40 മണിക്കൂറിനിടെ ദുബൈയിൽ അഞ്ച് വാഹനാപകടങ്ങള്‍; ആറ് പേര്‍ക്ക് പരിക്ക്
നിയമം ലംഘിച്ചുള്ള ഡ്രൈവിങ്ങും അമിത വേഗതയുമാണ് അപകടത്തിന് കാരണമായത്.

ദുബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ അഞ്ച് വാഹനാപകടങ്ങളില്‍ നിന്നായി ആറ് പേർക്ക് പരിക്ക്. നിയമം ലംഘിച്ചുള്ള ഡ്രൈവിങ്ങും അമിത വേഗതയുമാണ് അപകടത്തിന് കാരണമായത്. പിന്നിട്ട നാൽപത് മണിക്കൂറിനിടെയാണ് അഞ്ച് വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.
ആദ്യ അപകടം നടന്നത് എമിറേറ്റ്സ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിന് മുന്നിലെ അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിലാണ്. കാറും ഇ- സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉമ്മുൽ റമൂലിൽ ലോറി മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് രണ്ടാമത്തെ അപകടം. ഒരാൾക്ക് പരിക്കേറ്റു. അൽ മുല്ല പ്ലാസ ടണലിലെ അൽ ഇത്തിഹാദ് റോഡിൽ വാഹനം സിമൻറ് ബാരിയറിൽ ഇടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് ചെറിയ പരിക്കേറ്റേു. ശൈഖ് സായിദ് റോഡിലായിരുന്നു നാലാമത്തെ അപകടം. അമിതവേഗത്തിലെത്തിയ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. രണ്ട് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. വാഹനങ്ങൾ പൂർണമായും തകർന്നു. അൽ ഇത്തിഹാദ് റോഡിൽ വാഹനം തെന്നിമാറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കേറ്റു.