LiveTV

Live

Health

വിറ്റാമിന്‍ സി ഗുളിക ഇനി മരുന്നല്ലാതാകും

നെല്ലിക്ക, ഓറഞ്ച്, പേരക്ക, പപ്പായ, ഉരുളക്കിഴങ്ങ്, കാബേജ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ജീവകം സി ത്വക്ക്, കോശങ്ങള്‍, രക്തക്കുഴലുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമാണ്.

വിറ്റാമിന്‍ സി ഗുളിക ഇനി മരുന്നല്ലാതാകും

വിറ്റാമിന്‍ സി ഗുളികയെ മരുന്നുകളുടെ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കുന്നു. വില നിയന്ത്രണമുള്ള അവശ്യമരുന്നുകളുടെ പട്ടികയിലാണ് ഇപ്പോള്‍ ഗുളിക. എന്നാല്‍ ഗുളികയെ പട്ടികയില്‍ നിന്ന് നീക്കി ഭക്ഷ്യവസ്തുക്കളില്‍പ്പെടുത്താനാണ് ആലോചന. ആഹാര പദാര്‍ത്ഥങ്ങളില്‍ അടങ്ങിയിട്ടുള്ള ജീവകം സിയെ മരുന്നായി പരിഗണിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പ്.

വില നിയന്ത്രണത്തിനു ശേഷം മരുന്നിന് വലിയ തോതില്‍ ക്ഷാമം നേരിട്ടിരുന്നു. പത്ത് ഗുളികക്ക് അഞ്ച് രൂപയാണ് വില. നിയന്ത്രണമൊഴിവാക്കണമെന്ന് ഏറെ നാളായി മരുന്ന് കമ്പനികള്‍ ആവശ്യപ്പെടുന്നു. ഭക്ഷ്യപദാര്‍ത്ഥമായാല്‍ ഗുളികയുടെ ഉദ്പാദനവും വില്‍പനയും ദേശീയ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ കീഴില്‍ വരും. നിലവിലിത് ദേശീയ ഔഷധ വിലനിര്‍ണയ അതോറിറ്റിയുടെ പരിധിയിലാണ്. ആരോഗ്യ രംഗത്തെ വിദഗ്ധരുമായുള്ള ചര്‍ച്ചക്ക് ശേഷമാകും അന്തിമതീരുമാനം.

നെല്ലിക്ക, ഓറഞ്ച്, പേരക്ക, പപ്പായ, ഉരുളക്കിഴങ്ങ്, കാബേജ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ജീവകം സി ത്വക്ക്, കോശങ്ങള്‍, രക്തക്കുഴലുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമാണ്. ശരീരം സ്വയം ഈ ജീവകം ഉത്പാദിപ്പിക്കാത്തത് കാരണം ആഹാരത്തിലൂടെയാണ് ഇത് ലഭിക്കുക. അര്‍ബുദം, ഹൃദ്രോഗം, അധിക രക്തസമ്മര്‍ദ്ദം, അസ്ഥിരോഗങ്ങള്‍ എന്നിവയുള്ള രോഗികള്‍ക്കും ഈ ഗുളിക നല്‍കാറുണ്ട്.