LiveTV

Live

Gulf

യുഎഇയിൽ പ്രവാസികൾക്ക് പൗരത്വം; ആർക്കെല്ലാം അപേക്ഷിക്കാം?

ഒരാൾ പൗരത്വത്തിന് യോഗ്യനാണ് എങ്കിൽ എമിറേറ്റ്‌സ് നിയമങ്ങൾ പാലിക്കുമെന്ന സത്യവാങ്മൂലം നൽകണം

യുഎഇയിൽ പ്രവാസികൾക്ക് പൗരത്വം; ആർക്കെല്ലാം അപേക്ഷിക്കാം?

വിവിധ രംഗത്ത് മികവു തെളിയിച്ചവർക്ക് പൗരത്വം നൽകാനുള്ള ചരിത്രപരമായ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് യുഎഇ. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്. ഇതിനായി നിയമഭേദഗതിയും കൊണ്ടു വന്നു.

ആർക്കൊക്കെ എമിറേറ്റ്‌സ് പാസ്‌പോർട്ടിന് അപേക്ഷിക്കാം

1- നിക്ഷേപകർ

യുഎഇയിൽ ഇവർക്ക് ഭൂമി (പ്രോപ്പർട്ടി) സ്വന്തമായിരിക്കണം.

2- ഡോക്ടർമാരും സ്‌പെഷ്യലിസ്റ്റുകളും

ശാസ്ത്ര വിഷയങ്ങളിൽ അല്ലെങ്കിൽ യുഎഇയിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ള വിഷയത്തിൽ സ്‌പെഷ്യലൈസ് ചെയ്തവരായിരിക്കണം. മേഖലയിൽ പത്തു വർഷത്തിൽ കുറയാത്ത പരിചയം, ശാസ്ത്ര സംഭാവനകൾ, ശാസ്ത്ര മൂല്യമുള്ള പഠനങ്ങൾ എന്നിവ സ്വന്തമായുണ്ടാവണം. സ്‌പെഷ്യലൈസേഷൻ മേഖലയിൽ പ്രശസ്തമായ ഏതെങ്കിലും കൂട്ടായ്മയിൽ അംഗത്വവുമുണ്ടായിരിക്കണം.

3- ശാസ്ത്രജ്ഞർ

സർവകലാശാലകളിലോ റിസർച്ച് സെന്ററുകളിലോ ജോലി ചെയ്യുന്ന സജീവ ഗവേഷകൻ/ഗവേഷക ആയിരിക്കണം. സ്വന്തം മേഖലയിൽ പത്തു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം വേണം. ശാസ്ത്ര പുരസ്‌കാരങ്ങൾ/കണ്ടെത്തലുകൾ തുടങ്ങിയ സംഭാവനകൾ ഉണ്ടായിരിക്കണം. യുഎഇയിലെ അംഗീകൃത ശാസ്ത്ര സ്ഥാപനങ്ങളിൽ നിന്നുള്ള ശിപാർശക്കത്തും നിർബന്ധമാണ്.

4- ഇൻവന്റേഴ്‌സ്

യുഎഇ സാമ്പത്തിക മന്ത്രാലയമോ മറ്റേതെങ്കിലും പ്രശസ്ത അന്താരാഷ്ട്ര സമിതിയോ അംഗീകരിച്ച ഒന്നോ അതിൽക്കൂടുതലോ പേറ്റന്റുകൾ ഉള്ളവർ. സാമ്പത്തിക മന്ത്രാലയത്തിൽ നിന്നുള്ള ശിപാർശക്കത്തും കൂടെ വേണം.

5- സർഗാത്മക വൈഭവമുള്ളവർ

കലാ-സാംസ്‌കാരിക മേഖലയിൽ പ്രവർത്തിക്കുന്ന ബുദ്ധിജീവികൾ, കലാകാരന്മാർ എന്നിവർ. അന്താരാഷ്ട്ര പുരസ്‌കാരം നേടിയവർ. ബന്ധപ്പെട്ട സർക്കാർ വകുപ്പിൽ നിന്ന് ശിപാർശക്കത്ത് നിർബന്ധമാണ്.

ഒരാൾ പൗരത്വത്തിന് യോഗ്യനാണ് എങ്കിൽ എമിറേറ്റ്‌സ് നിയമങ്ങൾ പാലിക്കുമെന്ന സത്യവാങ്മൂലം നൽകണം. മാനദണ്ഡങ്ങൾ ലംഘിച്ചാൽ പൗരത്വം റദ്ദാക്കാനുള്ള അവകാശം സർക്കാറിനുണ്ടായിരിക്കും.

സ്വന്തം രാജ്യത്തെ പൗരത്വം നഷ്ടപ്പെടാതെ തന്നെ യു.എ.ഇ പൗരത്വം ലഭിക്കും എന്നതാണ് പുതിയ തീരുമാനത്തിന്റെ സവിശേഷത.