LiveTV

Live

Health

കാക്കത്തൊള്ളായിരം കാരണങ്ങളുണ്ട്‌ തലവേദനക്ക്

തലവേദന ഒരു കൊടുഭീകരനാണോ..... തലവേദന വന്നാല്‍ ഡോക്ടറെ കാണേണ്ടത് എപ്പോഴെല്ലാം....

കാക്കത്തൊള്ളായിരം കാരണങ്ങളുണ്ട്‌ തലവേദനക്ക്

ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന വന്നിട്ടില്ലാത്ത മനുഷ്യരുണ്ടാകില്ല. എന്തെങ്കിലും ടെൻഷനുണ്ടായപ്പോഴോ അമിതമായി വെയില്‌ കൊണ്ടപ്പോഴോ, സൈനസൈറ്റിസ്‌ കൊണ്ടോ ഒക്കെ വരുന്ന തലവേദന അത്ര സാധാരണമാണ്‌ താനും. എന്നാലും ചിലപ്പോഴെങ്കിലും കൊടുംഭീകരനായിത്തീരുന്ന തലവേദന സത്യത്തിൽ ചേരയാണോ ചേനത്തണ്ടനാണോ എന്നെങ്ങനെയാ മനസ്സിലാകുക? എപ്പോഴാണ്‌ ആശുപത്രിയിലേക്ക്‌ പോകേണ്ടത്‌ എന്ന്‌ വല്ല പിടിയുമുണ്ടോ?

തലവേദനയെ നമുക്ക്‌ പ്രൈമറി എന്നും സെക്കന്ററി എന്നും വിളിക്കാം. തലവേദന ഒരു രോഗമാകുന്ന മൈഗ്രേൻ, ടെൻഷൻ കൊണ്ടുണ്ടാകുന്ന തലവേദന, ക്ലസ്‌റ്റർ ഹെഡ്‌ എയ്‌ക്ക്‌ തുടങ്ങിയവയെല്ലാം പ്രൈമറി തലവേദനകളാണ്‌. ഇവയെല്ലാം തന്നെ ചികിത്സ അർഹിക്കുന്ന രോഗങ്ങളാണ്‌, കൃത്യമായ ചികിത്സയുമുണ്ട്‌.

മറ്റൊരു രോഗത്തിന്റെ ഭാഗമായുണ്ടാകുന്ന തലവേദനയാണ്‌ സെക്കന്ററി ഹെഡ്‌ എയ്‌ക്ക്‌. ഉദാഹരണതിന്‌, മസ്‌തിഷ്‌കജ്വരം, പക്ഷാഘാതം, ചെവിയിലെ അണുബാധ, തലച്ചോറിലെ മുഴകൾ, രക്‌താതിമർദ്ദം എന്ന്‌ തുടങ്ങി ഏത്‌ കാരണവും തലവേദന ഉണ്ടാക്കാം.

സാധാരണ ഗതിയിൽ ഒരു ഗ്ലാസ്‌ കടുപ്പത്തിലുള്ള കാപ്പിയിലും ശുദ്ധവായു ശ്വസിക്കുന്നതിലുമൊക്കെ താലൂക്ക്‌ വിടുന്ന തലവേദന, ചിലപ്പോൾ മെഡിക്കൽ ഷോപ്പിലെ ചേട്ടൻ തരുന്ന വേദനസംഹാരിയിലേ ഒതുങ്ങൂ. എന്നാൽ, ചില തലവേദനകൾ അവിടെയും നിൽക്കില്ല. അവയ്‌ക്ക്‌ കാരണം കണ്ടെത്തി ചികിത്സിച്ചാലല്ലാതെ രക്ഷയില്ല. ഉദാഹരണത്തിന്‌, കാഴ്‌ചക്കുറവ്‌ കൊണ്ട്‌ ഉണ്ടാകുന്ന തലവേദക്ക്‌ പരിഹാരം കാണാതിരിക്കുന്നിടത്തോളം കാഴ്‌ച വ്യക്‌തമാകാൻ വേണ്ടി നമ്മൾ കണ്ണ്‌ കൂർപ്പിക്കും. ഇത്‌ തലവേദനയുടെ കാരണത്തെ പരിഹരിക്കുന്നതിന്‌ പകരം, സ്‌ഥിതി വഷളാക്കും. നേരെ മറിച്ച്‌ കാഴ്‌ചാവൈകല്യം ശരിയാക്കുന്നതോടെ തലവേദനയും പോകും.

എപ്പോഴെങ്കിലും തല പൊട്ടിത്തെറിക്കുന്നത്‌ പോലെ വേദന തോന്നിയാൽ, തലവേദനയോടൊപ്പം കടുത്ത പനി ഉണ്ടായാൽ, കഴുത്ത്‌ അനക്കാൻ ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടാൽ, ശരീരത്തിന്റെ ഒരു വശം തരിക്കുന്നതായോ കുഴയുന്നതായി തളർന്നതായോ തോന്നിയാൽ, സംസാരമോ കാഴ്‌ചയോ മങ്ങിത്തുടങ്ങിയാൽ, അമിതമായ ഛർദ്ദി ഉണ്ടായാൽ, അതിനെ 'വെറും തലവേദന' എന്ന്‌ നിസ്സാരവൽക്കരിച്ച്‌ വീട്ടിലിരിക്കരുത്‌. തലയോട്ടിക്കകത്തെ മുഴകൾ, മെനിഞ്ചൈറ്റിസ്‌, എൻകെഫലൈറ്റിസ്‌, സ്‌ട്രോക്ക്‌ എന്നിവക്കെല്ലാം പ്രഥമലക്ഷണങ്ങളിൽ ഒന്ന്‌ തലവേദനയാണ്‌. എന്ന്‌ വെച്ച്‌ ക്രമാതീതമായി വിശന്നപ്പോഴും ദാഹിച്ചപ്പോഴും ഉണ്ടായ തലവേദന ബ്രെയിൻ ട്യൂമറാണെന്ന്‌ ധരിക്കുകയുമരുത്‌.

ഗൂഗിളിന്‌ രോഗനിർണയശേഷി ഇല്ല. ഗൂഗിളിൽ നോക്കുന്ന ഭൂരിപക്ഷവും തലവേദനയുടെ കാരണമായി മനസ്സിലാക്കുക വല്ല്യ വല്ല്യ കാര്യങ്ങളാണ്‌. ഡോക്‌ടർ നോക്കുമ്പോൾ കണ്ടെത്തുന്ന കാരണം വഴീന്ന്‌ ചിക്കൻ ഫ്രൈ വാങ്ങിക്കഴിച്ചതോ ഹെൽമറ്റ്‌ വെച്ച്‌ തല പുകഞ്ഞതോ ഒക്കെയായിരിക്കും. കാക്കത്തൊള്ളായിരം കാരണങ്ങളുണ്ട്‌ തലവേദനക്ക്‌. രോഗം നോക്കേണ്ടവർ ആശുപത്രീയിലുണ്ട്‌, ഗൂഗിളിലില്ല...

വാൽക്കഷ്‌ണം: കടുത്ത തലവേദനയോടൊപ്പം ശരീരത്തിന്റെ ഒരു വശത്തിന് മാത്രം‌ തളർച്ച വരുന്നതെല്ലാം സ്‌ട്രോക്കല്ല. മൈഗ്രേനിന്റെ ഭാഗമായി ചിലരിൽ ഉണ്ടാകുന്ന വശം തളർച്ച ഏകദേശം ഇരുപത്തിനാല്‌ മണിക്കൂറിനുള്ളിൽ സ്വയം മാറുന്നതാണ്‌. എല്ലാ വിധത്തിലും സ്‌ട്രോക്കിനെ അനുകരിക്കുന്ന 'ഹെമിപ്ലെജിക്‌ മൈഗ്രേൻ' എന്ന ഈ സംഗതി രോഗിയെ മാനസികമായി വളരെയധികം ഭയപ്പെടുത്തുമെങ്കിലും നിരുപദ്രവകാരിയാണ്‌. പാരമ്പര്യമായി ഇതുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്‌. 'തലവേദനക്ക്‌ മരുന്ന്‌ കുത്തി വെച്ചപ്പോൾ വശം തളർന്നു' എന്ന്‌ ആരോപിച്ച്‌ വടകരയിൽ ഒരു ഡോക്‌ടറെ ഉപദ്രവിച്ചത്‌ ഓർമ്മയുണ്ടോ? ആ രോഗിക്ക്‌ ഇതായിരുന്നു രോഗം...

കടപ്പാട്:

സെക്കൻഡ്‌ ഒപീനിയൻ - 034 ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന വന്നിട്ടില്ലാത്ത മനുഷ്യരുണ്ടാകില്ല. എന്തെങ്കിലും...

Posted by Shimna Azeez on Monday, July 9, 2018