പവിഴപ്പുറ്റുകളും വർണമത്സ്യങ്ങളും നിറഞ്ഞ ഇടം; കോറല്‍ ബ്ലൂം പദ്ധതി പ്രഖ്യാപിച്ചു
ചെങ്കടൽ തീരത്തെ പദ്ധതി നിലകൊള്ളുന്ന 90 ദ്വീപുകളിലൊന്നായ ഡോൾഫിൻ ആകൃതിയിലുള്ള ഷുറൈറ ദ്വീപും അതിന്റെ 11 റിസോർട്ടുകളും ഉൾപ്പടുന്നതാണ് 'കോറൽ ബ്ലൂം' പദ്ധതി

സൗദിയിലെ തബൂക്കിനടുത്ത് വരുന്ന കോറൽ ബ്ലൂം പദ്ധതി കിരീടാവകാശി പ്രഖ്യാപിച്ചു. സൗദിയുടെ മാലിദ്വീപ് എന്നറിയപ്പെടുന്ന ഷുറൈറയിലാണ് പദ്ധതി വരുന്നത്. നിറയെ പവിഴപ്പുറ്റുകളും വർണമത്സ്യങ്ങളും ഉള്ള ഇവിടുത്തെ ദൃശ്യങ്ങളും അതോറിറ്റി പുറത്ത് വിട്ടു. ഈ പദ്ധതിയുടെ വിശേഷങ്ങളാണ് മരുപ്പച്ചയിൽ.
2023ൽ പൂർത്തിയാക്കാൻ പോകുന്ന പദ്ധതിയാണ് കോറൽ ബ്ലൂം. ചെങ്കടൽ തീരത്തെ പദ്ധതി നിലകൊള്ളുന്ന 90 ദ്വീപുകളിലൊന്നായ ഡോൾഫിൻ ആകൃതിയിലുള്ള ഷുറൈറ ദ്വീപും അതിന്റെ 11 റിസോർട്ടുകളും ഉൾപ്പടുന്നതാണ് 'കോറൽ ബ്ലൂം' പദ്ധതി. സൗദിയിലെ തബൂക്കിനടുത്തുള്ള ഷുറൈറയിലെ ഡോൾഫിൻ മാതൃകയിലുള്ള ദ്വീപിലാണ് ടൂറിസം പദ്ധതി വരുന്നത്. പ്രകൃതിയുടെ വിസ്മയമുള്ള ഇവിടെ പരിസ്ഥിതിക്ക് ആഘാതമേൽക്കാതെയാണ് പദ്ധതി വരുന്നത്. ചെങ്കടൽ പദ്ധതിക്ക് കീഴിലാണ് നിർമാണം പൂർത്തിയാവുക.

ഭൂഘടന കൊണ്ട് വിസ്മയിപ്പിക്കുന്ന സ്ഥലമാണിത്. ആഴം കുറഞ്ഞ ഇവിടെ നിറയെ വർണ മത്സ്യങ്ങളുണ്ട്. നീലക്കടൽ നീണ്ടു കിടക്കുന്ന ഈ ഭാഗത്തിനപ്പുറത്ത് ഡൈവിങും സാധ്യമാണ്. അവിടെ നിന്നും പകർത്തിയ കാഴ്ചകളാണിത്.
3000 കോടി റിയാല്‍ ചെലവ് വരുന്ന ചെങ്കടൽ പദ്ധതിയിൽ ഇതിനകം 1500 കോടി റിയാൽ ചിലവഴിച്ചു കഴിഞ്ഞു. വടക്ക് ഉംലജ് മുതല്‍ അല്‍വജ് വരെ നീണ്ടുകിടക്കുന്നതാണ് പദ്ധതി പ്രദേശം. ഇതിനായി തബൂക്ക് പ്രവിശ്യയിലെ 200 കിലോമീറ്ററോളം കടല്‍ത്തീരം അത്യാധുനിക രീതിയില്‍ വികസിപ്പിച്ചെടുക്കുന്നുണ്ട്. അതിലെ അമാല പദ്ധതിക്ക് പുറമെയുള്ളതാണ് ഇപ്പോൾ പ്രഖ്യാപിച്ച കോറൽ ബ്ലൂം. ബോട്ടുകളും സീപ്ലെയ്നുകളും സഞ്ചാരികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ മിക്ക രാജ്യങ്ങൾക്കും വിസ വേണ്ടിവരില്ല.
2022 അവസാനത്തോടെ അന്താരാഷ്ട്ര വിമാനത്താവളവും ആദ്യത്തെ നാല് ഹോട്ടലുകളും തുറന്ന് ആദ്യ അതിഥികളെ സ്വാഗതം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ ആസൂത്രണം ചെയ്ത ബാക്കി 12 ഹോട്ടലുകള്‍ 2023 ല്‍ തുറക്കും. 2030 ല്‍ പൂര്‍ത്തിയാകുമ്പോള്‍, 50 റിസോര്‍ട്ടുകള്‍ ഉള്‍പ്പെടുന്ന ചെങ്കടല്‍ പദ്ധതിയില്‍ 22 ദ്വീപുകളിലായി ആറ് ഉള്‍നാടന്‍ സൈറ്റുകളിലായി 8,000 ഹോട്ടല്‍ മുറികളും 1,300 ഓളം റസിഡന്‍ഷ്യല്‍ കേന്ദ്രങ്ങളും ലഭ്യമാകും.
പൂർണമായും സോളാർ ഉപയോഗിച്ചാണ് ഇവിടുത്തെ ഊർജ പദ്ധതി. 35,000 ജോലികളാണ് ഇവിടെയുണ്ടാവുക. നിലവിൽ നടക്കുന്ന മിക്ക പദ്ധതികളിലും മലയാളികളും ജോലിക്കാരായുണ്ട്. എണ്ണയിൽ നിന്നും മാറി ടൂറിസത്തിലൂടെ വരുമാനം വർധിപ്പിക്കാനുള്ള സൗദി കിരീടാവകശിയുടെ പ്രധാന പദ്ധതിയുടെ ഭാഗമാണ് ചെങ്കടൽ പദ്ധതിയിലെ കോറൽ ബ്ലൂം.