യു.എ.ഇക്കെതിരായ പ്രസ്താവന; ഖേദം പ്രകടിപ്പിച്ച് ഇസ്രായേൽ
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടായിരുന്നു പരാമർശം..

യു.എ.ഇയെ മോശമായി ചിത്രീകരിക്കുന്ന രീതിയിൽ പ്രസ്താവന നടത്തിയതിൽ ഇസ്രായേൽ ഖേദം പ്രകടിപ്പിച്ചു. യു.എ.ഇ കോവിഡ് പരത്തുന്നുവെന്ന രീതിയിൽ ഇസ്രായേൽ പ്രതിനിധിയാണ് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയത്. ഇത് വ്യാപകമായ വിമർശനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് ഖേദപ്രകടനം.
ഇസ്രായേൽ ആരോഗ്യമന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം തലവൻ ഷാരോൺ അൽറോ പ്രെയ്സ് ആണ് യു.എ.ഇയെ പരിഹസിക്കുമാറുള്ള പ്രസ്താവന നടത്തിയത്. ഇത് വിവാദമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫിസ് ഖേദം പ്രകടിപ്പിച്ചത്. വിജയിക്കാതെ പോയ തമാശയായിരുന്നു അതെന്നും ഈ വിഷയത്തിൽ ഇസ്രായേലിന്റെ അഭിപ്രായങ്ങൾ പറയാൻ ചുമതലപ്പെട്ട ആളല്ല ഷരോൺ അൽറോയെന്നും അധികൃതർ അറിയിച്ചു.
70 വർഷത്തെ യുദ്ധത്തിൽ മരിച്ചവരേക്കാൾ കൂടുതൽ പേർ യു.എ.ഇയുമായുള്ള രണ്ടാഴ്ച കാലത്തെ സമാധാന കരാറിനിടെ മരണപ്പെട്ടു എന്നായിരുന്നു പ്രസ്തവാന. കോവിഡ് വ്യാപകമായതിനെ തുടർന്ന് ഇസ്രയേലിലെ ബെൻഗുരിയോൺ വിമാനത്താവളം അടക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രസ്താവന.