LiveTV

Live

Health

‘’നിങ്ങളുടെ ഈ പുകവലി കാരണം നശിക്കുന്നത് എന്റെ കൂടി ആരോഗ്യമാണ്’’

സെപ്തംബര്‍ 22 ലോക റോസ് ദിനമായി ആചരിക്കുകയാണ്... എങ്ങനെ തങ്ങളുടെ ആത്മധൈര്യം കൈവിടാതെ അസുഖത്തെ നേരിടണമെന്ന സന്ദേശം കാന്‍സര്‍ ബാധിതര്‍ക്ക് നല്‍കുകയാണ് റോസ് ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്.

‘’നിങ്ങളുടെ ഈ പുകവലി കാരണം നശിക്കുന്നത് എന്റെ കൂടി ആരോഗ്യമാണ്’’

റോസാപ്പൂ പ്രണയത്തിന്റെ, സുരക്ഷിതത്വത്തിന്റെ, കരുതലിന്റെ പ്രതീകമാണ്... അതുകൊണ്ടുതന്നെ ലോകം മുഴുവനുമുള്ള കാന്‍സര്‍ രോഗികള്‍ക്കു വേണ്ടിയാണ് എല്ലാവര്‍ഷവും സെപ്തംബര്‍ 22 റോസ് ദിനമായിട്ടാണ് ആചരിക്കുന്നത്. കാന്‍സര്‍ ബാധിതയായി മരിച്ച കാനഡക്കാരിയായ 12 കാരി മെലിന്‍ഡ റോസിന്റെ ഓര്‍മയ്ക്കാണ് ഈ ദിനം റോസ് ദിനമായി ആചരിക്കുന്നത്.

ആഴ്ചകള്‍ മാത്രമേ ജീവിക്കൂ എന്ന് ഡോക്ടര്‍ വിധിയെഴുതിയിടത്തു നിന്നാണ്, ആ കൊച്ചുപെണ്‍കുട്ടിയുടെ മനഃശക്തി ഒന്നുകൊണ്ടുമാത്രം ആറുമാസത്തിലധികം ജീവിച്ചത്. ആ കാലയളവ് മുഴുവന്‍, കാന്‍സര്‍ ബാധിതരായ മറ്റ് രോഗികളെ കത്തയച്ചും കവിതകള്‍ എഴുതിയും മെയില്‍ അയച്ചും സന്തോഷിപ്പിക്കാനാണ് അവള്‍ ശ്രമിച്ചത്.

എങ്ങനെ തങ്ങളുടെ ആത്മധൈര്യം കൈവിടാതെ അസുഖത്തെ നേരിടണമെന്ന സന്ദേശം കാന്‍സര്‍ ബാധിതര്‍ക്ക് നല്‍കുകയാണ് റോസ് ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്. കാന്‍സര്‍ ബോധവത്കരണം എന്നതിലൂടെ ലക്ഷ്യം വെക്കുന്നത് അസുഖബാധിതര്‍ക്ക് പിന്തുണ നല്‍കുക എന്നത് മാത്രമല്ല, അസുഖത്തെ തടയുക കൂടിയാണ്. റോസ് ദിനാചരണത്തിന്റെ ഭാഗമായുള്ള അവബോധ പരിപാടികള്‍ ഈ മാരകരോഗത്തെ തടയുന്നതിനുള്ള മുന്‍കരുതലുകള്‍ കൂടി നല്‍കുന്നതാണ്.

‘’നിങ്ങളുടെ ഈ പുകവലി കാരണം നശിക്കുന്നത് എന്റെ കൂടി ആരോഗ്യമാണ്’’

കാന്‍സറിനെ തടയാന്‍, പ്രധാനമായും ശ്വാസകോശാര്‍ബുദത്തെ തടയാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട വസ്തുത, പുകവലിക്കാരുമായി ഇടപഴകാനുള്ള സാഹചര്യം ഒഴിവാക്കുക എന്നതാണ്. പാസീവ് സ്മോക്കിംഗ് അതായത് നിഷ്ക്രിയ പുകവലി എന്ന അവസ്ഥ പൂര്‍ണമായും ഒഴിവാക്കിയാല്‍ ഒരു പരിധിവരെ നമുക്ക് അര്‍ബുദത്തെ തടയാന്‍ കഴിയും. സിഗററ്റിന്‍ തുമ്പത്തുനിന്ന് വരുന്ന ആ പുക ശ്വസിക്കുന്നത്, പുകവലിക്കുന്നവരേക്കാള്‍ അപകടമാണ് ഉണ്ടാക്കുന്നത് എന്ന് അറിയുക.

4000ത്തോളം കെമിക്കലുകളും കാര്‍ബണ്‍ മോണോക്സൈഡ് അടക്കം 150 ലധികം മാരകവിഷങ്ങളുമാണ് പുകവലിക്കാര്‍ സമൂഹത്തിന് സംഭാവന ചെയ്യുന്നത്. രണ്ടുമാസത്തിനും അഞ്ചുവയസ്സിനും ഇടയിലുള്ള 38 ശതമാനം കുഞ്ഞുങ്ങള്‍ വീടുകളിലെ പാസീവ് സ്മോക്കിംഗിന്റെ ഇരകളാണെന്ന് പറയുന്നു മധുരയിലെ മീനാക്ഷീ മിഷന്‍ ഹോസ്പിറ്റലിലെ റേഡിയേഷന്‍ ഓങ്കോളജി ഡിപ്പാര്‍ട്ടുമെന്റ് മേധാവിയായ ഡോ. കെ. എസ് കൃഷ്ണകുമാര്‍.

ശ്വാസകോശ കാന്‍സര്‍ മാത്രമല്ല, ചുമയ്ക്കും തുടര്‍ന്നുള്ള ശ്വാസംമുട്ടലിനും, ആസ്തമയ്ക്കും ജലദോഷത്തിനും തൊണ്ടവേദനയ്ക്കും, കണ്ണിന് ചൊറിച്ചിലുണ്ടാകുവാനും ശബ്ദം മാറാനും വരെ മറ്റൊരാള്‍ വലിക്കുന്ന സിഗരറ്റിന് ശേഷിയുണ്ടെന്ന് അറിയുക.

‘’നിങ്ങളുടെ ഈ പുകവലി കാരണം നശിക്കുന്നത് എന്റെ കൂടി ആരോഗ്യമാണ്’’

ഒരു പുകവലിക്കാരന്റെ ഭാര്യയോ, കുട്ടികളോ, ആ വീട്ടിലുള്ള മറ്റാരെങ്കിലുമോ പാസ്സീവ് സ്മോക്കിംഗിന്റെ ഇരകളായേക്കാം. പുകവലിക്കാരുമായുള്ള സഹവാസം ഹൃദ്രോഗത്തിന് വരെ കാരണമാകുന്നുണ്ട്.

പുകവലിക്കാരുമായുള്ള സഹവാസം കുറയ്ക്കുക എന്നത് തന്നെയാണ് അസുഖത്തെ തടയാനുള്ള ഏറ്റവും നല്ല പോംവഴി. പൊതുഇടങ്ങളിലെ പുകവലി തടയാന്‍ നിയമം കര്‍ക്കശമാക്കുക, പുകവലിക്കാരെ പുകവലിയുടെ ദൂഷ്യഫലങ്ങള്‍ മനസ്സിലാക്കിക്കൊടുത്ത് അതില്‍ നിന്ന് പിന്തിരിപ്പിക്കുക എന്നിവയും ചെയ്യാവുന്നതാണ്.

കുട്ടികള്‍ക്കാണ് ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുക. വീട്ടിനുള്ളിലെ പുകവലി നിര്‍ത്താന്‍ മുതിര്‍ന്നവരെ പ്രേരിപ്പിക്കാന്‍ അവര്‍ക്കാകും, കാരണം, നിങ്ങളുടെ പുകവലി കാരണം നശിക്കുന്നത് എന്റെ കൂടി ആരോഗ്യമാണ് എന്ന് അവരോട് ഒരു വാക്ക് പറഞ്ഞാല്‍ മതി.