LiveTV

Live

Health

ആന കൊടുത്താലും കുഞ്ഞുവാവക്ക് സ്മാർട്ട്ഫോൺ കൊടുക്കരുത്

തീരെ ചെറിയ കുട്ടികളിലെ സ്മാർട്ട്ഫോൺ ഉപയോഗം അവരുടെ സംസാരം വൈകിപ്പിക്കുകയും വൈകാരികമായ വളർച്ചയെ പിന്നോട്ടടിപ്പിക്കുകയും ചെയ്യുന്നു എന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ആന കൊടുത്താലും കുഞ്ഞുവാവക്ക് സ്മാർട്ട്ഫോൺ കൊടുക്കരുത്

മുതിർന്നവരിലെ സ്മാർട്ട്ഫോൺ ഉപയോഗം കാഴ്ചക്കുറവും കഴുത്തുവേദനയും ഉറക്കമില്ലായ്മയും മുതൽ ഉത്കണ്ഠയും വിഷാദരോഗവും വരെ ഉണ്ടാക്കുമെന്ന് പല പഠനങ്ങളുടെയും വെളിച്ചത്തിൽ ഏറെക്കുറെ സ്ഥാപിക്കപ്പെട്ടതാണ്. അൽപം മുതിർന്ന കുട്ടികളിലും മുറിഞ്ഞ ഉറക്കം, വിഷാദം, ആത്മഹത്യാ പ്രവണത തുടങ്ങിയ മാരകമായ അവസ്ഥകൾ സൃഷ്ടിക്കാൻ അമിതമായ സ്മാർട്ട്ഫോൺ ഉപയോഗം കാരണമാകുന്നുവെന്നും വിഗദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

എന്നാൽ തീരെ ചെറിയ കുട്ടികളിലോ? നടക്കാനും സംസാരിക്കാനും തുടങ്ങുന്ന പ്രായത്തിൽ തന്നെ ഫോണിൽ വീഡിയോകളും പാട്ടുകളും കണ്ടു നടക്കുന്ന കുട്ടികൾ ഇന്ന് സാധാരണ കാഴ്ചയാണ്. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാനുള്ള ഉത്സാഹവുമായി നടക്കുന്ന പ്രായമായതിനാൽ തന്നെ കുട്ടികളെ അടക്കിയിരുത്താൻ പല രക്ഷിതാക്കളും ഉപയോഗിക്കുന്ന എളുപ്പ മാർഗമാണ് സ്മാർട്ട്ഫോണുകൾ. കുട്ടിപ്പാട്ടുകളുടെ അനന്തമായ ലോകത്ത് മുഴുകി എത്ര മണിക്കൂറുകൾ വേണമെങ്കിലും ഫോണിന്റെ മുന്നിൽ ചെലവഴിക്കുന്ന കുഞ്ഞുവാവകൾ ഇന്നുണ്ട്. പാട്ടുകളിലൂടെയും വീഡിയോകളിലൂടെയും അവർ പലതും പഠിക്കുന്നുണ്ടെന്ന് സ്വയം സമാധാനിക്കുന്ന രക്ഷിതാക്കളും കുറവല്ല.

എന്നാൽ ഗൌരവകരമായ പല ആരോഗ്യ-മാനസിക പ്രശ്നങ്ങളിലേക്കും വഴിനയിക്കുന്ന ഒരു ശീലമാണിതെന്ന് പല രക്ഷിതാക്കളും ചിന്തിക്കുന്നില്ല. 2017ൽ കാനഡയിലെ ഹോസ്പിറ്റൽ ഫോർ സിക്ക് ചിൽഡ്രനിലെ ഡോക്ടർമാർ നടത്തിയ പഠനത്തിൽ 18 മാസത്തിനു താഴെയുള്ള കുട്ടികളിലെ സ്മാർട്ട്ഫോൺ ഉപയോഗം അവരുടെ സംസാരം വളരെയധികം വൈകിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു. 30 മിനുറ്റ് നേരത്തെ ഉപയോഗം പോലും സംസാരം വൈകാനുള്ള സാധ്യത 49 ശതമാനത്തോളം വർദ്ധിപ്പിച്ചതായി 900ഓളം കുട്ടികളെ ഉൾപ്പെടുത്തിയ പഠനം ചൂണ്ടിക്കാട്ടി.

2017ൽ കാനഡയിലെ ഹോസ്പിറ്റൽ ഫോർ സിക്ക് ചിൽഡ്രനിലെ ഡോക്ടർമാർ നടത്തിയ പഠനത്തിൽ 18 മാസത്തിനു താഴെയുള്ള കുട്ടികളിലെ സ്മാർട്ട്ഫോൺ ഉപയോഗം അവരുടെ സംസാരം വളരെയധികം വൈകിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു.

എന്നാൽ ആംഗ്യത്തിലൂടെ കാര്യങ്ങൾ ചൂണ്ടിക്കാണിക്കാനുള്ള കഴിവിനെയും ശരീരഭാഷയെയും സാമൂഹിക ഇടപെടലുകളെയും ഫോൺ ഉപയോഗം ബാധിച്ചതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പഠിതാക്കൾ കൂട്ടിച്ചേർക്കുന്നുണ്ട്.

പഠന ആപ്പുകളിലൂടെയും മറ്റും കുട്ടികളുടെ ഭാഷാകഴിവുകളെ പോഷകപ്പെടുത്താനുള്ള ശ്രമങ്ങൾ യാതൊരു ഫലവും ചെയ്യില്ലെന്നും ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്ക്രീനിലെ 2-ഡി ലോകത്തെ പുറമെയുള്ള 3-ഡി ലോകവുമായി ഒത്തുചേർക്കാൻ കുഞ്ഞിന് സാധിക്കാത്തതാണ് ഫോൺ ഉപയോഗത്തിൻറെ ഒരു പ്രധാന പ്രശ്നം. പഠന ആപ്പുകളിൽ കാണുന്ന പലതും യഥാർത്ഥ ലോകത്ത് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നിനെക്കുറിച്ച് കുട്ടികൾക്ക് തിരിച്ചറിവുണ്ടാകുന്നില്ല.

ആന കൊടുത്താലും കുഞ്ഞുവാവക്ക് സ്മാർട്ട്ഫോൺ കൊടുക്കരുത്

തങ്ങൾക്ക് ചുറ്റുമുള്ള മുതിർന്നവർ സംസാരിക്കുന്നതും ചെയ്യുന്നതും നിരീക്ഷിക്കുന്നതിലൂടെയാണ് കുഞ്ഞുങ്ങളിൽ വൈകാരികവും ആശയവിനിമയപരവുമായ കഴിവുകൾ വികസിക്കുന്നത്. ഇതിൽ നിന്ന് മാറി സ്ക്രീനുകളുടെ ലോകത്ത് അവരെ പ്രതിഷ്ഠിക്കുന്നത് അവരിൽ ചില പ്രധാനപ്പെട്ട വികസനചുവടുകൾ വൈകുന്നതിലോ വിട്ടുപോകുന്നതിലോ ചെന്നെത്തുന്നു. .

കരയുകയോ വാശി പിടിക്കുകയോ ചെയ്യുന്ന സമയങ്ങളിൽ സമാധാനിപ്പിക്കാൻ ഫോൺ നൽകുന്നത് തൻറെ വികാരങ്ങളെ സ്വയം നിയന്ത്രിക്കാനുള്ള കുട്ടിയുടെ കഴിവിനെ വിപരീതമായി ബാധിക്കുമെന്നും ചില ശിശുരോഗ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. എഴുത്തിലും സാഹിത്യത്തിലുമടക്കം ചില മേഖലകളിൽ സ്മാർട്ട്ഫോൺ ഉപയോഗം കുട്ടിയ്ക്ക് ഉപകാരം ചെയ്യുന്നുണ്ടെങ്കിലും മറുവശത്ത് ഭാവിയിൽ കണക്ക്, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ അവർക്ക് ആവശ്യമായി വരാവുന്ന കഴിവുകളെ ഈ ശീലം ദുർബലപ്പെടുത്തുമുണ്ട്.

എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാനുള്ള ഉത്സാഹവുമായി നടക്കുന്ന പ്രായമായതിനാൽ തന്നെ കുട്ടികളെ അടക്കിയിരുത്താൻ പല രക്ഷിതാക്കളും ഉപയോഗിക്കുന്ന എളുപ്പമാർഗമാണ് സ്മാർട്ട്ഫോണുകൾ.

നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുക്കളുടെ കൂട്ടത്തിൽ ചിലപ്പോൾ ഏറ്റവും വൃത്തിഹീനമായ ഒരു വസ്തുവായിരിക്കാം നമ്മുടെ ഫോൺ എന്ന പരമസത്യം നമ്മൾ ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ട്. എപ്പോഴും ഉപയോഗിച്ചു കൊണ്ടിരിക്കുന്നുണ്ടെങ്കിലും ഉപയോഗത്തിന് മുൻപ് കൈ വൃത്തിയാക്കാനോ അതിനു ശേഷം സ്ക്രീൻ വൃത്തിയാക്കാനോ അധികമാരും മെനക്കെടാറില്ല. അതായത് രോഗപ്രതിരോധ ശേഷി നന്നായി വികസിച്ചിട്ടില്ലാത്ത കുഞ്ഞുവാവകൾക്ക് അണുക്കളുടെ ഒരു ഭണ്ഡാരം തന്നെയാണ് ഫോണിൻറെ രൂപത്തിൽ നമ്മൾ കൈയിൽ കൊടുക്കുന്നത്.

ഇതിനൊക്കെ പുറമെയാണ് നമ്മൾ സാധാരണയായി പറയാറുള്ള കാഴ്ചക്കുറവ്, പേശികളിലെ വേദന, ഫോണിലെ റേഡിയേഷൻ കാരണമുണ്ടായേക്കാവുന്ന രോഗങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ.

ഫോൺ കൈയിൽ കൊടുക്കുന്നതിനു പകരം കുഞ്ഞുമായി നേരിട്ട് സംവദിക്കുകയോ മറ്റു കുട്ടികളുടെ കൂടെ അവരെ കളിക്കാൻ വിടുകയോ പുസ്തകങ്ങളുടെയും ഉപയോഗപ്രദമായ കളികളുടെയും ലോകത്തേക്ക് അവരുടെ ശ്രദ്ധ തിരിച്ചുവിടുകയോ ചെയ്യുകയാണ് വേണ്ടത്. മുതിർന്ന കുട്ടികൾ ഇടയ്ക്കൊക്കെ ഫോൺ ഉപയോഗിക്കുന്നിൽ ദോഷമില്ലെങ്കിലും 2 വയസ്സിൽ താഴെയുള്ള കുട്ടികളെ പൂർണമായും അതിൽ നിന്ന് അകറ്റി നിർത്തേണ്ടതുണ്ട്. തിരക്കിന്റെ പേരിൽ കുഞ്ഞുവാവയെ സ്മാർട്ട്ഫോണിൻറെ ലോകത്തേക്ക് ഇറക്കിവിടുന്നത് അവരുടെ ഭാവിയോട് ചെയ്യുന്ന വലിയ തെറ്റായി മാറിപ്പോവാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.

Inputs from: Time, Guardian, PsychCentral, Psycguides, Journal of Developmental and Behavioral Pediatrics, Guardian, Time, Journal of developmental and behavioural pediatrics