LiveTV

Live

Health

പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.. കാഴ്ച വരെ പോയേക്കാം

അമിതമായി പുകവലി ശീലമാക്കിയവര്‍ക്ക് പുകവലിക്കാത്തവരെ അപേക്ഷിച്ച് നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് കുറവാണെന്ന് പഠനത്തില്‍ വ്യക്തമായി.

പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.. കാഴ്ച വരെ പോയേക്കാം

നിയന്ത്രണമില്ലാതെ പുകവലിക്കുന്നവരുടെ കാഴ്ചശക്തി നഷ്ടമായേക്കാമെന്ന് പഠനം. ദിവസം 20ല്‍ കൂടുതല്‍ സിഗരറ്റ് വലിക്കുന്നവര്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെടാനുള്ള സാധ്യത രണ്ടിരട്ടിയോളമാണെന്നാണ് പഠനം പറയുന്നത്. സൈക്ക്യാട്രി റിസര്‍ച്ച് എന്ന ജേര്‍ണലാണ് പഠനം പുറത്തുവിട്ടത്.

ദിവസവും 15 സിഗരറ്റില്‍ താഴെ വലിക്കുന്ന 71 പേരിലും 20 സിഗരറ്റില്‍ കൂടുതല്‍ വലിക്കുന്ന 63 പേരിലുമാണ് പഠനം നടത്തിയത്. 25 - 45 പ്രായപരിധിയില്‍പ്പെട്ടവരിലാണ് പഠനം നടത്തിയത്. അമിതമായി പുകവലി ശീലമാക്കിയവര്‍ക്ക് പുകവലിക്കാത്തവരെ അപേക്ഷിച്ച് നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് കുറവാണെന്ന് പഠനത്തില്‍ വ്യക്തമായി. പ്രത്യേകിച്ച് ചുവപ്പ്-പച്ച, നീല-മഞ്ഞ എന്നീ നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് കുറവായിരിക്കും. വൈകാതെ കാഴ്ചശക്തിയെയും ബാധിക്കുമെന്ന് പഠനം പറയുന്നു. കണ്ണിലെ റെറ്റിനയിലെ നാഡീകോശങ്ങളെയാണ് പുകവലി ദോഷകരമായി ബാധിക്കുന്നത്.

ശരീരത്തെ ദോഷകരമായി ബാധിക്കുന്ന നിരവധി വസ്തുക്കള്‍ സിഗരറ്റിലുണ്ട്. പ്രതിരോധശേഷിയെയും ചിന്താശേഷിയെയും വിവേചനബുദ്ധിയെയും പുകവലി ബാധിക്കുന്നു. തലച്ചോറിലെ പാളികളുടെ കട്ടി കുറയ്ക്കുന്നു. പുകവലി ശാരീരിക പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുമെന്ന് തെളിയിക്കുന്ന പഠനം നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്.