കുവൈത്ത് വിമാനത്താവളത്തിൽ യൂസേഴ്സ് ഫീസ് നടപ്പാക്കും; ഔദ്യോഗിക വിജ്ഞാപനം ഇറങ്ങി
ജൂൺ ഒന്ന് മുതൽ ആണ് ഫീസ് ഈടാക്കിത്തുടങ്ങുക.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യൂസേഴ്സ് ഫീസ് നടപ്പാകാനുള്ള തീരുമാനത്തിനു ഔദ്യോഗിക വിജ്ഞാപനം ഇറങ്ങി. ജൂൺ ഒന്ന് മുതൽ ആണ് ഫീസ് ഈടാക്കിത്തുടങ്ങുക. കുവൈറ്റിൽ നിന്ന് യാത്ര പുറപ്പെടുന്നവർക്ക് മൂന്ന് ദിനാറും കുവൈത്തിൽ എത്തുന്നവർക്ക് രണ്ട് ദിനാറും ആണ് ഫീസ് .
പാർപ്പിട സേവനകാര്യ മന്ത്രി അബ്ദുല്ല അൽ മഅറഫി ആണ് യൂസേഴ്സ് ഫീസ് സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. ഇതനുസരിച്ചു ജൂൺ ഒന്ന് മുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും യൂസേഴ്സ് ഫീ അടക്കേണ്ടി വരും. നേരത്തെയുള മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുവൈത്തിൽ നിന്ന് യാത്ര പുറപ്പെടുന്നവരിൽ നിന്ന് മൂന്നു ദിനാറും അറൈവൽ യാത്രക്കാരിൽ നിന്ന് രണ്ടു ദിനാറും ആണ് ഈടാക്കുക. 'ടൂ വേ' യാത്രക്കാർ അഞ്ചു ദിനാർ അടക്കണം. സ്വദേശികൾക്കും വിദേശികൾക്കും ഒരു പോലെ ബാധകമാകുന്നതാണ് യൂസേഴ്സ് ഫീ. യാത്രക്കാർ ടിക്കറ്റ് എടുക്കുമ്പോൾ തന്നെ ഈ തുക അടക്കേണ്ടി വരും.
നേരത്തെയുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു പുതിയ നിരക്ക് ഏർപ്പെടുത്തുന്നതെന്നും ലോകത്തിലെ ഏറ്റവും കുറഞ്ഞ സേവന ഫീസ് നിരക്കാണ് ഇതെന്നും സിവിൽ വ്യോമയാന സമിതി വക്താവ് സ'അദ് അൽ ഉതൈബി പറഞ്ഞു. യൂസേഴ്സ് ഫീ ഏർപ്പെടുത്തുക വഴി പ്രതിവർഷം 39.245 ദശലക്ഷം ദിനാറിന്റെ അധിക വരുമാനമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.