറിക്ക് ശേഷം രണ്ടാഴ്ച മതി സാധാരണ ഗതിയില്‍ ആശുപത്രിവാസം. എന്നാല്‍ ചില ബുദ്ധിമുട്ടുകളും അണുബാധയും ഉണ്ടായതുകൊണ്ട് ഞങ്ങളുടെ കാര്യത്തില്‍ അത് ഒരു മാസത്തോളം നീണ്ടു. ഡിസ്ചാര്‍ജ് ആയെങ്കിലും തുടര്‍ ചികിത്സയ്ക്കും മറ്റും വേണ്ടി ആശുപത്രിക്കടുത്തെ താമസം വീണ്ടും തുടര്‍ന്നു.

അങ്ങനെയാണ് ഈ അച്ഛനുമമ്മയും തങ്ങളുടെ കു‍ഞ്ഞിന് ജന്മം നല്‍കിയവരും ജീവന്‍ നല്‍കിയവരും ജീവിതം നല്‍കിയവരുമായത്....

നിങ്ങള്‍ തീരുമാനമെടുക്കുകയാണ് വേണ്ടത്.. ഏത് ആശുപത്രിയില്‍ ചെയ്യണമെന്നത് പിന്നെയെടുക്കേണ്ട തീരുമാനമാണ്, എന്ന് പറഞ്ഞ് ഞങ്ങളില്‍ ആത്മവിശ്വാസം പകര്‍ന്ന ആസ്റ്ററില്‍ത്തന്നെയുള്ള കുട്ടികളുടെ ഡോക്ടര്‍ അലക്സാണ്ടര്‍, പിന്നീട് ലിവര്‍ സംബന്ധമായ അസുഖം ബാധിച്ച് ട്രാന്‍സ്‍പ്ലാന്‍റ് ചെയ്യാന്‍ ഡോണറെ കിട്ടാതെയാണ് മരിച്ചത് എന്നതാണ് പിന്നീട് ഏറെ വേദനിപ്പിച്ച സംഭവം. മറ്റൊരാള്‍ ഡോ. രാജപ്പന്‍ പിള്ളയാണ്, പീഡിയാട്രിക് ഐ.സി.യുവിന്‍റെ ചുമതലയുള്ള ഡോക്ടര്‍. ആ ദിവസങ്ങളില്‍ 24 മണിക്കൂറും ഞങ്ങളുടെ കുഞ്ഞിന് വേണ്ടി മാറ്റിവെച്ച മനുഷ്യനാണ്.. അദ്ദേഹം ഉറങ്ങുന്നത് പോലും ഞങ്ങള്‍ കണ്ടിട്ടില്ല. ഓരോ നിമിഷവും, ഒന്നും പേടിക്കണ്ട എന്ന് പറഞ്ഞ് അദ്ദേഹം ഞങ്ങള്‍ക്ക് ധൈര്യം പകര്‍ന്നുകൊണ്ടേയിരുന്നു.. പിന്നെ അവിടുത്തെ നഴ്സുമാര്‍.. അവര്‍ ഞങ്ങളുടെ കുഞ്ഞിനോട് കാണിച്ച ആത്മാര്‍ത്ഥത.. അതുകൊണ്ടൊക്കെയാണ് ഞങ്ങളുടെ കുഞ്ഞിന്‍റെ സര്‍ജറി വിജയിച്ചത്.. അവളിന്നും ജീവനോടെയിരിക്കുന്നത്... ഞങ്ങളുടെ ജീവിതമായിരിക്കുന്നത്..

ദയയുടെ ജീവന്‍ തിരിച്ചുപിടിക്കാന്‍ മാത്രം ഞങ്ങള്‍ക്ക് ചെലവായത് 25 ലക്ഷത്തിന് മുകളിലാണ്... സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പലിശരഹിത ചികിത്സാവായ്പ എന്നൊരു പദ്ധതിയുണ്ട്. സര്‍ജറിക്കും ചികിത്സയ്ക്കും എത്ര തുകയാകും എന്നതിന്‍റെ രേഖകള്‍, ഡോക്ടറുടെ കത്ത് എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള ഒരു അപേക്ഷ സര്‍ക്കാരിന് സമര്‍പ്പിക്കണം. അതിന് അപേക്ഷിച്ചിരുന്നു ഞങ്ങള്‍. പന്ത്രണ്ടര ലക്ഷമാണ് സര്‍ക്കാരില്‍ നിന്ന് ചികിത്സാസഹായമായി ലഭിച്ചത്. സര്‍ജറി, സര്‍ജറിക്ക് മുമ്പും ശേഷവുമുള്ള ഭീമമായ ചെലവുകള്‍ എല്ലാത്തിനും കൂടി അത് തികയുമായിരുന്നില്ല. പിന്നെ സഹായവുമായെത്തിയത് ബന്ധുക്കളും കൂട്ടുകാരും സഹപ്രവര്‍ത്തകരും തന്നെയാണ്... എന്നിട്ടും ആശുപത്രിയിലെ ഫൈനല്‍ ബില്‍ അടയ്ക്കാന്‍ ഞങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടി... അപ്പോള്‍ സഹായത്തിനെത്തിയത് ഡോക്ടറായിരുന്നു.. ഡോക്ടറുടെ നിര്‍ദേശപ്രകാരം മിലാപ് എന്ന സന്നദ്ധ സംഘടനയാണ് അവസാനം ഞങ്ങളുടെ ആ അവസാന ബില്‍ അടയ്ക്കാനെത്തിയത്...

അങ്ങനെയാണ് ഈ അച്ഛനുമമ്മയും തങ്ങളുടെ കു‍ഞ്ഞിന് ജന്മം നല്‍കിയവരും ജീവന്‍ നല്‍കിയവരും ജീവിതം നല്‍കിയവരുമായത്....

ദയയുടെ അസുഖത്തിന്‍റെ വിവരമറിഞ്ഞ് പലരും വിളിച്ചിരുന്നു... എല്ലാവരോടും സ്നേഹം മാത്രം.. പക്ഷേ, ഒരുഘട്ടം കഴിഞ്ഞപ്പോള്‍ കുഞ്ഞിന്‍റെ അച്ഛനുമമ്മയും എന്ന നിലയില്‍ ഞങ്ങള്‍ക്കത് ഒരു വല്ലാത്ത പ്രതിസന്ധിയായി മാറി... ഈ രോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, അതിന്‍റെ ദുരിതങ്ങള്‍, അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, അതിനെകുറിച്ചുളള നമ്മുടെ ആശങ്കകള്‍, ഇതുതന്നെ നിരന്തരം സംസാരിക്കേണ്ടിവരുന്ന അവസ്ഥ.. അത് ഞങ്ങളെ മാനസികമായി വളരെ ക്ഷീണിപ്പിക്കുന്നു എന്ന് തിരിച്ചറിഞ്ഞു തുടങ്ങി. ഈ വിഷയം സംസാരിക്കാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ട്, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞങ്ങള്‍ അങ്ങോട്ട് വിളിച്ചോളാം എന്ന് പലരോടും തുറന്നുതന്നെ പറഞ്ഞു... ഞങ്ങളുടെ മേല്‍ വരുന്ന സഹതാപം, അത് ഞങ്ങള്‍ക്കുണ്ടാക്കുന്ന ഭാരം എല്ലാം അതോടെ ഒഴിവായിക്കിട്ടി. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് പല കാര്യങ്ങളിലും സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാനും അതിന്‍റെ വഴിയിലൂടെ മുന്നോട്ടുപോകാനും ഒക്കെ പറ്റി...

ആവശ്യം വന്നാല്‍ വിളിക്കാം എന്ന് പറഞ്ഞത് വെറുതെയായിരുന്നില്ല.. ഓരോ ആവശ്യത്തിനും ഞങ്ങള്‍ പലരെയും വിളിച്ചു.. ഞങ്ങളുടെ വിളിക്ക് കാത്തുനിന്ന പോലെയായിരുന്നു സുഹൃത്തുക്കളും പരിചയക്കാരും ബന്ധുക്കളും.. ഒന്ന് വരണം എന്ന് പറഞ്ഞാല്‍, അവരുടെ എല്ലാ ആവശ്യങ്ങളും മാറ്റിവെച്ച് അവര്‍ ഓടിവരും.. പ്രത്യേകിച്ച് പറയേണ്ടത് കൂട്ടുകാരെ കുറിച്ചാണ്... സത്യത്തില്‍ അവരില്ലായിരുന്നെങ്കില്‍, ഞങ്ങള്‍ക്കിത് ഒരിക്കലും സാധിക്കില്ലായിരുന്നു.. സര്‍ജറിയുടെ സമയത്ത് എന്താണ് വേണ്ടത് എന്ന ചോദ്യത്തിന്, അവിടെ വേണം ഹോസ്പിറ്റലില്‍ എന്ന ഒറ്റക്കാര്യമാണ് ഞങ്ങള്‍ പറഞ്ഞത്.. കേരളത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നാണ് അവര്‍ ഓടിയെത്തിയത്.. എല്ലാ തിരക്കുകളും മാറ്റിവെച്ചിട്ട്... സര്‍ജറി കഴിയും വരെ അവരുടെ എല്ലാ ആവശ്യങ്ങളും മാറ്റിവെച്ച് അവിടെത്തന്നെ ഇരുന്നു... ഇന്നും എനിക്ക് വിശ്വസിക്കാന്‍ പറ്റിയിട്ടില്ല.. അവരുടെ ആ സ്നേഹം, കരുതല്‍, അവര്‍ നല്‍കിയ സാമ്പത്തികമായ സഹായങ്ങള്‍, മാനസികമായ പിന്തുണ.. ഞങ്ങള്‍ രണ്ടുപേരും മതവിശ്വാസികളല്ലാത്ത ആളുകളാണ്.. പക്ഷേ, എത്രയോ പേര്‍, ഒന്ന് നേരില്‍ കാണാത്ത, പരിചയം പോലുമില്ലാത്ത അനവധിപേര്‍ ഞങ്ങളെ വിളിച്ച് കുഞ്ഞിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട് എന്ന് പറഞ്ഞത്... അത് നല്‍കിയ ഒരു മാനസിക ബലം.. അതൊരു ചെറിയ കാര്യമായിരുന്നില്ല..

അങ്ങനെയാണ് ഈ അച്ഛനുമമ്മയും തങ്ങളുടെ കു‍ഞ്ഞിന് ജന്മം നല്‍കിയവരും ജീവന്‍ നല്‍കിയവരും ജീവിതം നല്‍കിയവരുമായത്....

കഴിഞ്ഞുപോയ ഈ നാലുവര്‍ഷം ജീവിതത്തെതന്നെ അടിമുടി വളരെ പോസിറ്റീവായി മാറ്റിമറിക്കുകയാണുണ്ടായത്.. ജീവിതത്തെ ഞങ്ങള്‍ കൂടുതല്‍ സ്നേഹിക്കാന്‍ പഠിച്ചു. ജീവിതം അതിന്‍റേതായ രീതിയില്‍ മുന്നോട്ടുപോകുക തന്നെ ചെയ്യും എന്നുള്ള ഉറച്ച ഒരു ആത്മവിശ്വാസത്തിലേക്ക് എത്തിക്കാന്‍ ഈ അനുഭവം സഹായിച്ചു. ഞങ്ങളെ തളര്‍ത്തിക്കളയുന്ന ഒരു അനുഭവമായിട്ടല്ല ഇത് വന്നത്. അങ്ങനെ ആളുകളെ തളര്‍ത്താന്‍ പറ്റുന്ന എല്ലാ ഘടകങ്ങളും ഉള്‍പ്പെടുന്ന ഒരു സാഹചര്യമായിരുന്നു അത്. ഒരു സാധാരണ കുടുംബത്തിന് കണ്ടെത്താന്‍ പറ്റുന്ന ചികിത്സാ ചെലവായിരുന്നില്ല ഇതിന് വേണ്ടിയിരുന്നത്.. അതിനുമപ്പുറത്തുള്ള ഒരു പ്രതിസന്ധിയാണ് ഈ അനുഭവം ഉണ്ടാക്കുന്നത്.. ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഞങ്ങളുടേതായ ചില തീരുമാനത്തിന്‍റെ പുറത്ത്, വേറിട്ട രീതിയില്‍ ജീവിക്കാനാഗ്രഹിച്ച രണ്ടുപേര്‍ എന്നനിലയില്‍, വളരെ അടുത്ത ബന്ധുക്കളുടേതല്ലാത്ത സഹായങ്ങള്‍ ഇല്ലാത്ത രണ്ടുപേര്‍ എന്ന നിലയില്‍... വൈകാരികപിന്തുണ നല്‍കിയ സുഹൃത്തുക്കളുടെ കരുതലിലാണ് ഏറെക്കുറേ എല്ലാം അതിജീവിക്കാനായത്... ഞങ്ങളുടെ കുഞ്ഞിന്‍റെ അസുഖം ഞങ്ങളുടെ മാത്രം പ്രശ്നമായില്ല, സഹതാപം കൊണ്ടല്ല ആരും കൂടെനിന്നത്.... ഞങ്ങളുടെ കുഞ്ഞിനെ സ്വന്തം കുഞ്ഞിനെയെന്ന പോലെ ചേര്‍ത്തുനിര്‍ത്തുകയായിരുന്നു എല്ലാവരും.. കൂടെ ഞങ്ങളെയും.. അതുകൊണ്ടാവും, കടന്നുപോയ ദുരിതങ്ങള്‍ പീഡനങ്ങളായിരുന്നുവെങ്കിലും മാനസികമായി ഞങ്ങള്‍ക്ക് അത്രയേറെ പരിക്കേല്‍ക്കാതിരുന്നത്.. തളര്‍ന്നുപോകാതിരുന്നത്..

വളരെ സ്വതന്ത്ര്യമായി ജീവിക്കാനാഗ്രഹിച്ച, യാത്ര ചെയ്യാനാഗ്രഹിച്ച, മറ്റ് കെട്ടുപാടുകളൊന്നുമില്ലാത്ത തരത്തില്‍ ജീവിക്കാനാഗ്രഹിച്ച രണ്ടു വ്യക്തികളായിരുന്നു ഞങ്ങള്‍... ഞങ്ങള്‍ക്കിടയിലേക്ക് ദയ വന്നപ്പോള്‍ പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു... പക്ഷേ, ജീവിതത്തിനുണ്ടായ ആ തിരിച്ചടിക്ക് വഴങ്ങിക്കൊടുക്കാന്‍ ഞങ്ങള്‍ക്ക് പറ്റില്ലെന്ന് ഞങ്ങളങ്ങുറപ്പിച്ചു. തന്‍റെ ജീവിതം ഏതൊരു സാധാരണ പെണ്‍കുട്ടിയെയും പോലെ ദയ ജീവിക്കുമെന്നും ഞങ്ങളുറപ്പിച്ചു. അതിനുള്ള സാഹചര്യം അവള്‍ക്കൊരുക്കാനുള്ള ശ്രമമായിരുന്നു പിന്നെ.. ദയയ്ക്കിപ്പോള്‍ നാലു വയസ്സ് കഴിഞ്ഞു. പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല... ആക്ടീവാണ്.. ആരോഗ്യം, തൂക്കം ഒന്നിലും കുഴപ്പമില്ല.. അംഗനവാടിയിലും പോകുന്നുണ്ട്.. കളിക്കുന്നുണ്ട്.. കാര്യങ്ങളൊക്കെ നല്ല രീതിയില്‍ തനിയെ ചെയ്യാന്‍ അവള്‍ ശ്രമിച്ചു തുടങ്ങിയിട്ടുണ്ട്.. പ്രതിരോധശേഷി കുറയ്ക്കുന്നതിനായി immuno suppressants എന്ന മരുന്ന് അവളിനി ആജീവനാന്തം കഴിക്കണം.

അങ്ങനെയാണ് ഈ അച്ഛനുമമ്മയും തങ്ങളുടെ കു‍ഞ്ഞിന് ജന്മം നല്‍കിയവരും ജീവന്‍ നല്‍കിയവരും ജീവിതം നല്‍കിയവരുമായത്....

രണ്ടുമൂന്ന് വര്‍ഷം കുട്ടിയെ പുറത്തൊന്നും കൊണ്ടുപോയിരുന്നില്ല.. ചെറിയ ചെറിയ ജലദോഷമൊക്കെ വന്നിരുന്നു എന്നല്ലാതെ ആ സമയത്ത് അവള്‍ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല... പക്ഷേ ഞങ്ങളിപ്പോള്‍, ചെറുതും വലുതുമായ യാത്രകളെല്ലാം അവള്‍ക്കൊപ്പം തന്നെ പോകാറുണ്ട്... ഒരു സാധാരണ കുട്ടി അനുഭവിക്കേണ്ട എല്ലാമറിഞ്ഞു തന്നെ അവള്‍ വളരണം എന്ന ആഗ്രഹത്തില്‍ എല്ലാ സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കാന്‍ ആവും വിധം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.. ഇങ്ങനെ കൂട്ടിലടച്ച് വളര്‍ത്താനായിരുന്നെങ്കില്‍ എന്തിനാണ് എന്നെ രക്ഷിച്ചത് ഞങ്ങളുടെ കുഞ്ഞ് ഞങ്ങളോട് ചോദിക്കാന്‍ പാടില്ലല്ലോ.. അത് ഞങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്തതാകും.. അവള്‍ക്ക് വേണ്ടി ആജീവനാന്തം ഞങ്ങള്‍ ഞങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ബലികഴിച്ച് ഇങ്ങനെ ജീവിച്ചാല്‍ ജീവിതം പോലും ഭാവിയില്‍ വിരസമായിത്തീരും എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നുണ്ടായിരുന്നു.. അത് ഒഴിവാക്കണമായിരുന്നു.. സാധാരണരീതിയിലുള്ള ഒരു ജീവിതത്തിലേക്ക് കുഞ്ഞിനെയും അതുപോലെ ഞങ്ങളെയും തിരിച്ചുകൊണ്ടുവരണമായിരുന്നു... അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു യാത്രകളെ തിരിച്ചുപിടിക്കുക എന്നത്... ശ്രദ്ധയും കരുതവും വിടാതെ തന്നെ ഞങ്ങള്‍ പല യാത്രകളും പ്ലാന്‍ ചെയ്തു.. തൊട്ടടുത്ത സ്ഥലങ്ങള്‍, തൊട്ടടുത്ത സംസ്ഥാനങ്ങള്‍, അങ്ങനെ ഹിമാലയത്തിനടുത്ത് വരെ, ഞങ്ങള്‍ അവളെയും ചേര്‍ത്ത് പിടിച്ച് പോയി.. ഒരു കുഴപ്പവുമില്ലാതെ.. തണുപ്പിനെയും പൊടികളെയും ഒക്കെ ശ്രദ്ധിക്കേണ്ടിവരുന്നു... മരുന്നുകള്‍ കയ്യില്‍ കരുതി... അവള്‍ക്കുമാത്രമായുള്ള ഭക്ഷണം യാത്രയ്ക്കിടെ ഞങ്ങള്‍ തന്നെ തയ്യാറാക്കി നല്‍കി.. ഡോക്ടര്‍മാരും യാത്രയ്ക്ക് പൂര്‍ണ പിന്തുണ നല്‍കി.

കരള്‍മാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടുള്ള പ്രധാന പ്രശ്നമെന്നത് നമ്മുടെ മെഡിക്കല്‍ കോളജുകളിലൊന്നും കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കുള്ള സൌകര്യമില്ല എന്നതാണ്... 15- 25 ലക്ഷം വരെയാണ് സാധാരണ ഇതിന് വേണ്ടി വരുന്ന ചെലവ്. ഒന്നുകില്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ലിവര്‍ ട്രാന്‍സ്‍പ്ലാന്‍റിന് വേണ്ടിയുള്ള സൌകര്യങ്ങള്‍ ഒരുക്കുക അല്ലെങ്കില്‍ സ്വകാര്യ മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രികളില്‍ചികിത്സാ ചെലവ് ഏകീകരിക്കാനുള്ള ഒരു ശ്രമം സര്‍ക്കാറിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവുക എന്നതാണ് ഇതിനുള്ള പോംവഴികള്‍. മറ്റെന്ത് തരത്തിലുള്ള ട്രാന്‍സ്‍പ്ലാന്‍റുകളാണെങ്കിലും അതിന് സര്‍ക്കാര്‍ ഫണ്ടുകളുണ്ട്.. എന്നാല്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ഒരു തരത്തിലുള്ള സര്‍ക്കാര്‍ സംവിധാനവും ഇല്ല, എന്‍ജിഒ കളില്ല, ചാരിറ്റി സംഘടനകള്‍ ഇല്ല. കൂടാതെ പ്രതിരോധ ശേഷി കുറയ്ക്കുന്നതിന് വേണ്ടിയുള്ള മരുന്ന് കഴിക്കുന്നതിനാല്‍ ട്രാന്‍സ്‍പ്ലാന്‍റിന് വിധേയായ ഒരു വ്യക്തിക്ക് തുടര്‍ ജീവിതത്തില്‍ മറ്റ് അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. അത് ഞങ്ങളിപ്പോള്‍ അനുഭവിക്കുന്നുണ്ട്. ദയയ്ക്ക് എന്തെങ്കിലും അസുഖം വന്നാല്‍, മറ്റുള്ള ഹോസ്പിറ്റലുകളിലെ തിരക്ക്, ബഹളം, വൃത്തിയില്ലായ്മ എല്ലാം ആലോചിക്കുമ്പോള്‍ അവിടുത്തെ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ഞങ്ങളുടെ ഉള്ളില്‍ ഭയമുണ്ട്. അപ്പോള്‍ വീണ്ടും സര്‍ജറി ചെയ്ത ഹോസ്പിറ്റലിലേക്ക് മണിക്കൂറുകളെടുത്ത് കിലോമീറ്ററുകള്‍ നീളുന്ന യാത്ര തന്നെയേ പോംവഴിയുള്ളൂ... അതുകൊണ്ടുതന്നെ, ഓരോ ജില്ലയിലും ഇത്തരം കുട്ടികള്‍ക്കുള്ള ചികിത്സാസൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ തന്നെ ആലോചനയുണ്ടാവണം എന്നൊരു അപേക്ഷയുണ്ട്..

അങ്ങനെയാണ് ഈ അച്ഛനുമമ്മയും തങ്ങളുടെ കു‍ഞ്ഞിന് ജന്മം നല്‍കിയവരും ജീവന്‍ നല്‍കിയവരും ജീവിതം നല്‍കിയവരുമായത്....

ഇത്തരമൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്നവരോട് പറയാനുള്ളതും ഒന്നേയുള്ളു, ഉറച്ച ഒരു തീരുമാനം എടുക്കുക. ബാക്കിയെല്ലാം നിങ്ങളെത്തേടി വന്നുകൊള്ളും. സര്‍ജറിയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്കു മുന്നിലുണ്ടായിരുന്ന പ്രധാന ചോദ്യം ജീവന്‍ വേണോ ജീവിതം വേണോ എന്നതായിരുന്നു. ഞങ്ങള്‍ക്ക് എത്ര കഷ്ടപ്പെട്ടിട്ടും, എത്ര പണം ചെലവഴിച്ചിട്ടും കുഞ്ഞിന്‍റെ ജീവന്‍ രക്ഷിച്ചെടുക്കാന്‍ പറ്റിയേക്കും, പക്ഷേ അവള്‍ക്കൊരു ജീവിതം കൊടുക്കാന്‍ പറ്റുമോ. അതിന് ശേഷമുള്ള ജീവിതം കൊണ്ട് അവള്‍ കൂടുതല്‍ ദുരിതമാണോ അനുഭവിക്കേണ്ടി വരിക.. ജീവിതം കൊടുക്കാന്‍ പറ്റുന്നില്ലെങ്കില്‍ ജീവിതം രക്ഷിക്കണോ? പലരോടും ചോദിച്ചു, പലരോടും ചര്‍ച്ച ചെയ്തു.. ജീവന്‍ മാത്രമല്ല, ജീവിതവും ഞങ്ങള്‍ക്ക് കൊടുക്കാന്‍ പറ്റും എന്ന ഉറപ്പിലേക്കാണ് ഞങ്ങള്‍ അവസാനം എത്തിയത്. അത് ഇപ്പോള്‍ സാധിക്കുന്നു എന്നതിലാണ് ഞങ്ങളുടെ സന്തോഷവും.. അത് മെഡിക്കല്‍ സയന്‍സിന്‍റെ ഏറ്റവും വലിയ നേട്ടമാണ്.. കാരണം മെഡിക്കല്‍ സയന്‍സ് മുന്നോട്ട് പോയിക്കൊണ്ടിരിക്കയാണ്.. ഇപ്പോള്‍ ഈ സര്‍ജറി കഴിഞ്ഞതുകൊണ്ട് ഭാവിയില്‍ ഞങ്ങളുടെ കുഞ്ഞിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുകയാണെങ്കില്‍ അത് പരിഹരിക്കാന്‍ കഴിയുന്ന തരത്തിലേക്ക് മെഡിക്കല്‍ സയന്‍സും വളരും... ആ സാധ്യതയുടെ പുറത്താണ് ഞങ്ങള്‍ സര്‍ജറി ചെയ്യാന്‍ തയ്യാറാകുന്നത്. വിധിയില്‍ വിശ്വസിച്ച്, കുഞ്ഞിനെ മരണത്തിന് വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നില്ല... പകരം മെഡിക്കല്‍ സയന്‍സില്‍ വിശ്വസിച്ചാണ് ഞങ്ങള്‍ ട്രാന്‍സ്‍പ്ലാന്‍റ് ചെയ്യാന്‍ തയ്യാറാകുന്നത്...’’