സാറ അൽ അമീരി; ചൊവ്വയിലേക്ക് ചിറകുവിരിച്ച യുഎഇയുടെ പെൺശക്തി
ചൊവ്വാ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ചവരിൽ 34 ശതമാനവും സ്വദേശി വനിതകളായിരുന്നു. അതിന് നായകത്വം വഹിച്ചത് സാറയും.

ആകാശത്തിനും അപ്പുറം സ്വപ്നങ്ങളുള്ള പെൺകരുത്ത്. സാറ അൽ അമീരി എന്ന യുഎഇ ബഹിരാകാശ ഗവേഷകയ്ക്ക് ഏറ്റവുമിണങ്ങുന്ന വിശേഷണം ഇതായിരിക്കും. ഭൂമിയും കടന്ന് ചൊവ്വയിലേക്ക് കുതിക്കാനുള്ള യുഎഇയുടെ മോഹങ്ങൾ ചിറകു വിടർത്തിയത് സാറയുടെ ആത്മവിശ്വാസത്തിന് മുകളിലാണ്. പ്രതീക്ഷയെന്ന് അർത്ഥം വരുന്ന അൽ അമൽ (ഹോപ്പ് പ്രോബ്) ചൊവ്വയിലെത്തുമ്പോൾ അത് സാറയുടെ വിജയം കൂടിയാകുന്നു.
മറ്റൊരു ചൊവ്വാദൗത്യവും പോലെ ആയിരുന്നില്ല യുഎഇയുടേത്. ഇതിനു പിന്നിൽ കൈ മെയ് മറന്ന് യത്നിച്ചവരിൽ 34 ശതമാനവും സ്വദേശി വനിതകളായിരുന്നു. അതിന് നായകത്വം വഹിച്ചത് 34കാരി സാറയും.

യു.എ.ഇയുടെ അഡ്വാൻസ് സയൻസ് സഹമന്ത്രിയും ബഹിരാകാശ പദ്ധതിയുടെ മേധാവിയുമാണ് ഈ വനിത. യു.എ.ഇ വിക്ഷേപിച്ച 12ൽപരം ഉപഗ്രഹങ്ങൾക്ക് പിന്നിലും ഇവരുടെ കൈകളുണ്ട്. അതുകൊണ്ടാണ് ബിബിസി ലോകത്തെ സ്വാധീനിച്ച 100 വനിതകളുടെ പട്ടിക തയാറാക്കിയപ്പോൾ സാറ അതിൽ ഇടംപിടിച്ചത്. പട്ടികയിലെ ഏക അറബ് വനിതയായിരുന്നു സാറ അൽ അമീരി. നാലു വർഷം മുമ്പാണ് ഇവർ യു.എ.ഇയുടെ ബഹിരാകാശ ദൗത്യത്തിൻറെ ചുമതലക്കാരിയായി നിയമിതയായത്.
ചൊവ്വാദൗത്യത്തെ കുറിച്ച് സ്പേസ് ഡോട് കോമിന് നൽകിയ അഭിമുഖത്തിൽ അവർ പറയുന്നത് ഇങ്ങനെയാണ്;
ഇത് സൂപ്പർ എക്സൈറ്റിങ് ആണ്. അതേ, അർധരാത്രിയൊക്കെ ഞാൻ ഞെട്ടിയെണീറ്റ് ഇരുട്ടിലേക്ക് നോക്കും. ആലോചിക്കും. രണ്ടു മൂന്നു ദിവസമായി എല്ലാവരും ചിരിക്കുന്നു. അഭിവാദ്യം ചെയ്യുന്നു. എല്ലാവരും സന്തോഷത്തിലാണ്. ഞങ്ങളുടെ പ്രാർത്ഥന എല്ലായ്പ്പോഴും നിങ്ങൾക്കൊപ്പമുണ്ടെന്ന് അവരെന്നോട് പറയുന്നു.സാറ അൽ അമീരി
2009ൽ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽ ജോലിക്ക് ചേർന്നപ്പോഴാണ് ബഹിരാകാശമാണ് തന്റെ ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞതെന്ന് സാറ പറയുന്നു. യാദൃച്ഛികമായാണ് അതു സംഭവിച്ചത്. ആദ്യ എമിറേറ്റ്സ് ഭൗമ നിരീക്ഷണ ഉപഗ്രഹമായ ദുബൈ സാറ്റ്-1 ആയിരുന്നു ആദ്യം ഏറ്റെടുത്ത ജോലി. 2017ൽ അഡ്വാൻസ് ടെക്നോളജി വകുപ്പ് സഹമന്ത്രിയായി. ഓഗസ്റ്റിൽ സ്പേസ് ഏജൻസിയുടെ ചെയർവുമണും.