LiveTV

Live

Health

ശിക്ഷിച്ച് വളർത്തണോ സമ്മാനം കൊടുത്ത് വളർത്തണോ?

അവർക്ക് മുന്നിൽ രണ്ട് മാർഗങ്ങളുണ്ടായിരുന്നു. ആദ്യത്തേത് ശിക്ഷയുടെ മാർഗമാണ്.

ശിക്ഷിച്ച് വളർത്തണോ സമ്മാനം കൊടുത്ത് വളർത്തണോ?

എന്നും രാത്രി ഉറങ്ങാൻ പോവുന്ന നേരത്ത് നിലവിളി കൂട്ടുന്ന മകനെക്കുറിച്ച് സങ്കടപ്പെട്ട് ഒരു അച്ഛനും അമ്മയും ഒരിക്കൽ എന്റെ ഫാമിലി തെറാപ്പി മുറിയിലേക്ക് വന്നു. ഉറങ്ങാൻ സമയമായി എന്നറിഞ്ഞാൽ പിന്നെ കുട്ടി വസ്ത്രം മാറാൻ സമ്മതിക്കില്ല; അവർ പറയുന്നതൊന്നും അനുസരിക്കുകയുമില്ല. എന്നും രാത്രി മകനെ ഉറക്കാനുള്ള ബുദ്ധിമുട്ട് കാരണം തളർന്നു കൊണ്ടാണ് അവർ എന്റെയടുക്കൽ വന്നത്.

അവർക്ക് മുന്നിൽ രണ്ട് മാർഗങ്ങളുണ്ടായിരുന്നു. ആദ്യത്തേത് ശിക്ഷയുടെ മാർഗമാണ്. അനുസരിച്ചില്ലെങ്കിൽ ഫോൺ നൽകില്ല, പുറത്ത് കളിക്കാൻ വിടില്ല തുടങ്ങിയ ഭീഷണികൾ മുഴക്കാമായിരുന്നു. അല്ലെങ്കിൽ നല്ല കുട്ടിയായാൽ സമ്മാനങ്ങൾ നൽകാമെന്ന് അവനെ പ്രലോഭിപ്പിക്കാമായിരുന്നു. ഇതിലേതാണ് നല്ലത്?

ഇന്ന് മാതാപിതാക്കളായിരിക്കുന്ന പലരും ചെറുപ്പത്തിൽ മോശം പെരുമാറ്റങ്ങൾക്ക് ശിക്ഷയേറ്റു വളർന്നവരാണ്. സ്വന്തം കുട്ടികളുടെ കാര്യത്തിലും അവർ സ്വാഭാവികമായും അവലംബിക്കുന്ന രീതിയും ഇതു തന്നെയാണ്. എന്നാൽ ശിക്ഷിക്കാൻ ശ്രമിക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേ ചെയ്യൂ. അത് കുട്ടികളിലെ വാശി കൂട്ടുകയും പുതിയത് എന്തെങ്കിലും പഠിക്കാനുള്ള അവരുടെ സന്നദ്ധത കുറക്കുകയും ചെയ്യുന്നു. പക്വതയുള്ള ചിന്തകൾ അരങ്ങേറുന്ന തലച്ചോറിന്റെ മുൻഭാഗത്തുള്ള കോർടക്സിന്റെ പ്രവർത്തനം മന്ദഗതിയിലാവുകയും പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ പ്രവണതക്ക് ശക്തിയേറുകയുമാണ് ഇവിടെ ചെയ്യുന്നത്. ശിക്ഷ ലഭിക്കുന്നവർ മിക്കവരും കൂടുതൽ വീറോടെ പോരാടും; അല്ലെങ്കിൽ അവർക്ക് സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് നാണക്കേട് തോന്നുകയോ സ്വന്തം വികാരങ്ങൾ അമർത്തി വെക്കാൻ ശ്രമിക്കുകയോ ചെയ്യും. അടുത്ത തവണ എങ്ങനെ പിടിക്കപ്പെടാതിരിക്കാം എന്നു മാത്രമായിരിക്കും മറ്റു ചിലർ ചിന്തിക്കുക. ചെറിയ കുട്ടികൾ മിക്കപ്പോഴും തിരിച്ചു പ്രതിരോധിച്ചായിരിക്കും പ്രതികരിക്കുക.

ചെറിയ സമ്മാനങ്ങൾ കൊടുത്ത് പ്രലോഭിപ്പിച്ചു നോക്കിയാലോ?

അതും അത്ര നല്ല ഒരു മാർഗമല്ല. സമ്മാനവും ശിക്ഷയും ഏതാണ്ട് ഇരട്ടകൾ പോലെയാണ്. കുട്ടി കുറച്ച് നേരത്തേക്ക് സമാധാനിക്കുന്നതു കൊണ്ട് മാതാപിതാക്കൾക്കും സമ്മാനങ്ങൾ കൊടുക്കാൻ ഇഷ്ടമാണ്. പക്ഷെ ഇതിന്റെ പ്രയോജനം കുറച്ചു നേരത്തേക്ക് മാത്രമേ നിൽക്കൂ. മാത്രമല്ല, ചിലയവസരങ്ങളിൽ ഇത് നേരെ വിപരീത ഫലം ഉണ്ടാക്കുകയും ചെയ്യും. എന്റെ തെറാപ്പി ക്ലാസുകൾക്ക് വരുന്ന ഒരാൾ മകളോട് മുറി വൃത്തിയാക്കാൻ പറഞ്ഞപ്പോൾ “അതിന് എനിക്ക് എന്ത് കിട്ടും?” എന്നായിരുന്നു മറുപടി.

എന്റെ തെറാപ്പി ക്ലാസുകൾക്ക് വരുന്ന ഒരാൾ മകളോട് മുറി വൃത്തിയാക്കാൻ പറഞ്ഞപ്പോൾ “അതിന് എനിക്ക് എന്ത് കിട്ടും?” എന്നായിരുന്നു മറുപടി

നിരന്തരം സമ്മാനങ്ങൾ കൊടുത്തു കൊണ്ട് കുട്ടികളെ അനുസരിപ്പിക്കുന്നത് സ്വന്തം പ്രചോദനങ്ങൾക്കനുസരിച്ചും സ്വയം ആസ്വദിച്ചും കാര്യങ്ങൾ ചെയ്യാനുള്ള അവരുടെ പ്രവണതയെ കുറച്ചു കൊണ്ടുവരുമെന്ന് കഴിഞ്ഞ ഒരു ദശകത്തിനിടയിൽ നടന്ന പല പഠനങ്ങളും സൂചിപ്പിച്ചിട്ടുണ്ട്. ഒരുദാഹരണം പറയാം; ചിത്രം വരയ്ക്കാൻ ഇഷ്ടമുള്ള കുട്ടികളിൽ ചിലരോട് ചിത്രത്തിന് പണം തരാമെന്ന് പറഞ്ഞുനോക്കൂ. ബാക്കിയുള്ള കുട്ടികൾ വരയ്ക്കുന്നത്രയും അവർ വരക്കില്ല. മറ്റുള്ളവരുമായി സാധനങ്ങൾ പങ്കുവെച്ചാൽ സമ്മാനം തരുമെന്ന് കേട്ടു വളരുന്ന കുട്ടികൾ സ്വമേധയാ സാധനങ്ങൾ പങ്കുവെക്കാനുള്ള സാധ്യത കുറവാണ്. അതായത്, സ്വന്തം പ്രചോദനമനുസരിച്ച് കാര്യങ്ങൾ ചെയ്യാനുള്ള അവരുടെ കഴിവ് നശിക്കുന്നു. എന്തു ചെയ്താലും അതിന് അപ്പോൾ തന്നെ പ്രതിഫലം കിട്ടണമെന്ന ഒരു ചിന്തയാണ് കുട്ടിയിൽ ഉണ്ടാവുക.

സമ്മാനങ്ങൾ നൽകി ശീലിപ്പിക്കുന്നത് കുട്ടിയുടെ സർഗാത്മകതയെയും ബാധിക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഒരു പഠനത്തിൽ പങ്കെടുത്തവരുടെ കൈയിൽ ആണിയും മെഴുകുതിരിയും ഒഴിഞ്ഞ തീപ്പെട്ടിക്കൂടും നൽകിക്കൊണ്ട് മെഴുകുതിരി ചുവരിൽ ഒട്ടിക്കാനുള്ള രീതി കണ്ടുപിടിക്കാൻ ആവശ്യപ്പെട്ടു. അതിൽ ചിലരോട് ദൗത്യത്തിൽ വിജയിച്ചാൽ സമ്മാനം നൽകാമെന്ന് പറഞ്ഞു. എന്നാൽ സമ്മാനം ഒന്നും പ്രതീക്ഷിക്കാത്തവരാണ് മറ്റുള്ളവരേക്കാൾ വേഗത്തിൽ ലക്ഷ്യത്തിലെത്തിയത്. സമ്മാനങ്ങളെക്കുറിച്ചുള്ള പ്രതീക്ഷ പലപ്പോഴും നമ്മുടെ വീക്ഷണത്തെ ചുരുക്കിക്കളയുന്നു. സ്വതന്ത്രമായി കാര്യങ്ങളെ അവലോകനം ചെയ്യാനുള്ള കഴിവ് ദുർബലമാകുന്നു. ആഴത്തിൽ ചിന്തിക്കാനും സാധ്യതകൾ മുന്നിൽ കാണാനും നമുക്ക് കഴിയാതെ പോകുന്നു.

ഒരു പഠനത്തിൽ പങ്കെടുത്തവരുടെ കൈയിൽ ആണിയും മെഴുകുതിരിയും ഒഴിഞ്ഞ തീപ്പെട്ടിക്കൂടും നൽകിക്കൊണ്ട് മെഴുകുതിരി ചുവരിൽ ഒട്ടിക്കാനുള്ള രീതി കണ്ടുപിടിക്കാൻ ആവശ്യപ്പെട്ടു.

ശിക്ഷയായാലും സമ്മാനമായാലും രക്ഷിതാക്കൾ എന്ന നിലയിൽ നാം കുട്ടികളെ കാണുന്ന രീതി തെറ്റാണ്- സ്വന്തമായി നല്ല ഉദ്ദേശങ്ങളില്ലാത്ത, നമ്മുടെ നിയന്ത്രണം എന്നും ആവശ്യമുള്ളവരാണ് കുട്ടികൾ എന്നാണ് രണ്ടിനു പിന്നിലും പ്രവർത്തിക്കുന്ന ചിന്ത. അതിന് പകരം കഴിവുള്ള, മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാനും മറ്റുള്ളവരുമായി സഹകരിക്കാനും സാധിക്കുന്ന, ഒന്നിച്ചു പ്രവർത്തിക്കാനും കഠിനാധ്വാനം ചെയ്യാനും കെൽപുള്ള മനുഷ്യരായി കുട്ടികളെ കണ്ടുനോക്കൂ. കുട്ടികളുമായുള്ള സമ്പർക്കങ്ങളെ ആഴത്തിൽ സ്വാധീനിക്കാൻ ചിന്തയിലുള്ള ഈ മാറ്റത്തിന് സാധിക്കും.

‘നിബന്ധനകൾ’ അടിസ്ഥാനമാക്കിയാണ് ശിക്ഷയും സമ്മാനവും നിശ്ചയിക്കപ്പെടുന്നത്. എന്നാൽ രക്ഷിതാക്കൾ എന്ന നിലയിൽ നമ്മൾ കൊടുക്കുന്ന സ്നേഹത്തിനും പരിഗണനയ്ക്കും നിബന്ധനകളുണ്ടാവാൻ പാടില്ല. കുട്ടികളെ മനസ്സിലാക്കാൻ ശ്രമിക്കുകയും അവർ പറയുന്നത് കേൾക്കാൻ തയ്യാറാവുകയും ചെയ്യുമ്പോഴാണ് കുട്ടികളും നമ്മൾ പറയുന്നത് കേൾക്കാൻ തയ്യാറാവുക. അതിന്റെ ചില മാതൃകകൾ നോക്കാം:

അതിന് പകരം കഴിവുള്ള, മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാനും മറ്റുള്ളവരുമായി സഹകരിക്കാനും സാധിക്കുന്ന, ഒന്നിച്ചു പ്രവർത്തിക്കാനും കഠിനാധ്വാനം ചെയ്യാനും കെൽപുള്ള മനുഷ്യരായി കുട്ടികളെ കണ്ടുനോക്കൂ.

ഒട്ടും അനുസരണ കാണിക്കാതിരിക്കുകയോ സഹോദരങ്ങളെ നിരന്തരം ഉപദ്രവിക്കുകയോ പുറത്തു പോയാൽ ആവശ്യത്തിലധികം പിടിവാശി കാണിക്കുകയോ ചെയ്യുന്ന ഒരു കുട്ടിയെ സങ്കൽപിക്കുക. സത്യത്തിൽ അവിടെ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുക. ഇങ്ങനെ ചെയ്യാൻ ശ്രമിക്കുന്നതു പോലും കുട്ടിയുടെ പിടിവാശി കുറക്കും. ചെയ്യാൻ പാടുള്ളതിനെയും പാടില്ലാത്തതിനെയും കുറിച്ച് മനസ്സിലാക്കാനും പ്രശ്നങ്ങൾ ഒരുമിച്ച് പരിഹരിക്കാനും അവർ തയ്യാറാകുന്നു.

കൂട്ടുകാരനുമായി പങ്കു വെക്കാൻ പഠിക്കൂ, ഇല്ലെങ്കിൽ നിനക്ക് പിന്നെ ഫോൺ/ടി.വി നൽകില്ല എന്നു പറയുന്നതിന് പകരം “പുതിയ കളിപ്പാട്ടമല്ലേ, വേറൊരാളുമായി പങ്കു വെക്കാൻ വിഷമമുണ്ടാകും. ചിലപ്പോൾ കുറച്ചു ദേഷ്യമൊക്കെ തോന്നാം. സാരമില്ല. പക്ഷെ അവനുമായി കളിക്കാൻ പിന്നെ വേറെന്താ വഴി? ആലോചിച്ചു നോക്ക്. എന്തെങ്കിലും സഹായം വേണമെങ്കിൽ എന്നോട് ചോദിച്ചോളൂ” എന്ന് പറഞ്ഞു നോക്കൂ.

ശിക്ഷിച്ച് വളർത്തണോ സമ്മാനം കൊടുത്ത് വളർത്തണോ?

കരച്ചിലും പ്രതിരോധവും ശാരീരിക ഉപദ്രവവും പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന സൂചനകളാണ്. വിശപ്പ്, ഉറക്കില്ലായ്മ, അമിതാവേശം, അമിത വൈകാരികത, വളർച്ചയുടെ ഭാഗമായി വരുന്ന വെല്ലുവിളികൾ, പുതിയ സാഹചര്യങ്ങൾ- കാരണങ്ങൾ പലതാവാം. ഇങ്ങനെ ചിന്തിക്കാൻ സാധിച്ചാൽ രക്ഷിതാക്കൾക്ക് കുട്ടികളെ വഴിനയിക്കുന്ന പങ്കാളികളാവാൻ സാധിക്കും; അവരെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന എതിരാളികളല്ല.

കുട്ടിയെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നതും വളരെ പ്രധാനമാണ്. ഞാൻ നിന്നെ വിശ്വസിക്കുന്നു. നീ സഹായിക്കാനും സഹകരിക്കാനും ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം എന്ന സന്ദേശമാണ് ഇത് നൽകുന്നത്. സമ്മാനം നൽകുന്നതും പ്രോത്സാഹിപ്പിക്കുന്നതും തമ്മിൽ വളരെ നേർത്ത, എന്നാൽ വളരെ പ്രധാനപ്പെട്ട, ഒരു വ്യത്യാസമുണ്ട്.

മുറി വൃത്തിയാക്കിയാൽ പിന്നീട് പാർക്കിൽ പോകാം. ഇല്ലെങ്കിൽ പാർക്കിലേക്ക് കൊണ്ടുപോകില്ല എന്നതിന് പകരം മുറി വൃത്തിയായി കഴിഞ്ഞാൽ നമുക്ക് പാർക്കിൽ പോകാലോ. നല്ല രസമായിരിക്കും. എന്തെങ്കിലും സഹായം വേണമെങ്കിൽ എന്നോട് ചോദിച്ചോളൂ എന്ന് പറഞ്ഞു നോക്കുക.

നീ ചെയ്തതിന് നിന്നെ കൊണ്ട് ഞാൻ അനുഭവിപ്പിക്കും എന്ന സന്ദേശമാണ് പലപ്പോഴും ശിക്ഷകൾ കുട്ടികൾക്ക് നൽകുന്നത്. പല രക്ഷിതാക്കളും ഇങ്ങനെ പറയാൻ ആഗ്രഹിക്കുന്നില്ല; എന്നാൽ തങ്ങൾ എന്തും അനുവദിക്കും എന്ന് കുട്ടിക്ക് തോന്നാനും അവർ ആഗ്രഹിക്കുന്നില്ല. എന്നാൽ ശിക്ഷിക്കാതെ തന്നെ കുട്ടിയെ പരിധിയിൽ നിർത്താൻ സാധിക്കും.

നീ ഊഞ്ഞാലിൽ കയറി എന്തൊക്കെ വികൃതികളാണ് കാണിക്കുന്നത്! എത്ര നേരമായി പറയുന്നു. ഇനി അനുസരിച്ചില്ലെങ്കിൽ നിന്നെ കളിക്കാൻ സമ്മതിക്കില്ല എന്നു പറയുന്നതിനു പകരം വികൃതി കളിക്കാൻ തോന്നുന്നുണ്ടല്ലെ. എനിക്ക് മനസ്സിലാവുന്നുണ്ട്. പക്ഷെ ഇങ്ങനെ കളിച്ചാൽ ചിലപ്പോൾ വീഴും. അതുകൊണ്ട് ഇപ്പോൾ പോയിട്ട് കുറച്ച് കഴിഞ്ഞ് വന്ന് കളിക്കാം എന്ന് പറഞ്ഞു നോക്കുക.

നീ എന്നോട് വളരെ മോശമായി പെരുമാറി. അത് സമ്മതിക്കാൻ പറ്റില്ല. ഞാൻ നിന്റെ ഫോൺ എടുത്തു പോവുകയാണ് എന്ന് പറയുന്നതിന് പകരം എന്തോ ദേഷ്യത്തിലാണല്ലോ. ഏതായാലും എന്നോട് അങ്ങനെ സംസാരിച്ചത് ശരിയായില്ല. കുറച്ച് നേരം മോൻ/മോൾ ഫോൺ മാറ്റി വെച്ച് ചെയ്തതിനെ കുറിച്ച് ചിന്തിച്ചു നോക്കിയേ. ദേഷ്യപ്പെട്ടത് എന്തിനാണെന്ന് മോനു/മോൾക്ക് വേണമെങ്കിൽ എന്നോട് പറയാം. പറ്റുമെങ്കിൽ നമുക്കൊരുമിച്ചിരുന്ന് അത് പരിഹരിക്കാം എന്ന് പറഞ്ഞു നോക്കുക.

മനുഷ്യൻ ജന്മനാ മടിയനല്ല, കഠിനാധ്വാനിയാണ്. കുട്ടികളുടെ കാര്യത്തിൽ ഇത് പ്രത്യേകിച്ചും ശരിയാണ്. പ്രത്യേകിച്ച്, ഒരു സംഘത്തിന്റെ ഭാഗമാണെന്ന തോന്നലുണ്ടാകുമ്പോൾ നമ്മൾ കൂടുതൽ ഉത്സാഹത്തോടെ ജോലി ചെയ്യുന്നു. തങ്ങളും കുടുംബത്തിലേക്ക് ഏതെങ്കിലും വിധത്തിൽ സംഭാവന ചെയ്യുന്നുണ്ട് എന്ന തോന്നൽ കുട്ടികൾക്ക് പ്രിയപ്പെട്ടതാണ്. നമ്മൾ ജോലി ചെയ്യുന്ന സമയത്ത് അവരുടെ ശ്രദ്ധ എങ്ങിനെയെങ്കിലും തിരിച്ചു വിടുന്നതിനു പകരം ചെറിയ പ്രായത്തിൽ തന്നെ കുട്ടികളെ വീട്ടിലെ ജോലികളിൽ ഉൾപ്പെടുത്തുക.

ഒരു ദിവസം ചെയ്തു തീർക്കേണ്ട ജോലികളെ പറ്റി കുടുംബത്തിലെ എല്ലാവരും ചേർന്ന് ചർച്ച ചെയ്യുകയും ഇതിൽ കുട്ടികളെ ഉൾപ്പെടുത്തുകയും ചെയ്യുക. എല്ലാവരിൽ നിന്നും ആശയങ്ങൾ ചോദിക്കുക. കുട്ടികൾ ചെയ്യേണ്ട ജോലികൾക്ക് പ്രത്യേക പട്ടികയുണ്ടാക്കി അതിൽ ഓരോന്നു ചെയ്തു കഴിഞ്ഞാലും അടയാളപ്പെടുത്തുക.

തുടക്കത്തിൽ പറഞ്ഞ കുട്ടിയുടെ മാനസികാവസ്ഥ ആഴത്തിൽ പരിശോധിച്ചപ്പോഴാണ് ഞങ്ങൾക്ക് ഒരു പ്രതിവിധിയിൽ എത്തിച്ചേരാൻ കഴിഞ്ഞത്. ദിവസം മുഴുവൻ ഓരോ പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നതിനാൽ കുട്ടി രാത്രിയാവുമ്പോഴേക്കും അമിതമായി ക്ഷീണിക്കുമായിരുന്നു. അതുകൊണ്ടാണ് വസ്ത്രം മാറാനും മടി കാണിച്ചത്. ഓരോ ദിവസത്തെ പ്രവർത്തനങ്ങൾ കുറച്ചുകൊണ്ടുവരികയും കുട്ടിക്ക് വിശ്രമിക്കാൻ കൂടുതൽ സമയം നൽകുകയും ചെയ്തതോടെ അവന്റെ കാര്യത്തിൽ നല്ല പുരോഗനമുണ്ടായി. ജോലിത്തിരക്കു കാരണം അമ്മയ്ക്ക് കുറെ ദിവസമായി അവന്റെ രാത്രിയിലെ കാര്യങ്ങൾ നോക്കാൻ സാധിക്കാതിരുന്നതും അവനെ വിഷമിപ്പിച്ചിരുന്നു. ഇത് നേരെയാക്കാൻ അമ്മ കൂടുതൽ ശ്രദ്ധിച്ചതോടെ കുട്ടിയും കൂടുതൽ സഹകരിക്കാൻ തുടങ്ങി.

ഞാൻ നിന്നെ കാണുന്നുണ്ട്. നിന്നെ മനസ്സിലാക്കാനും സഹായിക്കാനുമാണ് ഞാനിവിടെയുള്ളത്. ഞാൻ നിന്റെ ഭാഗത്താണ്. നമുക്കൊരുമിച്ചിരുന്ന് ഇത് പരിഹരിക്കാം- എത്ര ബുദ്ധിമുട്ടുള്ള സന്ദർഭത്തിലും നമ്മുടെ പ്രതികരണം കുട്ടിക്ക് നൽകേണ്ട സന്ദേശം ഇതാണ്.

കടപ്പാട്: ദി ന്യൂ യോർക്ക് ടൈംസ്