LiveTV

Live

Health

പ്രകൃതിചികിത്സയോട് മലയാളിക്കുള്ള സോഫ്റ്റ് കോര്‍ണര്‍ ചൂഷണം ചെയ്യപ്പെടുന്ന വഴികള്‍

പ്രകൃതി ചികിത്സയുടെ മറവില്‍, വാട്സ് ആപ്പിന്റെയും ഫെയ്സ്‍ബുക്കിന്റെയും പ്രമോഷന്‍ കമ്പനികളുടെയും തണലില്‍ വ്യാജ ഡോക്ടര്‍മാര്‍ അരങ്ങുതകര്‍ക്കുകയാണ്

പ്രകൃതിചികിത്സയോട് മലയാളിക്കുള്ള സോഫ്റ്റ് കോര്‍ണര്‍ ചൂഷണം  ചെയ്യപ്പെടുന്ന വഴികള്‍

മലയാളിക്ക് പ്രകൃതി ചികിത്സയോട് എന്നും ഒരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ട്. അത് ഇന്ന് ചൂഷണം ചെയ്യപ്പെടുന്നത് സോഷ്യല്‍ മീഡിയ വഴിയാണ്. പക്ഷേ ശാസ്ത്രവബോധം വളര്‍ത്തുന്ന അതേ വിഷയത്തിലുള്ള സന്ദേശങ്ങള്‍ അവഗണിക്കപ്പെടുകയാണ്. എന്താണ് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ആരോഗ്യവും ചികിത്സയും തമ്മിലുള്ള ബന്ധമെന്ന് എന്നെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്ടോ.. ഏറ്റവും കുടുതല്‍ തിരക്കുള്ള ഡോക്ടറെ തന്നെ കാണിക്കണമെന്ന് പറയുന്നതില്‍ എന്തെങ്കിലും യുക്തിയുണ്ടോ? ചികിത്സിച്ച് ഭേദമാക്കിയെന്ന് പറയുന്ന അസുഖത്തിന്റെ പേര്, സ്വന്തം പേരും ഡിഗ്രിയും സഹിതം ഫ്ലെക്സ് അടിച്ച് പ്രദര്‍ശിപ്പിക്കുന്ന ഒരു ഡോക്ടറെ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? എങ്ങനെയാണ് ഒരു ഡോക്ടര്‍ക്ക് ജനകീയ പരിവേഷം ചാര്‍ത്തിപ്പെട്ടുവരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?

ഇതൊന്നും ഒരു ഡോക്ടര്‍ക്ക് ചേര്‍ന്നതല്ലായെന്നാണ് നിങ്ങളുടെ മറുപടിയെങ്കില്‍, ചികിത്സ തേടി എന്തുകൊണ്ട് ഒരു പ്രകൃതിചികിത്സകന്റെ ഒറ്റമുറിക്കുമുമ്പില്‍ ജനങ്ങള്‍ ക്യൂ നില്‍ക്കുന്നുവെന്ന് നിങ്ങള്‍ ആലോചിക്കണം. മുള്ളാത്ത കഴിച്ച് ക്യാൻസർ മാറ്റാനും, പഴം തിന്ന് ഡയബെറ്റിസ് ഇല്ലാതാക്കാനുമൊക്കെയുള്ള ഉപദേശങ്ങൾ തലങ്ങും വിലങ്ങും ഫോർവേഡുകൾ ആയി വരുന്നതിന്റെ യുക്തിയെ കുറിച്ച് ബോധവാരാകണം.

പ്രകൃതിചികിത്സയോട് മലയാളിക്കുള്ള സോഫ്റ്റ് കോര്‍ണര്‍ ചൂഷണം  ചെയ്യപ്പെടുന്ന വഴികള്‍

കീടനാശിനികളെ കുറിച്ച് വരുന്ന വാര്‍ത്തകളും, സോഷ്യല്‍ മീഡിയവഴി പ്രചരിക്കുന്ന അതിശയോക്തി കലര്‍ന്ന വ്യാജ വാര്‍ത്തകളും പൂര്‍ണമായും വിശ്വസിച്ച് കുട്ടികൾക്ക് പച്ചക്കറികളോ മീനോ ഇറച്ചിയോ കൊടുക്കാതെ വളര്‍ത്തുന്നിടത്ത് വരെയായി തീര്‍ന്നിട്ടുണ്ട് കാര്യങ്ങള്‍. ഇത്തരം കുട്ടികൾക്ക് പലതരം വിറ്റാമിനുകളുടെ കുറവുണ്ടാകുന്നതുകൊണ്ട് ക്ഷീണം, ശ്രദ്ധക്കുറവ്, വളർച്ച മുരടിപ്പ് എന്നിവയെല്ലാം ഉണ്ടാകാം. കീടനാശിനി അടിച്ച പച്ചക്കറി കഴിക്കുന്നതിലും പല മടങ്ങ് അധികം അപകടമാണ് പച്ചക്കറി കഴിക്കാതെ ഇരിക്കുന്ന അവസ്ഥ എന്ന് പലരും മനസിലാക്കുന്നില്ല. നന്നായി കഴുകിയെടുത്താൽ പോകാത്ത കീടനാശിനികളുമില്ല. ഇത്തരം അറിയിപ്പുകളാകട്ടെ ആരും പ്രചരിപ്പിക്കുകയോ, പ്രചരിപ്പിച്ചാല്‍ തന്നെ വിശ്വസിക്കുകയോ ഇല്ല.

ചില അസുഖങ്ങൾ സ്വകാര്യമാക്കി വയ്ക്കാനും, ആരും അറിയാതെ ചികിത്സ തേടാനുമാണ് രോഗികൾക്ക് താല്പര്യം. പൈൽസ്, ലൈംഗിക രോഗങ്ങൾ, മാനസിക രോഗങ്ങൾ എന്നിവ പുറത്തു പറയാൻ കൊള്ളാത്തതും, നാണക്കേടുളവാക്കുന്നതുമായ രോഗങ്ങളാണെന്നാണ് പൊതുജനം ചിന്തിക്കുന്നത്. ഇവിടെയാണ് വ്യാജന്മാർ ഒറ്റ ദിവസത്തിനുള്ളിൽ പൂർണ്ണ സൗഖ്യം വാഗ്ദാനം ചെയ്ത് ചികിത്സയ്ക്കിറങ്ങുന്നത്. മാനസിക രോഗങ്ങൾക്ക് കൂട്ടപ്രാർത്ഥനയും, ഹോമവും, ഊതൽ ചികിത്സയും, ജാറം മുത്തലും, ചരട് കെട്ടലും, തകിട് കുഴിച്ചിടലുമൊക്കെയാണ് ചികിത്സ. മാനസികരോഗത്തിന് സൈക്യാട്രിസ്റ്റിനെ സമീപിക്കുകയാണെങ്കിൽ ആരും അറിയാതെയും, പ്രാർത്ഥനായോഗത്തിൽ ‘സുഖപ്പെടുത്തുകയാണെങ്കിൽ’ എല്ലാവരുടെയും മുൻപിൽ വെച്ചുമാണ് എന്നതിനുള്ള തെളിവ് യൂട്യൂബില്‍ തന്നെ ലഭ്യമാണ്.

പ്രകൃതിചികിത്സയോട് മലയാളിക്കുള്ള സോഫ്റ്റ് കോര്‍ണര്‍ ചൂഷണം  ചെയ്യപ്പെടുന്ന വഴികള്‍

ഒരു സാധാരണക്കാരന് കയ്യോ കാലോ ഒടിഞ്ഞാല്‍ രണ്ട് ഒപ്ഷനാണുള്ളത്: ഉഴിച്ചിലിനു കൊണ്ടുപോകുക, ഡോക്ടറെ കാണിക്കുക. ഡോക്ടറെ കാണിക്കണമെങ്കിൽ ക്യൂ നിൽക്കണം, എക്സ്റേ എടുക്കണം, ഫീസ് കൊടുക്കണം, മരുന്ന് മേടിക്കണം, പ്ലാസ്റ്റർ വെട്ടാൻ ചെല്ലണം. ഉഴിച്ചിലിനു പോകുകയാണെങ്കിൽ ഒറ്റയിരുപ്പിന് പണി തീർന്നുകിട്ടും, ചെലവും കുറവ്, ഈ ഒരു ധാരണയാണ് പൊതുവായിട്ടുള്ളത്. അതുകൊണ്ടുതന്നെ വ്യാജ വൈദ്യന്റെ അടുക്കൽ സാധാരണക്കാര്‍ എത്തിപ്പെടാനുള്ള പ്രധാന കാരണമായിത്തീരുകയാണ് പിശുക്കും, സമയക്കുറവും.

ചിലരുടെ വിചാരം ഉഴിച്ചിൽ കൊണ്ട് മാറാത്ത ചതവുകൾക്ക് മാത്രമേ ഡോക്ടറെ കാണിക്കേണ്ടതുള്ളൂ എന്നാണ്. ഉഴിച്ചിലിൽ എല്ലിന്റെ സ്ഥാനം തെറ്റിയാൽ ഉണക്കം സംഭവിക്കുമ്പോൾ എല്ല് രണ്ട് കഷ്ണമായിട്ടാണ് ഉണങ്ങുക. ഇത് പിന്നീട് നേരെയാക്കിയെടുക്കണമെങ്കിൽ സർജറി വേണ്ടിവരും. പിശുക്കാൻ വേണ്ടി ചെയ്തുവച്ചത് അവസാനം കൂടുതൽ ചെലവേറിയ പരിപാടിയായി മാറുകയാണ് ചെയ്യുക.

പ്രകൃതിചികിത്സയോട് മലയാളിക്കുള്ള സോഫ്റ്റ് കോര്‍ണര്‍ ചൂഷണം  ചെയ്യപ്പെടുന്ന വഴികള്‍

പ്രകൃതിചികിത്സകൊണ്ട് ശരിക്കും പൊല്ലാപ്പിലായിരിക്കുന്നത് ആരോഗ്യപ്രവർത്തകരല്ല, കാട്ടുമൃഗങ്ങളാണ്. ഉടുമ്പിന്റെ ചോരയും, കരിങ്കുരങ്ങിന്റെ കരളും, കരടിനെയ്യും, വെള്ളിമൂങ്ങയുടെ ശരീരഭാഗങ്ങളും, കാട്ടുകോഴിയുടെ ഇറച്ചിയുമൊക്കെ കരിഞ്ചന്തയിൽ ചൂടുള്ള ഐറ്റങ്ങളാണ്. ഈ ജീവികൾ വംശമറ്റ് പോകാനുള്ള പ്രധാന കാരണവും ഇവരെ മരുന്നിനും, ആരോഗ്യ പുഷ്ടിക്കും വേണ്ടി മനുഷ്യർ കൊന്നൊടുക്കുന്നതാണ്.

ചികിത്സ സൌജന്യമായ സർക്കാർ ആശുപത്രികളെ പുച്ഛമാണ് പലര്‍ക്കും. മാത്രമല്ല, സാമ്പത്തികാവസ്ഥ വളരെ കുറഞ്ഞവർക്ക് അന്നന്നത്തേക്കുള്ള അരി വാങ്ങണമെങ്കിൽ അന്നന്ന് അധ്വാനിച്ചേ പറ്റൂ. ഇവർ പണിക്ക് പോകുന്ന അതേ സമയത്താണ് ഇത്തരം ഹെൽത്ത് സെന്ററുകളുടെ പ്രവർത്തനസമയം. ഇവിടങ്ങളില്‍ ചികിത്സ സൗജന്യമാണെങ്കിൽ പോലും ജോലിയിൽ നിന്ന് ലീവെടുത്ത് ഡോക്ടറെ കാണിക്കാൻ വരാൻ രോഗികൾ മടിക്കും. മാത്രമല്ല, രോഗി മരുന്ന് വാങ്ങാൻ പണം മുടക്കണ്ട എന്ന് കരുതി സാമ്പിൾ മരുന്നുകൾ സൗജന്യമായി കൊടുക്കുമ്പോൾ അവരുടെ വിചാരം ഏതോ മരുന്ന് കമ്പനിക്ക് പരസ്യം ഉണ്ടാക്കാനായി ഡോക്ടർ ചെയ്യുന്ന പണിയാണിതെന്നാണ്.

പ്രകൃതിചികിത്സയോട് മലയാളിക്കുള്ള സോഫ്റ്റ് കോര്‍ണര്‍ ചൂഷണം  ചെയ്യപ്പെടുന്ന വഴികള്‍

അതേസമയം ഇത്തരം വ്യാജവൈദ്യന്മാരുടെ അവസ്ഥ അതല്ല. അത്തരക്കാര്‍ എപ്പോൾ രോഗികൾ വന്നാലും ചികിത്സിക്കും, മരുന്നും അവിടെനിന്നു തന്നെ കൊടുക്കും. ഫീസും കുറവായിരിക്കും. നാട്ടുകാരന്‍ തന്നെയായതിനാല്‍ നാട്ടുകാരെ നേരിട്ടറിയാം. ഇത് കാരണം രോഗികൾ വ്യാജന്റെ അടുക്കൽ ചികിത്സിക്കാനാണ് താല്പര്യപ്പെടുന്നത്.

രണ്ട് രൂപയ്ക്ക് ഓ.പി ടിക്കറ്റ് എടുത്ത് ചികിത്സിക്കാനുള്ള സംവിധാനം കേരളത്തിലുണ്ട്. ഇതു കാരണം ഉത്തരേന്ത്യയിലുള്ളതുപോലെ ദാരിദ്ര്യമാണ് വ്യാജന്മാരെ വളർത്തുന്നത് എന്ന് ഇവിടെ പറയാന്‍ കഴിയില്ല. വിദ്യാഭ്യാസമുണ്ടെങ്കിലും തലച്ചോറ് പണയം വച്ച ജനതയാണ് വ്യാജന്മാരെ വളർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്.