അടിയന്തര സ്വഭാവത്തിൽ പോകുന്ന വാഹനങ്ങള്‍ക്ക് സൗകര്യം ഒരുക്കാത്തവർക്കെതിരെ നടപടി കടുപ്പിച്ച് അബൂദബി
നിയമം ലംഘിച്ചാൽ മൂവായിരം ദിർഹം പിഴയൊടുക്കേണ്ടി വരും. ഇതിനു പുറമെ വാഹനം ഒരു മാസം കണ്ടുകെട്ടുകയും ചെയ്യും.

പൊലീസിന്റേതുള്പ്പടെ അടിയന്തര സ്വഭാവത്തിൽ പോകുന്ന വാഹനങ്ങൾക്ക് സൗകര്യം ഒരുക്കാത്തവർക്കെതിരെ നടപടി കടുപ്പിച്ച് അബൂദബി പൊലീസ്. നിയമം ലംഘിച്ചാൽ മൂവായിരം ദിർഹം പിഴയൊടുക്കേണ്ടി വരും. ഇതിനു പുറമെ വാഹനം ഒരു മാസം കണ്ടുകെട്ടുകയും ചെയ്യും.
അപകട സ്ഥലത്തും മറ്റും ഉടനടി എത്തിച്ചേരാൻ പൊലീസ് വാഹനങ്ങൾക്ക് സാധിക്കുന്നില്ലെന്ന പരാതി കൂടിയാണ് നിയമം ശക്തമാക്കാൻ അധികൃതരെ പ്രേരിപ്പിക്കുന്നത്. പൊലീസ് വാഹനങ്ങൾക്ക് അനുമതി നൽകാത്ത വാഹനം കണ്ടുകെട്ടുന്നതിനു പുറമെ ഡ്രൈവർക്ക് ആറ് ബ്ലാക് പോയിന്റുമായിരിക്കും ശിക്ഷ. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ക്യാമ്പയിനും അബൂദബി പൊലീസ് തുടക്കം കുറിച്ചു. ഇതിൻെറ ഭാഗമായി ഡ്രൈവർമാർക്കിടയിൽ പ്രത്യേക ബോധവത്കരണം ആരംഭിച്ചു.
പൊലീസ് വാഹനങ്ങൾക്കു പുറമെ ആംബുലൻസുകൾ, അഗ്നിശമന വാഹനങ്ങൾ എന്നിവക്കും മുൻഗണന നൽകണം. റോഡിൻെറ അറ്റത്തേക്ക് വാഹനം ഒതുക്കി നിർത്തി അടിയന്തര സ്വാഭാവത്തിലുള്ള ഇത്തരം വാഹനങ്ങൾക്ക് സൗകര്യം നൽകാൻ മടിക്കരുത്. അങ്ങനെ സംഭവിച്ചാൽ അപകടത്തിനിരയായ വിലപ്പെട്ട ജീവനാകും നഷ്ടപ്പെടുകയെന്നും അബൂദബി പൊലിസ് മുന്നറിയിപ്പ് നൽകി.