LiveTV

Live

Health

പേടിക്കണോ വെസ്റ്റ് നൈല്‍ വൈറസിനെ?

മലപ്പുറത്ത് വെസ്റ്റ് നൈല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ നാം എടുക്കേണ്ട മുന്‍കരുതലുകള്‍ എന്തെല്ലാമാണ്... ഈ വേനല്‍ക്കാലത്തും പെരുകുന്ന കൊതുകുകളെ നമുക്ക് എങ്ങനെ തടയാം... 

പേടിക്കണോ വെസ്റ്റ് നൈല്‍ വൈറസിനെ?

ഒരു പനി ഒരു നാടിന് എത്രമാത്രം ഭീതിയാണ് സമ്മാനിക്കുന്നത് എന്ന് കേരളം തിരിച്ചറിഞ്ഞ വര്‍ഷമാണ് കടന്നുപോയത്... നിപ വൈറസ് അത്ര മാത്രം മലയാളികളെ നടുക്കിയിട്ടുണ്ട്.. നിപയുടെ ആരംഭം കോഴിക്കാടായിരുന്നുവെങ്കില്‍ ഇപ്പോഴിതാ മലപ്പുറത്ത് നിന്ന് മറ്റൊരു വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു- വെസ്റ്റ് നൈല്‍ വൈറസ്.‌

മലപ്പുറം എ.ആർ. നഗറിലെ ഏഴുവയസ്സുകാരനാണ് വെസ്റ്റ് നൈല്‍ വൈറസ് ബാധയുമായി കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കുട്ടി ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. വെസ്റ്റ് നൈല്‍ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ പ്രത്യേക മെഡിക്കല്‍ സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനു പിന്നാലെ ‌കേന്ദ്രസംഘവും ‌എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

1937-ൽ ഉഗാണ്ടയിലെ വെസ്റ്റ്‌ നൈൽ ജില്ലയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. അങ്ങനെയാണ് രോഗത്തിന് ഈ പേര് വരുന്നത്. ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ മേഖലകളിൽ പിന്നീട് ഈ രോഗം ഒട്ടേറേപ്പേർക്ക് ബാധിച്ചു. 1999-ൽ ന്യൂയോർക്ക് സിറ്റിയിൽ കണ്ടെത്തിയതിനുശേഷമാണ് വൈറസിനെ കുറിച്ചും അതിന്‍റെ വ്യാപനത്തെക്കുറിച്ച് പഠിക്കുന്നത്.

ഇന്ത്യയിൽ 1952-ൽ മുംബൈയിലാണ് ഈ വൈറസ് ബാധ കണ്ടെത്തുന്നത്. 2011-ൽ ആലപ്പുഴ ജില്ലയിൽ വെസ്റ്റ്‌ നൈൽ വൈറസ് മൂലമുള്ള മസ്തിഷ്‌കവീക്കം കണ്ടെത്തിയിരുന്നു.

പേടിക്കണോ വെസ്റ്റ് നൈല്‍ വൈറസിനെ?

എന്താണ് വെസ്റ്റ് നൈല്‍ ബാധ

വെസ്റ്റ് നെല്‍ വൈറസ് ബാധ ഒരു സാധാരണ വൈറല്‍ രോഗമാണ്. സാധാരണ വൈറല്‍ പനികള്‍ക്കുണ്ടാകുന്ന പോലെ കണ്ണുവേദന, ശരീരവേദന, പനി, തലവേദന, ശര്‍ദ്ദി, വയറിളക്കം, ശരീരത്തില്‍ തടിപ്പുകള്‍ എന്നിവയൊക്കെത്തന്നെയാണ് സാധാരണ ലക്ഷണങ്ങള്‍.

അണുബാധയുള്ള പക്ഷികളിൽ നിന്നും കൊതുകുകൾ വഴിയാണ് ഈ രോഗം മനുഷ്യരിലെത്തുന്നത്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് വൈറസ് പകരുന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ രക്തദാനത്തിലൂടെയും അവയവദാനത്തിലൂടെയും പകര്‍ന്നേക്കാം. ഗര്‍ഭസമയത്ത് അമ്മയില്‍ നിന്നും കുഞ്ഞിലേക്കും വൈറസ് പകരാന്‍ സാധ്യത കൂടുതലാണ്.

ക്യൂലക്‌സ് വിഭാഗത്തിൽപ്പെടുന്ന കൊതുകാണ് ഈ രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരില്ല. പകരം, പക്ഷികളെയും വളര്‍ത്തുമൃഗങ്ങളെയും കടിക്കുന്ന കൊതുകുകള്‍ പിന്നെ മനുഷ്യരെ കടിക്കുമ്പോഴാണ് രോഗബാധയുണ്ടാകുന്നത്.

പേടിക്കണോ വെസ്റ്റ് നൈല്‍ വൈറസിനെ?

അപകടകാരിയാണോ വെസ്റ്റ് നൈല്‍ ബാധ

വെസ്റ്റ് നൈല്‍ വൈറസ് ബാധയേല്‍ക്കുന്ന എല്ലാ കേസും മാരകമായ അവസ്ഥയിലേക്ക് പോകുകയില്ല. 80 ശതമാനത്തോളം വൈറസ് ബാധയും ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റും. തലച്ചോറില്‍ വീക്കം, മെനിഞ്ചൈറ്റിസ് എന്നീ അവസ്ഥകളിലേക്ക് മാറുമ്പോള്‍ മാത്രമാണ് അസുഖം അതിന്‍റെ തീവ്രത പ്രകടിപ്പിക്കുന്നത്. അസുഖബാധിതരാകുന്ന 150 പേരില്‍ ഒരാള്‍ക്ക് എന്ന കണക്കിലാണ് രോഗം മൂര്‍ച്ഛിക്കുന്നത്. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മാത്രമേ രോഗലക്ഷണങ്ങള്‍ പുറമേയ്ക്ക് പ്രകടമാകുകയുള്ളൂ.. ബാക്കിയുള്ളവരില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷത്തില്‍ പ്രകടമാകില്ല എന്നതിനാല്‍, വെസ്റ്റ് നൈല്‍ വൈറസ് പരത്തുന്ന കൊതുകുകളുടെ സാന്നിധ്യം നേരത്തെയും ഇവിടെയുണ്ടായിരുന്നുവെന്ന് വേണം അനുമാനിക്കാന്‍.

ശുദ്ധജലത്തിലാണ് സാധാരണ ഡെങ്കി പോലുള്ള വൈറസിന് കാരണമാകുന്ന കൊതുകുകളുണ്ടാകുന്നത്. എന്നാല്‍ കെട്ടി നില്‍ക്കുന്ന, ചീത്ത വെള്ളത്തിലാണ് വെസ്റ്റ് നൈല്‍ വൈറസ് പരത്തുന്ന കൊതുകുകളുടെ വാസം.

പേടിക്കണോ വെസ്റ്റ് നൈല്‍ വൈറസിനെ?

അസുഖത്തെ എങ്ങനെ പ്രതിരോധിക്കാന്‍ സാധിക്കും?

ഈ വൈറസ് പരത്തുന്ന കൊതുകിനെതിരെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവേണ്ടത്. ഇത്തരം കൊതുകുകള്‍ പക്ഷികളെയും നമ്മുടെ വളര്‍ത്തുമൃഗങ്ങളെയും ഒക്കെ കടിച്ചതിന് ശേഷം മനുഷ്യരെ കടിക്കുമ്പോഴാണ് രോഗം പടരുന്നത്. പക്ഷികളും മൃഗങ്ങളും കുളങ്ങളും ഒക്കെയായി മലപ്പുറത്ത് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുട്ടിയുടെ വീടിന് ചുറ്റുപാടും ഇത്തരത്തിലുള്ള കൊതുകുകള്‍ക്ക് വളരാനാവശ്യമായ എല്ലാ സാഹചര്യങ്ങളുണ്ടായിരുന്നു.

ഏത് പ്രായത്തിലുള്ള ആള്‍ക്കാരെയും രോഗം ബാധിക്കാം. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, പ്രമേഹമുള്ളവര്‍, മറ്റ് സ്ഥിരമായി അസുഖങ്ങളുള്ളവര്‍ എന്നിവരെയൊക്കെ വൈറസ് ബാധ കൂടുതലായി ബാധിക്കാന്‍ സാധ്യതയുണ്ട്.. വെസ്‍റ്റ് നൈല്‍ വൈറസിന് വാക്സിനുകള്‍ ലഭ്യമല്ല എന്നതിനാലും രോഗം ബാധിക്കാതെ സൂക്ഷിക്കുക എന്നത് തന്നെയാണ് പ്രധാനം.

രോഗം പിടിപെടാനുള്ള സാധ്യതകളെല്ലാം നാം ഒഴിവാക്കണം. കൊതുകിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നതുമാത്രമാണ് വെസ്റ്റ് നെല്‍ ബാധയെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. കൊതുകുകള്‍ക്ക് പെറ്റുപെരുകാനുള്ള അവസരങ്ങളെല്ലാം നശിപ്പിക്കണം. കിണറുകളിലും കുളങ്ങളിലും കൊതുകു കൂത്താടികളെ തിന്ന് നശിപ്പിക്കുന്ന ഗപ്പി പോലുള്ള മീനുകളെ വളര്‍ത്തുക. കിണറുകളെ വലയിട്ട് സൂക്ഷിക്കുക, പരിസരം ശുചിയാക്കി വെക്കുക, ആഴ്‍ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കുക എന്നിവയെല്ലാം ശ്രദ്ധിക്കുക.

വേനല്‍ക്കാലത്ത് വെള്ളം എവിടെയാണ് കെട്ടിനില്‍ക്കുന്നത് എന്നാണ് എല്ലാവരുടെയും ചോദ്യം. ഉണ്ട്, വേനല്‍ക്കാലത്ത് കൊതുകുണ്ടെങ്കില്‍ വെള്ളം കെട്ടിനില്‍ക്കുന്നുമുണ്ട്. വേനല്‍ക്കാലത്ത് നാം വെള്ളം ശേഖരിച്ചുവെക്കുന്ന പാത്രങ്ങള്‍ അടച്ചുവെക്കാതിരിക്കുമ്പോള്‍ അവ കൊതുകുകളുടെ വാസസ്ഥലങ്ങളാകുന്നു, അവ അവിടെ മുട്ടയിട്ട് പെറ്റുപെരുകുന്നു.

പേടിക്കണോ വെസ്റ്റ് നൈല്‍ വൈറസിനെ?

ഇന്നത്തെ കാലത്ത് നമ്മുടെ വീടുകളില്‍ റൂമുകളേക്കാള്‍ ബാത്ത് റൂമുകളാണ്. അവയില്‍ പലതും നാം ഉപയോഗിക്കുന്നത് പോലുമല്ല. അത്തരം ക്ലോസറ്റുകളിലും കൊതുകുകള്‍ പെറ്റുപെരുകാം. ഉപയോഗിക്കാത്ത ക്ലോസറ്റുകളാണെങ്കിലും ഇടയ്ക്കിടയ്ക്ക് ഫ്ലഷ് ചെയ്ത് കൊടുക്കുക. യൂറോപ്യന്‍ ക്ലോസറ്റുകളാണെങ്കില്‍ മൂടിയിടണം.

അതുപോലെ കൊതുകു വളരാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്ന അഴുക്കുവെള്ളങ്ങളെ പൂര്‍ണമായും ഒഴിവാക്കിക്കളയണം. ഓടകളില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ടെങ്കില്‍ അത് കണ്ടെത്തി ഒഴിവാക്കുകയും ഒഴുക്കിവിടുകയും ചെയ്യണം. പരിസരപ്രദേശങ്ങള്‍ കാടുപിടിച്ച് കിടക്കുന്നുണ്ടെങ്കില്‍ അതെല്ലാം വെട്ടിക്കളയുക

തലച്ചോറിനെയും അതിന്‍റെ ആവരണത്തെയും നാഡിവ്യൂഹത്തെയും ഒക്കെ വൈറസ് ബാധിച്ചു തുടങ്ങുമ്പോഴാണ് രോഗി അപകടാവസ്ഥയിലാവുന്നത്. ഈ അവസ്ഥയില്‍ രോഗിക്ക് അപസ്മാരമോ ബോധക്ഷയമോ വരിക, ശരീരം തളരുക എന്നിവയൊക്കെ സംഭവിക്കാം. അല്ലെങ്കിലും വൈറസ് ബാധിക്കുന്നത് തലച്ചോറിനെ ആയതിനാല്‍ ശരീരത്തിന്‍റെ മറ്റ് അവയവങ്ങളെല്ലാം പെട്ടെന്ന് തന്നെ സ്വാഭാവികമായും പ്രവര്‍ത്തനരഹിതമാകും. അതുകൊണ്ടുതന്നെ രോഗിയുടെ മരണത്തിന് വരെ അത് കാരണമായേക്കാം.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. സക്കീന, ഡി.എം.ഒ, മലപ്പുറം