LiveTV

Live

Health

സിസേറിയന്‍ ഒരു മോശം കാര്യമല്ല: ചില ഓര്‍മപ്പെടുത്തലുകളുമായി ഫെയ്സ്‌ബുക്ക് പോസ്റ്റ്

സിസേറിയന്‍ ഒരു മോശം കാര്യമല്ല: ചില ഓര്‍മപ്പെടുത്തലുകളുമായി ഫെയ്സ്‌ബുക്ക് പോസ്റ്റ്
Summary
വാട്ടര്‍ബെര്‍ത്ത് പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റുമായി ഡോക്ടര്‍മാരുടെ കൂട്ടായ്മ.
സിസേറിയന്‍ ഒരു മോശം കാര്യമല്ല: ചില ഓര്‍മപ്പെടുത്തലുകളുമായി ഫെയ്സ്‌ബുക്ക് പോസ്റ്റ്

വാട്ടര്‍ബെര്‍ത്ത് പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റുമായി ഡോക്ടര്‍മാരുടെ കൂട്ടായ്മ. ഇന്‍ഫോക്ലിനിക് എന്ന ഫെയ്സ്ബുക്ക് പേജിലാണ് സിസേറിയന് ശേഷമുള്ള സുഖപ്രസവം എന്ന കുറിപ്പുള്ളത്.

പണ്ടൊക്കെ വീടിന്റെ ഇരുട്ടറയില്‍ പ്രസവിച്ചിരുന്നു എന്നത് സത്യം തന്നെ. അന്നത്തെ രേഖപ്പെടുത്തിയതും രേഖപ്പെടുത്താത്തതുമായ മാതൃമരണനിരക്കും നവജാതശിശുമരണനിരക്കും ഇന്നത്തേതുമായി താരതമ്യം ചെയ്താല്‍ സാമാന്യബുദ്ധിയുള്ളവര്‍ക്ക് കാര്യം മനസ്സിലാകും. 2012 വര്‍ഷത്തെ കണക്ക് പ്രകാരം തൊണ്ണൂറ് ശതമാനത്തിലേറെ പ്രസവം ആശുപത്രിയില്‍ നടക്കുന്ന കേരളത്തില്‍ മാതൃമരണനിരക്ക് 66 ആണ്, (ഒരു ലക്ഷം ജീവനുള്ള ശിശുക്കള്‍ പിറക്കുമ്പോള്‍ എത്ര അമ്മമാര്‍ മരിക്കുന്നു എന്നതിന്റെ കണക്ക്). ആസ്സാമില്‍ ഇത് 328 ആണ്. നമ്മുടെ നവജാതശിശുമരണനിരക്ക് ഏഴും [Park (23rd Edition)- Table 14,20]. അന്യസംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ ഈ നിരക്ക് എത്രയോ ചെറുതാണ്. നമ്മള്‍ ആരോഗ്യകാര്യങ്ങളില്‍ അത്രയേറെ മുന്നേറിയിരിക്കുന്നുവെന്നും കുറിപ്പ് പറയുന്നു.

ഒരു സ്ത്രീക്ക് പ്രസവവേദന വരുന്നത് മുതല്‍ പ്രസവം വരെ മണിക്കൂറുകളുടെ ദൈര്‍ഘ്യമുണ്ട്. വേദന സഹിച്ചു ഗര്‍ഭിണി മടുക്കുമ്പോഴും 'പ്രസവമാകുമോ എന്ന് നോക്കാം' എന്ന് പറഞ്ഞു അവളെ കഷ്ടപ്പെടുത്തുന്ന ബന്ധുക്കളെ കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു തരത്തിലും പ്രസവത്തിനു വഴങ്ങാത്ത ശരീരപ്രകൃതിയുള്ള അമ്മയെ അതിനു നിര്‍ബന്ധിച്ചു കൊല്ലാക്കൊല ചെയ്യരുത്. അങ്ങനെയൊന്നാണ് കഴിഞ്ഞ ദിവസം സംഭവിക്കുകയും കുഞ്ഞിന്റെ മരണത്തിലും അമ്മയുടെ ഗര്‍ഭപാത്രവും മൂത്രസഞ്ചിയും തകരുന്നതിലും കലാശിച്ചത്. ആദ്യമേ മനസിലാക്കുക, ഒരു മേജര്‍ സര്‍ജറി ആണെങ്കില്‍ കൂടിയും സിസേറിയന്‍ ഒരു മോശം കാര്യമല്ല.

Vaginal Birth After Cesarean (VBAC) എല്ലാ തയ്യാറെടുപ്പുകളോടെയും ചെയ്യേണ്ടുന്ന ഒന്നാണെന്ന് കുറിപ്പ് പറയുന്നു. സാധാരണ പ്രസവം ആണെങ്കില്‍ പോലും വെള്ളത്തില്‍ പ്രസവിക്കാന്‍ ശ്രമിക്കുന്നതെല്ലാം ഏതൊരു അത്യാഹിതത്തെയും അഭിമുഖീകരിക്കാന്‍ ഉള്ള മനസ്സാന്നിധ്യത്തോടെ ആയിരിക്കണമെന്നും. വിദേശത്തെ ഏതെങ്കിലും താലൂക്കിലോ പഞ്ചായത്തിലോ ഇതെല്ലാം നടക്കുന്നുണ്ടെന്ന് കരുതി അതിന്റെ നാല് ഫോട്ടോയും വെച്ച് കൊട്ടിഘോഷിച്ചു ഈ പണിക്ക് ഇറങ്ങുന്നവര്‍ അതിന്റെ ABCD പോലും പഠിച്ചിട്ടില്ലാത്തവര്‍ ആണെന്ന് അറിയുമ്പോഴേക്ക് കുടുംബങ്ങളിലെ അംഗസംഖ്യ കുറയുന്നു എന്നതാണ് അതിന്റെ ദുരന്തമെന്നും പോസ്റ്റ് കുറ്റപ്പെടുത്തുന്നു.

വാട്ടര്‍ ബര്‍ത്തിന് ശ്രമിച്ച യുവതിയുടെ മൂന്നു പ്രസവവും ശസ്ത്രക്രിയ ആകാനുള്ള കാരണം ഇടുപ്പിന്റെ വികാസക്കുറവായിരുന്നു. മൂന്നു ശസ്ത്രക്രിയയുടെ പാടുകള്‍ അവശേഷിക്കുന്ന ഗര്‍ഭപാത്രത്തില്‍ നാലാമത് സിസേറിയന് പ്രസവവേദന വരുന്നത് വരെ കാത്തു നില്ക്കാന്‍ പോലും പാടില്ല. മുപ്പത്തെട്ടു ആഴ്ചയെത്തിയാല്‍ ആ ഗര്‍ഭം തുടരാതെ കുഞ്ഞിനെ സര്‍ജറി ചെയ്തു പുറത്തെടുക്കണം. അതും ചെയ്യാതെ വേദന വരാന്‍ കാത്തു നില്‍ക്കാന്‍ പാടില്ലായിരുന്നുവെന്നും കുറിപ്പ് ഓര്‍മ്മിപ്പിക്കുന്നു.

സിസേറിയന്‍ ചെയ്യാനുള്ള പ്രധാനകാരണങ്ങളും ഗര്‍ഭകാലത്തെ പരിശോധനകള്‍ എങ്ങനെയാവണമെന്നും കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്.

#11 സിസേറിയന്‌ ശേഷമുള്ള സുഖപ്രസവം നിയമപ്രകാരമുള്ള മുന്നറിയിപ്പ്‌: ഗർഭപാത്രത്തിൽ കിടന്ന്‌ മുൻപരിചയമില്ലാത്ത ആർക്കും ഈ കു...

Posted by Info Clinic on Sunday, October 23, 2016