LiveTV

Live

Health

സൂക്ഷിക്കുക...! ഈ ബേബി വാക്കറുകള്‍ വില്ലന്മാര്‍

കുട്ടികൾ നടന്നു തുടങ്ങുന്നതിനു മുമ്പേ ബേബി വാക്കർ ഉപയോഗിച്ച് നടത്തം പരിശീലിപ്പിക്കുന്നത് അവരുടെ പേശികളുടെയും, കുഞ്ഞു പാദങ്ങളുടെയും സ്വാഭാവിക വളർച്ചയെ ദോശകരമായി ബാധിക്കും

സൂക്ഷിക്കുക...! ഈ ബേബി വാക്കറുകള്‍ വില്ലന്മാര്‍

ഇന്ന് കൊച്ചു കുട്ടികളെ നടത്തം പഠിപ്പിക്കാൻ വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് ബേബി വാക്കറുകൾ. കുട്ടികൾ മുട്ടിൽ ഇഴഞ്ഞു തുടങ്ങുമ്പോഴേക്കും ബേബി വാക്കറുകൾ വാങ്ങി അവരെ അതിലിരുത്തി നടത്തം പഠിപ്പിക്കുന്നതാണ് ഇപ്പോഴുള്ള പ്രവണത. എന്നാൽ ഈ ബേബി വാക്കർ പ്രേമം കുട്ടികൾക്ക് അത്ര നല്ലതല്ലെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്.

ബേബി വാക്കറുകൾ കുട്ടികളിൽ ഗുണകരമായ ഒന്നും തന്നെ ചെയ്യുന്നില്ലെന്നു മാത്രമല്ല, പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവെക്കുന്നുണ്ട് എന്നാണ് ‘പീഡിയാട്രിക്സ്’ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്. കുട്ടികൾ നടന്നു തുടങ്ങുന്നതിനു മുമ്പായി ബേബി വാക്കർ ഉപയോഗിച്ച് നടത്തം പരിശീലിപ്പിക്കുന്നത് അവരുടെ പേശികളുടെയും, കുഞ്ഞു പാദങ്ങളുടെയും സ്വാഭാവിക വളർച്ചയെ ദോഷകരമായി ബാധിക്കുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിനു പുറമെയാണ് ഇത്തരം വാക്കറുകൾ വരുത്തി വെക്കുന്ന അപകടങ്ങൾ.

അമേരിക്കയിൽ നടത്തിയ ഒരു ഗവേഷണ റിപ്പോര്‍ട്ടില്‍, 1990 നും 2014 ഇടയിലായി വാക്കർ അപകടങ്ങൾ മൂലം 2,30,676 എമർജൻസി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ തൊണ്ണൂറ് ശതമാനം കേസുകളും തലയ്ക്കോ പിടലിക്കോ അപകടം പറ്റിയിട്ടുള്ളതാണ്. അപകടങ്ങളിൽ പെടുന്ന ഭൂരിപക്ഷം കുട്ടികളുടെയും പ്രായമാകട്ടെ, വെറും എട്ട് മാസവും.

ഒരു കുട്ടി നീന്തി തുടങ്ങേണ്ടുന്ന പ്രായമാണ് എട്ടാം മാസം. ബേബി വാക്കറിൽ ‘ഇരുന്ന്’ നടക്കുന്ന ഒരു കുട്ടി സെക്കന്റിൽ നാലടി വരെ സ്പീ‍ഡിൽ സഞ്ചരിക്കുന്നുണ്ടെന്നാണ് ശരാശരി കണക്ക്. എന്തിലും കൗതുകം കാണിക്കുന്ന കുട്ടികൾക്ക് ഈ ‘ഇരുന്നു നടത്ത’ത്തിലെ അപകടങ്ങളെ കുറിച്ച് ചിന്തിക്കാനാവില്ല. രക്ഷിതാക്കളാകട്ടെ, കുട്ടികളെ പെട്ടന്ന് നടന്നു കാണാനുള്ള വ്യഗ്രതയിലും, കുഞ്ഞുങ്ങൾക്കുള്ള കളിപ്പാട്ടമായും വാക്കറുകൾ വീട്ടിലെത്തിക്കുന്നു.

വാക്കറുകൾ കൊണ്ട് ഉണ്ടാകുന്ന അപകടങ്ങൾ കുറക്കാനുള്ള മാർഗമായി പഠന സംഘം മുന്നോട്ടു വെക്കുന്ന പ്രധാന നിർദേശം, വാക്കറുകള്‍ തന്നെ ഉപേക്ഷിക്കുക എന്നുള്ളതാണ്. അതായത്, കുഞ്ഞുങ്ങളെ അവരുടെ സ്വാഭാവിക വളര്‍ച്ചക്ക് വിടുക. വാക്കറുകളെല്ലാം എടുത്തു മാറ്റി അവര്‍ക്ക് നീന്തിയും മുട്ടിലിഴഞ്ഞും പടിപടിയായി നടക്കാനുള്ള സാവകാശം കൊടുക്കുക.