LiveTV

Live

Health

ഇത്ര കയ്ക്കുമോ മധുരം?

ഇത്ര കയ്ക്കുമോ മധുരം?

പ്രമേഹത്തിനും പൊണ്ണത്തടിക്കുമപ്പുറം എണ്ണിയാലൊതുങ്ങാത്ത പല പ്രശ്നങ്ങൾക്കും കാരണമായേക്കാവുന്ന വസ്തുവാണ് പഞ്ചസാര എന്ന സിദ്ധാന്തത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ടെങ്കിലും അതിലൊളിഞ്ഞിരിക്കുന്ന അപകടങ്ങളുടെ വ്യാപ്തി നമ്മൾ ഇന്നും ശരിയായി തിരിച്ചറിഞ്ഞിട്ടില്ല

ഭക്ഷണത്തെയും രോഗങ്ങളെയും കുറിച്ച് ചിന്തിക്കുമ്പോൾ നമ്മളിൽ മിക്കവരുടെയും മനസ്സിൽ തെളിഞ്ഞുവരുന്ന വൃത്തിയുള്ള ഒരു ചിത്രമുണ്ട്: മധുരം കഴിച്ചാൽ പ്രമേഹം വരും, ഉപ്പ് കഴിച്ചാൽ രക്തസമ്മർദ്ദം കൂടും, കൊഴുപ്പ് കഴിച്ചാൽ ഹൃദ്രോഗവും ഹൃദയാഘാതവും ഉണ്ടാകും. എന്നാൽ ഇവയിൽ മൂന്നിലെയും പ്രതി ഒന്നാകാമെന്ന സിദ്ധാന്തം കേട്ടിട്ടുണ്ടോ?

1970കളിലാണ് പഞ്ചസാര ഹൃദ്രോഗങ്ങളുണ്ടാക്കുമെന്ന സിദ്ധാന്തം ശാസ്ത്രലോകത്ത് ഗൌരവകരമായി ഉന്നയിക്കപ്പെട്ടു തുടങ്ങുന്നത്. ലണ്ടൻ സർവകലാശാലയിലെ പ്രൊഫസർ എമിററ്റസ് ആയിരുന്ന ബ്രിട്ടീഷ് പോഷകവിദഗ്ധൻ ജോൺ യഡ്കിനായിരുന്നു ഇതിൽ പ്രമുഖൻ. ലണ്ടൻ സർവകലാശാലയിലെ പോഷകശാസ്ത്ര, ബയോകെമിസ്ട്രി വിഭാഗങ്ങൾ വർഷങ്ങളോളമെടുത്ത് നടത്തിയ പഠനങ്ങളും പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ശാസ്ത്രജ്ഞർ ഏറ്റെടുത്ത് സമാനമായ ഫലങ്ങൾ കൈവരിക്കുകയും ചെയ്ത പഠനങ്ങളുമാണ് തന്റെ നിരീക്ഷണങ്ങൾക്ക് അദ്ദേഹം ആധാരമാക്കിയത്. അതായത് വെറും ഒന്നോ രണ്ടോ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ‘ചോക്ലേറ്റ് തിന്നാൽ തടി കുറക്കാം’ തുടങ്ങിയ തരത്തിൽ ഇന്നത്തെ പത്രങ്ങളിൽ നിറയുന്ന “ശാസ്ത്ര ഫലങ്ങൾ” പോലെയായിരുന്നില്ല ഇത് എന്നർത്ഥം. തന്റെ പഠനരീതികളെക്കുറിച്ചും അതിൻറെ ഫലങ്ങളെക്കുറിച്ചും 1972ൽ പുറത്തിറങ്ങിയ പ്യൂവർ, വൈറ്റ് ആൻറ് ഡെഡ്ലി എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്.

എന്നാൽ കഥയിൽ ശാസ്ത്രം മാത്രമല്ല, അൽപം രാഷ്ട്രീയവുമുണ്ട്. യഡ്കിൻ തന്റെ സിദ്ധാന്തങ്ങൾ മുന്നോട്ടു വെച്ച 1970കൾ പാശ്ചാത്യ ശാസ്ത്രലോകത്തെ സംബന്ധിച്ചെടുത്തോളം ഏറെ പ്രധാനപ്പെട്ട ഒരു കാലഘട്ടമായിരുന്നു. പ്രത്യേകിച്ച് അമേരിക്കയിൽ.

പഞ്ചസാര പ്രമേഹത്തിനും ദന്തക്ഷയത്തിനും മാത്രമല്ല, പൊണ്ണത്തടി, ഹൃദ്രോഗം, ഗുരുതരമായ ദഹനക്കേട്, അൾസർ, പിത്തകോശപിണ്ഡം, ക്രോൺസ് രോഗം തുടങ്ങിയ രോഗങ്ങൾക്കും കാരണമാവാമെന്ന് യഡ്കിൻ വാദിച്ചു. സൌത്ത് ആഫ്രിക്ക, ഇസ്രായേൽ, കിഴക്കൻ ആഫ്രിക്ക, ബ്രിട്ടൻ, സെൻറ് ഹെലേന ദ്വീപുകൾ എന്നിവിടങ്ങളിലെ അന്തേവാസികളെയും കുടിയേറ്റക്കാരെയും അവരുടെ ഭക്ഷണരീതികളെയും പഠനവിധേയമാക്കിയ അദ്ദേഹം പഞ്ചസാര ഉപയോഗവും ഹൃദ്രോഗവും തമ്മിൽ അനിഷേധ്യമായ ബന്ധം കണ്ടെത്തി. ഭക്ഷണത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്തോറും ശരീരത്തിൽ കൊളസ്ട്രോളിൻറെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കൂടുകയും രക്തസമ്മർദ്ദവും രക്തത്തിലെ യൂറിക് ആസിഡിന്റെ അളവും വർദ്ധിക്കുകയും ചെയ്യുന്നു എന്ന് അദ്ദേഹം നിരീക്ഷിച്ചു.

ഇത്ര കയ്ക്കുമോ മധുരം?

പഞ്ചസാരയുടെ ഉപയോഗം വിപരീതമായി ബാധിക്കുന്ന മറ്റൊരു പ്രധാന അവയവം കരളാണ്. മാത്രമല്ല, അമിതമായി പഞ്ചസാര കഴിക്കുന്നവരിലും അമിതമായി മദ്യം കഴിക്കുന്നവരിലും കണ്ടുവരുന്ന കരൾക്ഷയം ഏതാണ്ട് സമമാണെന്ന് യുഡ്കിന്റെ കാലഘട്ടത്തിൽ തന്നെ നടന്ന പല പഠനങ്ങളും സ്ഥിരീകരിച്ചിരുന്നു.

ഇതിനൊപ്പം പുരുഷന്മാരിലും സ്ത്രീകളിലും ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കൂട്ടുകയും കാഴ്ചക്കുറവും തൊലിയെ ബാധിക്കുന്ന സെബറോയിക് ഡെർമറ്റൈറ്റിസ്, രക്തവാതം എന്നീ രോഗങ്ങൾക്ക് സാധ്യത കൂട്ടുകയും ചെയ്യുന്നതിൽ പഞ്ചസാരക്ക് പങ്കുണ്ട്. മരുന്നുകളുടെ പ്രവർത്തനക്ഷമത കുറയ്ക്കാനും പ്രോട്ടീൻ ദാതുക്കളെ വലിച്ചെടുക്കാനുള്ള ശരീരത്തിന്റെ കഴിവ് ദുർബലപ്പെടുത്താനും പഞ്ചസാര കാരണമാകുന്നുണ്ട് എന്നും യഡ്കിന്റെ ചില പരീക്ഷണങ്ങൾ ചൂണ്ടിക്കാണിച്ചു. ആൺകുട്ടികളിലും പെൺകുട്ടികളിലും യൌവനാരംഭത്തിന്റെ ലക്ഷണങ്ങൾ നേരത്തെ കണ്ടുവരുന്നതാണ് പഞ്ചസാര സൃഷ്ടിക്കുന്ന മറ്റൊരു പ്രധാന പ്രശ്നം.

ഒരൊറ്റ ഭക്ഷണപദാർത്ഥം കൊണ്ട് ഇത്രയേറെ ദൂഷ്യഫലങ്ങളുണ്ടാകുമോ? സ്വാഭാവികമായി തോന്നാവുന്ന സംശയമാണിതെങ്കിലും ഇതിനും യഡ്കിന് വിശദീകരണമുണ്ടായിരുന്നു. ശരീരത്തിലെ പരമപ്രധാന ഹോർമോണുകളിൽ ചിലതായ ഇൻസുലിൻ, ഈസ്ട്രജൻ, അഡ്രിനൽ കോർട്ടികൽ ഹോർമോണുകൾ തുടങ്ങിയവയുടെ ഉൽപാദനത്തെയും പ്രവർത്തനത്തെയും അസ്വസ്ഥപ്പെടുത്തുന്നതു മൂലം പഞ്ചസാര ശരീരത്തിലെ പല പ്രധാന അവയവങ്ങളെയും നേരിട്ട് ബാധിക്കുന്നുവെന്നായിരുന്നു യഡ്കിന്റെ വാദം.

എന്നാൽ കഥയിൽ ശാസ്ത്രം മാത്രമല്ല, അൽപം രാഷ്ട്രീയവുമുണ്ട്. യഡ്കിൻ തന്റെ സിദ്ധാന്തങ്ങൾ മുന്നോട്ടു വെച്ച 1970കൾ പാശ്ചാത്യ ശാസ്ത്രലോകത്തെ സംബന്ധിച്ചെടുത്തോളം ഏറെ പ്രധാനപ്പെട്ട ഒരു കാലഘട്ടമായിരുന്നു. പ്രത്യേകിച്ച് അമേരിക്കയിൽ. രാജ്യത്തെ ഹൃദ്രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയും പ്രസിഡൻറ് ഐസൻഹോവറടക്കം ഹൃദയാഘാതത്തിന് ഇരയാവുകയും ചെയ്തതോടെ ഹൃദ്രോഗങ്ങൾക്ക് കാരണമാകുന്ന ഭക്ഷണക്രമങ്ങൾക്ക് വേണ്ടി അമേരിക്കൻ സർക്കാർ ഗൌരവകരമായ അന്വേഷണം ആരംഭിച്ചു. ഈ വിഷയത്തിൽ യഡ്കിന്റെ എതിരാളിയായിരുന്ന ആൻസൽ കീയ്സ് എന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ ഏഴ് രാജ്യങ്ങളിലെ ജനങ്ങളിൽ നടത്തിയ തന്റെ പഠനത്തിന്റെ അടിസ്ഥാനത്തിൽ കൊഴുപ്പാണ് ഹൃദ്രോഗങ്ങൾക്ക് കാരണമെന്ന വാദം മുന്നോട്ടു വെച്ചു. ഈ പഠനത്തിൽ കാര്യമായ പല വീഴ്ചകളുമുണ്ടായിട്ടും കീയ്സിന്റെ രാഷ്ട്രീയ സ്വാധീനം അദ്ദേഹത്തിന്റെ സിദ്ധാന്തത്തിന് സർക്കാർ തലത്തിൽ കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തു. ഇത് പിന്നീട് പാശ്ചാത്യ ഭക്ഷണക്രമങ്ങളെ വലിയ രീതിയിൽ സ്വാധീനിക്കുകയും ചെയ്തു. യഡ്കിനും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ചരിത്രത്തിന്റെ ഒരു കോണിലേക്ക് തള്ളിനീക്കപ്പെട്ടു.

കൂടിയ അളവിൽ പഞ്ചസാര ചേർക്കുന്ന ശീതളപാനീയങ്ങളുടെ പ്രതിശീർഷ ഉപയോഗം ലോകത്തെമ്പാടും താഴേട്ടേക്ക് പോകുമ്പോൾ ഇന്ത്യയിൽ ഇത് 2008-2013നുമിടയ്ക്ക് പത്തിരട്ടിയാണ് വർദ്ധിച്ചത്.

എന്നാൽ ഈ അടുത്ത കാലത്തായി അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശാസ്ത്രലോകത്ത് വീണ്ടും ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയിട്ടുണ്ട്. കുട്ടികളിലെ ഹോർമോൺ രോഗങ്ങൾ പഠിക്കുന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ റോബേർട്ട് ലസ്റ്റിഗ് ഷുഗർ: ദി ബിറ്റർ ട്രൂത്ത് എന്ന പേരുള്ള തന്റെ യൂറ്റ്യൂബ് വീഡിയോയിൽ പഞ്ചസാരയിലെ ഫ്രൂക്ടോസ് എന്ന ഘടകം മെറ്റബോളിക് സിൺഡ്രോം എന്ന അതിഗൌരവകരമായ പ്രശ്നത്തിന് വഴി വെക്കുമെന്ന് വിശദീകരണങ്ങളോടെ വിവരിക്കുന്നുണ്ട്. പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, ശരീരത്തിലെ കൊഴുപ്പ്, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നീ രോഗങ്ങളുടെ സമ്മിശ്രണമാണ് മെറ്റബോളിക് സിൺഡ്രോം.

പഞ്ചസാരയുടെയും മദ്യത്തിന്റെയും ഉപയോഗം ശരീരത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളിലെ സമാനതയെക്കുറിച്ച് ലസ്ടിഗും സംസാരിക്കുന്നുണ്ട്. അമിത രക്തസമ്മർദ്ദം, ഹൃദായാഘാതം, ഡിസ്ലിപിഡെമിയ, പാൻക്രിയൈറ്റിറ്റിസ്, പൊണ്ണത്തടി, കരളിനെ ബാധിക്കുന്ന ഹെപാറ്റിൻ ഉദ്ധാരണം, ഭ്രൂണാവസ്ഥയിലെ കുഞ്ഞിലുണ്ടാകുന്ന ഇൻസുലിൻ പ്രതിരോധം, ആസക്തി അല്ലെങ്കിൽ പഴക്കം എന്നിങ്ങനെ അമിതമദ്യപാനവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും അമിത പഞ്ചസാര ഉപയോഗത്തിലും കാണാം.

ഇത്ര കയ്ക്കുമോ മധുരം?

പഞ്ചസാര മസ്തിഷ്ക പ്രവർത്തനത്തെ ബാധിക്കുന്ന അൾഷിമേർസ്, ഡെമൻഷിയ മുതലായ രോഗങ്ങൾക്കും കാരണമാകാമെന്ന് ഈ അടുത്ത് പുറത്തിറങ്ങിയ പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്ത്രീകളിൽ ഇൻസുലിൻ പ്രതിരോധവും അതുവഴി പോളിസിസ്റ്റിക് ഓവേറിയൻ സിൺഡ്രോം പോലെ ആർത്തവപ്രക്രിയെയും ഗർഭം ധരിക്കാനുള്ള കഴിവിനെയും ബാധിക്കുന്ന രോഗങ്ങളും ഉണ്ടാക്കുന്നതിൽ പഞ്ചസാരക്ക് പങ്കുണ്ട്.

ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരാൻ തുടങ്ങിയതോടെ ലോകത്തെങ്ങോളമുള്ള രാജ്യങ്ങൾ തങ്ങളുടെ പൌരന്മാർക്കിടയിൽ പഞ്ചസാരയുടെ ഉപയോഗം കുറക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതിൽ മെക്സികോയും ബ്രിട്ടനും ചിലിയും ബാർബോഡോസും അയർലൻറും പോർചുഗലും സൌദി അറേബ്യയും പെടുന്നു. പഞ്ചസാരയുടെ ഉപയോഗം കുറക്കാനുദ്ദേശിച്ചുള്ള ‘ഷുഗർ ടാക്സ്’ ഖത്തർ നിലവിൽ കൊണ്ടുവന്നത് ഈ വർഷമാണ്.

എന്നാൽ അതേ സമയം ഇന്ത്യയിൽ പഞ്ചസാര ഉപയോഗം മുമ്പെങ്ങും ഇല്ലാത്ത വിധം വർദ്ധിക്കുന്നതാണ് ഇപ്പോൾ കാണുന്നത്. കൂടിയ അളവിൽ പഞ്ചസാര ചേർക്കുന്ന ശീതളപാനീയങ്ങളുടെ പ്രതിശീർഷ ഉപയോഗം ലോകത്തെമ്പാടും താഴേട്ടേക്ക് പോകുമ്പോൾ ഇന്ത്യയിൽ ഇത് 2008-2013നുമിടയ്ക്ക് പത്തിരട്ടിയാണ് വർദ്ധിച്ചത്. മിഠായികളും കേക്കുകളും പാനീയങ്ങളുമടക്കം ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നവരിൽ നല്ലൊരു പങ്കും കുട്ടികളാണ്.

ഇവിടെ കൌതുകകരമായ മറ്റൊരു വസ്തുതയുണ്ട്. യഡ്കിൻ തന്റെ പുസ്തകത്തിന്റെ തുടക്കത്തിൽ തന്നെ പ്രതിപാദിക്കുന്ന ആ വസ്തുത ഇതാണ്- പോഷകപരമായി നമ്മുടെ ശരീരത്തിന് പഞ്ചസാരയുടെ ഒരാവശ്യവും ഇല്ല. പഞ്ചസാരയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് നമുക്ക് അറിയാവുന്നതിന്റെ ചെറിയൊരു ഭാഗമെങ്കിലും മറ്റേതെങ്കിലും ഭക്ഷണപദാർത്ഥത്തിൽ കണ്ടെത്തിയിരുന്നെങ്കിൽ ആ പദാർത്ഥം ഉടൻ നിരോധിക്കപ്പെട്ടിട്ടുണ്ടാകുമായിരുന്നു എന്നും അദ്ദേഹം തന്റെ പുസ്തകത്തിൽ അഭിപ്രായപ്പെടുന്നുണ്ട്. ശരീരത്തിന് ഒരു തരത്തിലും ആവശ്യമില്ലാത്തതും ഉപയോഗിച്ചാൽ പലതരം ഭീകരമായ ആരോഗ്യ പ്രതിസന്ധികളിലേക്ക് നയിക്കുകയും ചെയ്യുന്ന വിഷസമാനമായ ഒരു വസ്തുവാണ് നിഷ്കളങ്കമായി നമ്മുടെ മേശയുടെ മുകളിലിരിക്കുന്ന ഈ -വെളുത്ത പദാർത്ഥം.