ഒമാനിൽ സ്വകാര്യ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കുള്ള ഇൻസ്റ്റിറ്റ്യൂഷനൽ ഐസോലേഷൻ ഒരുക്കാം
ഇതിനായി ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ നിർദേശങ്ങൾ ബാധകമായിരിക്കുമെന്ന് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റര്‍ അറിയിച്ചു

ഒമാനിൽ സ്വകാര്യ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും ജീവനക്കാർക്കുള്ള താമസ സ്ഥലങ്ങളിൽ ഇൻസ്റ്റിറ്റ്യൂഷനൽ ഐസോലേഷൻ ഒരുക്കാം. ഇതിനായി ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ നിർദേശങ്ങൾ ബാധകമായിരിക്കുമെന്ന് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റര്‍ അറിയിച്ചു.
ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ നിർദേശ പ്രകാരമുള്ള ടോയ്ലറ്റ് സൗകര്യത്തോടെയുള്ള ഒറ്റ മുറി വീതമാണ് ഒരുക്കേണ്ടത്. ഭക്ഷണം നൽകുന്നതിന് കാറ്ററിങ് സൗകര്യമൊരുക്കണം. ഡിസ്പോസിബിൾ പാത്രങ്ങളായിരിക്കണം ഭക്ഷണ വിതരണത്തിന് ഒരുക്കേണ്ടത്. ജീവനക്കാരെ വിമാനത്താവളത്തിൽ നിന്ന് കമ്പനിയുടെ ഐസോലേഷൻ കേന്ദ്രത്തിൽ കമ്പനി ചെലവിൽ എത്തിക്കാൻ സൗകര്യമൊരുക്കണം. രണ്ടാമത് പി.സി.ആർ പരിശോധന നടത്താനും ബ്രേസ്ലെറ്റുകൾ നീക്കം ചെയ്യാനും കമ്പനിയുടെ ഐസോലേഷൻ സ്ഥലത്ത് സൗകര്യമൊരുക്കണം.
കമ്പനിയുടെ സ്ഥലം ഐസോലേഷനായി ഉപയോഗിക്കുന്നതിനുള്ള അപേക്ഷ ഗവർണറേറ്റിലെ സാമൂഹിക വികസന വകുപ്പ് ഡയറക്ടർ ജനറൽ അല്ലെങ്കിൽ റിലീഫ് ആന്റ് ഷെൽറ്റർ വിഭാഗം സൂപ്പർവൈസർക്കാണ് നൽകേണ്ടത്. യാത്രക്കാരൻ വിമാനത്താവളത്തിൽ റെസിഡന്റ് കാർഡും കമ്പനിയുടെ ഐസോലേഷൻ കേന്ദ്രത്തിലാണ് താമസിക്കാൻ പോകുന്നതെന്ന കത്ത് നൽകുകയും വേണം.