LiveTV

Live

Health

വെറും കോലനല്ല, വമ്പനാണ് ഈ മുരിങ്ങാക്കോല്‍

ഒരേ സമയം ശുദ്ധമായ പച്ചക്കറിയും, ഇലക്കറിയും ദാനം ചെയ്യുന്ന മഹാത്മാവാണ് ഈ മുരിങ്ങമരം. മുരിങ്ങയുടെ ഇല, പൂവ്, കായ എല്ലാം ഒരുപോലെ ആരോഗ്യകരം.

വെറും കോലനല്ല, വമ്പനാണ് ഈ മുരിങ്ങാക്കോല്‍

കേരളം മുഴുവനുമുള്ള യാത്രയ്ക്കിടയില്‍ ആരുമൊന്ന് നോക്കിനിന്നുപോകുന്ന ഒരു മരമുണ്ട്... എത്ര നട്ടുവളര്‍ത്താന്‍ നോക്കിയാലും ചിലരുടെയെങ്കിലും വീട്ടുമുറ്റത്ത് കൂട്ടുകൂടാന്‍ നില്‍ക്കാതെ ഇവന്‍ പിണങ്ങിമാറിനിന്ന കഥയും പലരും പങ്കുവെച്ചിട്ടുണ്ട്. വളമില്ലെങ്കിലും ഒന്ന് വേര് കിളിര്‍ത്ത് കിട്ടിയാല്‍, ഇവനങ്ങ് പടര്‍ന്ന് പന്തലിക്കും. ഒരേ സമയം ശുദ്ധമായ പച്ചക്കറിയും, ഇലക്കറിയും ദാനം ചെയ്യുന്ന മഹാത്മാവാണ് ഈ മുരിങ്ങമരം. മുരിങ്ങയുടെ ഇല, പൂവ്, കായ എല്ലാം ഒരുപോലെ ആരോഗ്യകരം.

മലയാളികളുടെ പ്രിയപ്പെട്ട വിഭവമാണ് മുരിങ്ങാക്കോല്‍‍. സാമ്പാറിലും അവിയലിലും പ്രധാനി ഇവന്‍ തന്നെ. മീന്‍കറിയും ബീഫ്കറിയും വരെ മുരിങ്ങാക്കോലിട്ട് വെക്കുന്ന വീട്ടമ്മമാര്‍ ഉണ്ട്. തോരനും ഉണ്ടാക്കും. വൈകീട്ട് സ്കൂള്‍വിട്ടുവരുന്ന മക്കള്‍ക്കായി ഉണ്ടാക്കിവെക്കുന്ന ദോശയിലും ഇഡ്ഢലിയും അല്‍പം മുരിങ്ങയില കൂടി ചേര്‍ക്കുന്നത് അവരുടെ ആരോഗ്യത്തിന് നല്ലതാണ്. ചുമ്മാ ഒരല്‍പം തേങ്ങയരച്ച് മുരിങ്ങയില ഇട്ട് കറിവെച്ചു നോക്കൂ, ബ്രേക്ക് ഫാസ്റ്റ് വിഭവങ്ങള്‍ക്കൊപ്പം കഴിക്കാന്‍ പറ്റിയ ഇത്ര ആരോഗ്യപ്രദമായ കറി വേറെയില്ല.

എന്നാല്‍ മുരിങ്ങാക്കോലിന്റെ ആരോഗ്യ ഗുണങ്ങള്‍ നമ്മില്‍ എത്രപേര്‍ക്ക് അറിയാം.

വെറും കോലനല്ല, വമ്പനാണ് ഈ മുരിങ്ങാക്കോല്‍
  • രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു

മുരിങ്ങാക്കോലില്‍ ധാരാളമായടങ്ങിയ ജീവകം സി രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. ചുമ, പനി, ജലദോഷം ഇവയെയെല്ലാം അകറ്റി നിര്‍ത്താനും മുരിങ്ങാക്കോലിന് പ്രത്യേക കഴിവുണ്ട്. മുരിങ്ങയിലയിലും മുരിങ്ങപ്പൂവിലും ആന്റിബാക്ടീരിയൽ ഘടകങ്ങൾ ഉണ്ട്. ഇവ തൊണ്ടയിലും ചർമത്തിലും ഉണ്ടാക്കുന്ന അണുബാധ തടയാൻ സഹായിക്കുന്നു.

  • എല്ലുകളെ ബലപ്പെടുത്തുന്നു

ഉറപ്പുള്ള എല്ലുകളാണ് ദീര്‍ഘായുസ്സിന്റെ രഹസ്യം. എല്ലുകള്‍ക്കുണ്ടാകുന്ന ബലക്ഷയത്തിന് പ്രധാന കാരണമാകുന്നത് കാത്സ്യത്തിന്റെ അപര്യാപ്തയാണ്. കാൽസ്യം, ഇരുമ്പ്, മറ്റു ജീവകങ്ങൾ ഇവ ധാരാളം അടങ്ങിയ മുരിങ്ങയ്ക്ക എല്ലുകളെ ശക്തിയുള്ളതാക്കുന്നു. മുരിങ്ങാക്കോല്‍ ജ്യൂസ് അടിച്ച് ദിവസവും കഴിക്കുന്നത് എല്ലുകളുടെ ബലം വര്‍ധിപ്പിക്കും. പാലിലും ജ്യൂസ് അടിച്ച് കഴിക്കാം. കുട്ടികളുടെ എല്ലുകളുടെ ആരോഗ്യത്തിനും മുരിങ്ങാക്കോല്‍ വമ്പനാണ്.

  • ദഹനത്തിന് സഹായിക്കുന്നു

മുരിങ്ങക്കോല്‍ പതിവായി ഉപയോഗിക്കുന്നത് ദഹനപ്രശ്നങ്ങളെ അകറ്റും. മുരിങ്ങയിലയിലും മുരിങ്ങക്കായിലും അടങ്ങിയ ബി കോംപ്ലക്സ് ജീവകങ്ങളായ നിയാക്സിൻ, റൈബോഫ്ലേവിൻ, ഫോളിക് ആസിഡ്, പിരിഡോക്സിൻ എന്നിവയാണു ദഹനത്തിനു സഹായിക്കുന്നത്. അന്നജം, മാംസ്യം, കൊഴുപ്പുകൾ ഇവയെ വിഘടിപ്പിച്ച് ലഘു രൂപത്തിൽ ആക്കുന്ന പ്രക്രിയയെ ഈ ജീവകങ്ങൾ നിയന്ത്രിക്കുന്നു.

കൂടാതെ രക്തസമ്മർദം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മുരിങ്ങാക്കായിലടങ്ങിയ വിറ്റമിനുകള്‍ സഹായിക്കുന്നു. മുരിങ്ങയിലയുടെ ഉപയോഗവും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. പരിക്കോ അണുബാധയോ മൂലമുണ്ടാകുന്ന വീക്കം കുറയ്ക്കാനും മുരിങ്ങയില സഹായിക്കുന്നു. മുരിങ്ങയില പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ചർമ്മത്തിന്റെയും മുടിയുടെയും സൗന്ദര്യത്തിനും മുരിങ്ങയിലയുടെ ഉപയോഗം സഹായിക്കും. ആർത്തവ വേദന അകറ്റാൻ മുരിങ്ങിയില നീര് സഹായിക്കും. ഒരുപിടി മുരിങ്ങയില തോരൻ വച്ച് ദിവസവും കഴിച്ചാൽ മുലപ്പാൽ വർധിക്കും. മുരിങ്ങവേര് ഔഷധമായി ഉപയോഗിച്ചു വരുന്നു.

മുരിങ്ങയിലടങ്ങിയ നാരുകൾ മലബന്ധം അകറ്റാൻ സഹായിക്കുന്നു. ഗ്യാസ്, കുടൽ വ്രണം ഇവ ഭേദമാക്കുന്നു. മുരിങ്ങക്കായയ്ക്ക് ആന്റിബാക്ടീരിയൽ ആന്റിബയോട്ടിക് ഗുണങ്ങളുമുണ്ട് . ഇത് രോഗാണുക്കളുടെയും ബാക്ടീരിയകളുടെയും വളർച്ച തടയുന്നു. അതിസാരവും അകറ്റുന്നു.

  • രക്തം ശുദ്ധമാക്കുന്നു

രക്തം ശുദ്ധീകരിക്കാനുള്ള കഴിവും മുരിങ്ങയിലയ്ക്കും മുരിങ്ങക്കായ്ക്കും ഉണ്ട്. സൂപ്പ് ആയോ ജ്യൂസ് രൂപത്തിലോ ആയി മുരിങ്ങക്കാ ഉപയോഗിക്കുന്നത് വേദനകളും ചർമപ്രശ്നങ്ങളും അകറ്റും. രക്തസംക്രമണത്തെ വര്‍ധിപ്പിക്കാനും സഹായിക്കും.

  • ആസ്മയെ തടയുന്നു

ശ്വാസകോശ സംബന്ധമായ രോഗങ്ങളായ ആസ്മ, ശ്വാസകോശത്തിൽ വീക്കം, ചുമ ഇവ തടയാൻ മുരിങ്ങക്കായുടെ പതിവായ ഉപയോഗം ഫലപ്രദമാണ്. മുരിങ്ങക്കായയ്ക്ക് ആന്റി അലർജിക്ക് ഗുണങ്ങൾ ഉണ്ട്. ആസ്മ തടയാന്‍ മാത്രമല്ല ശ്വസന വ്യവസ്ഥയെ ശക്തിപ്പെടുത്താനും മുരിങ്ങക്കായ സഹായിക്കുന്നു.

  • ഗര്‍ഭിണിയുടെ ആരോഗ്യത്തിനും ഉത്തമം

ഗർഭകാലത്ത് മുരിങ്ങക്കായ കഴിക്കുന്നത് പ്രസവത്തെ എളുപ്പമാക്കും. മാത്രമല്ല, പ്രസവസമയത്തും ശേഷവുമുള്ള സങ്കീര്‍ണതകളെയും ലഘൂകരിക്കും. പ്രസവസമയത്തുള്ള പാലുത്പ്പാദനത്തിനും ഇവ സഹായിക്കുന്നു. ഗര്‍ഭിണികള്‍ മുരിങ്ങാക്കോല്‍ വെറുതെ ഉപ്പിട്ട് പുഴുങ്ങിയെടുത്ത്, ആ വെള്ളമൂറ്റിക്കളഞ്ഞതിന് ശേഷം നെയ്യ് ചേര്‍ത്ത് കഴിക്കാം.

വെറും കോലനല്ല, വമ്പനാണ് ഈ മുരിങ്ങാക്കോല്‍

കൂടാതെ അർബുദം തടയാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും പ്രമേഹം നിയന്ത്രിക്കാനും വൃക്കയുടെയും തലച്ചോറിന്റെയും ആരോഗ്യത്തിലും മുരിങ്ങാക്കോലിനും മുരിങ്ങയിലയ്ക്കും റോളുകളുണ്ട്

വൃക്കയിൽ കല്ലുണ്ടാകുന്നത് തടയാനും മുരിങ്ങയിലയുടെ ഉപയോഗം സഹായിക്കും. നാഡീ സംബന്ധമായ രോഗങ്ങൾ തടയുന്നത് വഴി പാർക്കിൻസൺസ്, അൽഷിമേഴ്സ്, മറവിരോഗം (ഡിമെൻഷ്യ) മുതലായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു. സന്ധി വേദയ്ക്കും ആശ്വാസമേകുന്നു.

ലൈംഗികാരോഗ്യത്തിന് മുരിങ്ങയില നല്ലതുതന്നെ. മുരിങ്ങയുടെ തണ്ടിലടങ്ങിയ ചില സംയുക്തങ്ങൾ വന്ധ്യത, ശീഘ്രസ്ഖലനം മുതലായവയ്ക്ക് പരിഹാരമേകും.