LiveTV

Live

Health

എന്താണ് പോളിയോ വൈറസ്: ആശങ്കപ്പെടും മുമ്പ് അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

സ്വീവേജ് സാമ്പിളിൽ ടൈപ്പ് രണ്ടു വാക്സിൻ വൈറസ് കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിൽ ആണ് വാക്സിൻ നിർമ്മാണകമ്പനി പണ്ട് ഉപയോഗിച്ചിരുന്ന ടൈപ്പ്-2 പോളിയോ വാക്സിൻ ആണ് ഇറക്കിയത് എന്നത് മനസ്സിലാക്കുന്നത്

എന്താണ് പോളിയോ വൈറസ്: ആശങ്കപ്പെടും മുമ്പ് അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ ചില മേഖലകളില്‍ കുട്ടികള്‍ക്ക് നല്‍കിയ പോളിയോ തുള്ളിമരുന്നില്‍ അണുബാധയുണ്ടായിരുന്നുവെന്ന് സ്ഥിരീകരണമുണ്ടായത് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ്. ചില മരുന്ന് കുപ്പികളില്‍ ടൈപ്പ്-2 പോളിയോ വൈറസ് ഉണ്ടായിരുന്നുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. 50000 മരുന്ന് കുപ്പികളിലാണ് നിലവില്‍ അണുബാധ കണ്ടെത്തിയത്. ഒരു ലക്ഷം കുപ്പികളില്‍ അണുബാധയുണ്ടെന്ന് സംശയമുണ്ട്.

മൂന്ന് സംസ്ഥാനങ്ങള്‍ക്കും ആരോഗ്യ മന്ത്രാലയം ജാഗ്രതാനിര്‍ദേശം നല്‍കി. പോളിയോ നല്‍കിയ കുട്ടികളില്‍ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളുണ്ടോയെന്ന് പ്രത്യേക സമിതി പരിശോധിക്കും. എന്നാല്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

യു.പിയിലെ ഗാസിയാബാദിലെ ബയോമെഡ് മരുന്ന് കമ്പനിയാണ് വാക്സിന്‍ നിര്‍മിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബയോമെഡ് മാനേജിങ് ഡയറക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ മരുന്നുകളുടെ നിര്‍മാണവും വിതരണവും നിര്‍ത്തിവെയ്ക്കണമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ കമ്പനിക്ക് നോട്ടീസ് നല്‍കി.

ഈ പശ്ചാത്തലത്തില്‍ എന്താണ് പോളിയോ വൈറസ് എന്ന് വിശദീകരിക്കുകയാണ് ഡോക്ടര്‍മാരുടെ കൂട്ടായ്മ ഇന്‍ഫോ ക്ലിനിക് തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ:

എന്താണ് വൈൽഡ് പോളിയോ വൈറസ് ?

നൂറ്റാണ്ടുകൾ ആയി അംഗവൈകല്യം ഉണ്ടാക്കിയിരുന്ന പോളിയോക്ക് കാരണമായ വൈറസ്സ് ഒരൊറ്റ ഇനം അല്ല. മൂന്നു തരം പോളിയോ രോഗാണുക്കൾ ഉണ്ട്. ടൈപ്പ് ഒന്ന്, ടൈപ്പ് രണ്ട്, ടൈപ്പ് മൂന്നു.

ഇവയിൽ ഏറ്റവും പ്രധാനം ടൈപ്പ് ഒന്ന്. പോളിയോ രോഗനിർമ്മാർജ്ജന ലക്‌ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളിൽ എടുത്തു പറയാവുന്ന നാഴികക്കല്ലുകളിൽ ആദ്യത്തേത്. മേലെ പറഞ്ഞ മൂന്നു തരം വൈറസ്സുകളിൽ ടൈപ്പ് രണ്ട് ലോകത്തു നിന്ന് തന്നെ കെട്ടു കെട്ടിക്കുക ആയിരുന്നു. 1999ന് ശേഷം ഈ വൈറസ്സ് ലോകത്തു ഒരിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 2015 ഈ വൈറസ് നിർമ്മാർജ്ജനം ചെയ്‌തതായി പ്രഖ്യാപിക്കപ്പെട്ടു.

രണ്ടാമത്തെ നാഴികക്കല്ല് പോളിയോ വൈറസ് മൂന്ന്. 2012 നവംബർ മാസത്തിനു ശേഷം ലോകത്തൊരിടത്തും ടൈപ്പ് മൂന്നു വൈറസ് ലോകത്തു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇപ്പൊ ലോകത്തു ആകെ ഒരു തരം വൈൽഡ് പോളിയോ വൈറസ്സ് ഉള്ളൂ. ടൈപ്പ് ഒന്ന് മാത്രം. അതും ഏതാനും നാളുകൾ കൊണ്ട് തീരെ ഇല്ലാതെ ആവും. ഇക്കഴിഞ്ഞ സെപ്റ്റംബർ 25 വരെ ഉള്ള കണക്കു പ്രകാരം അതെത്ര എണ്ണം എന്നോ ? ആകെ പതിനെട്ടു കേസുകൾ. പതിനാലെണ്ണം പാകിസ്താനിലും നാലെണ്ണം അഫ്ഗാനിസ്ഥാനിലും.

എന്താണ് വാക്സിൻ വൈറസ് ?

പോളിയോക്കെതിരെ വാക്സിൻ നിർമ്മാണം തുടങ്ങിയത് തൊള്ളായിരത്തി മുപ്പതുകളിൽ. അന്ന് വരെ ഉള്ള സാങ്കേതിക വിദ്യ വെച്ച് പോളിയോ രോഗാണുക്കളെ കൊന്നു വാക്സിൻ ആയി ഉപയോഗപ്പെടുത്തുക എന്ന രീതി ആയിരുന്നു. പലരും ആ രീതിയിൽ ശ്രമം നടത്തി എങ്കിലും 1955 ല്‍ ജോനാസ് സാൽക്ക് ആണ് ഇക്കാര്യത്തിൽ വിജയം കണ്ടത്.

മൂന്നു ഇനം പോളിയോ വൈറസുകളെ കൊന്ന്, കിൽഡ് പോളിയോ വാക്സിൻ ഉണ്ടാക്കി. അന്ന് തൊട്ട് അമേരിക്ക, ബ്രിട്ടൻ, ആസ്‌ത്രേലിയ, യൂറോപ്പിലെ മറ്റു നാൽപത്തി ഏഴു രാജ്യങ്ങൾ ഈ വാക്സിൻ ഉപയോഗിച്ചു. എൺപത്തിഎട്ട് ആവുമ്പോഴേക്കും ആ രാജ്യങ്ങളിൽ പോളിയോ ഉന്മൂലനം ചെയ്യപ്പെട്ടു. ഒരു പോരായ്‌മ മാത്രം. അതിനു വില ഒരു പാട് കൂടുതൽ.

1963ല്‍ ആൽബർട്ട് സാബിൻ ഈ വൈറസുകളെ കൊല്ലാതെ രോഗം ഉണ്ടാക്കാനുള്ള കഴിവ് നശിപ്പിച്ചു വാക്സിൻ ഉണ്ടാക്കുന്ന സാങ്കേതിക വിദ്യയിലൂടെ ഓറൽ പോളിയോ വാക്സിൻ നിർമ്മിച്ചു. അതായതു വൈറസ് പെറ്റുപെരുകും, രോഗം ഉണ്ടാക്കാതെ.

ഇന്ത്യ അടക്കം നൂറ്റി ഇരുപത്തിആറു രാജ്യങ്ങൾ ഓറൽ പോളിയോ വാക്സിൻ ആണ് സ്വീകരിച്ചത്. പ്രധാന കാരണം അതിന്റെ വിലക്കുറവ് തന്നെ. ഇരുപത്തി നാല് രാജ്യങ്ങൾ രണ്ടു വാക്സിനുകളും ഒരു പോലെ ഉപയോഗിച്ചു.

നമ്മൾ 1972മുതൽ 2016 ഏപ്രിൽ 25 വരെ ഈ ഓറൽ പോളിയോ വാക്സിൻ ആണ് ഉപയോഗിച്ചത്. അതായതു മുപ്പത്തി എട്ടു വര്ഷം. ഇതേ വാക്സിൻ ഉപയോഗിച്ചാണ് നമ്മൾ ഈ രാജ്യത്തു നിന്ന് പോളിയോ ഇല്ലാത്ത അവസ്ഥയിൽ എത്തിച്ചത്. കേരളത്തിൽ ഒരു പോളിയോ കേസ് ഉണ്ടായതു രണ്ടായിരത്തിൽ. ഇന്ത്യയിൽ രണ്ടായിരത്തി പതിനൊന്നു ജനുവരി പതിമൂന്നിന്.

എന്താണ് വി.ഡി.പി.വി (വാക്സിൻ ഡിറൈവ്ഡ് പോളിയോ വൈറസ്)?

ഓറൽ പോളിയോ വാക്സിൻ ഉപയോഗിക്കുമ്പോ പത്തു ലക്ഷത്തിൽ ഒന്ന് എന്ന രീതിയിൽ ഈ വാക്സിൻ വൈറസ്സിൽ ജനിതക മാറ്റം ഉണ്ടാവാം. ഇതിൽ ഏറ്റവും കൂടുതൽ സാധ്യത ടൈപ്പ് രണ്ടു വാക്സിൻ വൈറസിന്. അങ്ങനെ സംഭവിക്കുമ്പോ ഇത് രോഗം ഉണ്ടാക്കാനുള്ള കഴിവ് തിരിയെ കിട്ടുന്നു. അത് മറ്റുള്ളവരിലേക്ക് പടരുകയും ചെയ്യും.

പോളിയോ ഉന്മൂലനം ചെയ്ത പല രാജ്യത്തും വി.ഡി.പി.വി റിപ്പോർട്ട് ചെയ്യപ്പെടുന്നതാണ് നമ്മൾ പലപ്പോഴും പോളിയോ കേസ് എന്ന രീതിയിൽ വായിക്കാറ്. 2016ൽ സിറിയയിൽ തൊണ്ണൂറ്റി രണ്ടു കേസുകൾ ഉണ്ടായി. പക്ഷെ ഫലപ്രദമായ ഇടപെടലുകൾ കൊണ്ട് പതിനേഴിന് ഒരൊറ്റ കേസ് പോലും ഉണ്ടായില്ല. ഈ വർഷം ആഫ്രിക്കൻ രാജ്യങ്ങളിൽ ചില കേസുകളും മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. പക്ഷെ നാല്പത്തി രണ്ടു കേസുകൾ.

ഇന്ത്യയിൽ 2009ല്‍ ആണ് ഇത്തിരി കേസുകൾ വി.ഡി.പി.വി ഉണ്ടായത്. രണ്ടായിരത്തി പതിനാറിൽ ഒരു കേസ്. അത് കഴിഞ്ഞു പതിനേഴിലും പതിനെട്ടിലും വി.ഡി.പി.വി റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല.

ഈ വൈറസുകളുടെ സാന്നിധ്യം ചുറ്റുപാടുകളിൽ ഉണ്ടോ എന്ന് നമ്മൾ ഏറെ ജാഗരൂകർ ആണ്. ഇന്ത്യയിലെ എട്ട് ലാബറട്ടറികളിൽ ആയിരക്കണക്കിന് സ്വീവേജ് സാമ്പിളുകൾ പരിശോധിക്കുന്നു. അത്തരം പരിശോധനകളിൽ ഒന്നാണ് രണ്ടു വർഷം മുൻപ് ഒരു വി.ഡി.പി.വിറിപ്പോർട്ട് ചെയ്ത വാർത്ത നമ്മൾ വായിച്ചത്.

അതുപോലെ സ്വീവേജ് സാമ്പിളിൽ ടൈപ്പ് രണ്ടു വാക്സിൻ വൈറസ് കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിൽ ആണ് വാക്സിൻ നിർമ്മാണ കമ്പനി പണ്ട് ഉപയോഗിച്ചിരുന്ന ട്രിവാല്നട് പോളിയോ വാക്സിൻ ആണ് ഇറക്കിയത് എന്നത് മനസ്സിലാക്കുന്നത്

എന്താണ് പോളിയോ എൻഡ് ഗെയിം സ്ട്രാറ്റജി?

ലോകം പോളിയോ നിർമ്മാർജ്ജനം ലക്‌ഷ്യം നേടുന്നതിനുള്ള അവസാന പടികൾ ആണിത്. പ്രധാനമായും മൂന്നു കാര്യങ്ങൾ:

1. ലോകത്തു നിന്ന് തീരെ ഇല്ലാതെ ആയ പോളിയോ വൈറസുകൾ അടങ്ങിയ ലൈവ് വാക്സിനുകൾ മാറ്റം വരുത്തുക. ആ തീരുമാന പ്രകാരം ആണ് നമ്മൾ ട്രിവാലന്റിൽ നിന്ന് ബിവാല്നട് വാക്സിനിലേക്കു മാറിയത്.

2. മെല്ലെ മെല്ലെ ഓറൽ പോളിയോ നിർത്തുക, പകരം കിൽഡ് വാക്സിൻ മാത്രം തുടരുക.

3. ഒടുവിൽ, പോളിയോ നിർമ്മാർജ്ജനം എന്ന ലക്‌ഷ്യം നേടിയ ശേഷം എല്ലാ വാക്സിനുകളും നിർത്തുക.

ലോകം പോളിയോ നിർമ്മാർജ്ജനത്തിന്റെ അവസാന പടിയിൽ എത്തി നിൽക്കുമ്പോ, ലോകം മുഴുവൻ അതിനായി ഓരോ രീതികൾ അവലംബിക്കുമ്പോൾ അതിനെ ഗൗനിക്കാതെ ആരെങ്കിലും നീങ്ങിയാൽ അത് അനുവദിച്ചു കൊടുത്തു കൂടാ.

നമ്മൾ ഭയപ്പെടേണ്ടതുണ്ടോ?

കഴിഞ്ഞ 38 വർഷമായി നമ്മൾ ഉപയോഗിച്ച അതേ വാക്സിൻ ആണിത് എന്നത് കൊണ്ട് ഈ രാജ്യത്തെ ജനത ഇതേക്കുറിച്ചു വേവലാതിപ്പെടേണ്ടതില്ല.

മൂന്നു കാര്യങ്ങൾ വിശദീകരിക്കാം 1. വൈൽഡ് പോളിയോ വൈറസ് എന്താണ്? നൂറ്റാണ്ടുകൾ ആയി അംഗവൈകല്യം ഉണ്ടാക്കിയിരുന്ന പോളിയോക്ക്...

Posted by Info Clinic on Thursday, October 4, 2018