LiveTV

Live

Health

ഡിസംബറാണ് മാസം; മഞ്ഞുകൊള്ളല്ലേ

എല്ലാവരും മഞ്ഞുകാലത്തെ ചര്‍മസംരക്ഷണത്തെ കുറിച്ചാണ് വേവലാതിപ്പെടുന്നത്. പക്ഷേ, വില്ലന്‍മാരായി ചില രോഗങ്ങളും മഞ്ഞുകാലത്ത് തലയുയര്‍ത്താറുണ്ട്.

ഡിസംബറാണ് മാസം; മഞ്ഞുകൊള്ളല്ലേ

പകല്‍ നല്ല വെയിലാണെങ്കിലും അതിരാവിലെയും രാത്രിയാകുമ്പോഴേക്കും തണുപ്പ് തുടങ്ങിക്കഴിഞ്ഞു... ഡിസംബറല്ലേ മാസം, എല്ലാവരും മഞ്ഞുകാലത്തെ ചര്‍മസംരക്ഷണത്തെ കുറിച്ചാണ് വേവലാതിപ്പെടുന്നത്. പക്ഷേ, വില്ലന്‍മാരായി ചില രോഗങ്ങളും മഞ്ഞുകാലത്ത് തലയുയര്‍ത്താറുണ്ട്.

മഞ്ഞുകൊള്ളല്ലേ, അസുഖം വരും എന്ന് മുതിര്‍ന്നവര്‍ നമ്മെ ഇടയ്ക്കിടയ്ക്ക് ഓര്‍മപ്പെടുത്താറുണ്ട്. രാവിലെ ആരോഗ്യസംരക്ഷണത്തിനെന്ന് പറഞ്ഞ് നടക്കാനിറങ്ങുമ്പോഴോ, വൈകീട്ട് കൂട്ടുകാരോടൊത്ത് കടല്‍തീരത്ത് സൊറ പറഞ്ഞിരിക്കുമ്പോഴോ മഞ്ഞുകാലമാണല്ലോ ഇത് എന്ന് ഇടയ്ക്ക് ഒന്ന് ഓര്‍ക്കുന്നത് നല്ലതാണ്. ശ്വാസ തടസം, ആസ്‌തമ, ടോണ്‍സിലൈറ്റിസ്‌, വൈറല്‍ പനി - ഇവയിലേതെങ്കിലും ഒറ്റയ്ക്കോ കൂട്ടമായോ ആക്രമിക്കാന്‍ സാധ്യത ഏറെയാണ്. കൂടാതെ ജലദോഷവും വാതരോഗങ്ങളും.

ഡിസംബറാണ് മാസം; മഞ്ഞുകൊള്ളല്ലേ

ആസ്‌ത്മ

പൊതുവെ ആസ്‍ത്മയുടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഒന്ന് കരുതിയിരുന്നോളു. തണുപ്പുതുടങ്ങിയോ അസുഖവും കൂടിയേക്കാം. മൂക്കില്‍ നിന്നു ശ്വാസകോശങ്ങളിലെ നേര്‍ത്ത അറകളിലേക്ക്‌ വായു എത്തിക്കുന്ന ശ്വാസക്കുഴല്‍ ചുരുങ്ങി ശ്വാസതടസം അനുഭവപ്പെടുന്ന അവസ്ഥയാണ് ആസ്‍ത്മ. ശ്വാസമെടുക്കുമ്പോള്‍ ചൂളംവിളിക്കുന്നതുപോലെയുള്ള ശബ്‌ദം, ശ്വാസംമുട്ട്‌, കുറുകലും ചുമയും എന്നിവയാണ്‌ ആസ്‌ത്മയുടെ പ്രധാന ലക്ഷണങ്ങള്‍.

പൊടി, പുക തുടങ്ങി അലര്‍ജിയുണ്ടാക്കുന്ന എന്തും ആസ്‌ത്മയ്‌ക്ക് കാരണമാണ്. അലര്‍ജി മൂലം ആസ്‌ത്മയുടെ ബുദ്ധിമുട്ടുള്ളവര്‍ എന്താണ് തങ്ങള്‍ക്ക് അലര്‍ജിയുണ്ടാക്കുന്നതെന്ന് തിരിച്ചറിഞ്ഞ് ഒഴിവാക്കണം. ചന്ദനതിരി, കൊതുകുതിരി എന്നിവ കത്തിക്കാതിരിക്കുക, വിറക് അടുപ്പ് അധികം ഉപയോഗിക്കാതിരിക്കുക തുടങ്ങിയ ശ്രദ്ധയൊക്കെ അസുഖം കൂടാതിരിക്കാന്‍ സഹായിക്കും.

തണുപ്പാണെന്ന് കരുതി, ഇത്തരക്കാര്‍ സ്വെറ്ററുകളും കമ്പിളിപ്പുതപ്പും ഒന്ന് ശ്രദ്ധിച്ച് ഉപയോഗിക്കുന്നതും നല്ലതാണ്. കാരണം, കമ്പിളിയില്‍ പൊടിപടലങ്ങള്‍ കൂടുതലാണ്. കിടക്ക, തലയണ, കമ്പിളിപ്പുതപ്പ്‌ എന്നിവയൊക്കെ ചൂടുവെള്ളത്തില്‍ കഴുകി വെയിലത്തിട്ടുണക്കണം. മുറികളും ജനലുകളുമൊക്കെ നനച്ച്‌ തുടച്ച്‌ പൊടി വിമുക്‌തമാക്കണം. വാഹനമോടിക്കുമ്പോള്‍ ഫെയ്‌സ് മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക. കൂടാതെ പൂക്കളുണ്ടാവുന്ന ചെടികളും മണമുള്ള ഇലകളുള്ള ചെടികളും മുറികളില്‍ വയ്‌ക്കാതിരിക്കുക. തണുത്ത ഭക്ഷണം കഴിവതും ഒഴിവാക്കുക. മുറിയില്‍ കടലാസും അലക്കാനുള്ള തുണികളുമൊക്കെ കൂട്ടിയിടുന്ന പ്രവണതയും ഒഴിവാക്കുക.

ഡിസംബറാണ് മാസം; മഞ്ഞുകൊള്ളല്ലേ

വൈറല്‍പനി

വൈറല്‍ പനിയാണ്‌ തണുപ്പുകാലത്തെ മറ്റൊരു പ്രധാന പ്രശ്നം. ക്ഷീണം, ശരീരവേദന, സന്ധി വേദന, വയറിളക്കം, തലവേദന എന്നിവയോടുകൂടിയ പനി ഇവയൊക്കെ പ്രധാനമായും വൈറല്‍ പനിയുടെ ലക്ഷണങ്ങളായി കാണാറുണ്ട്‌. വൈറസിന്റെ സ്വഭാവമനുസരിച്ച്‌ രോഗത്തിന്റെ ലക്ഷണങ്ങളില്‍ മാറ്റമുണ്ടാകുമെന്നുമാത്രം.

പൂര്‍ണ വിശ്രമമാണ്‌ വൈറല്‍ പനിയെ പ്രതിരോധിക്കാനുള്ള ഒരു മാര്‍ഗ്ഗം. ഈ സമയത്ത്‌ ലഘുവായ ഭക്ഷണങ്ങള്‍ മാത്രം കഴിക്കുക. കര്‍ശനമായ ശുചിത്വം പാലിക്കേണ്ടതും ഒരു ആവശ്യകതയാണ്‌. സാധാരണ പനിയാണെന്ന് കരുതി സ്വയം ചികിത്സിക്കുന്നത് അപകടത്തിന് കാരണമായേക്കും.

ഒച്ചയടപ്പ്

കുട്ടികളിലായാലും മുതിര്‍ന്നവരിലായാലും തണുപ്പുകാലം തുടങ്ങിയാല്‍ വരുന്ന പ്രശ്നമാണ് ഒച്ചയടപ്പ്. തണുപ്പുകാലം തുടങ്ങിയാല്‍ കഴിയുന്നതും ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക. കുരുമുളകു കാപ്പി ഒച്ചയടപ്പുമാറാന്‍ നല്ലതാണ്‌.

ഡിസംബറാണ് മാസം; മഞ്ഞുകൊള്ളല്ലേ

ടോണ്‍സിലൈറ്റിസ്‌

തണുപ്പുകാലമാകുന്നതോടെ ടോണ്‍സിലൈറ്റിസ്‌ മൂലമുണ്ടാകുന്ന തൊണ്ടവേദനയ്ക്ക് സാധ്യതയേറെയാണ്. ഈ അവസ്‌ഥ പ്രത്യേകിച്ചും കുട്ടികളിലാണ്‌ കൂടുതലായും കണ്ടുവരുന്നത്‌.

തൊണ്ടവേദന, ആഹാരവും ഉമിനീരും ഇറക്കാനുള്ള ബുദ്ധിമുട്ട്‌, പനി എന്നിവയാണ്‌ പ്രധാനമായും ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. ചെറുചൂടോടെ ഉപ്പുവെള്ളം കൊണ്ട്‌ കവിള്‍ കൊള്ളുന്നത്‌ നന്നായിരിക്കും. രണ്ടുനേരം പല്ലുതേക്കുകയും ഇടയ്‌ക്കിടെ ദന്തഡോക്‌ടറെ സമീപിക്കുന്നതും നല്ലതാണ്‌. ടോണ്‍സിലൈറ്റിസിനെ കൃത്യമായി ചികിത്സിച്ച്‌ ഭേദമാക്കിയില്ലെങ്കില്‍ അത്‌ മറ്റുള്ള അവയവങ്ങളെക്കുടി ബാധിക്കാനിടയുണ്ട്‌.

അതിരാവിലെ നടക്കാന്‍പോകുന്ന ശീലമുള്ളവരാണെങ്കില്‍ ചെവി നന്നായി മൂടിക്കൊണ്ടുമാത്രം പുറത്തേയ്‌ക്കിറങ്ങുക.

ഡിസംബറാണ് മാസം; മഞ്ഞുകൊള്ളല്ലേ

കണ്‍ജന്റിവൈറ്റിസ്‌

മഞ്ഞുകാലത്ത് കണ്ണുകള്‍ക്ക് അലര്‍ജിയുണ്ടാവാന്‍ സാധ്യതയേറെയാണ്. കണ്ണുകളില്‍ ചൊറിച്ചിലുണ്ടാവുക, കണ്ണുകള്‍ ചുവന്ന നിറത്തിലാവുക എന്നിവയാണ്‌ കണ്ണുകള്‍ക്ക്‌ ഉണ്ടാകാവുന്ന മഞ്ഞുകാല രോഗങ്ങള്‍.

കാറ്റില്‍ പറന്നെത്തുന്ന പൂമ്പൊടികളും പൊടി പടലങ്ങളുമൊക്കെയാണ്‌ ഇതിനു കാരണം. യാത്രചെയ്യുമ്പോള്‍ സണ്‍ഗ്ലാസ്‌ ഉപയോഗിക്കുന്നത്‌ നന്നായിരിക്കും. ഇരുചക്ര വാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ ഹെല്‍മെറ്റ്‌ ധരിക്കുന്നത്‌ ശീലമാക്കുക.

വരണ്ടകാറ്റും പൊടിപടലങ്ങളുമേറ്റാല്‍ കണ്ണ്‌ വരണ്ടുണങ്ങാനും കൃഷ്‌ണമണിയുടെ ശരിയായ ചലനത്തിനും തടസം ഉണ്ടാവാനിടയുണ്ട്‌. ഇടയ്‌ക്കിടെ തണുത്തവെള്ളത്തില്‍ മുഖം കഴുകുന്നത്‌ കണ്ണുകളുടെയും ചര്‍മത്തിന്റെയും ആരോഗ്യത്തിന്‌ നല്ലതാണ്‌.

ഡിസംബറാണ് മാസം; മഞ്ഞുകൊള്ളല്ലേ

സൌന്ദര്യ സംരക്ഷണം

മഞ്ഞുകാലത്ത് സൗന്ദര്യസംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധ വേണം. വരണ്ട ചര്‍മ്മമുള്ളവര്‍ പ്രത്യേകിച്ചും. ചര്‍മ്മം വരളാനും, ചുണ്ടുകള്‍ പൊട്ടി തൊലിപൊളിയാനും, കാല്‍പാദങ്ങള്‍ വിണ്ടുകീറാനും തണുപ്പ് കാരണമാകും. അതിനുള്ള മുന്‍കരുതല്‍ എടുക്കുക. ചര്‍മ്മത്തിലെ എണ്ണമയം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക.