LiveTV

Live

Health

വേനല്‍ക്കാലമല്ലേ..ഇവയൊക്കെ നൈസായിട്ട് ഒഴിവാക്കിക്കോളൂ..

അമിതമായ എരിവ് , പുളി, ഉപ്പു മസാല ചേർത്തവ അച്ചാർ, ബേക്കറി പലഹാരങ്ങൾ, ശീതീകരിച്ച ആഹാരസാധനങ്ങൾ, മാംസം എന്നിവ ഈ അവസരത്തിൽ ഒഴിവാക്കണം.

വേനല്‍ക്കാലമല്ലേ..ഇവയൊക്കെ നൈസായിട്ട് ഒഴിവാക്കിക്കോളൂ..

വേനല്‍ ചുട്ടുപഴുത്തു തുടങ്ങി. ചൂടു കാരണം പുറത്തേക്കിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥ. ഈ ചൂടുകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത് കൃത്യമായ പാലിച്ചാല്‍ ഒരു പരിധി വരെ ചൂടിനെയും വേനല്‍ക്കാല രോഗങ്ങളെയും പ്രതിരോധിക്കാനാവും.

ആഹാരകാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണ് വേനല്‍ക്കാലം. ലഘുവായതും ദഹിക്കാൻ എളുപ്പമുള്ളതുമായ ആഹാര സാധനങ്ങൾ ആണ് കഴിക്കേണ്ടത് . വെള്ളരി, തണ്ണിമത്തൻ തുടങ്ങിയ പഴങ്ങളും വാഴപ്പഴവും ധാരാളം ആഹാരത്തിൽ ഉൾപ്പെടുത്താം. അല്പം നെയ് ചേർത്ത കഞ്ഞി, പാൽക്കഞ്ഞി, മലർക്കഞ്ഞി തുടങ്ങിയ ആയുർവ്വേദം നിഷ്കർഷിക്കുന്ന ആഹാരങ്ങൾ നല്ലതാണ്. എന്നാൽ അമിതമായ എരിവ് , പുളി, ഉപ്പു മസാല ചേർത്തവ അച്ചാർ, ബേക്കറി പലഹാരങ്ങൾ, ശീതീകരിച്ച ആഹാരസാധനങ്ങൾ, മാംസം എന്നിവ ഈ അവസരത്തിൽ ഒഴിവാക്കണം.

പാനീയങ്ങൾ ആണ് ആഹാരത്തിൽ ഏറ്റവും കൂടുതൽ ഉള്‍പ്പെടുത്തേണ്ടത്. കുടിക്കാനായി നന്നാറി അല്ലെങ്കിൽ കൊത്തമല്ലി ഇട്ടു തിളപ്പിച്ച വെള്ളം, കരിമ്പ് ജ്യൂസ്, നാരങ്ങാ ജ്യൂസ്, സംഭാരം, കരിക്കിൻവെള്ളം എന്നിവ ഉപയോഗിക്കാം നേർപ്പിച്ച പഞ്ചസാരയിട്ട പാലും നല്ലതാണ്. എന്നാൽ മദ്യം , സോഫ്റ്റ് ഡ്രിങ്ക്സ്, ശീതീകരിച്ച പാനീയങ്ങൾ, കാർബണെറ്റാഡ് ഡ്രിങ്ക്സ് എന്നിവ തീർത്തും ഉപേക്ഷിക്കണം.

ആഹാര പാനീയങ്ങൾക്കു പുറമെ മറ്റു കാര്യങ്ങളിലും ശ്രദ്ധ വേണം വസ്ത്രം ധരിക്കുമ്പോൾ കനം കുറഞ്ഞതും പരുത്തി, കോട്ടൺ തുടങ്ങിയവ കൊണ്ടുള്ള അയഞ്ഞ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതാണ് ഉത്തമം. നെല്ലിക്ക നാല്പാമരം, രാമച്ചം എന്നിവ ഇട്ടുവച്ച ശുദ്ധജലത്തിൽ രണ്ടു നേരം കുളി, ലഘുവായ വ്യായാമം വിശ്രമം എന്നിവ വേണം. ചൂടുവെള്ളത്തിലുള്ള കുളി, വെയിൽ കൊള്ളൽ, കഠിനാധ്വാനം രാത്രിയിലെ ഉറക്കമിളപ്പ് എന്നിവ ഒഴിവാക്കണം.