LiveTV

Live

Gulf

യു.എ.ഇയിൽ കുടുങ്ങിയ സൗദി, കുവൈത്ത് യാത്രികർ നാട്ടിലേക്ക് മടങ്ങുന്നതാകും നല്ലതെന്ന് ഇന്ത്യൻ എംബസി

യു.എ.ഇയിൽ നിന്നുള്ള വിമാനങ്ങൾക്ക് സൗദിയും കുവൈത്തും വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ നിർദേശം

യു.എ.ഇയിൽ കുടുങ്ങിയ സൗദി, കുവൈത്ത് യാത്രികർ നാട്ടിലേക്ക് മടങ്ങുന്നതാകും നല്ലതെന്ന് ഇന്ത്യൻ എംബസി

യു.എ.ഇയിൽ കുടുങ്ങിയ സൗദി, കുവൈത്ത് യാത്രികർ നാട്ടിലേക്ക് മടങ്ങുന്നതാകും നല്ലതെന്ന് ഇന്ത്യൻ എംബസിയും ദുബൈ ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചു. യു.എ.ഇയിൽ നിന്നുള്ള വിമാനങ്ങൾക്ക് സൗദിയും കുവൈത്തും വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ നിർദേശം. എന്നാൽ സാമ്പത്തികമായി ബുദ്ധിമുട്ടിലായവർക്ക് വിമാന ടിക്കെറ്റങ്കിലും നൽകാൻ തയ്യാറാകണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.

സൗദിയിലും കുവൈത്തിലും യാത്രാവിലക്ക് ഇനിയും നീണ്ടേക്കും എന്നതിനാൽ യു.എ.ഇയിൽ വന്നു കുടുങ്ങിയവർ നാട്ടിലേക്ക് മടങ്ങണം എന്നാണ് എംബസിയും കോൺസുലേറ്റും ആവശ്യപ്പെട്ടത്. നിലവിലെ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ യു.എ.ഇ വഴി സൗദിയിലേക്കും കുവൈത്തിലേക്കും പോകുന്നത് അസാധ്യമാണ്. അതിനാൽ, നാട്ടിൽ നിന്ന് വരുന്നവരും യാത്ര മാറ്റിവെക്കണം. സ്ഥിതിഗതികൾ സാധാരണ നിലയിലെത്തുമ്പോൾ യാത്ര തുടരണമെന്നും എംബസി അറിയിച്ചു. എത്തേണ്ട രാജ്യത്തിന്‍റെ യാത്രനിബന്ധനകൾ ശരിയായി മനസിലാക്കി വേണം യാത്ര ചെയ്യാൻ. വരുന്നവർ കൂടുതൽ പണം കൈയിൽ കരുതുകയും വേണം. യു.എ.ഇയിൽ കുടുങ്ങിയ സൗദി, കുവൈത്ത് യാത്രക്കാർക്ക് ആവശ്യമായ സൗകര്യമൊരുക്കണമെന്ന് ചൂണ്ടിക്കാണിച്ച് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ ഇന്നലെ യു.എ.ഇയിലെ ഇന്ത്യൻ അംബാസിഡർ പവൻ കപൂറിന് കത്തയച്ചിരുന്നു.

സൗദി അനിശ്ചിതകാലത്തേക്കാണ് അതിർത്തി അടച്ചിരിക്കുന്നത്. കുവൈത്ത് രണ്ടാഴ്ചത്തെ വിലക്കാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും നീട്ടിയേക്കുമെന്നാണ് സൂചന. നിലവിൽ ബഹ്റൈൻ, ഒമാൻ മുഖേനയാണ് സൗദിയിലേക്ക് യാത്ര ചെയ്യുന്നത്. എന്നാൽ, ഈ രാജ്യങ്ങളിൽ 14 ദിവസം ക്വാറന്‍റൈനില്‍ തങ്ങി മാത്രമെ സൗദിയിലേക്ക് പോകാൻ സാധിക്കൂ.