LiveTV

Live

Health

ഹൃദ്രോഗികളില്ലാത്ത ഗോത്രവര്‍ഗ്ഗക്കാരുടെ രഹസ്യം തേടി ഗവേഷകര്‍

ഹൃദ്രോഗികളില്ലാത്ത ഗോത്രവര്‍ഗ്ഗക്കാരുടെ രഹസ്യം തേടി ഗവേഷകര്‍
Summary
80കാരനായ ചീമാനേ ഗോത്രവര്‍ഗ്ഗക്കാരന്റെ ഹൃദയധമനികള്‍ 50കാരനായ അമേരിക്കക്കാരന്റേതിന് തുല്യമാണെന്നാണ് പഠനം കാണിക്കുന്നത്....

ആധുനിക മനുഷ്യനെ ഏറ്റവും പേടിപ്പിക്കുന്ന അസുഖങ്ങളിലൊന്നായ ഹൃദ്രോഗം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു പ്രാചീന ഗോത്രവര്‍ഗ്ഗക്കാരുണ്ട് ആമസോണ്‍ കാടുകളില്‍. ചീമാനേ എന്ന് വിളിക്കുന്ന ഇവര്‍ക്കിടയില്‍ നടത്തിയ പഠന ഫലമാണ് വൈദ്യശാസ്ത്രലോകത്തിന് പുതിയ അത്ഭുതം സമ്മാനിക്കുന്നത്. 80കാരനായ ചീമാനേ ഗോത്രവര്‍ഗ്ഗക്കാരന്റെ ഹൃദയധമനികള്‍ 50കാരനായ അമേരിക്കക്കാരന്റേതിന് തുല്യമാണെന്നാണ് പഠനം കാണിക്കുന്നത്.

ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയും ജീവിതരീതിയുമാണ് ഹൃദ്രോഗത്തിന്റെ പ്രധാന കാരണമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. എങ്കിലും ഇത്രയേറെ ഫലപ്രദമായി ചീമാനേകള്‍ ഹൃദ്രോഗത്തെ തടയുന്നതിന് പിന്നിലെ രഹസ്യത്തിന് പിറകെയാണ് ഇപ്പോള്‍ ഗവേഷകര്‍. ഒരു ശരാശരി അമേരിക്കക്കാരന്റെ അഞ്ചിരട്ടിയാണ് ചീമാനേകളുടെ ഹൃദയാരോഗ്യം.

ബൊളീവിയയിലെ ആമസോണ്‍ കാടുകളില്‍ കഴിയുന്ന ഇവര്‍ കൃഷിയിലൂടെയും വേട്ടയിലൂടെയും മത്സ്യബന്ധനത്തിലൂടെയുമൊക്കെയാണ് ഭക്ഷണം കണ്ടെത്തുന്നത്. പുറം ലോകത്തു നിന്നും രണ്ട് ദിവസത്തെ നദിയിലൂടെയുള്ള ബോട്ട് യാത്രയിലൂടെ മാത്രമേ ആര്‍ക്കും ചീമാനേകളുടെ ഗ്രാമങ്ങളിലെത്തെത്താനാകൂ. 40വയസ് പിന്നിട്ട 700ലേറെ ചീമാനേകളെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. US National Institute on Aging and National Institutes of Healthന്റെ നേതൃത്വത്തിലായിരുന്നു പഠനം. പത്തില്‍ ഒമ്പത് ചീമാനേകളുടേയും ഹൃദയധമനികള്‍ക്ക് പൂര്‍ണ്ണ ആരോഗ്യമുണ്ടായിരുന്നു.

ഉണര്‍ന്നിരിക്കുന്നതിന്റെ വെറും 10 ശതമാനം സമയത്ത് മാത്രമേ ഇവര്‍ വെറുതെ ഇരിക്കുന്നുള്ളൂ എന്നതാണ്. കുട്ടികളും മുതിര്‍ന്നവരുമെല്ലാം ബാക്കി 90 ശതമാനം സമയത്തും എന്തെങ്കിലും പ്രവര്‍ത്തികളിലായിരിക്കും. ഇരുന്ന് ജോലിയെടുക്കുന്ന വരില്‍ ഭൂരിഭാഗവും ഉണര്‍ന്നിരിക്കുന്നതിന്റെ പകുതി സമയവും വെറുതെയിരിക്കുകയാണെന്ന് തിരിച്ചറിയുമ്പോഴാണ് ചീമാനേകളുടെ ഹൃദയധമനികളുടെ അസാധാരണശേഷിക്ക് പിന്നിലെ പ്രധാന കാരണം മനസിലാവുക.

ഇതിനൊപ്പം കഴിക്കുന്ന ഭക്ഷണത്തിനും വലിയ പങ്കുണ്ട്. ചോറ്, കപ്പ, ചോളം, കടലകള്‍, പഴങ്ങള്‍, മാസം എന്നിവയൊക്കെയാണ് ചീമാനേകളുടെ പ്രധാന ഭക്ഷണവിഭവങ്ങള്‍. വേട്ടയാടിക്കൊണ്ടുവരുന്ന മൃഗങ്ങളെ പാചകം ചെയ്യുന്നതിനും ആവശ്യമെങ്കില്‍ കുടിലുകളോട് ചേര്‍ന്നുള്ള കാടുകളില്‍ പോയി ഭക്ഷണം ശേഖരിക്കുന്നതിനും ചീമാനേ കുട്ടികള്‍ക്കോ അമ്മമാര്‍ക്കോ മടിയില്ല. പകല്‍ സമയങ്ങളില്‍ ചീമാനേകളിലെ മുതിര്‍ന്ന ആണുങ്ങള്‍ വേട്ടയ്ക്കായി കാട്ടിലായിരിക്കും. വേട്ടയാടി കിട്ടുന്ന മാംസം എല്ലാവരും ചേര്‍ന്ന് പാചകം ചെയ്ത് ഭക്ഷിക്കുന്നതാണ് രീതി.

മുളകൊണ്ടുള്ള ചെറിയ കുടിലുകളിലാണ് ഇവരുടെ താമസം. കുറച്ച് കുടിലുകള്‍ ചേര്‍ന്നുള്ള ചെറു ഗ്രാമങ്ങളിലാണ് ഇവര്‍ താമസിക്കുന്നത്. ചീമാനേകളുടെ ഇത്തരം ചെറു ഗ്രാമങ്ങള്‍ക്കിടയില്‍ നിബിഢവനമാണ്. അതുകൊണ്ടുതന്നെ ഇത്തരം ചെറു ഗ്രാമങ്ങളൊക്കെ പരമാവധി സ്വയംപര്യാപ്തമായിരിക്കും. കപ്പ, ചോളം, ധാന്യങ്ങള്‍, വാഴ തുടങ്ങിയവയൊക്കെ ഇവര്‍ ഇപ്പോള്‍ കൃഷി ചെയ്യുന്നുണ്ട്. ചീമാനേകള്‍ക്കിടയിലേക്ക് മതപ്രചരണത്തിനെത്തിയ ക്രിസ്ത്യന്‍ പാതിരിമാരാണ് സാമ്പ്രദായിക കൃഷി രീതി പരിചയപ്പെടുത്തിക്കൊടുത്തത്.

ചീമാനേകളുടെ ഹൃദയത്തിന് ശേഷി കൂടുതലാണെന്ന് കരുതി അവര്‍ സുഖജീവിതമാണ് നയിക്കുന്നതെന്ന് ധരിക്കരുത്. അതിജീവനത്തിന്റെ ഭാഗമായാണ് ചീമാനേകള്‍ക്ക് ഈ കഠിന ഹൃദയം ലഭിച്ചതെന്നും പറയാം. മൂന്നില്‍ രണ്ട് ചീമാനേകള്‍ക്കും വിരയുടെ ശല്യം മൂലമുണ്ടാകുന്ന വിളര്‍ച്ചയുണ്ട്. ശുദ്ധജലം ലഭിക്കാത്തതും ശരിയായ ശൗചാലയങ്ങളും വൈദ്യുതിയുമൊന്നും ഇല്ലാത്തതുമെല്ലാം ചീമാനേകള്‍ക്ക് വെല്ലുവിളികളാണ്.

2004നും 2015നും ഇടയില്‍ 85 ചീമാനേ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചാണ് ഗവേഷകര്‍ പടനം നടത്തിയത്. 40 മുതല്‍ 94 വയസ് വരെ പ്രായമുള്ള 705 ചീമാനേകളുടെ എക്‌സ്‌റേ അടക്കമുള്ള വിവരങ്ങളുടെ ശേഖരണം നടത്തി. സമാനമായ പഠനങ്ങള്‍ ഏഴായിരത്തോളം അമേരിക്കക്കാരിലും സംഘം നടത്തിയശേഷമാണ് നിഗമനങ്ങളിലെത്തിയിരിക്കുന്നത്. വാഷിംങ്ടണ്‍ ഡിസിയില്‍ നടന്ന അമേരിക്കന്‍ കൊളാഷ് ഓഫ് കാര്‍ഡിയോളജി കോണ്‍ഫറന്‍സിലാണ് ഗവേഷണഫലം അവതരിപ്പിക്കപ്പെട്ടത്.

പതിനായിരത്തോളം ചീമാനേകളാണ് ആമസോണ്‍ കാടുകളിലെ ചെറു ഗ്രാമങ്ങളില്‍ താമസിക്കുന്നത്. ഇവരുടെ ജീവിതരീതിയും ഭക്ഷണവുമെല്ലാം അപ്പാടെ അനുകരിക്കുക അപ്രായോഗികമായിരിക്കും. എങ്കിലും സാധ്യമായ രീതിയില്‍ ആധുനിക മനുഷ്യരുടെ ജീവിതത്തില്‍ എന്തെല്ലാം മാതൃകകള്‍ ചീമാനേകളില്‍ നിന്നും അനുകരിക്കാനുണ്ടെന്നാണ് ഗവേഷകര്‍ തിരയുന്നത്.