സൌദിയില്‍ ആസ്ട്ര സെനിക്ക വാക്സിന് അനുമതി; രാജ്യത്ത് രണ്ടാംഘട്ട വാക്സിനേഷൻ ആരംഭിച്ചു
ആസ്ട്രാ സെനക്കയുടെ 30 മില്യൺ ഡോസ് വാക്സിൻ സൗദിയിലെത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു

സൗദിയിൽ ആസ്ട്ര സെനിക്ക വാക്സിന് ഫുഡ് ആന്‍ഡ് ഡ്രഗ് അതോരിറ്റിയുടെ അംഗീകാരം. ആസ്ട്രാ സെനക്കയുടെ 30 മില്യൺ ഡോസ് വാക്സിൻ സൗദിയിലെത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു. ഒരിക്കൽ കോവിഡ് മുക്തി നേടിയവർ ഒരു ഡോസ് വാക്സിൻ മാത്രം സ്വീകരിച്ചാല്‍ മതിയെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഫൈസർ ബയോൺടെക് കമ്പനിയുടെ വാക്സിനാണ് നിലവിൽ രാജ്യത്ത് വിതരണം ചെയ്ത് വരുന്നത്. ഇപ്പോൾ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ആസ്ട്ര സെനിക്ക കമ്പനി പുറത്തിറക്കുന്ന വാക്സിന് കൂടി അനുമതി നൽകിയതായി ഫുഡ് ആൻ്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു. ഇത് കൂടുതൽ ആളുകളിലേക്ക് വാക്സിൻ വേഗത്തിൽ വിതരണം ചെയ്യാൻ സഹായകരമാകും.
ഡിസംബർ 17ന് ആരംഭിച്ച വാക്സിനേഷൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമായിട്ടുണ്ട്. രാജ്യത്തെ എല്ലാ മേഖലകളിലും വാക്സിൻ വിതരണം ആരംഭിച്ചു. രാജ്യത്ത് വിതരണത്തിന് അനുമതി നൽകിയ വാക്സിനുകൾക്കെല്ലാം രണ്ട് ഡോസ് നിർബന്ധമാണ്. എന്നാൽ ഒരു തവണ കോവിഡ് ബാധിച്ച് ഭേദമായവർക്ക് ഒരു ഡോസ് മാത്രം മതിയാകുമെന്ന് സൗദി നാഷണൽ സയന്റിഫിക് കമ്മിറ്റി തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിൻ സ്വീകരിക്കുന്നതിനായി എല്ലാവരും സ്വിഹത്തി ആപ്പ് വഴി രജിസറ്റർ ചെയ്യണമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി. 20 ലക്ഷത്തിലധികം പേർ ഇത് വരെ വാക്സിൻ സ്വീകരിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിൽ അഞ്ച് ലക്ഷത്തിലധികം ഡോസ് ഇതിനോടകം തന്നെ വിതരണം ചെയ്തു.
ഈ വർഷം അവസാനത്തോടെ 26 ദശലക്ഷം ആളുകൾക്ക് കൂടി വാക്സിൻ നൽകുവാനാണ് നീക്കം. ഫൈസർ വാക്സിൻ നിർമാതാക്കളിൽ നിന്നും 10 ദശലക്ഷം ഡോസുകളാണ് സൗദി സ്വീകരിക്കുന്നത്. 17 വയസിന് മുകളിലുള്ള 70 ശതമാനം ആളുകൾക്കും കോവിഡ് വാക്സിൻ വിതരണം പൂർത്തിയായാൽ മാത്രമേ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കൂവെന്നും ഇതിന് മൊത്തം 28 ദശലക്ഷം ഡോസ് വാക്സിൻ ആവശ്യമാണെന്നും ആരോഗ്യമന്ത്രാലയ അസിസ്റ്റൻറ് ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്ല അസീരി പറഞ്ഞു