LiveTV

Live

Gulf

കോവിഡ് പ്രോട്ടോകോൾ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ പൂട്ടും; നിയമങ്ങള്‍ കടുപ്പിച്ച് സൗദി

വിട്ടുവീഴ്ച വേണ്ടെന്ന് വാണിജ്യ മന്ത്രിയും പറഞ്ഞു. താമസ സ്ഥലങ്ങളിൽ കൂടുതൽ പേർ കൂടിച്ചേരുന്നതിനും വിലക്കുണ്ട്

കോവിഡ് പ്രോട്ടോകോൾ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ പൂട്ടും; നിയമങ്ങള്‍ കടുപ്പിച്ച് സൗദി

സൗദിയിൽ കോവിഡ് വ്യാപനം ശക്തമായതോടെ മുൻകരുതൽ ശക്തമാക്കി. കോവിഡ് പ്രോട്ടോകോൾ ലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങൾ പിഴ ഈടാക്കി അടപ്പിക്കാൻ നഗര ഗ്രാമ മന്ത്രാലയം ഉത്തരവിട്ടു. വിട്ടുവീഴ്ച വേണ്ടെന്ന് വാണിജ്യ മന്ത്രിയും പറഞ്ഞു. താമസ സ്ഥലങ്ങളിൽ കൂടുതൽ പേർ കൂടിച്ചേരുന്നതിനും വിലക്കുണ്ട്.

കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് സൗദിയുടെ തീരുമാനം. ഇതു പ്രകാരം, രാജ്യത്ത് കൊവിഡ് മുൻകരുതൽ പാലിച്ചില്ലെങ്കിൽ കടകൾ മുന്നറിയിപ്പ് നൽകാതെ അടപ്പിക്കും. നഗരഗ്രാമ മന്ത്രി മാജിദ് അല്‍ ഹുഖൈല്‍ ആണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. വാണിജ്യ മന്ത്രി മാജിദ് അൽ ഖസബിയും സ്ഥാപനങ്ങൾക്കു മേൽ നിയന്ത്രണം ശക്തമാക്കാൻ ഗവർണറേറ്റുകൾക്ക് നിർദേശം നൽകി. സ്ഥാപനങ്ങൾക്കകത്ത് പ്രോട്ടോകോൾ ലംഘനം വ്യാപകമായി കണ്ടെത്തുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഹോട്ടലുകൾ, റസ്റ്റോറന്‍റുകള്‍, ഷോപ്പിങ് മാളുകൾ, കടകൾ എന്നിവക്കെല്ലാം നിർദേശം ബാധകമാണ്. ചുരുക്കത്തിൽ കടയിലേക്ക് ഉപഭോക്താവ് മാസ്ക് ധരിക്കാതെ പ്രവേശിച്ചാൽ പോലും മിനിമം പതിനായിരം റിയാൽ ഈടാക്കി കട അടപ്പിക്കും. കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത വ്യക്തികൾക്കും പിഴയുണ്ടാകും. നേരത്തെ ഒരു വട്ടം പിഴ ലഭിച്ചവർക്ക് ഇനിയും പിഴ ലഭിച്ചാൽ ഇരട്ടിയാകും തുക അടക്കേണ്ടി വരിക.