LiveTV

Live

Health

നിങ്ങള്‍ക്ക് തലക്കനമുണ്ടോ; തലയ്ക്കകത്ത് എന്താണുള്ളതെന്ന് അറിയാമോ?

മുതിർന്ന വ്യക്‌തിയിൽ ഏതാണ്ട്‌ ഒന്നര കിലോയോളം ഭാരമുള്ള ഈ സുപ്രധാന അവയവം നമ്മളിൽ യാതൊരു തലക്കനവുമുണ്ടാക്കാതെ എങ്ങനെ തലക്കകത്ത്‌ കുത്തിയിരിക്കുന്നു എന്നറിയാമോ?

നിങ്ങള്‍ക്ക് തലക്കനമുണ്ടോ; തലയ്ക്കകത്ത് എന്താണുള്ളതെന്ന് അറിയാമോ?

തലയ്ക്കകത്ത് എന്താ, തലക്കനമാണോ - നമ്മുടെ സാധാരണ ജീവിതത്തില്‍ സ്ഥിരം ചോദിക്കുന്ന, കേള്‍ക്കുന്ന ചോദ്യങ്ങള്‍. സത്യത്തില്‍ എന്താണ് തലച്ചോര്‍. എന്തൊക്കെയാണ് അതിനകത്തുള്ളത്, എന്തൊക്കെയോ ഉണ്ടായിട്ടും അത് വെയിറ്റ്ലെസ് ആണെന്ന് തോന്നുന്നത് എന്തുകൊണ്ടാണ്.... നമ്മുടെ നിരവധി സംശയങ്ങള്‍ക്ക് മറുപടി തരികയാണ് ഡോ. ഷിംന അസീസ് തന്റെ സെക്കന്‍റ് ഒപ്പീനിയന്‍ എന്ന ഫെയ്സ്ബുക്ക് കുറിപ്പിലൂടെ...

ഡോ. ഷിംന അസീസിന്റെ കുറിപ്പ് വായിക്കാം

''നിന്റെ തലക്കകത്ത്‌ എന്താ?". ആരും ആരോടും ചോദിച്ചതല്ല. നമ്മളൊക്കെ ആയുസ്സിൽ ഒരിക്കലെങ്കിലും കേട്ടിട്ടുള്ള ഈ ചോദ്യത്തിന്റെ ഉത്തരം 'തലച്ചോറ്‌' എന്ന്‌ തന്നെയാണ്‌. മുതിർന്ന വ്യക്‌തിയിൽ ഏതാണ്ട്‌ ഒന്നര കിലോയോളം ഭാരമുള്ള ഈ സുപ്രധാന അവയവം നമ്മളിൽ യാതൊരു തലക്കനവുമുണ്ടാക്കാതെ എങ്ങനെ തലക്കകത്ത്‌ കുത്തിയിരിക്കുന്നു എന്നറിയാമോ?

തലയോട്ടിയുടെ മേൽഭാഗം നമ്മളൊരു പാത്രം പോലെയങ്ങ്‌ എടുത്ത്‌ മാറ്റിയെന്ന്‌ കരുതുക. ഉള്ളിൽ മസ്‌തിഷ്‌കം ഇരിപ്പുണ്ടാകും. അതും എടുത്ത്‌ മാറ്റിയാൽ തലയോട്ടിയുടെ ബേസ്‌ കാണാം. നിറയെ വളവുകളും കുഴിയും ദ്വാരങ്ങളുമൊക്കെയുള്ള ഈ അടിത്തറയുടെ മീതേ കിറുകൃത്യമായി പമ്മിയിരിക്കും തലച്ചോറ്‌. അവിടേക്കുള്ള രക്‌തക്കുഴലുകളും നാഡികളും സുഷുമ്‌നയുമൊക്കെ കൃത്യമായി വരച്ചിട്ടത്‌ പോലെ ഓരോ വഴികളിലൂടെ പ്രവേശിക്കുകയും പുറത്തേക്ക്‌ വരികയും ചെയ്യും. അതിനിടയിലും ഹൈപ്പോ തലാമസും പിറ്റ്യൂറ്ററിയുമെല്ലാം ഗ്രന്‌ഥികളെന്ന നിലയിൽ അവയുടെ കർമ്മവും ധർമ്മവും പേറി സെറിബ്രത്തിന്‌ താഴെ തൽസ്‌ഥാനത്തിരിക്കും. എന്നിട്ടും നമുക്ക്‌ ഭാരം തോന്നാത്തതെന്താ? CSF അഥവാ cerebrospinal fluid എന്ന ദ്രാവകത്തിൽ ഒഴുകുന്ന മട്ടിലാണ്‌ തലച്ചോറിരിക്കുന്നത്‌. വെയിറ്റ്‌ലെസ്‌ ആയി തോന്നുന്നതും അത്‌ കൊണ്ടു തന്നെ.

സെറിബ്രം, സെറിബല്ലം, മിഡ്‌ ബ്രെയിൻ എന്നിങ്ങനെയുള്ള ഭാഗങ്ങളാണ്‌ പ്രധാനമായും തലച്ചോറിലുള്ളത്‌. ഒരു ആപ്പിൾ പാതിയായി മുറിച്ചത്‌ പോലെ സെറിബ്രത്തിന്റെ വലതു പാതിയും ഇടതുപാതിയുമിരിക്കുന്നു. ഇതിൽ തന്നെ കാഴ്‌ച, കേൾവി, ചിന്ത, ക്രിയാത്മകത തുടങ്ങി അനേകം കാര്യങ്ങളെ സൂചിപ്പിക്കുന്ന ഇടങ്ങൾ കൃത്യമായുണ്ട്‌. സൗകര്യത്തിന്‌ വേണ്ടി ഇരുപാതികളും നാല്‌ ലോബുകൾ വീതം സെറിബല്ലത്തിനുണ്ടെന്ന്‌ പറയാം. ചിത്രം വരക്കുമ്പോൾ പല നിറങ്ങളിലും നമ്പറിട്ടുമൊക്കെയാണ്‌ ഈ ലോബുകളിലെ വിവിധ ഏരിയകളെ സൂചിപ്പിക്കുന്നതെങ്കിൽ സൂക്ഷ്‌മമായി പരിശോധിക്കുമ്പോൾ കോശഘടനയിൽ ഒരു തരം വാശിയോടെയുള്ള കൃത്യത ഓരോ വളവിലും ചെരിവിലും വരെ പാലിച്ചാണ്‌ ഈ അവയവം നമ്മെ അദ്‌ഭുതപ്പെടുത്തുന്നത്‌. ചലനത്തിന്റെ കാര്യമാണെങ്കിൽ ഇടതുഭാഗത്തിന്റെ നിയന്ത്രണം തലച്ചോറിന്റെ വലതുഭാഗത്തിനും വലതുഭാഗത്തിന്‌ തിരിച്ചുമാണ്‌.

സുഷുമ്‌നാനാഡി തലച്ചോറിൽ കൂടിച്ചേരുന്ന ഇടമാണ് ബ്രെയിൻസ്റ്റെം. അവിടെ പിറകിൽ ഒളിച്ചിരിക്കുന്ന സെറിബല്ലത്തിനും ഇതുപോലെ ഇരുപാതികളുണ്ട്‌. അനക്കവും നിലയും ഒത്തു ചേർത്ത്‌ നമ്മളെ 'നല്ല നടത്തം' ശീലിപ്പിക്കുന്നത്‌ ഈ ഭാഗമാണ്‌. തലച്ചോറിന്റെ ഭാരത്തിൽ വെറും 10% മാത്രമുള്ള സെറിബല്ലത്തിലാണ്‌ തലച്ചോറിലെ പാതി ന്യൂറോണുകളും എന്ന്‌ പറയുമ്പോ അറിയാല്ലോ കക്ഷി ചില്ലറക്കാരനല്ലെന്ന്‌. കോർഡിനേഷന്റെ കൂടാരമാണ്‌ സെറിബല്ലം. മൂപ്പര്‌ അലമ്പായാൽ ശരീരത്തിൽ ബാലൻസ്‌ തെറ്റലും വിറയലും കഷ്‌ടപ്പാടുമൊക്കെ തുടങ്ങും.

തലച്ചോറിന്റെ തണ്ടായ ബ്രെയിൻസ്‌റ്റെം പോൺസ്‌, മെഡുല ഒബ്‌ലങ്കറ്റ, മിഡ്‌ബ്രെയിൻ എന്നിവ കൂടിച്ചേർന്നതാണ്‌. തലച്ചോറിൽ നിന്നും തുടങ്ങുന്ന പന്ത്രണ്ട്‌ നാഡികളിൽ പത്തും ഉദ്‌ഭവിക്കുന്നത്‌ ബ്രെയിൻസ്‌റ്റെമിൽ നിന്നാണ്‌. സുഷുമ്‌നാനാഡിയിൽ നിന്നും വേദനയും ചൂടുമെല്ലാം അറിയിക്കുന്ന ഞരമ്പിൻ കൂട്ടങ്ങളെല്ലാം സെറിബ്രത്തിലേക്കും സെറിബല്ലത്തിലേക്കും പോകുന്നതും ഈ വഴി കടന്ന്‌ തന്നെ.

ഹൃദയമിടിപ്പും ശ്വാസഗതിയും നിയന്ത്രിക്കുന്നത്‌ ബ്രെയിൻസ്‌റ്റെമിൽ നിന്നാണ്‌. ഇവിടത്തേക്കുള്ള രക്‌തയോട്ടം നിലച്ചാൽ, മസ്‌തിഷ്‌കമരണം സംഭവിക്കും. സെറിബ്രത്തിലേക്ക്‌ രക്‌തയോട്ടം നിലച്ചാലും ആൾ കോമയിലായി വർഷങ്ങൾ തുടരാം. ബ്രെയിൻസ്‌റ്റെം മരിച്ചാൽ ശ്വാസമെടുക്കുന്നതിന്റെ നിയന്ത്രണം പൂർണമായും നഷ്‌ടപ്പെടും, ഹൃദയമിടിപ്പിന്റെ താളം തെറ്റും, ബോധവും ഉണർവും എന്നെന്നേക്കുമായി ഇല്ലാതാകും. ഇതിന്റെ മരണമാണ്‌ മസ്‌തിഷ്‌കമരണമായി രേഖപ്പെടുത്തുന്നത്‌. കാരണം ആറ്‌ മണിക്കൂറിനിടയിൽ ഒന്നിലേറെ തവണയായി നാല്‌ ഡോക്‌ടർമാർ പല പരിശോധനകളിലൂടെ ഉറപ്പിക്കുന്ന മസ്‌തിഷ്‌കമരണം സംഭവിച്ചതായി രേഖപ്പെടുത്തിയ ആരും തന്നെ തിരിച്ച്‌ ജീവിതത്തിലേക്ക്‌ വന്നിട്ടില്ല. ആ നൂൽപ്പാലം മനുഷ്യനാൽ സൃഷ്‌ടിക്കുക സാധ്യമല്ല. മസ്‌തിഷ്‌കമരണം എന്നാൽ യഥാർത്ഥത്തിൽ, ശരീരം സ്‌ഥിരമായി നിലയ്‌ക്കുന്നതിലേക്കുള്ള ഒരു കാത്തിരിപ്പ്‌ മാത്രമാണ്‌. മരണം തന്നെയാണ്‌.

വാൽക്കഷ്‌ണം: മേൽ പറഞ്ഞ ഘടകങ്ങളല്ലാതെ തലാമസ്‌ ഗ്രന്‌ഥി, ഹൈപ്പോതലാമസ്‌ ഗ്രന്ഥി, പീനിയൽ ഗ്രന്‌ഥി, തലച്ചോറിൽ CSF ഒഴുകി നടക്കുന്ന നദിയായ വെൻട്രിക്കിളുകൾ, രക്‌തക്കുഴലുകൾ, പെരുമാറ്റത്തെ നിയന്ത്രിക്കുന്ന സെറട്ടോണിൻ, ഡോപ്പമിൻ പോലെയുള്ളവ ഉണ്ടാക്കുന്ന കോശങ്ങൾ, പല തരം നാഡീകോശങ്ങൾ എന്നിവയുടെ ഒരു രക്ഷയുമില്ലാത്ത അതിശയകരമായ കൂടിച്ചേരലാണ്‌ മസ്‌തിഷ്‌കത്തിന്റെ ഘടന. ഇവയിൽ ഏതെങ്കിലും ഒന്ന്‌ ഒരിത്തിരി നേരം പണിമുടക്കിയാലോ കുറച്ചധികം പണിഞ്ഞാലോ വലിയ ബുദ്ധിമുട്ടുകളുണ്ടാകാം. തലച്ചോറിന്‌ പരിക്കുകൾ പറ്റാം, അണുബാധയുണ്ടാകാം, ഗർഭാവസ്‌ഥയിൽ തന്നെ വളർച്ചക്കുറവുണ്ടാകാം, പ്രായമെത്തുമ്പോൾ ശുഷ്‌കിക്കാം എന്ന്‌ തുടങ്ങി എന്തും സംഭവിക്കാം. പക്ഷേ, പൊന്നു പോലെ കാത്തേ മതിയാകൂ. കാരണം, 5 മിനിറ്റ്‌ പൂർണമായോ ഭാഗികമായോ തലച്ചോറിലേക്കുള്ള രക്‌തയോട്ടം നിലച്ചാൽ ആ കോശങ്ങൾ ഒരിക്കലും തിരിച്ച്‌ കിട്ടാനാവാത്ത വിധം എന്നെന്നേക്കുമായി നശിക്കും. നശിക്കുന്ന ഭാഗത്തിന്‌ അനുസരിച്ചാവും വൈകല്യങ്ങളോ മരണമോ സംഭവിക്കുക. ഹെൽമറ്റും, സീറ്റ്‌ബെൽറ്റും ശീലമാക്കുക. മറ്റു നേരങ്ങളിലും വേണ്ട മുൻകരുതലുകൾ എടുക്കുക. നമ്മളെന്നാൽ, നമ്മുടെ മനസ്സിന്റെയും ശരീരത്തിന്റെയും ബലമെന്നാൽ തലച്ചോറാണ്‌. കരുതിയേ മതിയാകൂ.

സെക്കൻഡ്‌ ഒപീനിയൻ - 046 ''നിന്റെ തലക്കകത്ത്‌ എന്താ?". ആരും ആരോടും ചോദിച്ചതല്ല. നമ്മളൊക്കെ ആയുസ്സിൽ ഒരിക്കലെങ്കിലും...

Posted by Shimna Azeez on Wednesday, October 3, 2018