LiveTV

Live

Health

എന്താണ് ബൈപോളാര്‍ തകരാര്‍? ചികില്‍സാ  പരിഹാരമെങ്ങനെ!

എന്താണ് ബൈപോളാര്‍ തകരാര്‍? ചികില്‍സാ  പരിഹാരമെങ്ങനെ!

ഏതൊരു വ്യക്തിയും പല മാനസികാവസ്ഥകളിലൂടെയാകും ജീവിതത്തില്‍ കടന്നു പോകാറ്. നമ്മുടെയെല്ലാം മനസ്സ് പല തരത്തിലുമുള്ള വൈകാരിക കാരണങ്ങളാലും ആടിയും ഉലഞ്ഞുമായിരിക്കും സഞ്ചരിക്കുക. പക്ഷെ അതൊന്നും തന്നെ നമ്മുടെ ദൈനംദിന ജീവിത പ്രവര്‍ത്തികളെ ബാധിക്കാറില്ല. ഇതിനെ ബൈപോളാര്‍ തകരാര്‍ എന്നും പറയില്ല. ബൈപോളാര്‍ തകരാറിന്‍റേയും വിഷാദരോഗത്തിന്‍റേയും ചില ലക്ഷണങ്ങള്‍ ഒരു പോലെയാണെങ്കിലും വിഷാദരോഗം (ഡിപ്രഷന്‍) ബൈപോളാര്‍ ഡിസോര്‍ഡര്‍ അല്ല. ബൈപോളാര്‍ തകരാറുള്ളവരില്‍ മാനസികാവസ്ഥയില്‍ അത്യധികമായ ചാഞ്ചാട്ടം പോലെ തന്നെ മാനിയയുടേയും വിഷാദത്തിന്‍റേയും ഘട്ടങ്ങളും ഉണ്ടാകും എന്നതാണ് ഇതിലെ പ്രധാന വ്യത്യാസം.

ബൈപോളാര്‍ തകരാര്‍ നാലു വിധത്തില്‍

1. മാനിക് അല്ലെങ്കില്‍ സമ്മിശ്രമായ അവസ്ഥ, കുറഞ്ഞത് ഒരാഴ്ച നീണ്ടു നില്‍ക്കും, അല്ലെങ്കില്‍ വ്യക്തിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലാക്കേണ്ടി വരുന്ന തരത്തിലുള്ള കടുത്ത മാനിക് ലക്ഷണങ്ങള്‍ ഉണ്ടാകും. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും നില നിന്നേക്കാവുന്ന വിഷാദമുള്ള ഘട്ടവും ഉണ്ടായേക്കാം.

2. വിഷാദവും ശക്തി കുറഞ്ഞ മാനിയയും ഒന്നിച്ചുള്ള അവസ്ഥ ഉണ്ടാകും. പക്ഷെ ശക്തമായ മാനിക് അല്ലെങ്കില്‍ സമ്മിശ്ര അവസ്ഥ ഉണ്ടാകില്ല.

3. മറ്റ് തരത്തില്‍ പ്രത്യേകമായി പരാമര്‍ശിച്ചിട്ടില്ലാത്ത ബൈപോളാര്‍ തകരാര്‍ (ബിപി-എന്‍ ഒ സ്). രോഗത്തിന്‍റെ ലക്ഷണങ്ങള്‍ നിലനില്‍ക്കുന്നതായി കണ്ടെത്തും എന്നാല്‍ ബൈപോളാര്‍ന്‍റെ റെ രോഗനിര്‍ണയ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടില്ല. എന്നിരുന്നാലും ഈ ലക്ഷണങ്ങള്‍ വ്യക്തിയുടെ സാധാരണ പെരുമാറ്റ ലക്ഷണങ്ങളില്‍ നിന്നും വ്യക്തമായി വേറിട്ടു നില്‍ക്കുന്നതായിരിക്കും.

4. സൈക്ലോത്തൈമിക് തകരാര്‍ അല്ലെങ്കില്‍ സൈക്ലോത്തൈമിയ : ബൈപോളാര്‍ തകരാറിന്‍റെ ഒരു ലഘുവായ രൂപം, ശക്തികുറഞ്ഞ മാനിയയും ലഘുവായ വിഷാദവും കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും നില നിന്നേക്കും.

ലക്ഷണങ്ങള്‍

ബൈപോളാര്‍ തകരാറുള്ള വ്യക്തികള്‍ വിഷാദത്തിന്‍റെ ഘട്ടത്തിലും മാനിയയുടെ ഘട്ടത്തിലും രണ്ടു തരം ലക്ഷണങ്ങളാണ് കാണിക്കുന്നത്.

മാനിക് ഘട്ടം: മാനിയ ഉണ്ടാകുന്ന സമയത്ത് ഈ വ്യക്തി എടുത്തു ചാട്ടം, ശരിയായി വിലയിരുത്താതെ തീരുമാനം എടുക്കല്‍, അനാവശ്യമായ റിസ്ക്കെടുക്കല്‍ തുടങ്ങിയ പെരുമാറ്റങ്ങള്‍ പ്രകടിപ്പിച്ചേക്കും. അതുപോലെ തന്നെ ഈ വ്യക്തിക്ക് അവരുടെ അപ്രതീക്ഷിതമായ പെരുമാറ്റങ്ങളുടെ പ്രതികൂല ഫലങ്ങളെക്കുറിച്ച് അവബോധം ഇല്ലാതിരിക്കുകയോ അല്ലെങ്കില്‍ അവര്‍ അത് അവഗണിക്കുകയോ ചെയ്തേക്കാം.

 • മോശം വാര്‍ത്തയ്ക്കോ ദുരന്ത സംഭവങ്ങള്‍ക്കോ പോലും മാറ്റാനാകാത്ത അത്യാഹ്ലാദം അനുഭവപ്പെടും.
 • പെട്ടെന്നുള്ള രോഷം അല്ലെങ്കില്‍ അതിയായ മുന്‍കോപം.
 • സ്വന്തം ശേഷിയെക്കുറിച്ച് യാഥാര്‍ത്ഥ്യബോധമില്ലാത്ത വിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്തും. ഉദാഹരണത്തിന്, ദുഷ്കരമായ ഒരു കര്‍ത്തവ്യം നിര്‍വഹിക്കുന്നതില്‍ നിന്ന് ഒന്നിനും തന്നെ തടുക്കാനാകില്ലെന്ന് ഈ വ്യക്തികള്‍ ചിന്തിച്ചേക്കും.
 • അനാവശ്യമായ കാര്യങ്ങളില്‍ ആര്‍ഭാടം കാണിക്കല്‍, മണ്ടന്‍ ബിസിനസുകളില്‍ നിക്ഷേപമിറക്കല്‍, ശ്രദ്ധയില്ലാത്ത ഡ്രൈവിംഗ്, അതിയായ ലൈംഗിക പെരുമാറ്റങ്ങള്‍, പോലുള്ള എടുത്തു ചാട്ടങ്ങളും അപകട സാധ്യതയുള്ള പെരുമാറ്റങ്ങളും നിയന്ത്രിക്കാനുള്ള കഴിവില്ലായ്മ.
 • മനസ്സില്‍ നിയന്ത്രിക്കാനാകാത്ത ചിന്തകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കും.
 • ഉറങ്ങാന്‍ കഴിയാതെ വരികയും അത് വിശ്രമമില്ലായ്മയ്ക്കും അത്യുല്‍സാഹ പ്രവണത (ഹൈപ്പറാക്റ്റിവിറ്റി)ക്കും കാരണമാകുകയും ചെയ്യും.
 • എന്തിലെങ്കിലും ശ്രദ്ധകേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട് നേരിടും, സാധാരണ കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാതെ വരും.
 • ദിവസം മുഴുവന്‍ നിരാശ തോന്നുകയും അസ്വസ്ഥരായിരിക്കുകയും ചെയ്യും.
 • അതിവേഗത്തിലുള്ള സംസാരം, ഒരു ആശയത്തില്‍ നിന്നും മറ്റൊന്നിലേക്ക് ചാടല്‍, ചിന്തകള്‍ തമ്മില്‍ ഒരു പൊരുത്തമില്ലായ്മ തുടങ്ങിയവ പ്രകടമാകും.
 • യാഥാര്‍ത്ഥ്യബോധം നഷ്ടമാകല്‍- ഇത് മിഥ്യാഭ്രമത്തിലേക്ക് (ഇല്ലാത്ത കാര്യങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യല്‍) നയിക്കുകയും ചെയ്യും.
 • അമിതമായ ഉയര്‍ന്ന ആത്മാഭിമാനവും സ്വന്തം ശേഷികളില്‍ യാഥാര്‍ത്ഥ്യബോധമില്ലാത്ത വിശ്വാസങ്ങളും.
 • ആവര്‍ത്തിച്ചുള്ള അനിയന്ത്രിതമായ പെരുമാറ്റങ്ങള്‍ (ഒബ്സസീവ് കമ്പള്‍സീവ് ബിഹേവിയര്‍)- സാധനങ്ങള്‍ വൃത്തിയാക്കുകയോ ക്രമീകരിക്കുകയോ ചെയ്യുക, ദിവസങ്ങളോളം ഒരേ പാട്ട്തന്നെ കേട്ടുകൊണ്ടിരിക്കുക, മറ്റുള്ളവരെ നിയന്ത്രിക്കാനോ ഭരിക്കാനോ ശ്രമിക്കുക.

വിഷാദ ഘട്ടം :വിഷാദം ഉണ്ടാകുന്ന ഘട്ടത്തില്‍ ഈ വ്യക്തിക്ക് താഴെ പറയുന്ന അനുഭവങ്ങള്‍ ഉണ്ടായേക്കാം :

 • അതിയായ സങ്കടം അല്ലെങ്കില്‍ നിരാശ.
 • പ്രത്യാശയില്ലായ്മ അനുഭവപ്പെടല്‍.
 • ഒരിക്കല്‍ ആസ്വദിച്ചിരുന്ന കാര്യങ്ങളില്‍ താല്‍പര്യം ഇല്ലായ്മ.
 • പ്രസരിപ്പ് നഷ്ടമാകല്‍, എളുപ്പത്തില്‍ ക്ഷീണിക്കാനും മയക്കം വരാനുമുള്ള പ്രവണത.
 • ഉറക്കം സംബന്ധിച്ച ബുദ്ധിമുട്ടുകള്‍- വളരെയധികം ഉറങ്ങുകയോ തീരെ ഉറങ്ങാതിരിക്കുകയോ ചെയ്യും.
 • രുചിയിലും വിശപ്പിലും മാറ്റം വരുക, ആഹാരം കഴിക്കാന്‍ കഴിയാതെ വരുക, കൃത്യമായ ഭക്ഷണനിയന്ത്രണം ഇല്ലാതെ തന്നെ ശ്രദ്ധേയമായ തരത്തില്‍ തൂക്കക്കുറവ് ഉണ്ടാകുക.
 • ഏകാഗ്രത പുലര്‍ത്താനും ഓര്‍മ്മിക്കാനും തീരുമാനങ്ങളെടുക്കാനും ബുദ്ധിമുട്ട്.
 • സ്വയം അപകടപ്പെടുത്താനോ മരണത്തേക്കുറിച്ചോ ആത്മഹത്യയെക്കുറിച്ചോ ഉള്ള ചിന്തകള്‍.

നിങ്ങള്‍ക്ക് അറിയാവുന്ന ആര്‍ക്കെങ്കിലും ഈ ലക്ഷണങ്ങള്‍ കാണുന്നു എങ്കില്‍ ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണാന്‍ അവരെ പ്രോത്സാഹിപ്പിക്കുക.

ബൈപോളാര്‍ തകരാറിനുള്ള കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതമാണ്.ഹോര്‍മോണ്‍ നിലയിലെ സന്തുലനമില്ലായ്മ, ജനിതകം, ഏതെങ്കിലും ദുരന്തത്തിന്‍റെ ഫലമായി സംഭവിച്ചിട്ടുള്ള ആഘാതം, തുടങ്ങിയവയാണ് ബൈപോളാര്‍ തകരാറുണ്ടാകുന്നതിനുള്ള സാധ്യതാ ഘടകങ്ങള്‍.

പരിഹാരം/ചികില്‍സ

മരുന്നും തെറാപ്പിയും കൗണ്‍സിലിംഗും ഒന്നിപ്പിച്ചുകൊണ്ടുള്ള ഒരു ചികിത്സ ബൈപോളാറിന് വളരെ ഫലപ്രദമായിരിക്കും. വ്യക്തിയുടെ പ്രായം, രോഗ ചരിത്രം, അവസ്ഥയുടെ തീവ്രത, മരുന്നിനോടുള്ള രോഗിയുടെ പ്രതികരണം എന്നിവയുടെ അടിസ്ഥാനത്തില്‍ ചികിത്സയ്ക്ക് വ്യത്യാസം ഉണ്ടായേക്കാം. ചികിത്സിക്കാതിരിക്കുകയോ നിലവിലുള്ള ചികിത്സയോ മരുന്നുകഴിക്കലോ തുടരാതിരിക്കുകയോ ചെയ്യുന്നത് അവസ്ഥ കൂടുതല്‍ വഷളാക്കുകയോ രോഗം തിരിച്ചു വരുന്നതിന് കാരണമാകുകയോ ചെയ്യും.

ശ്രദ്ധിക്കുക : ഈ ലക്ഷണങ്ങളില്‍ ചിലത് വിഷാദരോഗത്തിനും സ്കിസോഫ്രീനിയയ്ക്കും കണ്ടേക്കാം. അതിനാല്‍ ഒരു മാനസികാരോഗ്യ വിദഗ്ധന്‍റെ അടുക്കല്‍ സൂക്ഷമമായ വിശകലനവും വിലയിരുത്തലും നടത്തി രോഗം നിര്‍ണയിക്കുകയും നിര്‍ദ്ദേശിക്കപ്പെടുന്ന ചികിത്സയുമായി മുന്നോട്ട് പോകുകയും ചെയ്യുക.

(വിവരങ്ങള്‍ക്ക് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തിന് കടപ്പാട്)