LiveTV

Live

Gulf

കോവിഡ് നിയന്ത്രണം; കുവൈത്തിൽ ഇന്ന് മുതൽ സുരക്ഷ ശക്തമാക്കുന്നു

രാത്രി എട്ട് മുതല്‍ പുലർച്ചെ അഞ്ചുവരെ വ്യാപാര സ്ഥാപനങ്ങൾ അടക്കണമെന്ന മന്ത്രിസഭ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാവിന്യാസം ശക്തമാക്കിയത്.

കോവിഡ് നിയന്ത്രണം; കുവൈത്തിൽ ഇന്ന് മുതൽ സുരക്ഷ ശക്തമാക്കുന്നു

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്തിൽ ഇന്ന് മുതൽ സുരക്ഷാ ശക്തമാക്കും. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നൽകിയിട്ടുണ്ടെന്നും മന്ത്രിസഭയുടെ തീരുമാനങ്ങള്‍ക്ക് അനുസൃതമായി എല്ലാവരും പ്രവര്‍ത്തിക്കണമെന്നും ആഭ്യന്തര മന്ത്രി ശൈഖ് താമിർ അൽ അലി അസ്സബാഹ് ആഹ്വാനം ചെയ്തു.

രാത്രി എട്ട് മുതല്‍ പുലർച്ചെ അഞ്ചുവരെ വ്യാപാര സ്ഥാപനങ്ങൾ അടക്കണമെന്ന മന്ത്രിസഭ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാവിന്യാസം ശക്തമാക്കിയത്. നിയന്ത്രണം നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്താൻ രാത്രി ഏഴുമണി മുതൽ രാജ്യമാകെ സുരക്ഷാ ഉദ്യോഗസ്ഥർ നിരത്തിൽ റോന്തുചുറ്റും. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ വിവാഹം ഉൾപ്പെടെ എട്ട് ഒത്തുചേരലുകൾക്കെതിരെ നടപടി സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വാണിജ്യ കേന്ദ്രങ്ങള്‍, റസ്റ്റോറന്റുകൾ തുടങ്ങിയവ രാത്രി എട്ടിനും പുലർച്ചെ അഞ്ചിനുമിടക്ക് പ്രവർത്തിക്കാൻ പാടില്ലെന്ന് കുവൈത്ത് മന്ത്രിസഭ ഉത്തരവിട്ടത്.

സലൂണുകൾ, ഹെല്‍ത്ത് ക്ലബുകള്‍ എന്നിവ പൂർണമായും അടച്ചിടണമെന്നും, ദേശീയ ദിനാഘോഷം ഉൾപ്പെടെ യാതൊരു വിധ ഒത്തു ചേരലുകളും പാടില്ലെന്നും നിർദേശമുണ്ട് ഉത്തരവ് ഇന്ന് മുതലാണ് പ്രാബല്യത്തിയായത് അതിനിടെ വാണിജ്യ സ്ഥാപനങ്ങൾ എട്ടുമണിക്ക് ശേഷം പ്രവർത്തിക്കുന്നത് വിലക്കിയുള്ള തീരുമാനം പുനപരിശോധിക്കാൻ സർക്കാറിനോട് ആവശ്യപ്പെടുമെന്ന് സ്പീക്കർ മർസൂഖ് അൽ ഗാനിം അറിയിച്ചു. ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വാണിജ്യമേഖലയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നും തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട നിരവധി എം.പിമാരും രംഗത്തെത്തിയിട്ടുണ്ട്. സലൂൺ ഉടമകളായ കുവൈത്തികൾ പാർലമെന്റിനു മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.