LiveTV

Live

Health

ഇഞ്ചീം നാരങ്ങേം പിന്നെ വേറെന്തൊക്കെയോ അൽക്കുൽത്ത് സാധനങ്ങളും ഇട്ട ആ ബോഞ്ചി വെള്ളം കുടിച്ചാലൊന്നും കുടവയറ് കുറയൂല മക്കളെ...

പിന്നെ, ഇത്രേം കടുത്ത വേനൽക്കാലത്ത് എന്തെങ്കിലും ഇച്ചിരെ വെള്ളം ഉള്ളിൽ ചെല്ലുന്നതും ശരീരത്തിന് അത്യാവശ്യമായതോണ്ട് കുടി നിർബാധം തുടർന്നോളൂ....

 ഇഞ്ചീം നാരങ്ങേം പിന്നെ വേറെന്തൊക്കെയോ അൽക്കുൽത്ത് സാധനങ്ങളും ഇട്ട ആ ബോഞ്ചി വെള്ളം കുടിച്ചാലൊന്നും കുടവയറ് കുറയൂല മക്കളെ...

എത്ര വലിയ കുടവയറും അപ്രത്യക്ഷമാക്കി സെക്‌സി ബെല്ലി സിക്‌സ് പാക്കാവാൻ വെറും 21 ദിവസം മാത്രം മതി ! അതും ഭക്ഷണം നിയന്ത്രിക്കാതെ വെറും 10 മിനിറ്റ് വ്യായാമം മാത്രം ചെയ്‌ത് !!! കേട്ടിട്ട് വിശ്വാസം വരുന്നില്ലല്ലേ....?

ങാ.... എന്നാൽ വിശ്വസിക്കണ്ട, കേട്ടോ. ഇന്ന് ഏപ്രിൽ ഒന്നാം തീയതി ആയതുകൊണ്ട് മാത്രം പോസ്റ്റിൽ എഴുതി വക്കാൻ പറ്റുന്ന രണ്ട് വാചകങ്ങളാണിത്‌. ഈ പറഞ്ഞ കണക്കിന്‌ നോ ഗ്രാസ്‌ വിൽ വാക്ക്‌ ഹിയർ. പക്ഷേ രണ്ട് ദിവസം മുൻപ് ഫിറ്റ്നസ് ഗ്രൂപ്പിനെപ്പറ്റി പോസ്റ്റിട്ടതിനു ശേഷം ഒരുപാട് പേർ ഏതാണ്ട് ഇക്കാര്യത്തിന്റെ പല വേർഷനുകൾ വളരെ സീരിയസ്സായിത്തന്നെ നേരിട്ടും ഫോണിലും ചാറ്റിലുമൊക്കെ സംശയം ചോദിച്ചോണ്ടു വന്നു. വളരെ പേഴ്സണലായ സംശയങ്ങൾക്ക് അവിടെ മറുപടി കൊടുത്ത്, ബാക്കിയുള്ളവരോട് കുടവയർ കുറക്കുന്നതുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളെപ്പറ്റി വിശദമായി ഒരു പോസ്റ്റിൽ എഴുതാമെന്ന് പറഞ്ഞിരുന്നു... അതാണിത്. ചിലർ വയറു കുറയ്‌ക്കാനായി എന്നും ചെയ്യുന്നത് പോലെ ഇഞ്ചീം നാരങ്ങേം പിന്നെ വേറെന്തൊക്കെയോ അൽക്കുൽത്ത് സാധനങ്ങളും ഇട്ട ആ ബോഞ്ചി വെള്ളം ഒരു ഗ്ലാസ് കുടിച്ചിട്ട് താഴോട്ട് വായിച്ചോളൂ.

എന്താണ് അമിതവണ്ണം?

അമിതമായി ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് അമിതവണ്ണം എന്നപേരിൽ അറിയപ്പെടുന്നത്. ഇത് ഹൃദയസംബന്ധമായ അസുഖങ്ങൾ മുതൽ കാൻസറും ഡയബറ്റിസും ഡിപ്രഷനും വരെ ഒരുപാട് അസുഖങ്ങൾക്ക് കാരണമാവുന്നു. 2015ലെ കണക്കനുസരിച്ച് ലോകമെമ്പാടും 600 ദശലക്ഷം മുതിർന്ന ആളുകളും 100 ദശലക്ഷം കുട്ടികളും അമിതവണ്ണത്തിന്റെ പിടിയിലാണ്. ആവശ്യത്തിന് വ്യായാമമില്ലാത്തതും മോശം ഭക്ഷണശീലങ്ങളുമാണ് ഭൂരിപക്ഷം പേരുടെയും അമിതവണ്ണത്തിന് കാരണക്കാർ. ഒരു ചെറിയ ശതമാനം ആളുകൾക്ക് ജനിതകകാരണങ്ങൾ കൊണ്ടും, അസുഖങ്ങളും മരുന്നുകളും കൊണ്ടും ഇങ്ങനെ ആയിത്തീരാറുണ്ട്‌. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് അമിതവണ്ണവും അതുമായി ബന്ധപ്പെട്ട അസുഖങ്ങളും കൂടുതൽ കാണുന്നത്. കൃത്യമായ ജീവിതശൈലി മാറ്റങ്ങളിലൂടെ അകറ്റി നിർത്താവുന്ന ഒന്നാണീ അമിതവണ്ണം.

ഡോക്ടറേ... നല്ല കുടവയറുണ്ട്... ബാക്കി ശരീരം ഒക്കെ നോർമലാണ്... വയറ് മാത്രം കുറയാൻ എന്ത് വ്യായാമമാണ് ചെയ്യേണ്ടത്?

വയറിനു മാത്രമായി എന്തെങ്കിലും വ്യായാമം ചെയ്താൽ വയറു കുറയും എന്നത് പരക്കെയുള്ള ഒരു തെറ്റിദ്ധാരണയാണ്. അങ്ങനെ ഒരു പ്രത്യേക ഭാഗം ലക്ഷ്യമാക്കി ഫാറ്റ് അലിയിച്ച് കളയാനൊന്നും പറ്റില്ല. വ്യായാമം ചെയ്യേണ്ടത് മുഴുവൻ ശരീരത്തിനുമാണ്. ഒപ്പം കൃത്യമായി ഭക്ഷണം കഴിക്കുകയും വേണം.

ഭാരം എടുത്തുള്ള വ്യായാമങ്ങൾ ഒക്കെ പെണ്ണുങ്ങൾക്ക് ചെയ്യാൻ പാട്വോ? അങ്ങനെ ചെയ്താൽ മസിൽ വന്ന് വെയ്റ്റ് കൂടുകയല്ലേ ചെയ്യുക?

അല്ലല്ലോ... ആവശ്യത്തിന് ഭാരമെടുത്ത് വ്യായാമം ചെയ്യുകയും കൂടെ ഡയറ്റ് ശ്രദ്ധിക്കുകയും ചെയ്താലേ ആരോഗ്യകരമായ രീതിയിൽ ശരീരത്തിലെ ഫാറ്റും കുടവയറും കുറയൂ... പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകൾക്കും എല്ലാ ശരീരഭാഗത്തിനും ആവശ്യത്തിന് വ്യായാമം കിട്ടേണ്ടതുണ്ട്. ഡോക്ടറേ, ഞാൻ നല്ലോണം നടക്കാൻ പോവും യു ട്യൂബ് വീഡിയോ നോക്കി വർക്കൗട്ട് ഒക്കെ ചെയ്യും പക്ഷേ വയറും ഭാരവും ഒരു വ്യത്യാസവും ഇല്ല. നടത്തം മാത്രം പോര. എല്ലാ ശരീരഭാഗങ്ങൾക്കും വ്യായാമം ആവശ്യമാണ്. പിന്നെ, വർക്കൗട്ടിനൊപ്പം ഭക്ഷണവും കൃത്യമായാലേ കുടവയറും അമിതഭാരവും കുറയൂ.

വയറുകുറക്കാൻ എന്ന പേരിൽ മാർക്കറ്റിൽ കിട്ടുന്ന ബെൽറ്റ്, എണ്ണ, കലക്കിക്കുടിക്കാനുള്ള പൊടി ഇത്യാദി സാധനങ്ങളുടെ സത്തിയം എന്ന...?

വളച്ചും തിരിച്ചും വൈബ്രേറ്റ് ചെയ്തും മസ്സാജ് ചെയ്തുമെല്ലാം വയർ കുറക്കും എന്നവകാശപ്പെടുന്ന ഒരുപാട് ഉല്പന്നങ്ങൾ ടി.വി യിലും വെബ്‌സൈറ്റുകളിലും കാണാം. പലതിനും നല്ല വിലയുമുണ്ടാവും. വിറപ്പിക്കുന്ന യന്ത്രം വയറിൽ ഫിറ്റ് ചെയ്തതുകൊണ്ടോ തൈലം തേച്ച് ഇരുന്നതുകൊണ്ടോ പേഴ്സിന്റെ കനം അല്ലാതെ വേറൊന്നും കുറയൂല്ല. കണ്ണീക്കണ്ട പൊടി ഒക്കെ വാങ്ങി കലക്കിക്കുടിച്ചിട്ട് പിന്നാലെ വേറെ എന്തൊക്കെ അസുഖങ്ങളാണ് വരാൻ പോണതെന്ന് പടച്ചോനറിയാം... കുടവയർ കുറക്കാൻ കൃത്യമായ വ്യായാമവും ഡയറ്റും അല്ലാതെ യാതൊരു കുറുക്കുവഴികളും ഇല്ല.

ശരീരത്തിലെ എല്ലാ ഫാറ്റും അപകടമാണോ ?

അല്ല. ശരീരത്തിൽ ബ്രൗൺ ഫാറ്റ്, വൈറ്റ് ഫാറ്റ്, സബ്‌ക്യുട്ടേനിയസ് ഫാറ്റ് (തൊലിക്കടിയിലുള്ളത്), വിസറൽ ഫാറ്റ് ( ആന്തരികാവയവങ്ങൾക്ക് ചുറ്റുമായുള്ളത്), ഇൻട്ര മസ്‌കുലർ ഫാറ്റ് ( മസിൽ ഫൈബറുകൾക്ക് ഇടയിലുള്ളത്) എന്നിങ്ങനെ പലതരം ഫാറ്റുകളുണ്ട്. ഇതിൽ വിസറൽ ഫാറ്റ് ആണ് കൂടുതൽ അപകടകാരി.

ശരിക്കും മെനക്കെട്ട് ഇറങ്ങിയാൽ 21 ദിവസം കൊണ്ടൊക്കെ കുടവയർ മാറ്റി സിക്‌സ് പാക്ക് ആക്കാൻ പറ്റ്വോ? ഈ ടൈപ്പിൽ ഒരുപാട് പരസ്യങ്ങൾ കാണാറുണ്ട്.

ഇല്ല. ശുദ്ധ തട്ടിപ്പാണതൊക്കെ. സ്വിച്ചിട്ടത് പോലെ ആരോഗ്യകരമായി കുറയ്‌ക്കാൻ പറ്റുന്ന ഒന്നല്ല ശരീരഭാരവും കുടവയറും.

അപ്പൊ പിന്നെ ഡോക്ടർ ഷെയർ ചെയ്ത ആ ഗ്രൂപ്പിന്റെ പേജിൽ പോയി നോക്കിയപ്പോ അവിടെ ഈസിയായി വയർ കുറച്ച കുറേപ്പേരെ കണ്ടല്ലോ? അതോ?

ഈസിയായി കുറച്ചു എന്ന് ആരാണ് പറഞ്ഞത്? അവരൊക്കെ നാലഞ്ച് മാസം കൃത്യമായി വർക്കൗട്ടും ഡയറ്റും ചെയ്തിട്ടാണ് നല്ല റിസൽറ്റ് കിട്ടിയത്. കുടവയർ കുറക്കുന്നതിൽ ഒരൊറ്റ രഹസ്യമേയുള്ളു - കൺസിസ്റ്റൻസി. വർക്കൗട്ടുകളും ഡയറ്റും ഒക്കെ പഠിച്ചെടുക്കാനും ചെയ്ത് തുടങ്ങാനും ആർക്കായാലും ഒന്നു രണ്ടാഴ്ച മതി. അത് കുറച്ച് മാസങ്ങൾ തുടർച്ചയായി ചെയ്യാനുള്ള മോട്ടിവേഷൻ ഇല്ലാത്തതുകൊണ്ടാണ് പലരും ഇടക്ക് വച്ച് നിർത്തിപ്പോകുന്നത്. ആകെ ആ ഗ്രൂപ്പിന്റെ രഹസ്യം ഇതൊക്കെ തുടർച്ചയായി ചെയ്യാൻ ആളുകളെ മോട്ടിവേറ്റ് ചെയ്ത് നിർത്തുന്നു എന്നത് മാത്രമാണ്...

അപ്പൊ ഞങ്ങളെന്ത് ചെയ്യണം എന്നാണ് പറഞ്ഞു വരുന്നത്...?

ആദ്യം വർക്കൗട്ടിന്റെയും ഡയറ്റിന്റെയുമൊക്കെ അടിസ്ഥാനകാര്യങ്ങൾ വായിച്ച് മനസ്സിലാക്കുക. സുഹൃത്തുക്കളൊടും ഇക്കാര്യം സംസാരിക്കുക. എന്നിട്ട് ഇതേ ലക്ഷ്യമുള്ള സുഹൃത്തുക്കളുമായി ചേർന്ന് ഒരുമിച്ച് വർക്കൗട്ടും ഡയറ്റും ചെയ്യാൻ തുടങ്ങുക. ഒറ്റക്ക് ചെയ്ത് തുടങ്ങുമ്പോൾ പെട്ടെന്ന് മടുത്തുപോവും. അതേ സമയം ഒരു ഗ്രൂപ്പായി ചെയ്യുമ്പോൾ ഒരാൾക്ക് മോട്ടിവേഷൻ കുറയുന്നു എന്ന് കാണുമ്പോൾ മറ്റുള്ളവർ ചേർന്ന് അയാളെ ട്രാക്കിലേക്ക് കൊണ്ടുവരും. ഇങ്ങനെ അവരവരുടെ ഫ്രണ്ട് സർക്കിളിനുള്ളിൽ ഒരു പരസ്പര സഹായസഹകരണസംഘം നാലഞ്ച് മാസം ഓടിച്ചാൽ ആ കൂട്ടത്തിൽ എല്ലാവർക്കും അവരവരുടെ ആരോഗ്യലക്ഷ്യങ്ങൾ നേടാം.

കീറ്റോ ഡയറ്റിനെപ്പറ്റി എന്താണഭിപ്രായം?

ആ ടൈപ് ശരീരത്തെ ആകെ തകിടം മറിക്കുന്ന തരം പരിപാടികളോട്, അതും കുറച്ച് കാലം കഴിഞ്ഞ് എന്തൊക്കെ പിന്നാലെ വരും എന്ന് ആവശ്യത്തിന് പഠനങ്ങൾ ഒന്നും നടന്നിട്ടില്ലാത്ത പരിപാടികളോട് ഒട്ടും യോജിപ്പില്ല. ഭാവിയിൽ കൂടുതൽ ശാസ്ത്രീയ പഠനഫലങ്ങൾ പുറത്തു വന്ന് ദോഷങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കിയതിനു ശേഷം പരീക്ഷിക്കുന്നതാണ് നല്ലത്. ഈ വിഷയത്തിൽ വിശദമായ ലേഖനം ഇൻഫോക്ലിനിക്കിൽ വന്നതിന്റെ ലിങ്ക് ഒന്നാമത്തെ കമന്റിൽ കൊടുത്തിട്ടുണ്ട്.

വാൽക്കഷ്ണം : ങാ പിന്നെ ഒരു കാര്യം കൂടെ... ഇഞ്ചീം നാരങ്ങേം പിന്നെ വേറെന്തൊക്കെയോ അൽക്കുൽത്ത് സാധനങ്ങളും ഇട്ട ആ ബോഞ്ചി വെള്ളം ദിവസോം കുടിച്ച് നോക്കിയിരിന്നാൽ കുടവയർ കുറയില്ല. പിന്നെ, ഇത്രേം കടുത്ത വേനൽക്കാലത്ത് എന്തെങ്കിലും ഇച്ചിരെ വെള്ളം ഉള്ളിൽ ചെല്ലുന്നതും ശരീരത്തിന് അത്യാവശ്യമായതോണ്ട് കുടി നിർബാധം തുടർന്നോളൂ....

കടപ്പാട്: ഡോ.ഷിംന അസീസ്